ഷിപ്പിങ് മന്ത്രാലയം
വളർച്ചയും ആഗോള മത്സരക്ഷമതയും ശക്തിപ്പെടുത്തി, ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ 2024-25 സാമ്പത്തിക വർഷത്തിൽ ചരിത്രപരമായ നാഴികക്കല്ലുകൾ കൈവരിച്ചു
കാർഗോ ത്രൂപുട്ടിലും* പ്രവർത്തന മികവിലും 2024-25 സാമ്പത്തിക വർഷത്തിൽ പുതിയ ഉയരങ്ങൾ താണ്ടി
ചരക്കുകളുടെ കാര്യത്തിൽ 2023-24 സാമ്പത്തിക വർഷം കൈകാര്യം ചെയ്ത 819 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 ൽ ~855 ദശലക്ഷം ടണ്ണായി വർദ്ധിക്കുകയും 4.3% വാർഷിക വളർച്ച നേടുകയും ചെയ്തു
Posted On:
13 MAY 2025 11:59AM by PIB Thiruvananthpuram
(*കാർഗോ ത്രൂപുട്ട്: ഒരു നിശ്ചിത കാലയളവിൽ ഒരു തുറമുഖം വഴി നീങ്ങുന്ന മൊത്തം ചരക്കുകളുടെ കണക്ക്)
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ സ്ഥിരതയാർന്നതും ശ്രദ്ധേയവുമായ പുരോഗതി കൈവരിച്ചു. ചരക്ക് കൈകാര്യം ചെയ്യൽ, പ്രവർത്തന കാര്യക്ഷമത, അടിസ്ഥാന സൗകര്യ നവീകരണം എന്നിവയുടെ കാര്യത്തിൽ 2024-25 സാമ്പത്തിക വർഷം ഒരു നാഴികക്കല്ലായി മാറി.
2024-25 സാമ്പത്തിക വർഷത്തിൽ, പ്രധാന തുറമുഖങ്ങൾ ചരക്ക് കൈകാര്യം ചെയ്യുന്നതിൽ 4.3% എന്ന ശ്രദ്ധേയമായ വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വർഷത്തിലെ 819 ദശലക്ഷം ടണ്ണിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ ~855 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. വർദ്ധിച്ചുവരുന്ന വ്യാപാരം കൈകാര്യം ചെയ്യുന്നതിൽ പ്രധാന തുറമുഖങ്ങൾ പ്രകടിപ്പിച്ച പ്രതിരോധശേഷിയും കാര്യക്ഷമതയും ഈ വളർച്ചയിൽ എടുത്തുകാണിക്കേണ്ട ഘടകങ്ങളാണ്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കണ്ടെയ്നർ ത്രൂപുട്ട് (10%), വളവുമായി ബന്ധപ്പെട്ട ചരക്ക് കൈകാര്യം ചെയ്യൽ (13%), POL ചരക്ക് കൈകാര്യം ചെയ്യൽ (3%), മറ്റ് ചരക്കുകളുടെ കൈകാര്യം ചെയ്യൽ (31%) എന്നിവയാണ് വർദ്ധനവിന് കാരണമായത്.
2024-25 സാമ്പത്തിക വർഷത്തിൽ, പ്രധാന തുറമുഖങ്ങളിൽ കൈകാര്യം ചെയ്ത ചരക്കുകളിൽ, അസംസ്കൃത എണ്ണ, പെട്രോളിയം ഉത്പന്നങ്ങൾ, LPG/LNG എന്നിവയുൾപ്പെടെയുള്ള പെട്രോളിയം, ഓയിൽ, ലൂബ്രിക്കന്റുകൾ (POL) 254.5 ദശലക്ഷം ടൺ (29.8%) ഉൾപ്പെടുന്നു. കണ്ടെയ്നർ ഗതാഗതം 193.5 ദശലക്ഷം ടൺ (22.6%), കൽക്കരി 186.6 ദശലക്ഷം ടൺ (21.8%) എന്നിവ കൈകാര്യം ചെയ്തു. ഇരുമ്പയിര്, പെല്ലറ്റുകൾ, വളങ്ങൾ തുടങ്ങിയ മറ്റ് ചരക്കുകളും കൈകാര്യം ചെയ്തു.
പ്രധാന തുറമുഖങ്ങളുടെ ചരിത്രത്തിൽ ആദ്യമായി, പാരദീപ് പോർട്ട് അതോറിറ്റിയും (PPA) ദീൻദയാൽ പോർട്ട് അതോറിറ്റിയും (DPA) 150 ദശലക്ഷം ടൺ ചരക്ക് കൈകാര്യം എന്ന നാഴികക്കല്ല് പിന്നിട്ടതിലൂടെ സമുദ്ര വ്യാപാരത്തിന്റെയും പ്രവർത്തന മികവിന്റെയും പ്രധാന കേന്ദ്രങ്ങൾ എന്ന പദവി ശക്തിപ്പെടുത്തി. അതേസമയം, ജവഹർലാൽ നെഹ്റു പോർട്ട് അതോറിറ്റി (JNPA) 7.3 ദശലക്ഷം TEU കൈകാര്യം ചെയ്തുകൊണ്ട് റെക്കോർഡ് സ്ഥാപിച്ചു. വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ 13.5% വളർച്ച കൈവരിച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ തുറമുഖങ്ങൾക്ക് തുറമുഖാധിഷ്ഠിത വ്യവസായവത്ക്കരണത്തിനായി 962 ഏക്കർ ഭൂമി മൊത്തത്തിൽ അനുവദിച്ചു. ഇത് 2024-25 സാമ്പത്തിക വർഷത്തിൽ ₹7,565 കോടി വരുമാനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, അനുവദിച്ച ഭൂമിയിൽ പാട്ടക്കാർ മാത്രം ₹68,780 കോടിയുടെ നിക്ഷേപം ഭാവിയിൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തുറമുഖാധിഷ്ഠിത വികസനത്തിൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നു. പ്രധാന തുറമുഖങ്ങളിലെ പൊതുസ്വകാര്യ പങ്കാളിത്ത (PPP)പദ്ധതികളിലെ നിക്ഷേപം മൂന്നിരട്ടിയായി വർദ്ധിച്ചതോടെ, 2022-23 സാമ്പത്തിക വർഷത്തിലെ ₹1,329 കോടിയിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ ₹3,986 കോടിയായി ഉയർന്നു. ശക്തമായ നിക്ഷേപക ആത്മവിശ്വാസം വ്യക്തമാക്കിക്കൊണ്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഈ പരിവർത്തനത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.
2024-25 സാമ്പത്തിക വർഷത്തിൽ പ്രവർത്തന നിർവ്വഹണം മെച്ചപ്പെട്ടു. 2023-24 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രീ-ബെർത്തിംഗ് ഡിറ്റൻഷൻ (PBD) സമയം (തുറമുഖങ്ങളുടെ കാര്യത്തിൽ) ~36% മെച്ചപ്പെട്ടു. സാമ്പത്തികമായി നോക്കുമ്പോൾ, പ്രധാന തുറമുഖങ്ങളുടെ മൊത്തം വരുമാനത്തിൽ 2024-25 സാമ്പത്തിക വർഷം, 8% വർദ്ധനവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വർഷത്തിലെ ₹22,468 കോടിയിൽ നിന്ന് ₹24,203 കോടിയായി ഉയർന്നു. അതുപോലെ, പ്രവർത്തന മിച്ചം 2023-24 സാമ്പത്തിക വർഷത്തിലെ ₹11,512 കോടിയിൽ നിന്ന് 2024-25 സാമ്പത്തിക വർഷമായപ്പോൾ 7% വർദ്ധിച്ച് ₹12,314 കോടിയായി.
സന്തോഷവും അഭിമാനവും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പറഞ്ഞു:
"2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ നേടിയ ശ്രദ്ധേയമായ വളർച്ചയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ആദരണീയനായ നമ്മുടെ പ്രധാനമന്ത്രിയുടെ പരിവർത്തനാത്മക ദർശനത്തിന്റെയും നേതൃത്വത്തിന്റെയും നേർ സാക്ഷ്യമായി ഈ വർഷത്തെ മുന്നേറ്റം മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശപ്രകാരം, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മന്ത്രാലയം അക്ഷീണം പ്രയത്നിച്ചു. ഇത് സമുദ്രമേഖലയിൽ ഇന്ത്യയുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് വഴിയൊരുക്കി.
മന്ത്രാലയത്തിന്റെയും തുറമുഖ അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സഹകരണവും പരിശ്രമങ്ങളുമില്ലാതെ ഈ നാഴികക്കല്ലുകൾ സാധ്യമാകുമായിരുന്നില്ല. ഈ ദശകത്തിൽ ഇത്രവലിയ പുരോഗതി കൈവരിക്കുന്നതിൽ അവരുടെ സമർപ്പണവും പ്രതിബദ്ധതയും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. റെക്കോർഡ് ചരക്ക് കൈകാര്യം ചെയ്യൽ മുതൽ പ്രവർത്തന മാനദണ്ഡങ്ങളിലും സാമ്പത്തിക പ്രകടനത്തിലും കൈവരിച്ച ഗണ്യമായ പുരോഗതി വരെ, 2024-25 സാമ്പത്തിക വർഷത്തിൽ കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയുടെ വളരുന്ന വ്യാപാര അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തുറമുഖങ്ങളുടെ ശേഷിയും സന്നദ്ധതയും പ്രതിഫലിപ്പിക്കുന്നു.
നാം പുതിയ ഉയരങ്ങൾ കീഴടക്കുന്നത് തുടരുമ്പോൾ, ബന്ധപ്പെട്ട എല്ലാ പങ്കാളികൾക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്കും സംഭാവനകൾക്കും ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ആഗോള വ്യാപാര മുന്നേറ്റത്തിനും ശക്തി പകരുന്നതും, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ഭാവിക്ക് സജ്ജവുമായ തുറമുഖങ്ങൾ നാം ഒത്തുചേർന്ന് നിർമ്മിക്കുകയാണ്."
2014-15 സാമ്പത്തിക വർഷത്തിനും 2024-25 സാമ്പത്തിക വർഷത്തിനും ഇടയിൽ, ചരക്ക് കൈകാര്യം 581 ദശലക്ഷം ടണ്ണിൽ നിന്ന് ഏകദേശം 855 ദശലക്ഷം ടണ്ണായി ഉയർന്നു, ഇത് ~4% എന്ന ശക്തമായ സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) പ്രതിഫലിപ്പിക്കുന്നു. കണ്ടെയ്നറൈസ്ഡ് കാർഗോ ഈ ദശകത്തിൽ ശ്രദ്ധേയമായ 70% വർദ്ധനവ് രേഖപ്പെടുത്തി - 2014-15 സാമ്പത്തിക വർഷത്തിലെ 7.9 ദശലക്ഷം TEU-ൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 13.5 ദശലക്ഷം TEU-ആയി ഉയർന്നു. കൽക്കരി, വളങ്ങൾ, ഇരുമ്പയിര്, POL തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളും കഴിഞ്ഞ 10 വർഷത്തിനിടെ ഗണ്യമായ വളർച്ച കൈവരിച്ചു.
ഉത്പാദനക്ഷമതാ സൂചകങ്ങളും ഗണ്യമായ പുരോഗതി കൈവരിച്ചു:
പത്ത് വർഷത്തിനിടെ, ഒരു ഷിപ്പ് ബെർത്ത് ദിനത്തിലെ (OSBD) ഉത്പാദനം 12,458 ടണ്ണിൽ നിന്ന് 18,304 ടണ്ണായി ഉയർന്നു.
ശരാശരി ടേൺഅറൗണ്ട് സമയം (TRT) 48% മെച്ചപ്പെട്ടു, 2014-15 സാമ്പത്തിക വർഷത്തിലെ 96 മണിക്കൂറിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 49.5 മണിക്കൂറായി കുറഞ്ഞു.
തുറമുഖങ്ങളിൽ പ്രീ-ബെർത്തിംഗ് ഡിറ്റൻഷൻ (PBD) സമയം ~24% മെച്ചപ്പെട്ടു, 2014-15 സാമ്പത്തിക വർഷത്തിലെ 5.02 മണിക്കൂറിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 3.8 മണിക്കൂറായി കുറഞ്ഞു.
ചരക്കിറക്കാൻ കാത്തു കിടക്കേണ്ട സമയം (%) ~29% കുറഞ്ഞു. 2014-15 സാമ്പത്തിക വർഷത്തിലെ 23.1% ൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 16.3% ആയി.
ചരക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും, യന്ത്രവത്ക്കരണ സംരംഭങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ മുന്നേറ്റത്തിൽ പ്രതിഫലിക്കുന്നത്.
വൻകിട തുറമുഖങ്ങളുടെ സാമ്പത്തിക പ്രകടനവും ശ്രദ്ധേയമാണ്. കഴിഞ്ഞ ദശകത്തിൽ മൊത്തം വരുമാനം ഇരട്ടിയിലധികം വർദ്ധിച്ച് 2014-15 സാമ്പത്തിക വർഷത്തിലെ ₹11,760 കോടിയിൽ നിന്ന് 2024-25 ൽ ₹24,203 കോടിയായി ഉയർന്നു. 10 വർഷത്തിനിടെ 7.5% സംയുക്ത വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി. പ്രവർത്തന മിച്ചം ഏകദേശം മൂന്നിരട്ടിയായി അതായത് ₹12,314 കോടിയിലേക്ക് ഉയർന്നു. ഇതേ കാലയളവിലെ 13% CAGR ആണ് ഇതിന് കാരണം. പ്രവർത്തന കാര്യക്ഷമതയും ഗണ്യമായി മെച്ചപ്പെട്ടു. ചരക്ക് കൈകാര്യം ചെയ്യാനെടുക്കുന്ന സമയവുമായി ബന്ധപ്പെട്ട അനുപാതം 2014-15 സാമ്പത്തിക വർഷത്തിലെ 64.7% ൽ നിന്ന് 2024-25 ൽ 42.3% ആയി കുറഞ്ഞു. ഇത് തുറമുഖങ്ങളുടെ സാമ്പത്തിക സുസ്ഥിരതയെ ശക്തിപ്പെടുത്തുന്നു.
യന്ത്രവത്ക്കരണം, പ്രോസസ് റീഎഞ്ചിനീയറിംഗ്, തുറമുഖ കമ്മ്യൂണിറ്റി സിസ്റ്റംസ്, മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ഇന്റഗ്രേഷൻ എന്നിവയിലെ തുടർ നിക്ഷേപ പിന്തുണയോടെ ഇന്ത്യയിലെ വൻകിട തുറമുഖങ്ങൾ ഇപ്പോൾ അവയുടെ മത്സരശേഷി അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ സുസജ്ജമാണ്. ഈ സംരംഭങ്ങൾ ഉയർന്ന അളവിലുള്ള ചരക്ക് കൈകാര്യം, കുറഞ്ഞ കാത്തിരിപ്പ് സമയം, പാമാവധി ശേഷി വിനിയോഗം, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവ സാധ്യമാക്കും.
ഇന്ത്യ ആഗോള വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുകയും ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും ചെയ്യുമ്പോൾ, മന്ത്രാലയത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനും, ബന്ധപ്പെട്ട അധികാരികളുടെയും സ്വകാര്യ പങ്കാളികളുടെയും സഹകരണത്തിനും ഉള്ള ഉത്തമ ദൃഷ്ടാന്തമായി 2024-25 സാമ്പത്തിക വർഷം നിലകൊള്ളുന്നു. ഈ വളർച്ച നിലനിർത്തുന്നതിനും, ഇന്ത്യയുടെ വ്യാപാര-സാമ്പത്തിക അഭിലാഷങ്ങളെ മുന്നോട്ട് നയിക്കാൻ കഴിയും വിധം ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും, ഡിജിറ്റലധിഷ്ഠിതവും, പരിസ്ഥിതി സൗഹൃദവുമായ തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുമായി തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സമർപ്പിതമാണ്.
******************
(Release ID: 2128554)