പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
ഇന്നാരംഭിച്ച വികസനപ്രവർത്തനങ്ങൾ അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകുകയും ആന്ധ്രാപ്രദേശിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി
പാരമ്പര്യവും പുരോഗതിയും കൈകോർക്കുന്ന നാടാണ് അമരാവതി: പ്രധാനമന്ത്രി
എൻ ടി ആർ ഗാരു വിഭാവനംചെയ്തത് വികസിത ആന്ധ്രാപ്രദേശാണ്; നമുക്കൊന്നിച്ച് അമരാവതിയെയും ആന്ധ്രാപ്രദേശിനെയും വികസിത ഇന്ത്യയുടെ വളർച്ചായന്ത്രമാക്കി മാറ്റണം: പ്രധാനമന്ത്രി
അടിസ്ഥാനസൗകര്യങ്ങൾ അതിവേഗം ആധുനികവൽക്കരിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഇന്ത്യയും ഉൾപ്പെടുന്നു: പ്രധാനമന്ത്രി
പാവപ്പെട്ടവർ, കർഷകർ, യുവാക്കൾ, സ്ത്രീശക്തി എന്നീ നാലുസ്തംഭങ്ങളിലാകും വികസിത ഇന്ത്യ കെട്ടിപ്പടുക്കുക: പ്രധാനമന്ത്രി
നാഗയലങ്കയിൽ നിർമിക്കുന്ന നവദുർഗ പരീക്ഷണകേന്ദ്രം ദുർഗാദേവിയെപ്പോലെ രാജ്യത്തിന്റെ പ്രതിരോധശക്തിക്കു കരുത്തേകും; ഇതിന്റെ പേരിൽ രാജ്യത്തെ ശാസ്ത്രജ്ഞരെയും ആന്ധ്രാപ്രദേശിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി
Posted On:
02 MAY 2025 6:44PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. പുണ്യഭൂമിയായ അമരാവതിയിൽ നിൽക്കുമ്പോൾ, ഒരു നഗരം മാത്രമല്ല താൻ കാണുന്നതെന്നും ‘ഒരു പുതിയ അമരാവതി, ഒരു പുതിയ ആന്ധ്രാപ്രദേശ്’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “അമരാവതി പാരമ്പര്യവും പുരോഗതിയും പരസ്പരം കൈകോർക്കുന്ന നാടാണ്. ബുദ്ധമത പൈതൃകത്തിന്റെ സമാധാനവും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഊർജവും ഈ നാട് ഉൾക്കൊള്ളുന്നു” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നു വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. ഈ പദ്ധതികൾ കോൺക്രീറ്റ് ഘടനകളിൽ ഒതുങ്ങുന്നതല്ല. മറിച്ച്, ആന്ധ്രാപ്രദേശിന്റെ അഭിലാഷങ്ങളുടെയും വികസനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെയും കരുത്തുറ്റ അടിത്തറയാണ് – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭഗവാൻ വീരഭദ്രൻ, ഭഗവാൻ അമരലിംഗേശ്വരൻ, തിരുപ്പതി ബാലാജി എന്നിവരെ പ്രാർഥിച്ച്, പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.
ഇന്ദ്രലോകത്തിന്റെ തലസ്ഥാനം അമരാവതി എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇപ്പോൾ അമരാവതി ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമാണെന്നും പരാമർശിച്ച ശ്രീ മോദി, ഇത് യാദൃച്ഛികമല്ലെന്നും ഇന്ത്യയുടെ വികസനപാതയ്ക്കു കരുത്തേകുന്ന ‘സുവർണ ആന്ധ്ര’യുടെ സൃഷ്ടിക്കായുള്ള ശുഭസൂചനയാണെന്നും അഭിപ്രായപ്പെട്ടു. അമരാവതി ‘സുവർണ ആന്ധ്ര’യെന്ന കാഴ്ചപ്പാടിന് ഊർജം പകരുമെന്നും പുരോഗതിക്കും പരിവർത്തനത്തിനുമുള്ള കേന്ദ്രമാക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “അമരാവതി വെറും നഗരമല്ല; അതൊരു ശക്തിയാണ്. ആന്ധ്രാപ്രദേശിനെ ആധുനിക സംസ്ഥാനമാക്കി മാറ്റുന്ന ശക്തിയാണ്; ആന്ധ്രാപ്രദേശിനെ വികസിതസംസ്ഥാനമാക്കി മാറ്റുന്ന ശക്തിയാണ്” – തെലുങ്കിൽ ശ്രീ മോദി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന നഗരമായി അമരാവതിയെ വിഭാവനംചെയ്ത പ്രധാനമന്ത്രി, വരുംവർഷങ്ങളിൽ വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ഹരിതോർജം, സംശുദ്ധ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിൽ മുൻനിര നഗരമായി ഇതുയർന്നുവരുമെന്നും പറഞ്ഞു. ഈ മേഖലകളിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ അതിവേഗം വികസിപ്പിക്കുന്നതിൽ കേന്ദ്രഗവണ്മെന്റ് സംസ്ഥാനഗവണ്മെന്റിനെ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഭാവിക്കായുള്ള സാങ്കേതികവിദ്യ വലിയ തോതിൽ വിഭാവനംചെയ്തു വേഗത്തിൽ നടപ്പിലാക്കുന്നതിൽ ശ്രീ ചന്ദ്രബാബു നായിഡുവിന്റെ മിടുക്കിനെ ശ്രീ മോദി പ്രശംസിച്ചു. 2015ൽ പ്രജാ രാജധാനിക്കു തറക്കല്ലിടാൻ തനിക്കു ഭാഗ്യം ലഭിച്ചത് അദ്ദേഹം അനുസ്മരിച്ചു. വർഷങ്ങളായി കേന്ദ്രഗവണ്മെന്റ് അമരാവതിയുടെ വികസനത്തിനു സമഗ്രമായ പിന്തുണ നൽകിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങൾക്കായി ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ട്. ശ്രീ നായിഡുവിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഗവണ്മെന്റ് വികസനപ്രവർത്തനങ്ങൾക്കു വേഗം വർധിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി, നിയമസഭ, സെക്രട്ടേറിയറ്റ്, രാജ്ഭവൻ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ ഇപ്പോൾ നിർമാണത്തിനു മുൻഗണന നൽകുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
“വികസിത ആന്ധ്രാപ്രദേശാണ് എൻ ടി ആർ ഗാരു വിഭാവനം ചെയ്തത്” – പ്രധാനമന്ത്രി പറഞ്ഞു. നമുക്കൊന്നിച്ച് അമരാവതിയെയും ആന്ധ്രാപ്രദേശിനെയും വികസിത ഇന്ത്യയുടെ വളർച്ചായന്ത്രമാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, എൻ ടി ആർ ഗാരുവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അഭിസംബോധന ചെയ്ത്, അതു നമ്മുടെ ഉത്തരവാദിത്വമാണെന്നും നാം ഒരുമിച്ചു നേടേണ്ട ഒന്നാണെന്നും പ്രധാനമന്ത്രി തെലുങ്കിൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ഇന്ത്യ ഭൗതിക, ഡിജിറ്റൽ, സാമൂഹിക അടിസ്ഥാനസൗകര്യങ്ങളിൽ വ്യാപകശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീ മോദി, ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ ആധുനികവൽക്കരിക്കപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണെന്നും ആന്ധ്രാപ്രദേശ് ഈ പുരോഗതിയിൽനിന്നു ഗണ്യമായി പ്രയോജനം നേടുന്നുണ്ടെന്നും പറഞ്ഞു. ആയിരക്കണക്കിനു കോടിരൂപയുടെ റോഡ്-റെയിൽ പദ്ധതികൾ ആന്ധ്രാപ്രദേശിന് അനുവദിച്ചിട്ടുണ്ട്. അതു സംസ്ഥാനവികസനം ത്വരിതപ്പെടുത്തുന്നു - അദ്ദേഹം ചൂണ്ടിക്കാട്ടി. “ആന്ധ്രപ്രദേശ് സമ്പർക്കസൗകര്യങ്ങളുടെ നവയുഗത്തിനു സാക്ഷ്യം വഹിക്കുന്നു. ഇതു ജില്ലകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും അയൽസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും” – അദ്ദേഹം പറഞ്ഞു. കർഷകർക്കു വലിയ വിപണികളിലേക്കു പ്രവേശിക്കുന്നത് എളുപ്പമാകുമെന്നും മെച്ചപ്പെട്ട ലോജിസ്റ്റിക്കൽ കാര്യക്ഷമതയിൽനിന്നു വ്യവസായങ്ങൾക്കു പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര-തീർഥാടന മേഖലകളും ശക്തി പ്രാപിക്കും. അതുവഴി പ്രധാന മതകേന്ദ്രങ്ങളിലേക്കു കൂടുതൽ എളുപ്പത്തിൽ എത്താനാകും - ശ്രീ മോദി പറഞ്ഞു. റെനിഗുണ്ഡ-നായിഡുപേട്ട ഹൈവേ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ഇതെളുപ്പമാക്കുമെന്നും ഭക്തർക്കു വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഭഗവാൻ വെങ്കിടേശ്വര സ്വാമിയെ സന്ദർശിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗം വികസിച്ച രാജ്യങ്ങൾ അവരുടെ റെയിൽശൃംഖലകൾക്കു വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദശകം ഇന്ത്യൻ റെയിൽവേയ്ക്കു പരിവർത്തന കാലഘട്ടമായിരുന്നു. ആന്ധ്രാപ്രദേശിലെ റെയിൽവേ വികസനത്തിനായി ഇന്ത്യാഗവണ്മെന്റ് റെക്കോർഡ് തുക അനുവദിച്ചു. 2009നും 2014നും ഇടയിൽ ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കുമുള്ള സംയുക്ത റെയിൽവേ ബജറ്റ് ₹900 കോടിയിൽ താഴെയായിരുന്നു. ഇന്ന് ആന്ധ്രാപ്രദേശിനുമാത്രം ₹9000 കോടിയിലധികം റെയിൽവേ ബജറ്റുണ്ട്. ഇതു പത്തിരട്ടിയിലധികം വർധനയാണ് - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “റെയിൽവേ ബജറ്റ് വർധനയോടെ, ആന്ധ്രാപ്രദേശ് 100% റെയിൽവേ വൈദ്യുതവൽക്കരണം എന്ന നേട്ടത്തിലെത്തി” - ആന്ധ്രാപ്രദേശിനിപ്പോൾ എട്ടു ജോഡി ആധുനിക വന്ദേ ഭാരത് ട്രെയിനുകളുണ്ടെന്നും ആന്ധ്രാപ്രദേശിലൂടെ അമൃത് ഭാരത് ട്രെയിൻ സർവീസ് നടത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തുടനീളം 750-ലധികം റെയിൽ ഫ്ലൈ ഓവറുകളും അടിപ്പാതകളും നിർമിച്ചിട്ടുണ്ട്. യാത്രക്കാർക്കു ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി. ആന്ധ്രാപ്രദേശിലെ 70-ലധികം റെയിൽവേ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ ആധുനികവൽക്കരിക്കുന്നുണ്ട് - പ്രധാനമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യ വികസനത്തിന്റെ പതിന്മടങ്ങു പ്രഭാവം ചൂണ്ടിക്കാട്ടി, ഉൽപ്പാദനമേഖലയിൽ അതിന്റെ നേരിട്ടുള്ള സ്വാധീനം വ്യക്തമാക്കിയ ശ്രീ മോദി, സിമന്റ്, ഉരുക്ക് തുടങ്ങിയ അസംസ്കൃത വസ്തുക്കളും ഗതാഗതസേവനങ്ങളും വലിയ തോതിലുള്ള അടിസ്ഥാനസൗകര്യ പദ്ധതികളിൽനിന്നു ഗണ്യമായി പ്രയോജനം നേടുന്നുവെന്നും, വിവിധ വ്യവസായങ്ങൾക്കു കരുത്തേകുന്നുവെന്നും ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യവികസനം ഇന്ത്യയിലെ യുവാക്കൾക്കു നേരിട്ടു ഗുണംചെയ്യും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നടന്നുകൊണ്ടിരിക്കുന്ന ഈ അടിസ്ഥാനസൗകര്യപദ്ധതികളിലൂടെ ആന്ധ്രാപ്രദേശിലെ ആയിരക്കണക്കിനു യുവാക്കൾക്കു പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.
“വികസിത ഇന്ത്യയുടെ അടിത്തറ ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീശാക്തീകരണം എന്നീ നാലു പ്രധാന സ്തംഭങ്ങളിലാണ്” – ചുവപ്പുകോട്ടയിൽ നടത്തിയ പ്രസ്താവന പ്രധാനമന്ത്രി ആവർത്തിച്ചു. കർഷകരുടെ ക്ഷേമത്തിനു പ്രത്യേക മുൻഗണന നൽകി, ഈ സ്തംഭങ്ങൾ ഗവണ്മെന്റിന്റെ നയങ്ങളുടെ കേന്ദ്രബിന്ദുവായി തുടരുന്നു. കർഷകരുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി, താങ്ങാനാകുന്ന വിലയ്ക്കു വളങ്ങൾ നൽകാൻ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യാ ഗവൺമെന്റ് ഏകദേശം ₹12 ലക്ഷം കോടി ചെലവഴിച്ചിട്ടുണ്ട്. കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആയിരക്കണക്കിനു പുതിയതും നൂതനവുമായ വിത്തിനങ്ങൾ കർഷകർക്ക് വിതരണം ചെയ്തു. പിഎം ഫസൽ ബീമ യോജനപ്രകാരം ആന്ധ്രാപ്രദേശിലെ കർഷകർക്ക് ₹5500 കോടിയുടെ ക്ലെയിം സെറ്റിൽമെന്റുകൾ ലഭിച്ചു. പിഎം കിസാൻ സമ്മാൻ നിധിപ്രകാരം, ആന്ധ്രാപ്രദേശിലെ ലക്ഷക്കണക്കിനു കർഷകരുടെ അക്കൗണ്ടുകളിലേക്ക് ₹17,500 കോടിയിലധികം നേരിട്ടു കൈമാറിയിട്ടുണ്ട്. ഇത് അവരുടെ ഉപജീവനമാർഗത്തിനു സാമ്പത്തികപിന്തുണയേകുന്നു - അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളം ജലസേചനപദ്ധതികൾ അതിവേഗം വികസിപ്പിക്കുകയാണ് ഇന്ത്യയെന്നും എല്ലാ കൃഷിയിടങ്ങളിലും വെള്ളം എത്തുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. കർഷകർ ജലക്ഷാമം നേരിടുന്നില്ലെന്നുറപ്പാക്കാൻ നദീസംയോജനസംരംഭങ്ങൾ ആരംഭിച്ചു. പുതിയ സംസ്ഥാനഗവണ്മെന്റ് രൂപീകരിച്ചതോടെ പോളവാരം പദ്ധതിക്ക് പുതിയ ഗതിവേഗം കൈവന്നു. ആന്ധ്രാപ്രദേശിലെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതം ഈ പദ്ധതിയിലൂടെ പരിവർത്തനം ചെയ്യപ്പെടും. പോളവാരം പദ്ധതിയുടെ പൂർത്തീകരണം ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രഗവണ്മെന്റ് സംസ്ഥാനഗവണ്മെന്റിനെ പൂർണമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി ഇന്ത്യയെ ബഹിരാകാശ ശക്തിയായി നിലനിർത്തുന്നതിൽ ആന്ധ്രാപ്രദേശിന്റെ നിർണായക പങ്കിന് ശ്രീ മോദി അടിവരയിട്ടു. ശ്രീഹരിക്കോട്ടയിൽനിന്ന് ആരംഭിച്ച ഓരോ ദൗത്യവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ അഭിമാനം നിറയ്ക്കുന്നു. യുവാക്കളെ ബഹിരാകാശ പര്യവേക്ഷണത്തിലേക്കു നയിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വരുത്തിയ പ്രധാന വികസനം പ്രഖ്യാപിച്ച അദ്ദേഹം പുതിയ പ്രതിരോധസ്ഥാപനം ആരംഭിച്ചതായും പറഞ്ഞു. ഡിആർഡിഒയുടെ പുതിയ മിസൈൽ പരീക്ഷണകേന്ദ്രത്തിനു തറക്കല്ലിട്ടതായും അദ്ദേഹം പരാമർശിച്ചു. ദുർഗാദേവിയുടെ ദിവ്യശക്തിയിൽനിന്ന് കരുത്താർജിക്കുന്ന നാഗയലങ്കയിലെ നവദുർഗ പരീക്ഷണകേന്ദ്രം ഇന്ത്യയുടെ പ്രതിരോധശേഷികളുടെ കരുത്തു വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാഴികക്കല്ലായ ഈ നേട്ടത്തിന് അദ്ദേഹം രാജ്യത്തെ ശാസ്ത്രജ്ഞരെയും ആന്ധ്രാപ്രദേശിലെ ജനങ്ങളെയും അഭിനന്ദിച്ചു.
“ഇന്ത്യയുടെ ശക്തി അതിന്റെ ആയുധങ്ങളിൽ മാത്രമല്ല, ഐക്യത്തിൽകൂടിയാണ്” - രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ സ്ഥാപിക്കുന്ന ഏകതാ മാളുകൾ ഈ ഐക്യത്തിന്റെ മനോഭാവം കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള കരകൗശലവിദഗ്ധരുടെയും ശിൽപ്പികളുടെയും ഉൽപ്പന്നങ്ങൾ ഒരുകുടക്കീഴിൽ പ്രദർശിപ്പിക്കാൻ വിശാഖപട്ടണത്തിന് ഉടൻ സ്വന്തമായി ഏകതാ മാൾ ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ മാളുകൾ ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യവുമായി ജനങ്ങളെ കൂട്ടിയിണക്കുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും “ഏകഭാരതം, ശ്രേഷ്ഠഭാരതം” എന്ന കാഴ്ചപ്പാടിനു കരുത്തേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്താം പതിപ്പ് ആഘോഷിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനം (ജൂൺ 21) ആന്ധ്രാപ്രദേശിൽ ആഘോഷിക്കുമെന്നും അതിൽ പങ്കെടുക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത 50 ദിവസത്തിനുള്ളിൽ യോഗയിൽ കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ലോക റെക്കോർഡ് സൃഷ്ടിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ആന്ധ്രാപ്രദേശിൽ വലിയ സ്വപ്നം കാണുന്നവർക്കോ നേട്ടങ്ങൾ കൈവരിക്കുന്നവർക്കോ പഞ്ഞമില്ലെന്ന് പരാമർശിച്ച പ്രധാനമന്ത്രി, സംസ്ഥാനം ശരിയായ പാതയിലാണെന്നും വളർച്ചയ്ക്ക് ശരിയായ വേഗത വന്നിട്ടുണ്ടെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആന്ധ്രാപ്രദേശിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സ്ഥിരതയുള്ള വേഗത കൈവരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അവർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുമെന്ന് പറഞ്ഞ് തന്റെ അചഞ്ചലമായ പിന്തുണ ഉറപ്പുനൽകിയാണ് അദ്ദേഹം ഉപസംഹരിച്ചത്.
ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ സയ്യിദ് അബ്ദുൾ നസീർ, മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡു, കേന്ദ്രമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
രാജ്യത്തുടനീളം ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സഞ്ചാരക്ഷമതയും ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ, ആന്ധ്രാപ്രദേശിൽ ഏഴു ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദേശീയ പാതകളുടെ വിവിധ ഭാഗങ്ങളുടെ വീതി കൂട്ടൽ, റോഡ് മേൽപ്പാലം, സബ്‌വേ നിർമാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ റോഡ് സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തിരുപ്പതി, ശ്രീകാളഹസ്തി, മലകൊണ്ട, ഉദയഗിരി കോട്ട തുടങ്ങിയ മത-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു തടസ്സമില്ലാത്ത സഞ്ചാരസൗകര്യം ഉറപ്പാക്കും.
സഞ്ചാരസൗകര്യം വർധിപ്പിക്കുന്നതിനും ശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. ബുഗ്ഗനപ്പള്ളി സിമന്റ് നഗർ-പന്യം സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ, റായലസീമയ്ക്കും അമരാവതിക്കും ഇടയിലുള്ള സമ്പർക്കസൗകര്യം വർധിപ്പിക്കൽ, ന്യൂ വെസ്റ്റ് ബ്ലോക്ക് ഹട്ട് ക്യാബിനും വിജയവാഡ സ്റ്റേഷനുമിടയിലുള്ള മൂന്നാം റെയിൽപ്പാതയുടെ നിർമാണം എന്നിവയാണ് ഈ പദ്ധതികൾ.
ആറു ദേശീയ പാത പദ്ധതികൾക്കും ഒരു റെയിൽവേ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ദേശീയ പാതകളുടെ വിവിധ ഭാഗങ്ങളുടെ വീതി കൂട്ടൽ; മേൽപ്പാതാ ഇടനാഴിയുടെയും ഹാഫ് ക്ലോവർ ലീഫിന്റെയും റോഡ് മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ സഞ്ചാരസൗകര്യം, അന്തർസംസ്ഥാന യാത്ര, തിരക്കു കുറയ്ക്കൽ, മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തും. ഗുണ്ഡക്കൽ വെസ്റ്റ്-മല്ലപ്പ ഗേറ്റ് സ്റ്റേഷനുകൾക്കിടയിലെ റെയിൽ ഓവർ റെയിൽ നിർമാണം ചരക്കുട്രെയിനുകളെ മറികടക്കുന്നതിനും ഗുണ്ഡക്കൽ ജങ്ഷനിലെ തിരക്കു കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
നിയമസഭ, ഹൈക്കോടതി, സെക്രട്ടറിയറ്റ്, മറ്റു ഭരണമന്ദിരങ്ങൾ, 5200-ലധികം കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ എന്നിവയുൾപ്പെടെ 11,240 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. ഭൂഗർഭ സൗകര്യങ്ങളും നൂതന വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളുമുള്ള 320 കിലോമീറ്റർ ലോകോത്തര ഗതാഗതശൃംഖല ഉൾക്കൊള്ളുന്ന 17,400 കോടിയിലധികം രൂപ വിലമതിക്കുന്ന ട്രങ്ക് അടിസ്ഥാനസൗകര്യവും വെള്ളപ്പൊക്ക ലഘൂകരണ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. തലസ്ഥാന നഗരമായ അമരാവതിയിലുടനീളം 20,400 കോടിയിലധികം രൂപയുടെ സെൻട്രൽ മീഡിയനുകൾ, സൈക്കിൾ പാതകൾ, സംയോജിത സൗകര്യങ്ങൾ എന്നിവയുള്ള 1281 കിലോമീറ്റർ റോഡുകൾ ലാൻഡ് പൂളിങ് സ്കീം അടിസ്ഥാനസൗകര്യപദ്ധതികളിൽ ഉൾക്കൊള്ളുന്നു.
ആന്ധ്രാപ്രദേശിലെ നാഗയലങ്കയിൽ ഏകദേശം 1460 കോടി രൂപ വിലമതിക്കുന്ന മിസൈൽ പരീക്ഷണകേന്ദ്രത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പു മെച്ചപ്പെടുത്തുന്ന വിക്ഷേപണ കേന്ദ്രം, സാങ്കേതിക ഉപകരണ സൗകര്യങ്ങൾ, തദ്ദേശീയ റഡാറുകൾ, ടെലിമെട്രി, ഇലക്ട്രോ-ഒപ്റ്റിക്കൽ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
വിശാഖപട്ടണത്തെ മധുരവാഡയിൽ പിഎം ഏകതാ മാളിനു പ്രധാനമന്ത്രി തറക്കല്ലിട്ടു. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കൽ, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കൽ, ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രാമീണ കരകൗശല വിദഗ്ധരെ ശാക്തീകരിക്കൽ, തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിപണി സാന്നിധ്യം വർധിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്.
*****
-SK-
(Release ID: 2126335)
Visitor Counter : 20
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu