ആഭ്യന്തരകാര്യ മന്ത്രാലയം
ന്യൂഡൽഹിയിൽ നടന്ന 1008 സംസ്‌കൃത സംഭാഷണ ശിബിരങ്ങളുടെ പ്രൗഢമായ സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്‌കൃത ഭാരതിയുടെ ശ്രമഫലമായി, രാജ്യത്തെ ജനങ്ങൾക്കിടയിൽ സംസ്‌കൃതത്തോടുള്ള താത്പര്യവും സ്വീകാര്യതയും വർദ്ധിച്ചു
Posted On:
04 MAY 2025 5:31PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ നടന്ന 1008 സംസ്‌കൃത സംഭാഷണ ശിബിരങ്ങളുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത ഉൾപ്പെടെ ഒട്ടേറെ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
സംസ്‌കൃത സംഭാഷണ ശിബിരങ്ങളുടെ സമാപന പരിപാടിയെ അഭിസംബോധന ചെയ്യവേ, 1008 സംസ്‌കൃത സംഭാഷണ ശിബിരങ്ങൾ സംഘടിപ്പിച്ച ശ്രദ്ധേയവും ധീരവുമായ സംരംഭത്തിന് സംസ്‌കൃത ഭാരതിയെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പ്രശംസിച്ചു. സാമ്രാജ്യത്വ ഭരണത്തിന് മുമ്പുതന്നെ സംസ്‌കൃതത്തിന്റെ തകർച്ച ആരംഭിച്ചിരുന്നതായും അതിന്റെ പുനരുജ്ജീവനത്തിന് സമയവും സുസ്ഥിര പരിശ്രമവും വേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം സംസ്‌കൃതത്തിന്റെ പുനരുജ്ജീവനത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്‌കൃതത്തിന്റെ പുനരുജ്ജീവനത്തിനും പ്രോത്സാഹനത്തിനും സർക്കാരും പൊതുസമൂഹവും ഏകചിന്തയോടെ സമർപ്പിതരും പ്രതിജ്ഞാബദ്ധരുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1981 മുതൽ സംസ്‌കൃത ഭാരതി സംസ്‌കൃതത്തിൽ ലഭ്യമായ വിപുലമായ ജ്ഞാന പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, ദശലക്ഷക്കണക്കിന് ആളുകൾക്ക് സംസ്‌കൃത സംഭാഷണം സ്വായത്തമാക്കാനുള്ള പരിശീലനം നൽകാനും, സംസ്‌കൃത ഭാഷ പഠിക്കാനും കൈകാര്യം ചെയ്യാനും ജനങ്ങളെ പ്രാപ്തരാക്കാനുമായി നിരന്തരം പ്രവർത്തിച്ചുവരികയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രശസ്തരായ ഒട്ടേറെ ആഗോള പണ്ഡിതർ സംസ്‌കൃതത്തെ അത്യന്തം ശാസ്ത്രയുക്തമായ ഭാഷയെന്ന നിലയിൽ അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്‌കൃത ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ വ്യക്തമാക്കി. അഷ്ടദശി പദ്ധതി പ്രകാരം 18 പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അപൂർവ സംസ്‌കൃത ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, മൊത്തത്തിലുള്ള സംഭരണം, പുനഃപ്രസിദ്ധീകരണം എന്നിവയ്ക്ക് ഭാരതസർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. മാത്രമല്ല, വിശിഷ്ട സംസ്‌കൃത പണ്ഡിതർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചിട്ടുമുണ്ട്.
സംസ്‌കൃതം കേന്ദ്ര സ്തംഭമായി വർത്തിക്കുന്ന ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തിനാണ് മോദി സർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ (NEP) ശക്തമായ ഊന്നൽ നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. രാഷ്ട്രീയ സംസ്‌കൃത സംസ്‌ഥാനെ കേന്ദ്ര സംസ്‌കൃത സർവകലാശാലാ പദവിയിലേക്ക് ഉയർത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സഹസ്ര ചൂഡാമണി യോജന പ്രകാരം വിരമിച്ച പ്രമുഖ സംസ്‌കൃത പണ്ഡിതരെ അധ്യാപകരായി നിയമിക്കാൻ സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. സംസ്‌കൃതം, പ്രാകൃത് എന്നീ ഭാഷകളിൽ ചിതറിക്കിടക്കുന്ന കൈയെഴുത്തുപ്രതികൾ ശേഖരിക്കുന്നതിനായി ഏകദേശം 500 കോടി രൂപ പദ്ധതി വിഹിതത്തോടെയുള്ള രാജ്യവ്യാപകമായ പ്രചാരണമാണ് മോദി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നെന്ന് ശ്രീ ഷാ വ്യക്തമാക്കി. കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിനായി 500 കോടി രൂപയുടെ അടിസ്ഥാന മൂലധനമുള്ള ജ്ഞാനഭാരതം ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചിട്ടുണ്ടെന്നും ഭാവിയിലെ ബജറ്റുകളിലും വിഹിതം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 52 ലക്ഷത്തിലധികം കൈയെഴുത്തുപ്രതികൾ ഇതിനോടകം രേഖകളാക്കി സംരക്ഷിച്ചിട്ടുണ്ടെന്നും 3.5 ലക്ഷം കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞതായും 1,37,000 കൈയെഴുത്തുപ്രതികൾ namami.gov.in-ൽ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അപൂർവ കൈയെഴുത്തുപ്രതികൾ വിവർത്തനം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഈ ബൃഹത്തായ ഉദ്യമത്തെ പിന്തുണയ്ക്കുന്നതിനായി, വിവിധ വിഷയങ്ങളിലും ഭാഷകളിലും പാണ്ഡിത്യമുള്ളവരെ ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
സംസ്‌കൃത ഭാരതി ആരംഭിച്ച ശേഷമിതുവരെ ഒരു കോടിയിലധികം ആളുകൾക്ക് സംസ്‌കൃത ഭാഷയെ പരിചയപ്പെടുത്തുകയും, ഒരു ലക്ഷത്തിലധികം സംസ്‌കൃത അധ്യാപകരെ പരിശീലിപ്പിക്കുകയും, 6,000 കുടുംബങ്ങളെ സംസ്‌കൃതത്തിൽ മാത്രം സംസാരിക്കാൻ പരിശീലിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ എടുത്തുപറഞ്ഞു. സംസ്‌കൃത ഭാരതി 26 രാജ്യങ്ങളിലായി 4,500 കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും 2011 ൽ ലോകത്തിലെ ആദ്യ ലോക സംസ്‌കൃത പുസ്തകമേള സംഘടിപ്പിക്കുകയുണ്ടായെന്നും ശ്രീ ഷാ ചൂണ്ടിക്കാട്ടി.2013-ൽ ഉജ്ജൈനിൽ സാഹിത്യ ഉത്സവത്തിനും സംസ്‌കൃത ഭാരതി ആതിഥേയത്വം വഹിച്ചു.
1008 സംസ്‌കൃത സംഭാഷണ ശിബിരങ്ങൾ ഇന്ന് ഇവിടെ സമാപിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. ഏപ്രിൽ 23 മുതലുള്ള 10 ദിവസ കാലയളവിൽ 17,000 ൽ അധികം പേർക്ക് സംസ്‌കൃത ഭാഷയിൽ പരിചയം ലഭിച്ച കാര്യം അദ്ദേഹം പങ്കുവെച്ചു. ഇക്കാലയളവിൽ, അവർ സംസ്‌കൃത പരിശീലനത്തിൽ ഏർപ്പെട്ടു. പൊതുജനങ്ങൾക്കിടയിൽ ഭാഷയോടുള്ള താത്പര്യവും ഉത്സാഹവും വളർത്താൻ ഇത് ഏറെ സഹായകമാണ്.
സംസ്കൃത ഭാഷയിൽ അറിവിന്റെയും ജ്ഞാനത്തിന്റെയും വെളിച്ചം ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ ഊന്നിപ്പറഞ്ഞു. മിക്ക ഇന്ത്യൻ ഭാഷകളുടെയും മാതാവ് എന്ന നിലയിൽ, സംസ്കൃതത്തിന്റെ പ്രചാരണം അതിന്റെ പുനരുജ്ജീവനം മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതി കൂടിയാണ്. ആയിരക്കണക്കിന് വർഷങ്ങളായി, വിവിധ വിഷയങ്ങളിലുടനീളമുള്ള ആശയ പ്രചാരണത്തിലൂടെ സംസ്കൃതത്തിൽ സഞ്ചിതമായ ജ്ഞാനം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിശാലമായ നിധി വിപുലമായ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതായും അത് ലോകത്തിന് പ്രാപ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വേദങ്ങളിലും ഉപനിഷത്തുകളിലും എണ്ണമറ്റ സംസ്കൃത കൈയെഴുത്തുപ്രതികളിലും അടങ്ങിയിരിക്കുന്ന അഗാധമായ ജ്ഞാനം ആഗോള പ്രേക്ഷകരിലേക്ക് എത്തണമെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് സംസ്കൃത ഭാരതിയുടെ നിരന്തര ശ്രമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ശാസ്ത്രീയമായ ഭാഷ മാത്രമല്ല, സമാനതകളില്ലാത്ത വ്യാകരണ ഘടനയും സംസ്കൃതത്തിനുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. വൃത്ത നിബദ്ധമായ അക്ഷരങ്ങളുടെ പ്രയോഗവും വരികളുടെ താളാത്മക ഘടനയും ആവിഷ്‌ക്കരിച്ച ആദ്യ ഭാഷ സംസ്കൃതമാണെന്നും, അതിന്റെ ശാശ്വത ചൈതന്യത്തിനും പ്രസക്തിക്കും ഇത് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
SKY
******
(Release ID: 2126916)