വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വേവ്സ് - ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ പ്രഥമ പതിപ്പിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു
Posted On:
30 APR 2025 4:46PM
|
Location:
PIB Thiruvananthpuram
മാധ്യമ &വിനോദ മേഖല ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന പരിപാടിയായ വേവ്സ് ( ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025) ന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. നാളെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന ഈ നാല് ദിവസത്തെ ഗംഭീര പരിപാടി രാജ്യത്തിന്റെ മാധ്യമ, വിനോദ വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആഗോള ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ശബ്ദം എല്ലായിടത്തും ഉറക്കെക്കേൾപ്പിക്കുന്നതിനാണ് വേവ്സ് ഉച്ചകോടി ഉദ്ദേശിക്കുന്നത്. പ്രാരംഭ പരിപാടി മുതൽ, വേവ്സ്, ഇന്ത്യയുടെ ഊർജ്ജസ്വലമായ സർഗാത്മക വ്യവസായത്തെയും ആഗോള മാധ്യമ &വിനോദ ഭൂമികയിലെ അതിന്റെ അപാരമായ സാധ്യതകളെയും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി വർത്തിക്കും. ഇതിനുപുറമെ വേവ്സ്, ഇന്ത്യയും ആഗോള പങ്കാളികളും തമ്മിലുള്ള വിജ്ഞാന കൈമാറ്റം, സംഭാഷണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കും. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഈ മുൻനിര സംരംഭം ആഗോള ഐക്യത്തിനായുള്ള ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പാരമ്പര്യം പ്രയോജനപ്പെടുത്തുന്നതിനും സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
വേവ്സിന്റെ നാല് സ്തംഭങ്ങൾ :
മാധ്യമ& വിനോദരംഗത്തെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിക്കുന്ന ഈ പരിപാടി നാല് സ്തംഭങ്ങളിൽ അധിഷ്ഠിതമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്
*ഒന്ന്* : പ്രക്ഷേപണം & ഇൻഫോടെയ്ൻമെന്റ് - വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പരമ്പരാഗതവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ മേഖലകൾ അടങ്ങുന്ന ഈ സ്തംഭം, വിവരങ്ങൾക്ക് മുൻഗണന നൽകുക, പൗരന്മാരെ ശാക്തീകരിക്കുക, 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളുമായി പൊരുത്തപ്പെട്ടുകൊണ്ട് ആഗോളതലത്തിലേക്ക് സജ്ജമാവുക എന്നിവയാണ് ലക്ഷ്യമിടുന്നത്. സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ ഇനിപ്പറയുന്ന മേഖലകൾ ഇതിൽ ഉൾപ്പെടുന്നു:
പ്രക്ഷേപണം: ടെലിവിഷൻ, റേഡിയോ, പോഡ്‌കാസ്റ്റുകൾ, സ്‌പോർട്‌സ് പ്രക്ഷേപണം
ഉള്ളടക്ക സൃഷ്ടി: അച്ചടി മാധ്യമം, സംഗീതം
വിതരണ പ്ലാറ്റ്‌ഫോമുകൾ: കാരിയേജ് (കേബിൾ & സാറ്റലൈറ്റ്), ഡിടിഎച്ച് (ഡയറക്ട്-ടു-ഹോം)
പരസ്യം & മാർക്കറ്റിംഗ്: മാധ്യമ& വിനോദ മേഖലയിൽ ബ്രാൻഡ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന മുൻനിര പ്രൊഫഷണലുകൾ.
*രണ്ട്* : AVGC-XR - കലാപരമായ കഴിവുകൾ, വിനോദം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനത്തിലൂടെ ആഖ്യാനത്തിന്റെയും സംവേദനത്വത്തിന്റെയും ആഴത്തിലുള്ള അനുഭവത്തെയും അനുബന്ധമായ നൂതന മേഖലയെയും ഈ വിഭാഗം പര്യവേക്ഷണം ചെയ്യുന്നു. ഇത് ഇനിപ്പറയുന്ന നിർദ്ദിഷ്ട മേഖലകളെ ഉൾക്കൊള്ളുന്നു:
ആനിമേഷൻ
വിഷ്വൽ ഇഫക്റ്റുകൾ
ഇ-സ്പോർട്സ്
കോമിക്സ്
ഓഗ്മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി (AR/ VR)
മെറ്റാവേഴ്‌സ് & എക്സ്റ്റെൻഡഡ് റിയാലിറ്റി (XR)
*മൂന്ന്* : ഡിജിറ്റൽ മാധ്യമങ്ങളും നൂതനാശയവും : നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ മേഖലയെയും വിനോദ ഉപഭോഗത്തിലുള്ള അതിന്റെ സ്വാധീനത്തെയും ഈ വിഭാഗം പര്യവേക്ഷണം ചെയ്യുന്നു. ഇതിൽ ഇവ ഉൾപ്പെടുന്നു:
ഡിജിറ്റൽ മീഡിയ & ആപ്പ് എക്കണോമി
OTT പ്ലാറ്റ്‌ഫോമുകൾ
സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ
ജനറേറ്റീവ് എഐ & നൂതന സാങ്കേതിക വിദ്യകൾ
സ്വാധീനം ചെലുത്തുന്നവരും ഉള്ളടക്ക സ്രഷ്ടാക്കളും
*നാല്* : സിനിമകൾ: ചലച്ചിത്രനിർമ്മാണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും ലോകത്തെ ഈ സ്തംഭം പര്യവേക്ഷണം ചെയ്യുന്നു.
സിനിമകൾ, ഡോക്യുമെന്ററികൾ, ഷോർട്ട്‌സ്, വീഡിയോകൾ
ഫിലിം ടെക്‌നോളജി (ഷൂട്ടിംഗ്, പോസ്റ്റ്-പ്രൊഡക്ഷൻ)
ഇന്ത്യൻ സിനിമയുടെ ആഗോളവൽക്കരണം
സഹ-നിർമാണ ആനുകൂല്യങ്ങൾ
ദൃശ്യ ശ്രവ്യ സേവനങ്ങൾ
ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചും ക്രിയേറ്റോസ്ഫിയറും: വേവ്സിന്റെ ഭാഗമായി ആരംഭിച്ച ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് (CIC) സീസൺ-1, 1,100 അന്താരാഷ്ട്ര പങ്കാളികൾ ഉൾപ്പെടെ 85,000 രജിസ്ട്രേഷനുകൾ പിന്നിട്ട് ഒരു നാഴികക്കല്ല് കൈവരിച്ചു. വൈവിധ്യമാർന്ന 32 മത്സരങ്ങളിൽ നിന്നായി 750-ലധികം ഫൈനലിസ്റ്റുകളെ സൂക്ഷ്മമായ മൂല്യനിർണയ പ്രക്രിയയ്ക്ക് ശേഷം തിരഞ്ഞെടുത്തു. ഈ സർഗ്ഗാത്മക പ്രതിഭകൾക്ക് ക്രിയേറ്റോസ്ഫിയറിൽ അവരുടെ വ്യക്തിഗത മികവും ശേഷിയും ഫലവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ അവസരം ലഭിക്കും.കൂടാതെ അതത് മേഖലയിലെ ബിസിനസ്സ് പ്രമുഖരുമായി ബന്ധപ്പെടുന്നതിന് പിച്ചിങ് സെഷനുകളും മാസ്റ്റർക്ലാസുകളിലൂടെയും പാനൽ ചർച്ചകളിലൂടെയും ആഗോള പ്രമുഖരിൽ നിന്ന് പഠിക്കാനുള്ള അവസരങ്ങളും ലഭിക്കും.
വേവ്സ് ലെ ക്രിയേറ്റോസ്ഫിയർ മാസ്റ്റർക്ലാസുകൾ, ശില്പശാലകൾ, ഗെയിമിംഗ് വേദി, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളുടെ ഗ്രാൻഡ് ഫിനാലെ എന്നിവയിലൂടെ ആഴത്തിലുള്ള അനുഭവങ്ങൾ നൽകും. ഇത് വേവ്സ് ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച് പുരസ്കാര വിതരണത്തോടെ സമാപിക്കും.
2025 മെയ് 2 ന് വേവ്സ്ൽ നടക്കുന്ന ആഗോള മാധ്യമ സംവാദം, ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ പങ്കാളികൾ, മാധ്യമ പ്രൊഫഷണലുകൾ, കലാകാരന്മാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്നു. ദൃശ്യ ശ്രവ്യ വിനോദ മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിന് അന്താരാഷ്ട്ര സഹകരണം, സാങ്കേതിക നൂതനാശയങ്ങൾ, ധാർമ്മിക രീതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സർഗാത്മകവും ചലനാത്മകവുമായ ഒരു സംഭാഷണത്തിൽ ഏർപ്പെടാൻ ലക്ഷ്യമിട്ടുള്ള മറ്റൊരു വിഭാഗമാണ്.
തോട്ട് ലീഡേഴ്സ് ട്രാക്ക്: പ്ലീനറി സെഷനുകൾ, കോൺഫറൻസ് സെഷനുകൾ, ബ്രേക്ക്ഔട്ട് സെഷനുകൾ എന്നിവയിലൂടെ, ആഗോള നേതാക്കളും സിഇഒമാരും ഈ മേഖലയിലെ ഉൾക്കാഴ്ചകളും വൈവിധ്യമാർന്ന കാഴ്ചപ്പാടുകളും നൽകും. അതേസമയം സഹകരണങ്ങൾക്കായുള്ള തന്ത്രപരമായ ചർച്ചകളും നടത്തും.
നൂതനാശയവും ധനസഹായവും പ്രോത്സാഹിപ്പിക്കുന്നതിനായി തത്സമയ പിച്ചിംഗ് സെഷനുകളിലൂടെ വേവ് എക്സ് ലെറേറ്റർ എം & ഇ സ്റ്റാർട്ടപ്പുകളെ നിക്ഷേപകരുമായും മെന്റർമാരുമായും ബന്ധിപ്പിക്കും. ഈ പരിവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഒരു ഉത്തേജകമായി ഇത് വർത്തിക്കും. ഇത് മാധ്യമ വിനോദ മേഖലകൾക്ക് ആവശ്യമായ പ്രചാരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അവരുടെ ബിസിനസുകൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപം ഉറപ്പാക്കുകയും ചെയ്യും.
മാധ്യമ, വിനോദ വ്യവസായത്തിനുള്ള ഒരു പ്രധാന ആഗോള വിപണിയാണ് വേവ്സ് ബസാർ.ഇത് ചലച്ചിത്ര നിർമ്മാതാക്കൾക്കും വ്യവസായ പ്രൊഫഷണലുകൾക്കും വാങ്ങുന്നവരുമായും വിൽപ്പനക്കാരുമായും വിശാലമായ പ്രോജക്റ്റുകളുമായും പ്രൊഫൈലുകളുമായും ഇടപഴകാനുള്ള അവസരം നൽകുന്നു. 2025 മെയ് 1 മുതൽ 4 വരെ നടക്കുന്ന വേവ്സ് ബസാറിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു പ്രത്യേക പ്ലാറ്റ്‌ഫോമാണ് വ്യൂവിംഗ് റൂം. പ്രഥമ വേവ്സ് ബസാറിൽ, ഇന്ത്യ, ശ്രീലങ്ക, യുഎസ്എ, സ്വിറ്റ്‌സർലൻഡ്, ബൾഗേറിയ, ജർമ്മനി, മൗറീഷ്യസ്, യുഎഇ എന്നീ 8 രാജ്യങ്ങളിൽ നിന്നുള്ള ആകെ 100 സിനിമകൾ വ്യൂവിംഗ് റൂം ലൈബ്രറിയിൽ വീക്ഷിക്കാൻ അവസരം ലഭിക്കും.
ഭാരത് പവലിയൻ: "കല ടു കോഡ്" എന്ന പ്രമേയത്തിൽ രൂപകല്പന ചെയ്തിരിക്കുന്ന ഭാരത് പവലിയൻ ഇന്ത്യയുടെ വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം - എന്ന മനോഭാവത്തെ ആഘോഷിക്കുകയും രാജ്യത്തിന്റെ കലാ പാരമ്പര്യങ്ങൾ വളരെക്കാലമായി സർഗ്ഗാത്മകതയുടെയും ഐക്യത്തിന്റെയും സാംസ്കാരിക നയതന്ത്രത്തിന്റെയും ഒരു ദീപസ്തംഭമായി നിലകൊള്ളുന്ന വിധം പ്രദർശിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ കഥ പറച്ചിൽ പാരമ്പര്യത്തിന്റെ പരിണാമം സന്ദർശകർക്ക് അനുഭവവേദ്യമാകുന്ന വിധത്തിൽ ശ്രുതി, കൃതി, ദൃഷ്ടി, സ്രഷ്ടാവിന്റെ മുന്നേറ്റം എന്നിങ്ങനെ നാമകരണം ചെയ്തിട്ടുള്ള നാല് മേഖലകളാണ് ഭാരത് പവലിയന്റെ പ്രധാന സവിശേഷത
പ്രദർശന പവലിയൻ: നൂതന സാങ്കേതികവിദ്യ മുതൽ ഭാവിയിലെ പ്രവണതകൾ വരെയുള്ള ഭാവനയുടെയും നൂതനാശയങ്ങളുടെയും ചലനാത്മക പ്രദർശനമായ പവലിയൻ, മാധ്യമ, വിനോദ മേഖലയിലെ ഇന്ത്യൻ, ആഗോള മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കുന്നു.
ഇതുകൂടാതെ,വേവ്സ് ന്റെ ഭാഗമായി കമ്മ്യൂണിറ്റി റേഡിയോയിൽ ദേശീയ സമ്മേളനം നടക്കും.കമ്മ്യൂണിറ്റി റേഡിയോ എന്ന ശക്തമായ മാധ്യമത്തിലൂടെ പ്രാദേശിക സമൂഹവുമായുള്ള ഇടപെടൽ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏറ്റവും പുതിയ പ്രവണതകൾ, നയങ്ങൾ, പരിപാടികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും
ദേശീയ, അന്തർദേശീയ പ്രതിഭകളെ സംയോജിപ്പിച്ച് വൈവിധ്യമാർന്ന പ്രകടനങ്ങളും അവതരണങ്ങളും പ്രദർശിപ്പിക്കുന്ന വിഭാഗമാണ് വേവ്സ് കൾച്ചറൽ. സാംസ്കാരിക വിനിമയവും ഐക്യവും വളർത്തുന്നതിൽ മാധ്യമങ്ങളുടെയും വിനോദത്തിന്റെയും പരിവർത്തന ശക്തിയെ മുന്നോട്ടുവയ്ക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
വ്യവസായ പ്രൊഫഷണലുകൾ, നിക്ഷേപകർ, ഉള്ളടക്കസ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവർക്ക് മാധ്യമ വിനോദ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെടാനും ആഗോള മേഖലയിലുള്ളവരുമായി സഹകരിക്കാനും, സംഭാവന നൽകാനുമുള്ള ആത്യന്തിക ആഗോള വേദിയായി ഈ ഉച്ചകോടി സജ്ജമായിരിക്കുന്നു.
ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയങ്ങൾ എന്നിവയുടെ ശക്തി കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സർഗ്ഗാത്മക ശേഷിയെ വിപുലമാക്കാൻ വേവ്സ് ഒരുങ്ങുന്നു. പ്രക്ഷേപണം, അച്ചടി മാധ്യമം, ടെലിവിഷൻ, റേഡിയോ, ഫിലിംസ്, ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, സൗണ്ട് ആൻഡ് മ്യൂസിക്, പരസ്യം , ഡിജിറ്റൽ മാധ്യമങ്ങൾ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് AI, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയിൽ അധിഷ്ഠിതമായ വ്യവസായങ്ങളിലും മേഖലകളിലും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വേവ്സ് 2025-നെ കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ PIB-യെ ഫോളോ ചെയ്യുക
****************************
Release ID:
(Release ID: 2125626)
| Visitor Counter:
13