പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും


മുംബൈയിൽ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും

25ഓളം രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന ആഗോള മാധ്യമ സംവാദത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും

കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും

ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത കണ്ടെയ്നർ കപ്പൽച്ചരക്കുകൈമാറ്റ തുറമുഖമാണിത്

അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും

മേഖലയിലെ സഞ്ചാരസൗകര്യങ്ങൾക്ക് ഊർജം പകരുന്നതിന്റെ ഭാഗമായി, ആന്ധ്രാപ്രദേശിലെ വിവിധ റോഡ്-റെയിൽ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

Posted On: 30 APR 2025 1:00PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു ​​രാവിലെ 10.30നു മുംബൈയിൽ അദ്ദേഹം ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും.

തുടർന്ന്, മെയ് രണ്ടിനു കേരളത്തിലെത്തുന്ന അദ്ദേഹം രാവിലെ 10.30നു വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം രാഷ്ട്രത്തിനു സമർപ്പിക്കും. ചടങ്ങിൽ അദ്ദേഹം സദസിനെ അഭിസംബോധന ചെയ്യും.

തുടർന്ന്, ആന്ധ്രാപ്രദേശിലേക്കു പോകുന്ന അദ്ദേഹം ​​ഉച്ചകഴിഞ്ഞ് 3.30ന് അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. പൊതുചടങ്ങിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ

മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ  ലോക ശ്രവ്യ-​ദൃശ്യ വിനോദ ഉച്ചകോടി ‘WAVES 2025’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. “സർഗസ്രഷ്ടാക്കളെ കൂട്ടിയിണക്കൽ, രാജ്യങ്ങളെ കൂട്ടിയിണക്കൽ” എന്ന ആപ്തവാക്യത്തോടെ നാലുദിവസം നീളുന്ന ‌ഉച്ചകോടി, ലോകമെമ്പാടുമുള്ള സ്രഷ്ടാക്കൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായപ്രമുഖർ, നയആസൂത്രകർ എന്നിവരെ ഒരുമിച്ചുചേർത്ത് ഇന്ത്യയെ മാധ്യമ-വിനോദ-ഡിജിറ്റൽ നവീകരണത്തിനുള്ള ആഗോള കേന്ദ്രമാക്കി സ്ഥാപിക്കും.

ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിനു സർഗാത്മകത, സാങ്കേതികവിദ്യ, പ്രതിഭ എന്നിവ പ്രയോജനപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സിനിമകൾ, OTT, ഗെയിമിങ്, കോമിക്സ്, ഡിജിറ്റൽ മാധ്യമങ്ങൾ, നിർമിതബുദ്ധി, AVGC-XR, പ്രക്ഷേപണം, ഉയർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവ WAVES സംയോജിപ്പിക്കും. ഇതിലൂടെ ഇന്ത്യയുടെ മാധ്യമ-വിനോദ വൈദഗ്ധ്യത്തിന്റെ സമഗ്രമായ പ്രദർശനമായി WAVES മാറും. 2029-ഓടെ 50 ശതകോടി ഡോളർ വിപണി തുറക്കാനും ആഗോള വിനോദ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പാദമുദ്ര വർധിപ്പിക്കാനും WAVES ലക്ഷ്യമിടുന്നു. 

WAVES 2025ൽ, 25 രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന ആഗോള മാധ്യമ സംഭാഷണ(GMD)ത്തിന് ഇതാദ്യമായി ഇന്ത്യ ആതി‌​ഥേയത്വം വഹിക്കും. ആഗോള മാധ്യമ-വിനോദ മേഖലയുമായുള്ള രാജ്യത്തിന്റെ ഇടപെടലിൽ ഈ പരിപാടി നാഴികക്കല്ലാകും. 6100-ലധികം ഉപഭോക്താക്കളും 5200 വിൽപ്പനക്കാരും 2100 പദ്ധതികളുമുള്ള ആഗോള ഇ-മാർക്കറ്റ്പ്ലേസായ WAVES ബസാറും ഉച്ചകോടിയു​ടെ ഭാഗമാണ്. പ്രാദേശിക-ആഗോള തലങ്ങളി‌ൽ വാങ്ങുന്നവരെയും വിൽക്കുന്നവരെയും കൂട്ടിയിണക്കുക, വിശാലമായ ശൃംഖലയും വ്യവസായ അവസരങ്ങളും ഉറപ്പാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

പ്രധാനമന്ത്രി ക്രിയേറ്റോസ്ഫിയർ സന്ദർശിക്കുകയും ഒരു വർഷം മുമ്പ് ആരംഭിച്ച 32 ‘ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചു’കളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട സ്രഷ്ടാക്കളുമായി സംവദിക്കുകയും ചെയ്യും. ഈ മത്സരങ്ങൾക്ക് ഒരുലക്ഷത്തിലധികം രജിസ്ട്രേഷൻ ലഭിച്ചി‌രുന്നു. ഭാരത് പവലിയനും പ്രധാനമന്ത്രി സന്ദർശിക്കും.

പതിനായിരത്തിലധികം പ്രതിനിധികൾ, ആയിരത്തിലധികം ഉള്ളടക്കസ്രഷ്ടാക്കൾ, 300-ലധികം കമ്പനികൾ, 350-ലധികം സ്റ്റാർട്ടപ്പുകൾ എന്നിവ ഉൾപ്പെടുന്ന 90-ലധികം രാജ്യങ്ങളിൽനിന്നുള്ള പങ്കാളിത്തത്തിന് WAVES 2025 സാക്ഷ്യം വഹിക്കും. ഉച്ചകോടിയിൽ 42 പ്ലീനറി സെഷനുകൾ, 39 ബ്രേക്ക്ഔട്ട് സെഷനുകൾ, പ്രക്ഷേപണവും വിവരസാങ്കേതികവിദ്യയും AVGC-XRഉം സിനിമകളും ഡിജിറ്റൽ മാധ്യമവും ഉൾപ്പെടെ വിവിധ മേഖലകളിലായി 32 മാസ്റ്റർ ക്ലാസുകൾ എന്നിവ ഉണ്ടായിരിക്കും.

പ്രധാനമന്ത്രി കേരളത്തിൽ

8900 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. വികസിത ഇന്ത്യ എന്ന ഏകീകൃത കാഴ്ചപ്പാടിന്റെ ഭാഗമായി ഇന്ത്യയുടെ സമുദ്രമേഖലയിൽ വരുത്തുന്ന പരിവർത്തനാത്മക പുരോഗതിയെ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സമർപ്പിത കണ്ടെയ്നർ കപ്പൽച്ചരക്കുകൈമാറ്റ തുറമുഖമാണിത്.

തന്ത്രപരമായ പ്രാധാന്യമുള്ള വിഴിഞ്ഞം തുറമുഖം, ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും, ലോജിസ്റ്റിക്സ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും, കപ്പൽച്ചരക്കുകൈമാറ്റത്തിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനും സംഭാവനയേകുന്ന പ്രധാന മുൻഗണനാ പദ്ധതിയാണ്. ഏകദേശം 20 മീറ്റർ ദൈർഘ്യമുള്ള അതിന്റെ സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റും ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിലൊന്നിന് അരികിലാണ് ഇതെന്നതും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനത്തിനു കൂടുതൽ കരുത്തേകും.

​പ്രധാനമന്ത്രി ആന്ധ്രാപ്രദേശിൽ

അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും.

രാജ്യത്തുടനീളം ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും സഞ്ചാരക്ഷമതയും ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ, ആന്ധ്രാപ്രദേശിൽ ഏഴു ദേശീയ പാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദേശീയ പാതകളുടെ വിവിധ ഭാഗങ്ങളുടെ വീതി കൂട്ടൽ, റോഡ് മേൽപ്പാലം, സബ്‌വേ നിർമാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ റോഡ് സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തിരുപ്പതി, ശ്രീകാളഹസ്തി, മലകൊണ്ട, ഉദയഗിരി കോട്ട തുടങ്ങിയ മത-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു തടസ്സമില്ലാത്ത സഞ്ചാരസൗകര്യം ഉറപ്പാക്കും.

സഞ്ചാരസൗകര്യം വർധിപ്പിക്കുന്നതിനും ശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. ബുഗ്ഗനപ്പള്ളി സിമന്റ് നഗർ-പന്യം സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽപ്പാത ഇരട്ടിപ്പിക്കൽ, റായലസീമയ്ക്കും അമരാവതിക്കും ഇടയിലുള്ള സമ്പർക്കസൗകര്യം വർധിപ്പിക്കൽ, ന്യൂ വെസ്റ്റ് ബ്ലോക്ക് ഹട്ട് ക്യാബിനും വിജയവാഡ സ്റ്റേഷനുമിടയിലുള്ള മൂന്നാം റെയിൽപ്പാതയുടെ നിർമാണം എന്നിവയാണ് ഈ പദ്ധതികൾ.

ആറു ദേശീയ പാത പദ്ധതികൾക്കും ഒരു റെയിൽവേ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയ പാതകളുടെ വിവിധ ഭാഗങ്ങളുടെ വീതി കൂട്ടൽ; മേൽപ്പാതാ ഇടനാഴിയുടെയും ഹാഫ് ക്ലോവർ ലീഫിന്റെയും റോഡ് ​മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഈ പദ്ധതികൾ സഞ്ചാരസൗകര്യം, അന്തർസംസ്ഥാന യാത്ര, തിരക്കു കുറയ്ക്കൽ, മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തും. ഗുണ്ഡക്കൽ വെസ്റ്റ്-മല്ലപ്പ ഗേറ്റ് സ്റ്റേഷനുകൾക്കിടയിലെ റെയിൽ ഓവർ റെയിൽ നിർമാണം ചരക്കുട്രെയിനുകളെ മറികടക്കുന്നതിനും ഗുണ്ഡക്കൽ ജങ്ഷനിലെ തിരക്കു കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

നിയമസഭ, ഹൈക്കോടതി, സെക്രട്ടറിയറ്റ്, മറ്റു ഭരണമന്ദിരങ്ങൾ, 5200-ലധികം കുടുംബങ്ങൾക്കുള്ള ഭവനങ്ങൾ എന്നിവയുൾപ്പെടെ 11,240 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. ഭൂഗർഭ സൗകര്യങ്ങളും നൂതന വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളുമുള്ള 320 കിലോമീറ്റർ ലോകോത്തര ഗതാഗതശൃംഖല ഉൾക്കൊള്ളുന്ന 17,400 കോടിയിലധികം രൂപ വിലമതിക്കുന്ന ട്രങ്ക് അടിസ്ഥാനസൗകര്യവും വെള്ളപ്പൊക്ക ലഘൂകരണ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. തലസ്ഥാന നഗരമായ അമരാവതിയിലുടനീളം 20,400 കോടിയിലധികം രൂപയുടെ സെൻട്രൽ മീഡിയനുകൾ, സൈക്കിൾ പാതകൾ, സംയോജിത സൗകര്യങ്ങൾ എന്നിവയുള്ള 1281 കിലോമീറ്റർ റോഡുകൾ ലാൻഡ് പൂളിങ് സ്കീം അടി‌സ്ഥാനസൗകര്യപദ്ധതികളിൽ ഉൾക്കൊള്ളുന്നു.

ആന്ധ്രാപ്രദേശിലെ നാഗയലങ്കയിൽ ഏകദേശം 1460 കോടി രൂപ വിലമതിക്കുന്ന മിസൈൽ പരീക്ഷണകേന്ദ്രത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. രാജ്യത്തിന്റെ പ്രതിരോധ തയ്യാറെടുപ്പു മെച്ചപ്പെടുത്തുന്ന വിക്ഷേപണ കേന്ദ്രം, സാങ്കേതിക ഉപകരണ സൗകര്യങ്ങൾ, തദ്ദേശീയ റഡാറുകൾ, ടെലിമെട്രി, ഇലക്ട്രോ-ഒപ്റ്റിക്കൽ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

വിശാഖപട്ടണത്തെ മധുരവാഡയിൽ പിഎം ഏകതാ മാളിനു പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കൽ, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തെ പിന്തുണയ്ക്കൽ, ഒരു ജില്ല ഒരു ഉൽപ്പന്നം പ്രോത്സാഹിപ്പിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഗ്രാമീണ കരകൗശല വിദഗ്ധരെ ശാക്തീകരിക്കൽ, തദ്ദേശീയ ഉൽപ്പന്നങ്ങളുടെ വിപണി സാന്നിധ്യം വർധിപ്പിക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ഇതു വി‌ഭാവനം ചെയ്തിരിക്കുന്നത്.

***

SK


(Release ID: 2125447) Visitor Counter : 29