പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു


യുവാക്കളെ സ്വയംപര്യാപ്തരാക്കുംവിധം നൈപുണ്യങ്ങളേകി ശാക്തീകരിക്കാനും ഇന്ത്യയെ ആഗോള നൂതനാശയ കേന്ദ്രമാക്കി മാറ്റുന്നതിനുമാണു നാം ശ്രമിക്കുന്നത്: പ്രധാനമന്ത്രി

21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ചു രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഞങ്ങൾ നവീകരിക്കുകയാണ്: പ്രധാനമന്ത്രി

രാജ്യത്തു പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചത് ആഗോള വിദ്യാഭ്യാസ നിലവാരം മനസ്സിൽവച്ചാണ്: പ്രധാനമന്ത്രി

‘ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ’ യുവാക്കളുടെ ആവശ്യങ്ങൾ ഗവണ്മെന്റ് മനസ്സിലാക്കുന്നുണ്ടെന്ന ആത്മവിശ്വാസമേകി; ഇന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്കു ലോകോത്തര ഗവേഷണ പ്രസിദ്ധീകരണങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം പ്രാപ്തമാക്കുന്നു: പ്രധാനമന്ത്രി

യുവശക്തിയുടെ അത്യാധുനിക കണ്ടുപിടിത്തങ്ങൾക്കു നേതൃത്വം നൽകുന്ന ചലനാത്മക കേന്ദ്രങ്ങളായി ഇന്ത്യയിലെ സർവകലാശാലാ ക്യാമ്പസുകൾ ഉയർന്നുവരുന്നു: പ്രധാനമന്ത്രി

പ്രതിഭ, മനോഭാവം, സാങ്കേതികവിദ്യ എന്നീ മൂന്നു ഘടകങ്ങൾ ഇന്ത്യയുടെ ഭാവിയെ മാറ്റിമറിക്കും: പ്രധാനമന്ത്രി

ആശയത്തിൽനിന്ന് ആദ്യമാതൃകയിലേക്കും ഉൽപ്പന്നത്തിലേക്കുമുള്ള യാത്ര ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതു പ്രാധാന്യമർഹിക്കുന്നു: പ്രധാനമന്ത്രി

‘ഇന്ത്യയിൽ AI നിർമിക്കുക’ എന്ന കാഴ്ചപ്പാടിലാണു ഞങ്ങൾ പ്രവർത്തിക്കുന്നത്; ‘AI ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കുക’ എന്നതാണു നമ്മുടെ ലക്ഷ്യം: പ്രധാനമന്ത്രി

Posted On: 29 APR 2025 12:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക മേഖല, ശാസ്ത്ര ഗവേഷണ പ്രൊഫഷണലുകൾ എന്നിവരുടെ ശ്രദ്ധേയമായ ഒത്തുചേരലിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യക്കായി ഭാവി സാങ്കേതികവിദ്യകൾ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള പങ്കാളികളുടെ സംഗമമാണ് “YUGM” എന്നു വിശേഷിപ്പിച്ചു. ഇന്ത്യയുടെ നൂതനാശയശേഷിയും ഡീപ്-ടെക്കിലെ പങ്കും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ പരിപാടിയിലൂടെ ഗതിവേഗം ലഭിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിർമ‌ിതബുദ്ധി, ഇന്റലിജന്റ് സിസ്റ്റംസ്, ജൈവശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐഐടി കാൻപുരിലും ഐഐടി ബോംബെയിലും സൂപ്പർ ഹബ്ബുകൾ ഉദ്ഘാടനം ചെയ്തതും അദ്ദേഹം പരാമർശിച്ചു. ദേശീയ ഗവേഷണ ഫൗണ്ടേഷനുമായി സഹകരിച്ചു ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്ന വാധ്വാനി നൂതനാശയ ശൃംഖല ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വാധ്വാനി ഫൗണ്ടേഷനെയും ഐഐടികളെയും ഈ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വകാര്യ-പൊതു മേഖല സഹകരണത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുണപരമായ മാറ്റങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രീ രമേശ് വാധ്വാനി കാട്ടിയ അർപ്പണബോധത്തെയും സജീവ പങ്കിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

സേവനത്തിലും നിസ്വാർഥതയിലും ജീവിക്കുക എന്നതാണു യഥാർഥ ജീവിതം എന്നർഥം വരുന്ന സംസ്‌കൃതവാക്യങ്ങൾ ഉദ്ധരിച്ച്, ശാസ്ത്രവും സാങ്കേതികവിദ്യയും സേവനത്തിനുള്ള മാധ്യമങ്ങളായി വർത്തിക്കണമെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. വാധ്വാനി ഫൗണ്ടേഷൻ പോലുള്ള സ്ഥാപനങ്ങളെയും, ഇന്ത്യയിൽ ശാസ്ത്ര സാങ്കേതിക വിദ്യയെ ശരിയായ ദിശയിലേക്കു നയിക്കുന്ന ശ്രീ ര​മേശ് വാധ്വാനിയുടെയും സംഘത്തിന്റെയും ശ്രമങ്ങളെയും കാണാനായതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. വിഭജനത്തിന്റെ അനന്തരഫലങ്ങൾ, ജന്മനാട്ടിൽനിന്നുള്ള പലായനം, കുട്ടിക്കാലത്തു പോളിയോയോടു പോരാടൽ, വലിയ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള വെല്ലുവിളികളെ അതിജീവിച്ചുള്ള പോരാട്ടങ്ങൾ എന്നിവയാൽ അടയാളപ്പെടുത്തിയ ശ്രീ വാധ്വാനിയുടെ ശ്രദ്ധേയമായ യാത്ര അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ വിദ്യാഭ്യാസ-ഗവേഷണ മേഖലകൾക്കായി തന്റെ വിജയം സമർപ്പിച്ചതിനു ശ്രീ വാധ്വാനിയെ ശ്രീ മോദി അഭിനന്ദിച്ചു. ഇതു മാതൃകാപരമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസം, അങ്കണവാടി സാങ്കേതികവിദ്യകൾ, കാർഷിക-സാങ്കേതിക സംരംഭങ്ങൾ എന്നിവയിൽ ഫൗണ്ടേഷന്റെ സംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വാധ്വാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കൽ പോലുള്ള പരിപാടികളിൽ മുമ്പു പങ്കെടുത്തത് അദ്ദേഹം പരാമർശിച്ചു. ഭാവിയിൽ ഫൗണ്ടേഷൻ നിരവധി നാഴികക്കല്ലുകൾ കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ മോദി, വാധ്വാനി ഫൗണ്ടേഷന്റെ ഉദ്യമങ്ങൾക്ക് ആശംസകൾ നേർന്നു.

ഏതൊരു രാജ്യത്തിന്റെയും ഭാവി യുവാക്കളെ ആശ്രയിച്ചിരിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, ഭാവിക്കായി അവരെ സജ്ജമാക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഈ തയ്യാറെടുപ്പിൽ വിദ്യാഭ്യാസ സമ്പ്രദായം നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് അ​ദ്ദേഹം അഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ആധുനികവൽക്കരിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിദ്യാഭ്യാസ നിലവാരം മനസ്സിൽവച്ചു രൂപകൽപ്പന ചെയ്ത പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരവ്, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കൊണ്ടുവന്ന സുപ്രധാന മാറ്റങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, പഠന അധ്യാപന സാമഗ്രികൾ, പുതിയ പാഠപുസ്തകങ്ങൾ എന്നിവയുടെ വികസനത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎം ഇ-വിദ്യ, ദീക്ഷ പ്ലാറ്റ്‌ഫോമുകൾക്കു കീഴിൽ നിർമിതബുദ്ധി അധിഷ്ഠിതവും വിപുലീകരിക്കാവുന്നതുമായ ഡിജിറ്റൽ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യ പ്ലാറ്റ്‌ഫോമായ ‘ഒരു രാഷ്ട്രം, ഒരു ഡിജിറ്റൽ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യം’ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് 30-ലധികം ഇന്ത്യൻ ഭാഷകളിലും ഏഴു വിദേശ ഭാഷകളിലും പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്നുവെന്നും അ​ദ്ദേഹം വ്യക്തമാക്കി. നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് വിദ്യാർഥികൾക്ക് ഒരേസമയം വൈവിധ്യമാർന്ന വിഷയങ്ങൾ പഠിക്കുന്നത് എളുപ്പമാക്കിയിട്ടുണ്ടെന്നും, ആധുനിക വിദ്യാഭ്യാസം നൽകുന്നതിനും പുതിയ ജീവിതമാർഗങ്ങൾ തുറക്കുന്നതിനും ഇതു സഹായകമാകുന്നുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. 2013-14ലെ ₹60,000 കോടിയിൽനിന്ന് ₹1.25 ലക്ഷം കോടിയിലധികമായി ഗവേഷണ വികസനത്തിനായുള്ള മൊത്തം ചെലവ് ഇരട്ടിയാക്കിയത്, അത്യാധുനിക ഗവേഷണ പാർക്കുകൾ സ്ഥാപിക്കൽ, ഏകദേശം 6000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണ വികസന സെല്ലുകൾ സൃഷ്ടിക്കൽ എന്നിവ അദ്ദേഹം എടുത്തുകാട്ടി. 2014-ൽ ഏകദേശം 40,000 ആയിരുന്ന പേറ്റന്റ് ഫയലിങ്ങുകളുടെ വർധന ഉദ്ധരിച്ച്, ഇന്ത്യയിൽ നവീകരണ സംസ്കാരത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു യുവാക്കൾക്കു ബൗദ്ധിക സ്വത്തുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥ നൽകുന്ന പിന്തുണയെ പ്രതിഫലിപ്പിക്കുന്നു. ഗവേഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ₹50,000 കോടിയുടെ ദേശീയ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിച്ചതും ഉന്നത വിദ്യാഭ്യാസ വിദ്യാർഥികൾക്ക് ലോകോത്തര ഗവേഷണ പ്രസിദ്ധീകരണങ്ങളിലേക്കു പ്രവേശനം സാധ്യമാക്കിയ ‘ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ’ സംരംഭത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിവുള്ള വ്യക്തികൾക്ക് അവരുടെ ജീവിതമാർഗം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഒരു തടസ്സവും വരില്ലെന്ന് ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.​

ഇന്ത്യയിലെ യുവതലമുറ ഗവേഷണത്തിലും വികസനത്തിലും  മികവ് പുലർത്തുക മാത്രമല്ല, അവർ ഇന്ന് സ്വയം സജ്ജരും സ്വതന്ത്രരുമായി മാറിയിരിക്കുന്നുവെന്ന് അവരുടെ പരിവർത്തനാത്മക സംഭാവനകളെ എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് കമ്മീഷൻ ചെയ്തതും, ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് ഐഐടി മദ്രാസിൽ വികസിപ്പിച്ചെടുത്ത 422 മീറ്റർ ഹൈപ്പർലൂപ്പ് പോലുള്ള നേട്ടങ്ങളും അദ്ദേഹം വിവരിച്ചു. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ശാസ്ത്രജ്ഞർ അതിസൂക്ഷ്മ രീതിയിൽ പ്രകാശത്തെ നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ചെടുത്ത നാനോ ടെക്നോളജി, ഒരു മോളിക്യുലാർ ഫിലിമിൽ 16,000 ലധികം കണ്ടക്ഷൻ സ്റ്റേറ്റുകളിൽ ഡാറ്റ സംഭരിക്കാനും പ്രോസസ്സ് ചെയ്യാനും കഴിവുള്ള 'ബ്രെയിൻ ഓൺ എ ചിപ്പ്' സാങ്കേതികവിദ്യ തുടങ്ങിയ അതിശയകരമായ നേട്ടങ്ങൾ അദ്ദേഹം പ്രതിപാദിച്ചു.  ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ എംആർഐ മെഷീന്റെ നിർമ്മാണത്തെക്കുറിച്ചും അദ്ദേഹം വിശദമാക്കി.  "ഇന്ത്യയിലെ സർവ്വകലാശാല കാമ്പസുകൾ യുവശക്തിയുടെ മുന്നേറ്റത്തിലൂടെ അത്ഭുതകരമായ കണ്ടുപിടുത്തങ്ങൾ നടക്കുന്ന ഊർജ്ജസ്വലമായ കേന്ദ്രങ്ങളായി മാറുകയാണ്" ആഗോളതലത്തിലുള്ള 2,000 സ്ഥാപനങ്ങളിൽ 90-ൽ അധികം ഇന്ത്യൻ സർവ്വകലാശാലകൾ ഉന്നത വിദ്യാഭ്യാസ റാങ്കിംഗിൽ ഇടം നേടിയതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ക്യുഎസ് ലോക റാങ്കിംഗിലെ വളർച്ചയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം 2014-ൽ ഒമ്പത് സ്ഥാപനങ്ങൾ മാത്രമുണ്ടായിരുന്ന ഇന്ത്യ 2025-ൽ 46 സ്ഥാപനങ്ങളിലേക്ക് വളർന്നതായും കഴിഞ്ഞ ദശകത്തിൽ ലോകത്തിലെ മികച്ച 500 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ പ്രാതിനിധ്യം വർധിച്ചതായും ചൂണ്ടിക്കാട്ടി. അബുദാബിയിൽ ഐഐടി ഡൽഹി, ടാൻസാനിയയിൽ ഐഐടി മദ്രാസ്, ദുബായിൽ വരാനിരിക്കുന്ന ഐഐഎം അഹമ്മദാബാദ് എന്നിങ്ങനെ ഇന്ത്യൻ സ്ഥാപനങ്ങൾ വിദേശത്ത് കാമ്പസുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അക്കാദമിക് കൈമാറ്റം, ഗവേഷണ സഹകരണം, വിവിധ സംസ്കാരങ്ങൾ പരിചയപ്പെടാനുള്ള പഠന അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രമുഖ ആഗോള സർവ്വകലാശാലകളും ഇന്ത്യയിൽ കാമ്പസുകൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം അടിവരയിട്ടു.

"കഴിവ്, സ്വഭാവം, സാങ്കേതികവിദ്യ എന്നീ ത്രിതത്വങ്ങൾ ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യും", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള അടൽ ടിങ്കറിംഗ് ലാബുകൾ പോലുള്ള സംരംഭങ്ങൾ ഉയരയർത്തിക്കാട്ടിയ പ്രധാനമന്ത്രി നിലവിൽ പ്രവർത്തനക്ഷമമായ10,000 ലാബുകൾക്ക് പുറമെ ഈ വർഷത്തെ ബജറ്റിൽ 50,000 എണ്ണം കൂടി പ്രഖ്യാപിച്ചതും ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള പിഎം വിദ്യാലക്ഷ്മി പദ്ധതി ആവിഷ്കരിച്ചതും   പഠനത്തെ യഥാർത്ഥ ലോകാനുഭവമാക്കി മാറ്റുന്നതിനായി 7,000-ത്തിലധികം സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് സെല്ലുകൾ സ്ഥാപിക്കുന്നതും അദ്ദേഹം പരാമർശിച്ചു. യുവാക്കൾക്കിടയിൽ പുതിയ കഴിവുകൾ വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അവരുടെ കഴിവുകൾ, സ്വഭാവം, സാങ്കേതിക ശക്തി എന്നിവ സംയോജിപ്പിച്ച് ഇന്ത്യയെ വിജയത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ട്, "ഒരു ആശയം രൂപപ്പെടുന്നതു മുതൽ അത് ഒരു മാതൃകയായി മാറുകയും ഒടുവിൽ ഉൽപ്പന്നമായി പൂർത്തിയാകുകയും ചെയ്യുന്ന യാത്ര ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടത് നിർണായകമാണ്." എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവേഷണശാലയിൽ നിന്ന് വിപണിയിലേക്കുള്ള ദൂരം കുറയ്ക്കുന്നത് ഗവേഷണ ഫലങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ സഹായിക്കുമെന്നും, ഗവേഷകരെ പ്രോത്സാഹിപ്പിക്കുമെന്നും,  അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ഗവേഷണത്തിന്റെയും നൂതനാശയങ്ങളുടെയും മൂല്യവർദ്ധനവിന്റെയും വികസന ചക്രത്തെ ത്വരിതപ്പെടുത്തുന്നു. ശക്തമായ ഒരു ഗവേഷണ ആവാസവ്യവസ്ഥയ്ക്ക്  ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ഗവേഷകരെ പിന്തുണയ്ക്കാനും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകാനും അക്കാദമിക് സ്ഥാപനങ്ങളോടും, നിക്ഷേപകരോടും, വ്യവസായ സ്ഥാപനങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. യുവാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലും, ധനസഹായം നൽകുന്നതിലും, പുതിയ പരിഹാരങ്ങൾ പരസ്പര സഹകരണത്തോടെ  വികസിപ്പിക്കുന്നതിലും ഉള്ള വ്യവസായ പ്രമുഖരുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ശ്രമങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി നിയമങ്ങൾ ലളിതമാക്കാനും അനുമതികൾ വേഗത്തിലാക്കാനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. 

നിർമ്മിതബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് അനലിറ്റിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യ സാങ്കേതികവിദ്യ  സിന്തറ്റിക് ബയോളജി എന്നിവയെ നിരന്തരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ശ്രീ മോദി, AI വികസനത്തിലും സ്വീകാര്യതയിലും ഉള്ള  ഇന്ത്യയുടെ മുൻനിര സ്ഥാനം എടുത്തുപറഞ്ഞു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ഡാറ്റാസെറ്റുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി ഇന്ത്യ-AI മിഷൻ ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രമുഖ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ പിന്തുണയോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന AI സെന്ററുകളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യയിൽ AI നിർമ്മിക്കുക" എന്ന കാഴ്ചപ്പാടും "ഇന്ത്യയ്ക്ക് വേണ്ടി AI പ്രവർത്തിപ്പിക്കുക" എന്ന ലക്ഷ്യവും അദ്ദേഹം ആവർത്തിച്ചു. ഐഐടികളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും, ഐഐടികളും എയിംസും സഹകരിച്ച് മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം എന്നിവ സംയോജിപ്പിക്കുന്ന മെഡിടെക് കോഴ്സുകൾ ആരംഭിക്കാനുമുള്ള ബജറ്റ് തീരുമാനത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവിയിലെ സാങ്കേതികവിദ്യകളിൽ "ലോകത്തിലെ ഏറ്റവും മികച്ചവരുടെ" കൂട്ടത്തിൽ ഇന്ത്യയെ എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ സംരംഭങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയും വാധ്വാനി ഫൗണ്ടേഷന്റേയും സംയുക്ത സംരംഭമായ യുഗ്മ പോലുള്ളവയ്ക്ക് ഇന്ത്യയുടെ നൂതന ആശയങ്ങളുടെ ഭൂപ്രകൃതിയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി തൻ്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. വാധ്വാനി ഫൗണ്ടേഷന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും, ഈ ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്നത്തെ പരിപാടിയുടെ സുപ്രധാനമായ സ്വാധീനം എടുത്തുപറയുകയും ചെയ്തു.

കേന്ദ്ര മന്ത്രിമാരായ ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ഡോ. ജിതേന്ദ്ര സിംഗ്, ശ്രീ ജയന്ത് ചൗധരി, ഡോ. സുകാന്ത മജുംദാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

യുഗ്മം (സംസ്കൃതത്തിൽ "സംഗമം" എന്ന് അർത്ഥം) എന്നത് ഗവൺമെന്റ്, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ, നൂതനാശയ രംഗത്തെ നേതാക്കൾ എന്നിവരെ ഒരുമിപ്പിക്കുന്ന ആദ്യത്തേതും തന്ത്രപരവുമായ ഒരു സമ്മേളനമാണ്. വാധ്വാനി ഫൗണ്ടേഷനും ഗവൺമെന്റ് സ്ഥാപനങ്ങളും സംയുക്തമായി ഏകദേശം 1,400 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന സഹകരണ പദ്ധതിയിലൂടെ ഇത് ഇന്ത്യയുടെ നൂതനാശയ യാത്രയ്ക്ക് സംഭാവന നൽകും.

സ്വാശ്രയവും നൂതനാശയങ്ങൾക്ക് നേതൃത്വം നൽകുന്നതുമായ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനത്തിന് അനുസൃതമായി, ഈ സമ്മേളനത്തിൽ വിവിധ പ്രധാന പദ്ധതികൾക്ക് തുടക്കം കുറിക്കും.  ഐഐടി കാൺപൂരിൽ (AI & ഇന്റലിജന്റ് സിസ്റ്റംസ്), ഐഐടി ബോംബെയിൽ (ബയോസയൻസസ്, ബയോടെക്നോളജി, ആരോഗ്യം & വൈദ്യം) സൂപ്പർഹബുകൾ; ഗവേഷണം വാണിജ്യവൽക്കരിക്കുന്നതിന് മികച്ച ഗവേഷണ സ്ഥാപനങ്ങളിൽ വാധ്വാനി ഇന്നൊവേഷൻ നെറ്റ്‌വർക്ക് (WIN) സെന്ററുകൾ; ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലേറ്റ്-സ്റ്റേജ് ട്രാൻസ്ലേഷൻ പ്രോജക്റ്റുകൾക്ക് സംയുക്ത ധനസഹായം നൽകുന്നതിന് അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനുമായി (ANRF) പങ്കാളിത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സമ്മേളനത്തിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വ്യവസായ, അക്കാദമിക് നേതാക്കൾ എന്നിവർ ഉൾപ്പെടുന്ന ഉന്നതതല റൗണ്ട് ടേബിളുകളും പാനൽ ചർച്ചകളും ഉണ്ടാകും; ഗവേഷണത്തെ വേഗത്തിൽ പ്രയോഗത്തിൽ കൊണ്ടുവരുന്നത് സാധ്യമാക്കുന്നതിനെക്കുറിച്ചുള്ള കർമ്മോന്മുഖ സംഭാഷണങ്ങൾ;  ഇന്ത്യയിലുടനീളമുള്ള നൂതന കണ്ടുപിടുത്തങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഡീപ് ടെക് സ്റ്റാർട്ടപ്പ് ഷോകേസ്; സഹകരണത്തിനും പങ്കാളിത്തത്തിനും സാധ്യത നൽകുന്ന വിവിധ മേഖലകളിൽ നിന്നുള്ള പ്രത്യേക നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയുടെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയിൽ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കുക; അതിർത്തി കടന്നുള്ള സാങ്കേതികവിദ്യയിൽ ഗവേഷണ-വാണിജ്യവൽക്കരണ പൈപ്പ്‌ലൈനുകൾ ത്വരിതപ്പെടുത്തുക; അക്കാദമിക് വിദഗ്ധർ, വ്യവസായം, ഗവണ്മെന്റ് എന്നിവ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക; ANRF, AICTE ഇന്നൊവേഷൻ പോലുള്ള ദേശീയ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുക; എല്ലാ സ്ഥാപനങ്ങൾക്കും ഇന്നൊവേഷനിലേക്കുള്ള പ്രവേശനം ഒരുപോലെ ലഭ്യമാക്കുക; വിക്‌സിത് ഭാരത് @2047 എന്നതിലേക്ക് ഒരു ദേശീയ ഇന്നൊവേഷൻ വിന്യാസം വളർത്തുക എന്നിവയാണ് കോൺക്ലേവിന്റെ ലക്ഷ്യം.

 

 

***

SK


(Release ID: 2125149) Visitor Counter : 19