പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു


കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം ഇന്ത്യയുടെ സമുദ്ര അടിസ്ഥാനസൗകര്യങ്ങളിലെ സുപ്രധാന മുന്നേറ്റമാണ്: പ്രധാനമന്ത്രി

ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മദിനമാണിന്ന്; ആദി ശങ്കരാചാര്യജി കേരളത്തിൽനിന്നു പുറത്തുവന്ന് രാജ്യത്തിന്റെ വിവിധ കോണുകളിൽ ആശ്രമങ്ങൾ സ്ഥാപിച്ച് രാഷ്ട്രത്തിന്റെ അവബോധമുണർത്തി; ഈ ശുഭവേളയിൽ ഞാൻ അദ്ദേഹത്തിനു ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയിലെ തീരദേശസംസ്ഥാനങ്ങളും നമ്മുടെ തുറമുഖനഗരങ്ങളും വികസിത ഭാരതത്തിന്റെ പ്രധാന വളർച്ചാകേന്ദ്രങ്ങളായി മാറും: പ്രധാനമന്ത്രി

തുറമുഖ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിനായി സാഗർമാല പദ്ധതിപ്രകാരം സംസ്ഥാന ഗവണ്മെന്റുമായി സഹകരിച്ച് കേന്ദ്ര ഗവണ്മെന്റ് തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ നവീകരിച്ചു: പ്രധാനമന്ത്രി

പിഎം-ഗതിശക്തിക്കു കീഴിൽ, ജലപാതകൾ, റെയിൽപ്പാതകൾ, ഹൈവേകൾ, വ്യോമപാതകൾ എന്നിവയുടെ പരസ്പരബന്ധം അതിവേഗം മെച്ചപ്പെടുത്തുന്നു: പ്രധാനമന്ത്രി

കഴിഞ്ഞ 10 വർഷത്തിനിടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിനു കീഴിലുള്ള നിക്ഷേപങ്ങൾ നമ്മുടെ തുറമുഖങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക മാത്രമല്ല, അവയെ ഭാവിക്കായി സജ്ജമാക്കുകയും ചെയ്തു: പ്രധാനമന്ത്രി

ഫ്രാൻസിസ് മാർപാപ്പയുടെ സേവനമനോഭാവത്തെ ലോകം എല്ലായ്പ്പോഴും ഓർക്കും: പ്രധാനമന്ത്രി

Posted On: 02 MAY 2025 1:16PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദി ശങ്കരാചാര്യർ രാജ്യത്തിന്റെ വിവിധ കോണുകളിൽ മഠങ്ങൾ സ്ഥാപിച്ചു രാജ്യത്തിന്റെ അവബോധം ഉണർത്തിയെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഇന്ത്യക്ക് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

അനന്തസാധ്യതകളാൽ സമ്പന്നമായ വിശാലമായ സമുദ്രം ഒരുവശത്തു നിലകൊള്ളുമ്പോൾ, മറുവശത്ത്, പ്രകൃതിയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യം അതിന്റെ പ്രൗഢി വർധിപ്പിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു. ഇതിനെല്ലാം ഇടയിൽ, വിഴിഞ്ഞം ആഴക്കടൽ തുറമുഖം ഇപ്പോൾ നവയുഗ വികസനത്തിന്റെ പ്രതീകമായി ഉയർന്നുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രദ്ധേയമായ നേട്ടത്തിന് അദ്ദേഹം കേരള ജനതയെയും രാജ്യത്തെയാകെയും അഭിനന്ദിച്ചു.

വിഴിഞ്ഞം ആഴക്കടൽ തുറമുഖം ₹8,800 കോടി ചെലവിൽ വികസിപ്പിച്ചുവെന്നു പറഞ്ഞ പ്രധാനമന്ത്രി, വരുംവർഷങ്ങളിൽ ഈ കപ്പൽചരക്കുകൈമാറ്റ കേന്ദ്രത്തിന്റെ ശേഷി മൂന്നിരട്ടിയാകുമെന്നും ഇതു ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾ സുഗമമായി എത്തിച്ചേരുന്നതിനു സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ കപ്പൽച്ചരക്കുകൈമാറ്റ പ്രവർത്തനങ്ങളുടെ 75% മുമ്പു വിദേശ തുറമുഖങ്ങളിലാണു നടന്നിരുന്നതെന്നും ഇതു രാജ്യത്തിനു ഗണ്യമായ വരുമാനനഷ്ടമുണ്ടാക്കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്ഥിതി മാറാൻ പോകുന്നു എന്നു വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയുടെ പണം ഇപ്പോൾ ഇന്ത്യയെ സേവിക്കുമെന്നും, ഒരിക്കൽ രാജ്യത്തിനു പുറത്തേക്ക് ഒഴുകിയിരുന്ന പണം ഇപ്പോൾ കേരളത്തിനും വിഴിഞ്ഞത്തെ ജനങ്ങൾക്കും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.

കോളനിവാഴ്ചയ്ക്കു മുമ്പ്, ഇന്ത്യ നൂറ്റാണ്ടുകളുടെ സമൃദ്ധിക്കു സാക്ഷ്യം വഹിച്ചിരുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒരു ഘട്ടത്തിൽ ആഗോള ജിഡിപിയിൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിൽ ഇന്ത്യയെ മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമാക്കിയതു സമുദ്രശേഷിയും തുറമുഖനഗരങ്ങളുടെ സാമ്പത്തിക പ്രവർത്തനവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമുദ്രശക്തിയിലും സാമ്പത്തിക വളർച്ചയിലും കേരളം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമുദ്ര വ്യാപാരത്തിൽ കേരളത്തിന്റെ ചരിത്രപരമായ പങ്ക് എടുത്തുകാട്ടി. അറബിക്കടലിലൂടെ ഇന്ത്യ വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം നിലനിർത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽനിന്നുള്ള കപ്പലുകൾ വിവിധ രാജ്യങ്ങളിലേക്കു ചരക്കുകൾ കൊണ്ടുപോയിരുന്നു. ഇതു സുപ്രധാന ആഗോള വാണിജ്യ കേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ന്, സാമ്പത്തിക ശക്തിയുടെ ഈ മാർഗത്തിനു കൂടുതൽ കരുത്തേകാൻ ഇന്ത്യാ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും തുറമുഖ നഗരങ്ങളും വികസിത ഇന്ത്യയുടെ പ്രധാന വളർച്ചാകേന്ദ്രങ്ങളായി മാറും” – അദ്ദേഹം പറഞ്ഞു.

“അടിസ്ഥാനസൗകര്യങ്ങളും വ്യവസായനടത്തിപ്പു സുഗമമാക്കലും ഒരുമിച്ചു പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ തുറമുഖ സമ്പദ്‌വ്യവസ്ഥ അതിന്റെ പൂർണശേഷിയിലെത്തും” – പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി, ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ-ജലപാത നയത്തിന്റെ രൂപരേഖ ഇതാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാവസായിക പ്രവർത്തനങ്ങൾക്കും സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനുമുള്ള ശ്രമങ്ങൾ ഗവണ്മെന്റ് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാഗർമാല പദ്ധതി പ്രകാരം, സംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ച്, ഇന്ത്യാ ഗവൺമെന്റ് തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ നവീകരിച്ച് തുറമുഖ സമ്പർക്കസൗകര്യത്തിനു കരുത്തേകിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പിഎം ഗതിശക്തിയുടെ കീഴിൽ, ജലപാതകൾ, റെയിൽപ്പാതകൾ, ഹൈവേകൾ, വ്യോമപാതകൾ എന്നിവ തടസ്സമില്ലാത്ത സമ്പർക്കസൗകര്യത്തിനായി വേഗത്തിൽ സംയോജിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരം സുഗമമാക്കുന്നതിനുള്ള ഈ പരിഷ്കാരങ്ങൾ തുറമുഖങ്ങളിലും അടിസ്ഥാനസൗകര്യ മേഖലകളിലും കൂടുതൽ നിക്ഷേപത്തിനു കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സമുദ്രസഞ്ചാരികളെ സംബന്ധിച്ച നിയന്ത്രണങ്ങൾ ഇന്ത്യാ ഗവൺമെന്റ് പരിഷ്കരിച്ചിട്ടുണ്ടെന്നും ഇതു ഗണ്യമായ ഫലങ്ങൾ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ൽ ഇന്ത്യൻ സമുദ്രസഞ്ചാരികളുടെ എണ്ണം 1.25 ലക്ഷത്തിൽ താഴെയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, ഈ കണക്ക് 3.25 ലക്ഷത്തിലധികം ഉയർന്നു. ഈ എണ്ണത്തിൽ ആഗോളതലത്തിൽ മികച്ച മൂന്നു രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദശാബ്ദം മുമ്പ് കപ്പലുകൾക്കു തുറമുഖങ്ങളിൽ ദീർഘനേരം കാത്തുകിടക്കേണ്ടി വന്നിരുന്നുവെന്നും, ഇതു ചരക്കിറക്കൽ പ്രവർത്തനങ്ങൾ ഗണ്യമായി വൈകിപ്പിച്ചിരുന്നുവെന്നും പറഞ്ഞ ശ്രീ മോദി, ഈ മാന്ദ്യം വാണിജ്യ-വ്യവസായങ്ങളെയും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഈ സ്ഥിതി ഇപ്പോൾ മാറിയിട്ടുണ്ടെന്നും കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ കപ്പൽച്ചരക്കുനീക്കസമയം 30% കുറച്ചിട്ടുണ്ടെന്നും ഇതു പ്രവർത്തനകാര്യക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട തുറമുഖകാര്യക്ഷമതയാൽ, ഇന്ത്യ ഇപ്പോൾ കുറഞ്ഞ കാലയളവിൽ കൂടുതൽ ചരക്കു കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇതു രാജ്യത്തിന്റെ ലോജിസ്റ്റിക്സും വ്യാപാരശേഷിയും ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“സമുദ്രമേഖലയിലെ ഇന്ത്യയുടെ വിജയം ദശാബ്ദക്കാലത്തെ കാഴ്ചപ്പാടിന്റെയും പരിശ്രമത്തിന്റെയും ഫലമാണ്” - കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ തുറമുഖങ്ങളുടെ ശേഷി ഇരട്ടിയാക്കുകയും ദേശീയ ജലപാതകൾ എട്ടുമടങ്ങു വികസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ലോകത്തിലെ ഏറ്റവും മികച്ച 30 തുറമുഖങ്ങളിൽ രണ്ട് ഇന്ത്യൻ തുറമുഖങ്ങൾ ഉൾപ്പെടുന്നുവെന്നും ലോജിസ്റ്റിക്സ് പ്രകടനസൂചികയിൽ ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ആഗോള കപ്പൽ നിർമാണത്തിലെ മികച്ച 20 രാജ്യങ്ങളിൽ ഇന്ന് ഇന്ത്യയുമുണ്ടെന്നും അദ്ദേഹം എ‌ടുത്തുപറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകിയ ശേഷം, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ തന്ത്രപരമായ സ്ഥാനത്തേക്ക് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ സമുദ്രതന്ത്രത്തെ രൂപപ്പെടുത്തുന്ന മാരിടൈം അമൃത് കാൽ കാഴ്ചപ്പാടിനു തുടക്കം കുറിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിന് ഇന്ത്യ നിരവധി പ്രധാന രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ച ജി-20 ഉച്ചകോടിയുടെ കാര്യം അദ്ദേഹം പരാമർശിച്ചു. ഈ ഇടനാഴിയിൽ കേരളത്തിന്റെ നിർണായക പങ്ക് എടുത്തുകാട്ടിയ അദ്ദേഹം, ഈ സംരംഭത്തിൽനിന്നു സംസ്ഥാനത്തിനു വളരെയധികം പ്രയോജനം ലഭിക്കുമെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ സമുദ്ര വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിൽ സ്വകാര്യ മേഖലയുടെ നിർണായക പങ്ക് അടിവരയിട്ടുകൊണ്ട്, കഴിഞ്ഞ 10 വർഷത്തിനിടെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഈ സഹകരണം ഇന്ത്യയിലെ തുറമുഖങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക മാത്രമല്ല, അവയെ ഭാവിയിലേക്ക് സജ്ജമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം നവീകരണത്തിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ ഒരു കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണി ക്ലസ്റ്റർ സ്ഥാപിക്കുന്നതിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പൂർത്തിയാകുമ്പോൾ, ഈ ക്ലസ്റ്റർ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അത് കേരളത്തിലെ പ്രതിഭകൾക്കും യുവാക്കൾക്കും വളർച്ചയ്ക്കുള്ള വേദി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കപ്പൽ നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഇപ്പോൾ അഭിലഷണീയമായ ലക്ഷ്യങ്ങൾ ഉന്നംവ‌യ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ വലിയ കപ്പലുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഒരു പുതിയ നയം അവതരിപ്പിച്ചു, ഇത് ഉൽപ്പാദന മേഖലയെ ഗണ്യമായി ഉയർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംരംഭം എംഎസ്എംഇകൾക്ക് നേരിട്ടുള്ള നേട്ടങ്ങൾ നൽകുമെന്നും, രാജ്യത്തുടനീളം ധാരാളം തൊഴിലവസരങ്ങളും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

"അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കപ്പെടുമ്പോഴും, വ്യാപാരം വികസിക്കുമ്പോഴും, സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുമ്പോഴും മാത്രമാണ് യഥാർത്ഥ വികസനം കൈവരിക്കാൻ കഴിയുക", എന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിലെ ജനങ്ങൾ തുറമുഖ അടിസ്ഥാന സൗകര്യങ്ങളിൽ മാത്രമല്ല, ഹൈവേകൾ, റെയിൽവേകൾ, വിമാനത്താവളങ്ങൾ എന്നിവയിലും ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന കൊല്ലം ബൈപാസ്, ആലപ്പുഴ ബൈപാസ് പോലുള്ള പദ്ധതികൾ ഇന്ത്യാ ഗവൺമെന്റ് മുന്നോട്ട് കൊണ്ടുപോയി എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗതാഗത ശൃംഖലയും കണക്റ്റിവിറ്റിയും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് കേരളത്തിന് ആധുനിക വന്ദേ ഭാരത് ട്രെയിനുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വികസനം ഇന്ത്യയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് സംഭാവന നൽകുമെന്ന തത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് ഉറച്ചു വിശ്വസിക്കുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ പ്രധാന സാമൂഹിക മാനദണ്ഡങ്ങളിൽ കേരളത്തിന്റെ പുരോഗതി ഉറപ്പാക്കിക്കൊണ്ട്, സഹകരണ ഫെഡറലിസത്തിന്റെ മനോഭാവത്തോടെയാണ് ​ഗവൺമെന്റ്  പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജൽ ജീവൻ മിഷൻ, ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി എന്നിവയുൾപ്പെടെ കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനം ചെയ്ത നിരവധി സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് മുൻ‌ഗണന തുടരുന്നുവെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, നീല വിപ്ലവം, പ്രധാനമന്ത്രി മത്സ്യ സമ്പദ​ യോജന എന്നിവയ്ക്ക് കീഴിൽ കേരളത്തിന് നൂറുകണക്കിന് കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊന്നാനി, പുതിയാപ്പ എന്നിവയുൾപ്പെടെയുള്ള മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണവും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, കേരളത്തിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകിയിട്ടുണ്ടെന്നും ഇത് നൂറുകണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായം അവർക്ക് ലഭിക്കാൻ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളം എപ്പോഴും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും നാടാണെന്ന് അടിവരയിട്ട് പറഞ്ഞ ശ്രീ മോദി, നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ സെന്റ് തോമസ് പള്ളി ഇവിടെ സ്ഥാപിതമായതായി എടുത്തുപറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചപ്പോൾ ലോകമെമ്പാടുമുള്ള ആളുകളെ വേദനയിലാഴ്ത്തിയ ദുഃഖ നിമിഷത്തെ അദ്ദേഹം സ്മരിച്ചു. വലിയൊരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഓർമയായതെന്നും കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രത്തിനുവേണ്ടി രാഷ്ട്രപതി ദ്രൗപതി മുർമു ആദരാഞ്ജലികൾ അർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിൽ ഈ നഷ്ടത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കും ശ്രീ മോദി വീണ്ടും അനുശോചനം രേഖപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ സേവന മനോഭാവത്തെയും ക്രിസ്തീയ പാരമ്പര്യങ്ങൾക്കുള്ളിൽ എല്ലാവരെയും ഉൾക്കൊള്ളൽ ഉറപ്പാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും അംഗീകരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ സംഭാവനകൾ ലോകം എപ്പോഴും ഓർക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പയെ കാണാൻ നിരവധി അവസരങ്ങൾ ലഭിച്ചതിൽ കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു. മാർപ്പാപ്പയിൽ നിന്ന് പ്രത്യേക ഊഷ്മളത ലഭിച്ചതായും മാനവികത, സേവനം, സമാധാനം എന്നിവയെക്കുറിച്ചുള്ള അവരുടെ ചർച്ചകൾ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു, അത് തന്നെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട്, ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്ന ആഗോള സമുദ്ര വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായി കേരളത്തെ ശ്രീ മോദി വിഭാവനം ചെയ്തു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സംസ്ഥാന സർക്കാരിനൊപ്പം പ്രവർത്തിക്കുന്ന ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം വീണ്ടും വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്,  "ഇന്ത്യയുടെ സമുദ്രമേഖല പുതിയ ഉയരങ്ങളിലെത്തുമെന്ന്" ശ്രീ മോദി പറഞ്ഞു,.

കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ ശ്രീ സുരേഷ് ​ഗോപി, ശ്രീ ജോർജ് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


പശ്ചാത്തലം

8,800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം, രാജ്യത്തെ ആദ്യത്തെ സമർപ്പിത കണ്ടെയ്നർ കപ്പൽച്ചരക്കുകൈമാറ്റ തുറമുഖമാണ്. ഇത് വികസിത ഭാരതത്തിന്റെ ഏകീകൃത ദർശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ സമുദ്രമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനാത്മക പുരോഗതിയെ പ്രതിനിധീകരിക്കുന്നു. 

തന്ത്രപരമായ പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖം, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും, ലോജിസ്റ്റിക്സ് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, കാർഗോ കപ്പൽച്ചരക്കുകൈമാറ്റത്തിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്ന ഒരു പ്രധാന പദ്ധതിയായാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 20 മീറ്റർ നീളമുള്ള അതിന്റെ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റും ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽ വ്യാപാര മാർ​ഗങ്ങളിൽ ഒന്നിന് സമീപത്തായി സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകത‌യും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.

 

 

***

SK


(Release ID: 2126129) Visitor Counter : 49