കൃഷി മന്ത്രാലയം
azadi ka amrit mahotsav

'വികസിത് കൃഷി സങ്കല്പ് അഭിയാൻ' രാജ്യവ്യാപകമായി മെയ് 29 മുതൽ ആരംഭിക്കും: കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ

Posted On: 19 MAY 2025 4:18PM by PIB Thiruvananthpuram
2025 മെയ് 29 മുതൽ ജൂൺ 12 വരെ രാജ്യവ്യാപകമായി നടപ്പാക്കുന്ന "വികസിത് കൃഷി സങ്കല്പ് അഭിയാൻ" പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ഒരു വാർത്താസമ്മേളനത്തിൽ പങ്കെടുത്തു . പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി സജീവമായി പ്രവർത്തനങ്ങൾ നടക്കുന്നതായും ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന് വികസിതമായ കാർഷിക മേഖല, ആധുനിക കൃഷി രീതികൾ, പുരോഗതി പ്രാപിച്ച കർഷകർ എന്നിവയുടെ അടിത്തറ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലനിൽക്കുന്ന കൃഷി, ജനസംഖ്യയുടെ പകുതിയോളം പേർക്ക് ഉപജീവനമാർഗ്ഗം നൽകുക മാത്രമല്ല, ദേശീയ ഭക്ഷ്യസുരക്ഷയ്ക്ക് അടിസ്ഥാനമായി വർത്തിക്കുകയും ചെയ്യുന്നു.
 


 
രാജ്യത്തെ 1.45 ശതകോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷയും പോഷകസമൃദ്ധമായ ഭക്ഷണ ലഭ്യതയും ഉറപ്പാക്കുക, കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുക, ഭാവി തലമുറകൾക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുക എന്നിവയാണ് കേന്ദ്രകൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഉൽപ്പാദനച്ചെലവ് കുറയ്ക്കുക, ഉൽപ്പാദനത്തിന് ന്യായമായ വില ഉറപ്പാക്കുക, പ്രകൃതിദുരന്തങ്ങൾ മൂലമുള്ള നഷ്ടം നികത്തുക, മൂല്യവർദ്ധനവും ഭക്ഷ്യ സംസ്കരണവും ഉപയോഗിച്ച് വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക, പ്രകൃതി, ജൈവകൃഷി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നീ ആറ് ഇന തന്ത്രങ്ങൾ മന്ത്രാലയം ആവിഷ്കരിച്ചിട്ടുണ്ട്.
 


 
ഈ വർഷം ഇന്ത്യ റെക്കോർഡ് കാർഷിക ഉൽ‌പാദനം കൈവരിച്ചതായി ശ്രീ ചൗഹാൻ വ്യക്തമാക്കി: ഖാരിഫ് നെല്ല് ഉൽ‌പാദനം 1206.79 ലക്ഷം മെട്രിക് ടൺ, ഗോതമ്പ് 1154.30 ലക്ഷം മെട്രിക് ടൺ, ഖാരിഫ് ചോളം 248.11 ലക്ഷം മെട്രിക് ടൺ, നിലക്കടല 104.26 ലക്ഷം മെട്രിക് ടൺ, സോയാബീൻ 151.32 ലക്ഷം മെട്രിക് ടൺ എന്നിങ്ങനെയാണ് വിള ഉൽപാദനത്തിന്റെ കണക്കുകൾ. എക്കാലത്തെയും ഉയർന്ന ഈ കണക്കുകൾ ഗണ്യമായ ഉൽ‌പാദന വർദ്ധനയെ പ്രതിഫലിപ്പിക്കുന്നു, ഇത് ദേശീയ ഭക്ഷ്യശേഖരത്തെ പൂരിതമാക്കിയിട്ടുണ്ട്. ഇന്ത്യയെ "ലോകത്തിന്റെ ഭക്ഷ്യക്കൂട"യാക്കുക എന്ന ലക്ഷ്യത്തോടെ സുസ്ഥിരവും മിച്ച ഉൽപാദനവും വർദ്ധിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര ഭക്ഷ്യ സഹകരണം ശക്തിപ്പെടുത്താൻ ഈ പ്രചാരണ പരിപാടി ശ്രമിക്കുന്നു.
 

 
ഐസിഎആറിന്റെ 113 ഗവേഷണ സ്ഥാപനങ്ങൾ, കാർഷിക സർവകലാശാലകൾ, സംസ്ഥാന ഗവൺമെന്റ് വകുപ്പുകൾ, നൂതനാശയങ്ങളുള്ള കർഷകർ, കർഷക-ഉൽപാദക സംഘടനകൾ (എഫ്‌പി‌ഒകൾ) എന്നിവയുൾപ്പെടെ വിവിധ കാർഷിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതാണ് "വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ". ശാസ്ത്രീയ ഗവേഷണത്തെ തത്സമയ കാർഷിക ആവശ്യങ്ങളുമായി സംയോജിപ്പിക്കുക എന്നതാണ് ഈ സഹകരണ സമീപനത്തിന്റെ ലക്ഷ്യം. മൊത്തം ഭക്ഷ്യധാന്യ ഉൽ‌പാദനം 2023–24ലെ 3157.74 ലക്ഷം ടണ്ണിൽ നിന്ന് 2024–25ൽ 3309.18 ലക്ഷം ടണ്ണായി വർദ്ധിച്ചതായി മന്ത്രി വെളിപ്പെടുത്തി. കൂടാതെ, പയർവർഗ്ഗ ഉൽ‌പാദനം 221.71 ൽ നിന്ന് 230.22 ലക്ഷം ടണ്ണായി ഉയർന്നു. അതേസമയം എണ്ണക്കുരുക്കളുടെ ഉൽപാദനം 384 ൽ നിന്ന് 416 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു.

ഖാരിഫ്, റാബി വിളകളുടെ വിതയ്ക്കൽ സീസണുകൾക്ക് മുമ്പ് എല്ലാവർഷവും ഈ കാമ്പെയ്ൻ ആരംഭിക്കും. സമീപകാലത്ത് നടന്ന സംസ്ഥാന കൃഷി മന്ത്രിമാരുടെ ഖാരിഫ് സമ്മേളനത്തിൽ, കാർഷിക ഗവേഷണത്തിന്റെ പ്രായോഗിക തല നടപ്പാക്കൽ ഉറപ്പാക്കുന്നതിനായി ഈ സംരംഭം ആരംഭിക്കാൻ തീരുമാനിച്ചു. നിലവിൽ, ഏകദേശം 16,000 കാർഷിക ശാസ്ത്രജ്ഞർ ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അവരുടെ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ കർഷകർക്ക് നേരിട്ട് പ്രാപ്യവും ഉപയോഗപ്രദവുമാക്കുക എന്നതാണ് ഈ കാമ്പെയ്‌നിന്റെ ലക്ഷ്യം.

ഈ സംരംഭത്തിന്റെ ഭാഗമായി, കുറഞ്ഞത് നാല് ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന 2,170 വിദഗ്ധ സംഘങ്ങൾ മെയ് 29 മുതൽ ജൂൺ 12 വരെ 723 ജില്ലകളിലായി 65,000-ത്തിലധികം ഗ്രാമങ്ങൾ സന്ദർശിക്കും. കാർഷിക സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഗവണ്മെന്റ് വകുപ്പുകൾ, നൂതനാശയങ്ങൾ ഉള്ള എഫ്‌പി‌ഒകൾ എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഈ സംഘങ്ങളിൽ ഉൾപ്പെടും. പ്രതിദിനം വിവിധ സമയങ്ങളിൽ പ്രത്യേക സെഷനുകളിലൂടെ ഇവർ കർഷകരുമായി നേരിട്ട് സംവദിക്കും.പ്രാദേശിക കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങൾ, മണ്ണിന്റെ പോഷക പ്രൊഫൈലുകൾ, ജലലഭ്യത, മഴയുടെ രീതികൾ എന്നിവ സംഘം വിലയിരുത്തും. സോയിൽ ഹെൽത്ത് കാർഡുകൾ ഉപയോഗിച്ച്, അവർ ഉചിതമായ വിളകൾ, ഉയർന്ന വിളവ് നൽകുന്ന വിത്ത് ഇനങ്ങൾ, അനുയോജ്യമായ വിതയ്ക്കൽ സാങ്കേതിക വിദ്യകൾ, സന്തുലിത വള ഉപയോഗം എന്നിവയ്ക്കുള്ള മാർഗനിർദ്ദേശങ്ങൾ നൽകും. കാർഷികചെലവ് കുറയ്ക്കുന്നതിനും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രീയ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കും.

പ്രധാനമായും, ഒരു ഉഭയകക്ഷി ഇടപെടലായിട്ടാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കർഷകർ അവർ നേരിടുന്ന വെല്ലുവിളികൾ പങ്കിടുകയും ചോദ്യങ്ങൾ ചോദിക്കുകയും കീടബാധ പോലുള്ള ഫീൽഡ് തല പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യും. ഇത് ഭാവി ഗവേഷണ മേഖലയ്ക്ക് വിജ്ഞാനപ്രദമാകും. 731 കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെയും (കെവികെ) ഐസിഎആർ ശാസ്ത്രജ്ഞരുടെയും കൂട്ടായ ശക്തി ഉപയോഗപ്പെടുത്തി, ഒരേസമയം ശാസ്ത്ര-കാർഷിക പുരോഗതി ഉറപ്പാക്കുന്നതാണ് ഈ സംരംഭം. 1.3 കോടിയിലധികം കർഷകരുമായി നേരിട്ടുള്ള ഇടപെടലോടെ, രാജ്യത്തെ കാർഷിക മേഖലയുടെ പരിവർത്തനത്തിലും അവബോധത്തിലും ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കാൻ നൂതനവും സമഗ്രവുമായ ഈ പ്രചാരണ പരിപാടി വിഭാവനം ചെയ്തിരിക്കുന്നു.
 
**********************

(Release ID: 2129751)