സഹകരണ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ "വികസിത ഭാരതം സൃഷ്ടിക്കുന്നതിൽ സഹകരണ മേഖലയുടെ പങ്ക്" എന്ന വിഷയത്തിൽ ഗുജറാത്തിൽ സംഘടിപ്പിച്ച മെഗാ സമ്മേളനത്തെ അഭിസംബോധന ചെയ്തു
അന്താരാഷ്ട്ര സഹകരണ വർഷത്തിൽ (IYC 2025), പൊതുജന അവബോധം മെച്ചപ്പെടുത്തുന്നതിലൂടെയും സുതാര്യതയുടെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സഹകരണ ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ് : അമിത് ഷാ
Posted On:
18 MAY 2025 3:45PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഗുജറാത്ത് സംസ്ഥാന സഹകരണ ഫെഡറേഷൻ സംഘടിപ്പിച്ച "വികസിത ഭാരതം സൃഷ്ടിക്കുന്നതിൽ സഹകരണ മേഖലയുടെ പങ്ക്" മഹാ സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
2025 നെ അന്താരാഷ്ട്ര സഹകരണ വർഷമായി ആഘോഷിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതായി മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ അറിയിച്ചു. 1900-ൽ എന്നതുപോലെ സഹകരണം എന്ന പദം ഇന്നും ലോകമെമ്പാടും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് സഹകരണ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു പ്രധാന ശ്രമം 2021 ൽ ആരംഭിച്ചതായും അതുകൊണ്ടാണ് അന്താരാഷ്ട്ര സഹകരണ വർഷം ആരംഭിക്കാൻ ഇന്ത്യയിൽ നിന്ന് തീരുമാനിച്ചതെന്നും ശ്രീ ഷാ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 2021 ൽ ആരംഭിച്ച സംരംഭത്തിന് കീഴിൽ- സഹകരണത്തിലൂടെ സമൃദ്ധി, വികസിത ഭാരതത്തിൽ സഹകരണത്തിന്റെ പങ്ക് - എന്നീ രണ്ട് മാർഗ്ഗനിർദ്ദേശ തത്വങ്ങൾ രാഷ്ട്രത്തിന് മുന്നിൽ അവതരിപ്പിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. ആ സംരംഭത്തിന്റെ ഭാഗമായാണ് ഇന്ന് ഗുജറാത്തിൽ ഈ സഹകരണ സമ്മേളനം സംഘടിപ്പിച്ചത്. ഈ മേഖലയിലെ മാറ്റങ്ങളുടെ നേട്ടങ്ങൾ അടിസ്ഥാന തലത്തിൽ അതായത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) മുതൽ കർഷകർക്ക് വരെ ലഭ്യമായാൽ മാത്രമേ സഹകരണ മേഖലയുടെ ശാക്തീകരണം സാധ്യമാകൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു. അതുകൊണ്ട് സഹകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ശ്രീ ഷാ വ്യക്തമാക്കി. എല്ലാത്തരം സഹകരണ സ്ഥാപനങ്ങളിലും അവബോധം, പരിശീലനം, സുതാര്യത എന്നിവ കൊണ്ടുവരാൻ നാം ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു

അന്താരാഷ്ട്ര സഹകരണ വർഷത്തിൽ, കേന്ദ്ര ഗവൺമെന്റ് "സഹകരണത്തിന്റെ ശാസ്ത്രം", "സഹകരണത്തിലെ ശാസ്ത്രം" എന്നിവയ്ക്ക് ഊന്നൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. രാജ്യത്ത് സ്വാതന്ത്ര്യ സമരകാലത്ത് ആരംഭിച്ച നമ്മുടെ സഹകരണ പ്രസ്ഥാനം ക്രമേണ ക്ഷയിക്കുകയും രാജ്യത്തിന്റെ വലിയൊരു വിഭാഗം പ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനം എല്ലാ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും വ്യാപിപ്പിക്കേണ്ടത് ഏവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, എല്ലാ സംസ്ഥാനങ്ങളിലെയും പ്രാഥമിക സഹകരണ സംഘങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്തണം, ജില്ലാതല സ്ഥാപനങ്ങൾ ശക്തിപ്പെടുത്തണം, അവയിലൂടെ സംസ്ഥാന, ദേശീയ തലങ്ങളിലെ സഹകരണ ചട്ടക്കൂട്കരുത്തുറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു . ദീർഘകാലമായി നിലനിൽക്കുന്ന ആഗോള ത്രിതല സഹകരണ ഘടനയിലേക്ക് ഒരു നാലാം ശ്രേണി കൂടി ചേർത്തിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. സഹകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ദേശീയ സ്ഥാപനങ്ങൾ, സംസ്ഥാനതല സഹകരണ സ്ഥാപനങ്ങൾ, ജില്ലാതല സ്ഥാപനങ്ങൾ, എല്ലാ മേഖലകളിലെയും പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ ശക്തിപ്പെടുത്തിക്കൊണ്ട് ദേശീയതലത്തിൽ സഹകരണ മേഖല വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം നേടിയെടുക്കാൻ അന്താരാഷ്ട്ര സഹകരണ വർഷത്തെ നാം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഭരണത്തിന്റെ മുഖ്യധാരയിലേക്ക് സഹകരണ മേഖലയെ സംയോജിപ്പിക്കുക, സാങ്കേതികവിദ്യയിലൂടെ സഹകരണ പ്രസ്ഥാനത്തിന് സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരിക, കൂടുതൽ പൗരന്മാരെ സഹകരണ പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തുക എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണ പരിപാടി നടക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സഹകരണ വർഷത്തിൽ ഈ മൂന്ന് സ്തംഭങ്ങളിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇതിനായി കേന്ദ്ര സഹകരണ മന്ത്രാലയം വിവിധ തരത്തിലുള്ള 57 സംരംഭങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് ഉൾപ്പെടെ രാജ്യമെമ്പാടും പ്രാഥമിക തലത്തിൽ സഹകരണ സ്ഥാപനങ്ങൾക്കിടയിലുള്ള സഹകരണം എന്ന ആശയം നടപ്പിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു.അതിലൂടെ എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ മറ്റ് സഹകരണ സ്ഥാപനങ്ങളുമായി ഏകോപനത്തോടെ നടത്തപ്പെടും. എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും, ക്ഷീരസംഘങ്ങൾക്കും, ജില്ലാ സഹകരണ ബാങ്കുകളിൽ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾക്കിടയിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും ഈ ശ്രമം ത്വരിതപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ത്രിഭുവൻ സഹകാരി സർവകലാശാല മോദി ഗവണ്മെന്റ് സ്ഥാപിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സഹകരണത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പാഠ്യപദ്ധതി ഇപ്പോൾ സഹകരണ സംഘങ്ങൾ എന്ന ആശയത്തെ ആസ്പദമാക്കിയാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS) ശക്തിപ്പെടുത്താതെ സഹകരണമേഖലയുടെ ചട്ടക്കൂട് ശക്തിപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് 2029-ഓടെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഒരു പിഎസിഎസ് സ്ഥാപിക്കാൻ മോദി ഗവണ്മെന്റ് തീരുമാനിച്ചത്. ഈ തീരുമാനപ്രകാരം, 2 ലക്ഷം പുതിയ പിഎസിഎസുകളും ക്ഷീര സംഘങ്ങളും രജിസ്റ്റർ ചെയ്യും. ഏകദേശം 22 വ്യത്യസ്ത പ്രവർത്തനങ്ങൾ പിഎസിഎസുമായി ഗവണ്മെന്റ് സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഷ്ടത്തിലായ പിഎസിഎസുകളുടെ തീർപ്പാക്കലിനും പുതിയ പിഎസിഎസുകൾ സ്ഥാപിക്കുന്നതിനുമായി ഗവണ്മെന്റ് ഒരു നയം ഉടൻ അവതരിപ്പിക്കുമെന്നും ശ്രീ ഷാ പരാമർശിച്ചു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ നിരവധി പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. 2025 ലെ അന്താരാഷ്ട്ര സഹകരണ വർഷത്തിൽ എല്ലാ ജനങ്ങളിലും അവബോധം വ്യാപിപ്പിക്കുന്നതിനും, സുതാര്യതയുടെ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നതിനും, നിയമനങ്ങൾ നടത്തുന്നതിനും സഹകരണ ഘടന ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
*****
(Release ID: 2129492)