പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

  'മൻ കി ബാത്തിന്റെ' 121-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (27-04-2025)

Posted On: 27 APR 2025 11:47AM by PIB Thiruvananthpuram

              

                   എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.
    
    സുഹൃത്തുക്കളേ, ഭാരതീയർക്ക് ഈ വിഷയത്തിലുള്ള രോഷം ആഗോളതലത്തിലുമുണ്ട്. ഈ ഭീകരാക്രമണത്തിനുശേഷം, ലോകമെമ്പാടും നിന്ന് അനുശോചനങ്ങൾ തുടർച്ചയായി വന്നുകൊണ്ടേയിരിക്കുന്നു. ആഗോള നേതാക്കളും എന്നെ വിളിച്ചിട്ടുണ്ട്, കത്തുകൾ എഴുതിയിട്ടുണ്ട്, സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഈ ഹീനമായ ഭീകരാക്രമണത്തെ എല്ലാവരും ശക്തമായി അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടത്തിൽ ലോകം മുഴുവൻ 140 കോടി ഭാരതീയർക്കൊപ്പം നിലകൊള്ളുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഞാൻ ഒരിക്കൽ കൂടി ഉറപ്പുനൽകുന്നു, തീർച്ചയായും നീതി നടപ്പാക്കപ്പെടും. ഈ ആക്രമണത്തിലെ കുറ്റവാളികൾക്കും ഗൂഢാലോചനക്കാർക്കും ഏറ്റവും കഠിനമായ മറുപടി നൽകും.

    സുഹൃത്തുക്കളേ, രണ്ട് ദിവസം മുമ്പ് നമ്മുടെ രാജ്യത്തെ മഹാനായ ശാസ്ത്രജ്ഞൻ ഡോ. കെ. കസ്തൂരിരംഗനെ നമുക്ക് നഷ്ടപ്പെട്ടു. കസ്തൂരിരംഗനെ ഞാൻ കാണുമ്പോഴെല്ലാം, ഭാരതത്തിലെ യുവാക്കളുടെ കഴിവുകൾ, ആധുനിക വിദ്യാഭ്യാസം, ബഹിരാകാശ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ ധാരാളം ചർച്ച ചെയ്യാറുണ്ടായിരുന്നു. ഭാരതത്തിന്റെ ശാസ്ത്രം, വിദ്യാഭ്യാസം, ബഹിരാകാശ പദ്ധതി എന്നിവയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഐ.എസ്.ആർ.ഒ.യ്ക്ക് ഒരു പുതിയ മുഖം ലഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുരോഗമിച്ച ബഹിരാകാശ പദ്ധതികൾ ഭാരതത്തിന്റെ ശ്രമങ്ങൾക്ക് ആഗോള അംഗീകാരം നേടിത്തന്നു. ഭാരതം ഇന്ന് ഉപയോഗിക്കുന്ന പല ഉപഗ്രഹങ്ങളും ഡോ. കസ്തൂരിരംഗന്റെ മേൽനോട്ടത്തിലാണ് വിക്ഷേപിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു, അതിൽ നിന്ന് യുവതലമുറയ്ക്ക് പലതും പഠിക്കാൻ കഴിയും. അദ്ദേഹം എപ്പോഴും ഇന്നൊവേഷന് പ്രാധാന്യം നൽകി. പുതിയ എന്തെങ്കിലും പഠിക്കുക, അറിയുക, ചെയ്യുക എന്ന ദർശനം വളരെ പ്രചോദനകരമാണ്. രാജ്യത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം തയ്യാറാക്കുന്നതിൽ ഡോ. കെ. കസ്തൂരിരംഗനും വലിയ പങ്കുവഹിച്ചു. 21-ാം നൂറ്റാണ്ടിന്റെ ആധുനിക ആവശ്യങ്ങൾക്കനുസൃതമായി Forward Looking Education എന്ന ആശയം ഡോ. കസ്തൂരിരംഗൻ മുന്നോട്ടുവച്ചു. രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനവും രാഷ്ട്രനിർമ്മാണത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളും എന്നും ഓർമ്മിക്കപ്പെടും. ഞാൻ ഡോ. കെ. കസ്തൂരിരംഗന് എന്റെ വിനീതമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

    പ്രിയപ്പെട്ട നാട്ടുകാരേ, ഈ ഏപ്രിൽ മാസം ആര്യഭട്ട ഉപഗ്രഹം വിക്ഷേപിച്ചതിന്റെ 50-ാം വാർഷികമാണ്. ഇന്ന്, നമ്മൾ തിരിഞ്ഞുനോക്കുമ്പോൾ, 50 വർഷത്തെ ഈ യാത്ര ഓർക്കുമ്പോൾ, നമ്മൾ എത്ര ദൂരം പിന്നിട്ടിരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാകും. ഭാരതത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുടെ പറക്കൽ അന്ന് കാലത്ത് ആത്മവിശ്വാസത്തിന്റെ അടിത്തറയിലാണ് ആരംഭിച്ചത്. രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അഭിനിവേശമുള്ള ചില യുവ ശാസ്ത്രജ്ഞർക്ക് - ഇന്നത്തെപ്പോലെ ആധുനിക വിഭവങ്ങളോ ലോകത്തിന്റെ സാങ്കേതികവിദ്യയോ ഇല്ലായിരുന്നു - എന്തെങ്കിലും ഉണ്ടെങ്കിൽ അത് കഴിവ്, സമർപ്പണം, കഠിനാധ്വാനം, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അഭിനിവേശം എന്നിവയായിരുന്നു. കാളവണ്ടികളിലും സൈക്കിളുകളിലും നിർണായക ഉപകരണങ്ങൾ വഹിച്ചുകൊണ്ട് പോകുന്ന നമ്മുടെ ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും നിങ്ങൾ കണ്ടിട്ടുണ്ടാകും. രാഷ്ട്രത്തോടുള്ള ആ സമർപ്പണവും സേവന മനോഭാവവും കാരണമാണ് ഇന്ന് ഇത്രയധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത്. ഇന്ന് ഭാരതം ഒരു ആഗോള ബഹിരാകാശ ശക്തിയായി മാറിയിരിക്കുന്നു. 104 ഉപഗ്രഹങ്ങൾ ഒരേസമയം വിക്ഷേപിച്ചുകൊണ്ട് നമ്മൾ ഒരു റെക്കോർഡ് സൃഷ്ടിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി നമ്മൾ മാറിയിരിക്കുന്നു. ഭാരതം ചൊവ്വ ഭ്രമണപഥ ദൗത്യം വിക്ഷേപിച്ചു, ആദിത്യ-എൽ1 ദൗത്യത്തിലൂടെ നമ്മൾ സൂര്യന് വളരെ അടുത്തെത്തി. ഇന്ന് ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാൽ വിജയകരവുമായ ബഹിരാകാശ പദ്ധതിക്ക് ഭാരതം നേതൃത്വം നൽകുന്നു. ലോകത്തിലെ പല രാജ്യങ്ങളും അവരുടെ ഉപഗ്രഹങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കും ഐ.എസ്.ആർ.ഒ.യുടെ സഹായം തേടുന്നു.

    സുഹൃത്തുക്കളേ, ഐ.എസ്.ആർ.ഒ. ഉപഗ്രഹം വിക്ഷേപിക്കുന്നത് കാണുമ്പോൾ നമുക്ക് അഭിമാനം തോന്നും. 2014-ൽ പി.എസ്.എൽ.വി-സി-23 വിക്ഷേപണം കണ്ടപ്പോഴും എനിക്ക് സമാനമായ ഒരു തോന്നൽ ഉണ്ടായി. 2019-ൽ ചന്ദ്രയാൻ-2 ലാൻഡിംഗ് സമയത്ത് പോലും ഞാൻ ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ സെന്ററിൽ ഉണ്ടായിരുന്നു. ആ സമയത്ത് ചന്ദ്രയാന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല, ശാസ്ത്രജ്ഞർക്ക് അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. പക്ഷേ, ശാസ്ത്രജ്ഞരുടെ ക്ഷമയും വിജയം നേടാനുള്ള അവരുടെ തീക്ഷ്ണതയും ഞാൻ എന്റെ കണ്ണുകളാൽ കാണുന്നുണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം, അതേ ശാസ്ത്രജ്ഞർ ചന്ദ്രയാൻ -3 വിജയകരമാക്കിയത് ലോകം മുഴുവൻ കണ്ടു.

    സുഹൃത്തുക്കളെ, ഇപ്പോൾ ഭാരതം അതിന്റെ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കും തുറന്നുകൊടുത്തിരിക്കുന്നു. ഇന്ന് നിരവധി യുവാക്കൾ സ്പേസ് സ്റ്റാർട്ടപ്പിൽ വെന്നിക്കൊടി പാറിക്കുന്നുണ്ട്. പത്ത് വർഷം മുമ്പ് ഈ മേഖലയിൽ ഒരു കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇന്ന് രാജ്യത്ത് 325-ലധികം സ്‌പേസ് സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. വരാനിരിക്കുന്ന കാലം ബഹിരാകാശത്ത് നിരവധി പുതിയ സാധ്യതകൾ കൊണ്ടുവരും. ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കാൻ പോകുന്നു. ഗഗൻയാൻ, സ്പാഡെക്സ്, ചന്ദ്രയാൻ-4 തുടങ്ങിയ നിരവധി സുപ്രധാന ദൗത്യങ്ങളുമായി രാജ്യം തിരക്കിലാണ്. വീനസ് ഓർബിറ്റർ മിഷനിലും മാർസ് ലാൻഡർ മിഷനിലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ അവരുടെ നൂതനാശയങ്ങൾ കൊണ്ട് നാട്ടുകാർക്ക് അഭിമാനം പകരാൻ പോകുന്നു.

    സുഹൃത്തുക്കളേ, കഴിഞ്ഞ മാസം മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഭയാനകമായ ചിത്രങ്ങൾ നിങ്ങൾ തീർച്ചയായും കണ്ടിട്ടുണ്ടാകും. ഭൂകമ്പം അവിടെ വലിയ നാശം വിതച്ചു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആളുകൾക്ക് ഓരോ ശ്വാസവും, ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് മ്യാൻമറിലെ നമ്മുടെ സഹോദരീ സഹോദരന്മാർക്കായി ഭാരതം ഉടൻ തന്നെ ഓപ്പറേഷൻ ബ്രഹ്മ ആരംഭിച്ചത്. വ്യോമസേനയുടെ വിമാനങ്ങൾ മുതൽ നാവികസേനയുടെ കപ്പലുകൾ വരെ എല്ലാം മ്യാൻമറിനെ സഹായിക്കാൻ അയച്ചു. അവിടെ ഭാരത സംഘം ഒരു ഫീൽഡ് ആശുപത്രി തയ്യാറാക്കി. സുപ്രധാന കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ എഞ്ചിനീയർമാരുടെ ഒരു സംഘം സഹായിച്ചു. ഭാരതത്തിൽ നിന്നുള്ള സംഘം അവിടെ പുതപ്പുകൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ എത്തിച്ചു. ഈ സമയത്ത്, ഈ ടീമിന് അവിടെയുള്ള ആളുകളിൽ നിന്ന് ധാരാളം പ്രശംസ ലഭിച്ചു.

    സുഹൃത്തുക്കളേ, ഈ പ്രതിസന്ധി ഘട്ടത്തിൽ ധൈര്യത്തിന്റെയും ക്ഷമയുടെയും ജ്ഞാനത്തിന്റെയും ഹൃദയസ്പർശിയായ നിരവധി ഉദാഹരണങ്ങൾ വെളിച്ചത്തുവന്നു. 18 മണിക്കൂറോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 70 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു വൃദ്ധയെ ഭാരതത്തിന്റെ ടീം രക്ഷപ്പെടുത്തി. ഇപ്പോൾ ടിവിയിൽ 'മൻ കി ബാത്ത്' കാണുന്നവർക്ക് ആ വൃദ്ധയുടെ മുഖവും കാണുന്നുണ്ടാകണം. അവർക്ക് ഓക്സിജന്റെ അളവ് സ്ഥിരപ്പെടുത്തുന്നത് മുതൽ പരിക്കുകൾ ചികിത്സിക്കുന്നതുവരെ സാധ്യമായ എല്ലാ ചികിത്സകളും ഭാരതത്തിൽ നിന്നുള്ള സംഘം നൽകി. ഈ വൃദ്ധയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ, അവർ ഞങ്ങളുടെ ടീമിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. ഭാരത രക്ഷാസംഘം കാരണമാണ് തനിക്ക് പുതുജീവൻ ലഭിച്ചതെന്ന് അവർ പറഞ്ഞു. ഭാരത രക്ഷാസംഘം കാരണമാണ് തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടെത്താൻ കഴിഞ്ഞതെന്ന് പലരും ഞങ്ങളുടെ ടീമിനോട് പറഞ്ഞു.

    സുഹൃത്തുക്കളേ, ഭൂകമ്പത്തിനുശേഷം, മ്യാൻമറിലെ മാണ്ഡലയിലുള്ള ഒരു ആശ്രമത്തിൽ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നൊരു ആശങ്കയുണ്ടായിരുന്നു. ഞങ്ങളുടെ സഹപ്രവർത്തകർ ഇവിടെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തി, അതുവഴി ബുദ്ധ സന്യാസിമാരിൽ നിന്ന് അവർക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു. ഓപ്പറേഷൻ ബ്രഹ്മയിൽ പങ്കെടുത്ത എല്ലാവരിലും ഞങ്ങൾക്ക് വളരെ അഭിമാനമുണ്ട്. നമുക്ക് നമ്മുടെ പാരമ്പര്യമുണ്ട്, നമ്മുടെ മൂല്യങ്ങളുണ്ട്, 'വസുധൈവ കുടുംബകം' - ലോകം മുഴുവൻ ഒരു കുടുംബമാണ് എന്ന വികാരമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ ലോക സുഹൃത്തെന്ന നിലയിൽ ഭാരതത്തിന്റെ സന്നദ്ധതയും മാനവികതയോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയും നമ്മുടെ മുഖമുദ്രയായി മാറുകയാണ്.

    സുഹൃത്തുക്കളേ, ആഫ്രിക്കയിലെ എത്യോപ്യയിലെ പ്രവാസിഭാരതീയരുടെ നൂതനമായ ഒരു ശ്രമത്തെക്കുറിച്ച് എനിക്ക് അറിയാൻ കഴിഞ്ഞു. എത്യോപ്യയിൽ താമസിക്കുന്ന ഭാരതീയർ, ജനനം മുതൽ ഹൃദ്രോഗം ബാധിച്ച കുട്ടികളെ ചികിത്സയ്ക്കായി ഭാരതത്തിലേക്ക് അയയ്ക്കാൻ മുൻകൈയെടുത്തു. ഭാരതീയ കുടുംബങ്ങൾ അത്തരം നിരവധി കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. പണത്തിന്റെ അഭാവം മൂലം ഒരു കുട്ടിയുടെ കുടുംബത്തിന് ഭാരതത്തിലേക്ക് വരാൻ കഴിയുന്നില്ലെങ്കിൽ, അതിനുള്ള ക്രമീകരണങ്ങളും നമ്മുടെ പ്രവാസി സഹോദരീ സഹോദരന്മാർ ചെയ്യുന്നുണ്ട്. ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടുന്ന എത്യോപ്യയിലെ എല്ലാ ദരിദ്രരായ കുട്ടികൾക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം. പ്രവാസിഭാരതീയരുടെ ഈ മഹത്തായ പ്രവർത്തനത്തിന് എത്യോപ്യയിൽ വലിയ പ്രശംസ ലഭിക്കുന്നു. ഭാരതത്തിലെ മെഡിക്കൽ സൗകര്യങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. മറ്റ് രാജ്യങ്ങളിലെ പൗരന്മാരും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.

    സുഹൃത്തുക്കളെ, കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഭാരതവും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് വലിയ അളവിൽ വാക്സിൻ അയച്ചിരുന്നു. റാബിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ തുടങ്ങിയ അപകടകരമായ രോഗങ്ങൾ തടയാൻ ഈ വാക്സിൻ ഉപയോഗപ്രദമാകും. ഈ ആഴ്ച, നേപ്പാളിന്റെ അഭ്യർത്ഥനപ്രകാരം, ഭാരതം മരുന്നുകളുടെയും വാക്സിനുകളുടെയും വലിയൊരു ശേഖരം നേപ്പാളിലേക്ക് അയച്ചു. ഇത് തൽസീമിയ, സിക്കിൾസെൽ രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കും. മാനവരാശിയെ സേവിക്കുന്ന കാര്യത്തിൽ ഭാരതം എപ്പോഴും മുൻപന്തിയിലാണ്, ഭാവിയിലും അത്തരം എല്ലാ ആവശ്യങ്ങളിലും മുൻപന്തിയിൽ തന്നെ തുടരും.

    സുഹൃത്തുക്കളേ, നമ്മൾ ദുരന്തനിവാരണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഏതൊരു പ്രകൃതി ദുരന്തത്തെയും നേരിടുമ്പോൾ, നിങ്ങളുടെ ജാഗ്രത വളരെ പ്രധാനമാണ്. ഇതിനായുള്ള ജാ​ഗ്രതാ സന്ദേശം ഇപ്പോൾ നിങ്ങളുടെ മൊബൈലിലെ ഒരു പ്രത്യേക ആപ്പിൽ നിന്ന് ലഭിക്കും. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഈ ആപ്പിന് കഴിയും, ഇതിന്റെ പേര് 'സചേത്' എന്നാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) ആണ് ‘സചേത് ആപ്പ്’ തയ്യാറാക്കിയത്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മണ്ണിടിച്ചിൽ, സുനാമി, കാട്ടുതീ, ഹിമപാതം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് അല്ലെങ്കിൽ മിന്നൽ പോലുള്ള ദുരന്തങ്ങളായാലും, 'സചേത് ആപ്പ്' നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുകയും പരിരക്ഷിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ഈ ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കും. 'സചേത് ആപ്പ്' പ്രാദേശിക ഭാഷകളിലും ധാരാളം വിവരങ്ങൾ നൽകുന്നു എന്നതാണ് പ്രത്യേകത. നിങ്ങൾ ഈ ആപ്പ് പ്രയോജനപ്പെടുത്തുകയും നിങ്ങളുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കിടുകയും വേണം.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഭാരതത്തിന്റെ കഴിവുകൾ ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നത് നാം കാണുന്നു. ഭാരതത്തിലെ യുവാക്കൾ ഭരതത്തോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു, ഏതൊരു രാജ്യത്തെയും യുവാക്കളുടെ താൽപ്പര്യമാണ് രാജ്യത്തിന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് നിർണ്ണയിക്കുന്നത്. ഇന്ന് ഭാരതത്തിലെ യുവാക്കൾ Science, Technology, Innovation എന്നിവയിലേക്ക് നീങ്ങുകയാണ്. പിന്നോക്കാവസ്ഥയ്ക്കും മറ്റ് കാരണങ്ങൾക്കും പേരുകേട്ട പ്രദേശങ്ങളിൽ പോലും, യുവാക്കൾ നമുക്ക് ആത്മവിശ്വാസം നൽകുന്ന അത്തരം പുതിയ  മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ശാസ്ത്ര കേന്ദ്രം ഇക്കാലത്ത് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. കുറച്ചു കാലം മുമ്പ് വരെ, ദന്തേവാഡ അക്രമത്തിനും അസ്വസ്ഥതയ്ക്കും മാത്രം പേരുകേട്ടതായിരുന്നു, എന്നാൽ ഇപ്പോൾ, അവിടെയുള്ള ഒരു ശാസ്ത്ര കേന്ദ്രം കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പുതിയ പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുന്നു. കുട്ടികൾക്ക് ഈ സയൻസ് സെന്റർ സന്ദർശിക്കുന്നത് വളരെ ഇഷ്ടമാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ മെഷീനുകളും പുതിയ ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ അവർ ഇപ്പോൾ പഠിക്കുന്നു. 3D പ്രിന്ററുകൾ, റോബോട്ടിക് കാറുകൾ എന്നിവയെക്കുറിച്ചും മറ്റ് നൂതന കാര്യങ്ങളെക്കുറിച്ചും പഠിക്കാൻ അവർക്ക് അവസരം ലഭിച്ചു. കുറച്ചു കാലം മുമ്പ്, ഗുജറാത്ത് സയൻസ് സിറ്റിയിൽ ഞാൻ സയൻസ് ഗാലറികൾ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ഗാലറികൾ ആധുനിക ശാസ്ത്രത്തിന്റെ സാധ്യതകളെക്കുറിച്ചും ശാസ്ത്രം ഉപയോഗിച്ച് നമുക്കുവേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ചും നമുക്ക് നേർക്കാഴ്ച നൽകുന്നു. ഈ ഗാലറികൾ അവിടത്തെ കുട്ടികൾക്കിടയിൽ വളരെയധികം ആവേശമുണ്ടാക്കുന്നുവെന്ന് എനിക്ക് അറിയാൻ കഴിഞ്ഞു. ശാസ്ത്രത്തോടും നവീനാശയങ്ങളോടുമുള്ള ഈ വർദ്ധിച്ചുവരുന്ന താല്പര്യം ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കും എന്നത് ഉറപ്പാണ്.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി നമ്മുടെ 140 കോടി പൗരന്മാരാണ്, അവരുടെ കഴിവും ഇച്ഛാശക്തിയുമാണ്. കോടിക്കണക്കിന് ആളുകൾ ഒരുമിച്ച് ഒരു പ്രചാരണത്തിന് ചേരുമ്പോൾ, അതിന്റെ പ്രഭാവം വളരെ വലുതാണ്. ഇതിന് ഒരു ഉദാഹരണമാണ് 'ഏക് പേഡ് മാ കേ നാം' - ഈ പ്രചാരണം നമ്മെ പ്രസവിച്ച അമ്മയുടെ പേരിലാണ്, മാത്രമല്ല നമ്മെ മടിയിൽ വഹിക്കുന്ന ഭൂമിമാതാവിനും വേണ്ടിയുള്ളതാണ്. സുഹൃത്തുക്കളെ, ജൂൺ 5, ലോക പരിസ്ഥിതി ദിനത്തിൽ, ഈ പ്രചാരണം ഒരു വർഷം പൂർത്തിയാകുന്നു. ഈ ഒരു വർഷത്തിനുള്ളിൽ, ഈ പ്രചാരണത്തിന് കീഴിൽ, രാജ്യത്തുടനീളം അമ്മയുടെ പേരിൽ 140 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. ഭാരതത്തിന്റെ ഈ സംരംഭം കണ്ട്, രാജ്യത്തിന് പുറത്തുള്ള ആളുകളും അവരുടെ അമ്മമാരുടെ പേരിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. നിങ്ങളും ഈ പ്രചാരണത്തിന്റെ ഭാഗമാകണം, അങ്ങനെ ഒരു വർഷം പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ പങ്കാളിത്തത്തിൽ നിങ്ങൾക്ക് അഭിമാനിക്കാം.

    സുഹൃത്തുക്കളേ, മരങ്ങൾ തണുപ്പ് നൽകുന്നുവെന്നും മരങ്ങളുടെ തണൽ ചൂടിൽ നിന്ന് ആശ്വാസം നൽകുന്നുവെന്നും നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത ഞാൻ കണ്ടു, അത് എന്റെ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ 70 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. ഈ മരങ്ങൾ അഹമ്മദാബാദിലെ പച്ചപ്പ് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം, സബർമതി നദിയിൽ റിവർ ഫ്രണ്ട് നിർമ്മാണവും കാങ്കരിയ തടാകം പോലുള്ള ചില തടാകങ്ങളുടെ പുനർനിർമ്മാണവും കാരണം ഇവിടുത്തെ ജലാശയങ്ങളുടെ എണ്ണവും വർദ്ധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ആഗോളതാപനത്തിനെതിരെ പോരാടുന്ന പ്രധാന നഗരങ്ങളിലൊന്നായി അഹമ്മദാബാദ് മാറിയിട്ടുണ്ടെന്ന് ഇപ്പോൾ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. അവിടത്തെ ആളുകളും ഈ മാറ്റം അന്തരീക്ഷത്തിലെ തണുപ്പായി അനുഭവിക്കുന്നുണ്ട്. അഹമ്മദാബാദിൽ നട്ടുപിടിപ്പിച്ച മരങ്ങൾ അവിടെ പുതിയ അഭിവൃദ്ധി കൊണ്ടുവരാൻ കാരണമാകുകയാണ്. ഭൂമിയുടെ ആരോഗ്യം നിലനിർത്തുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനും, നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഒരു മരം നടാൻ ഞാൻ നിങ്ങളോട് ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

    സുഹൃത്തുക്കളേ, ഒരു പഴഞ്ചൊല്ലുണ്ട്, 'മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്'. പുതിയ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുമ്പോൾ, തീർച്ചയായും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തും. മലകളിൽ വളരുന്ന ആപ്പിൾ നിങ്ങൾ ധാരാളം കഴിച്ചിട്ടുണ്ടാകും. പക്ഷേ, നിങ്ങൾ കർണാടകയിൽ നിന്നുള്ള ആപ്പിൾ രുചിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചാൽ, അപ്പോൾ നിങ്ങൾ അത്ഭുതപ്പെടും. സാധാരണയായി നമ്മൾ മനസ്സിലാക്കുന്നത് ആപ്പിൾ മലനിരകളിൽ മാത്രമേ വളരുന്നുള്ളൂ എന്നാണ്. എന്നാൽ കർണാടകയിലെ ബാഗൽകോട്ടിൽ താമസിക്കുന്ന ശ്രീ. ഷെയ്ൽ തേലി സമതലങ്ങളിൽ ആപ്പിൾ കൃഷി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുലാലി ഗ്രാമത്തിൽ, 35 ഡിഗ്രിയിൽ കൂടുതൽ താപനിലയിൽ പോലും ആപ്പിൾ മരങ്ങൾ കായ്ക്കാൻ തുടങ്ങിയിരിക്കുന്നു. വാസ്തവത്തിൽ, ശ്രീ ഷെയ്ൽ തേലിക്ക് കൃഷിയിൽ താൽപ്പര്യമുണ്ടായിരുന്നു, അതിനാൽ അദ്ദേഹം ആപ്പിൾ കൃഷിയും പരീക്ഷിച്ചു, അതിൽ വിജയിക്കുകയും ചെയ്തു. ഇന്ന് അദ്ദേഹം നട്ടുപിടിപ്പിച്ച ആപ്പിൾ മരങ്ങളിൽ ധാരാളം ആപ്പിൾ വളരുന്നു, അവ വിറ്റ് അദ്ദേഹത്തിന് നല്ല വരുമാനം ലഭിക്കുന്നു.

    സുഹൃത്തുക്കളേ, ആപ്പിളിനെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്ന ഈ സമയത്ത്, നിങ്ങൾ കിന്നൗരി ആപ്പിളിന്റെ പേര് തീർച്ചയായും കേട്ടിട്ടുണ്ടാകും. ആപ്പിളിന് പേരുകേട്ട കിന്നൗറിൽ കുങ്കുമപ്പൂ ഉത്പാദനം ആരംഭിച്ചു. പൊതുവെ ഹിമാചലിൽ കുങ്കുമപ്പൂ കൃഷി കുറവായിരുന്നു, എന്നാൽ ഇപ്പോൾ കിന്നൗറിലെ മനോഹരമായ സാംഗ്ല താഴ്‌വരയിലും കുങ്കുമപ്പൂ കൃഷി ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ വയനാട്ടിൽ നിന്നാണ് ഇത്തരത്തിലൊരു ഉദാഹരണം. കുങ്കുമപ്പൂവ് വളർത്തുന്നതിലും ഇവിടെ വിജയം കൈവരിക്കാൻ കഴിഞ്ഞു. വയനാട്ടിൽ ഈ കുങ്കുമപ്പൂവ് ഏതെങ്കിലും വയലിലോ മണ്ണിലോ വളർത്തുന്നില്ല, മറിച്ച് എയറോപോണിക്സ് ടെക്നിക് ഉപയോഗിച്ചാണ് വളർത്തുന്നത്. ലിച്ചിയുടെ ഉൽപാദനത്തിലും സമാനമായ ഒരു അത്ഭുതം സംഭവിച്ചിട്ടുണ്ട്. ബീഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ലിച്ചി വളരുന്നുണ്ടെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദക്ഷിണേന്ത്യയിലും രാജസ്ഥാനിലും ലിച്ചി ഉത്പാദിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ തിരുവീര അരസ് കാപ്പി കൃഷി ചെയ്തിരുന്നു. അദ്ദേഹം കൊടൈക്കനാലിൽ ലിച്ചി മരങ്ങൾ നട്ടുപിടിപ്പിച്ചു, ഏഴ് വർഷത്തെ കഠിനാധ്വാനത്തിനുശേഷം മരങ്ങൾ കായ്ക്കാൻ തുടങ്ങി. ലിച്ചി കൃഷിയിലെ വിജയം സമീപത്തുള്ള മറ്റ് കർഷകർക്കും പ്രചോദനമായി. രാജസ്ഥാനിൽ ലിച്ചി കൃഷി ചെയ്യുന്നതിൽ ജിതേന്ദ്ര സിംഗ് റണാവത് വിജയം നേടിയിട്ടുണ്ട്. ഈ ഉദാഹരണങ്ങളെല്ലാം വളരെ പ്രചോദനാത്മകമാണ്. നമ്മൾ പുതിയ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയും ബുദ്ധിമുട്ടുകൾക്കിടയിലും സ്ഥിരോത്സാഹം കാണിക്കുകയും ചെയ്താൽ, അസാധ്യമായത് പോലും സാധ്യമാക്കാൻ കഴിയും.

    എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ഏപ്രിൽ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാണ്. മെയ് മാസം ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇന്നു മുതൽ ഏകദേശം 108 വർഷം പിന്നിലേക്ക് ഞാൻ നിങ്ങളെ കൊണ്ടുപോകട്ടെ. 1917-ൽ, ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്ത് സ്വാതന്ത്ര്യത്തിനായുള്ള ഒരു അതുല്യമായ പോരാട്ടം നടക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ക്രൂരതകൾ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ദരിദ്രരുടെയും, അധഃസ്ഥിതരുടെയും, കർഷകരുടെയും മേലുള്ള ചൂഷണം മനുഷ്യത്വരഹിതമായ തലങ്ങൾ കടന്നിരുന്നു. ബിഹാറിലെ ഫലഭൂയിഷ്ഠമായ ഭൂമിയിൽ കർഷകരെ ഇൻഡിഗോ കൃഷി ചെയ്യാൻ ബ്രിട്ടീഷുകാർ നിർബന്ധിക്കുകയായിരുന്നു. നീലം കൃഷി കാരണം കർഷകരുടെ വയലുകൾ തരിശായിക്കൊണ്ടിരുന്നു, പക്ഷേ ബ്രിട്ടീഷ് ഗവൺമെന്റിന് അതിനെക്കുറിച്ച് ആശങ്കയില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഗാന്ധിജി 1917-ൽ ബിഹാറിലെ ചമ്പാരനിൽ എത്തി. കർഷകർ ഗാന്ധിജിയോട് പറഞ്ഞു - ഞങ്ങളുടെ ഭൂമി മരിക്കുകയാണ്, ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണം ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് കർഷകരുടെ കഷ്ടപ്പാടുകൾ ഗാന്ധിജിയുടെ മനസ്സിൽ ഒരു ദൃഢനിശ്ചയത്തിന് കാരണമായി. അവിടെ നിന്നാണ് ചരിത്രപ്രസിദ്ധമായ ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ചത്. ബാപ്പുവിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രധാന പരീക്ഷണമായിരുന്നു 'ചമ്പാരൻ സത്യാഗ്രഹം'. ബാപ്പുവിന്റെ സത്യാഗ്രഹത്തിൽ മുഴുവൻ ബ്രിട്ടീഷ് ഭരണവും ഇളകിമറിഞ്ഞു. കർഷകരെ ഇൻഡിഗോ കൃഷി ചെയ്യാൻ നിർബന്ധിക്കുന്ന നിയമം ബ്രിട്ടീഷുകാർക്ക് നിർത്തിവയ്ക്കേണ്ടിവന്നു. സ്വാതന്ത്ര്യസമരത്തിന് പുതിയ ആത്മവിശ്വാസം പകരുന്ന ഒരു വിജയമായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയായി മാറിയ ബിഹാറിന്റെ മറ്റൊരു സുപുത്രനും ഈ സത്യാഗ്രഹത്തിൽ വലിയ സംഭാവന നൽകിയെന്ന് നിങ്ങൾക്ക് അറിയുമായിരിക്കും. അദ്ദേഹം ഒരു മഹാനായ വ്യക്തിയായിരുന്നു - ഡോ. രാജേന്ദ്ര പ്രസാദ്. 'ചമ്പാരൻ സത്യാഗ്രഹ'ത്തെക്കുറിച്ച് അദ്ദേഹം ഒരു പുസ്തകവും എഴുതി - 'സത്യാ​ഗ്രഹ ഇൻ ചമ്പാരൻ', എല്ലാ യുവാക്കളും ഈ പുസ്തകം വായിക്കണം. സഹോദരീ സഹോദരന്മാരേ, സ്വാതന്ത്ര്യസമരത്തിന്റെ മായാത്ത നിരവധി അധ്യായങ്ങൾ ഏപ്രിൽ മാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാന്ധിജിയുടെ 'ദണ്ഡി മാർച്ച്' ഏപ്രിൽ 6 ന് പൂർത്തിയായി. മാർച്ച് 12 ന് ആരംഭിച്ച് 24 ദിവസം നീണ്ടുനിന്ന ഈ യാത്ര ബ്രിട്ടീഷുകാരെ പിടിച്ചുലച്ചിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് ഏപ്രിലിൽ തന്നെയാണ്. ആ രക്തരൂഷിത ചരിത്രത്തിന്റെ അടയാളങ്ങൾ പഞ്ചാബിന്റെ മണ്ണിൽ ഇപ്പോഴും ഉണ്ട്. 

    സുഹൃത്തുക്കളെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ, മെയ് 10 ന്, ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ വാർഷികവും വരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ആ ആദ്യ പോരാട്ടത്തിൽ ജ്വലിച്ച തീപ്പൊരി പിന്നീട് ലക്ഷക്കണക്കിന് പോരാളികൾക്ക് ഒരു ദീപമായി മാറി. ഇക്കഴിഞ്ഞ ഏപ്രിൽ 26 ന്, 1857 ലെ വിപ്ലവത്തിലെ മഹാനായ നായകനായ ബാബു വീർ കുവർ സിങ്ങിന്റെ ചരമവാർഷികവും നമ്മൾ ആചരിച്ചു. ബിഹാറിലെ മഹാനായ യോദ്ധാവിൽ നിന്ന് മുഴുവൻ രാജ്യത്തിനും പ്രചോദനം ലഭിക്കുന്നു. അത്തരം ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ അനശ്വര പ്രചോദനങ്ങൾ നാം സജീവമായി നിലനിർത്തണം. അവരിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഊർജ്ജം അമൃതകാലത്തിനായുള്ള നമ്മുടെ പ്രതിജ്ഞകൾക്ക് പുതിയ ശക്തി നൽകുന്നു.

    സുഹൃത്തുക്കളെ, 'മൻ കി ബാത്തി'ന്റെ ഈ നീണ്ട യാത്രയിൽ നിങ്ങൾ ഈ പരിപാടിയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്ന നേട്ടങ്ങൾ 'മൻ കി ബാത്ത്' വഴി ജനങ്ങളിലേക്ക് എത്തിക്കുന്നു. അടുത്ത മാസം നമ്മൾ വീണ്ടും ഒത്തുകൂടി രാജ്യത്തിന്റെ വൈവിധ്യത്തെക്കുറിച്ചും മഹത്തായ പാരമ്പര്യത്തെക്കുറിച്ചും പുതിയ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കും. സമർപ്പണത്തിലൂടെയും സേവനമനോഭാവത്തിലൂടെയും സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്ന അത്തരം ആളുകളെക്കുറിച്ച് നമുക്ക് അറിയാൻ കഴിയും. എല്ലായ്പ്പോഴും എന്നപോലെ, നിങ്ങളുടെ ചിന്തകളും നിർദ്ദേശങ്ങളും ഞങ്ങൾക്ക് അയച്ചുതരിക. നന്ദി, നമസ്ക്കാരം.


********


-SK-
 


(Release ID: 2124696) Visitor Counter : 45