ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണ പദ്ധതിക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങളും പോർട്ടലും ഉദ്ഘാടനം ചെയ്തു

Posted On: 26 APR 2025 7:46PM by PIB Thiruvananthpuram

ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പെന്ന നിലയിൽ ഇലക്ട്രോണിക്സ് ഘടകഭാഗ നിർമ്മാണ പദ്ധതിക്കായുള്ള (Electronics Component Manufacturing Scheme-ECMS) മാർഗ്ഗനിർദ്ദേശങ്ങളും പോർട്ടലും കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ സുവ്യക്തമായ തന്ത്രം ഉദ്ഘാടന വേളയിൽ കേന്ദ്ര മന്ത്രി വിശദീകരിച്ചു. ഇലക്ട്രോണിക്സ് നിർമ്മാണത്തിന്റെ വ്യാപ്തിയും അടിസ്ഥാനതലത്തിലെ ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനും തദ്വാരാ താഴേത്തട്ടിലുള്ള സമന്വയം സാധ്യമാക്കുന്നതിനും, വിൽപ്പന സജ്‌ജമായ ഉത്പന്നങ്ങൾ നിർമ്മിച്ചുകൊണ്ടാണ് ഇന്ത്യ ഈ പ്രയാണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മൊഡ്യൂൾ-ലെവൽ നിർമ്മാണം, പിന്നീട് ഘടകഭാഗ നിർമ്മാണം, ഇപ്പോൾ ഘടകഭാഗങ്ങൾ നിർമ്മിക്കുന്ന വസ്തുക്കളുടെ ഉത്പാദനം എന്നിവ സാധ്യമായിരിക്കുന്നു. മൂല്യ ശൃംഖലയുടെ 80 മുതൽ 85 ശതമാനം വരെ വിൽപ്പന സജ്‌ജമായ ഉത്പന്നങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇലക്ട്രോണിക്സ് നിർമ്മാണത്തിൽ രാജ്യം നേടിയ വളർച്ച അസാധാരണമാണെന്നും വ്യക്തമാക്കി.

ഇലക്ട്രോണിക്സ് ഉത്പാദനം അഞ്ച് മടങ്ങ് വർദ്ധിച്ചതായും കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ചതായും കയറ്റുമതി CAGR 20% ഉം ഉത്പാദന CAGR 17% ഉം കവിഞ്ഞതായും മന്ത്രി പറഞ്ഞു. മൊബൈൽ ഫോണുകൾ, സെർവറുകൾ, ലാപ്‌ടോപ്പുകൾ, ഐടി, ഹാർഡ്‌വെയർ മേഖലകളിൽ മികച്ച പുരോഗതി കൈവരിക്കാനായിട്ടുണ്ടെന്നും ഗണ്യമായി മുന്നേറ്റത്തിന് വ്യവസായം സജ്ജമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇലക്ട്രോണിക്സ് മേഖല മാത്രമല്ല, വ്യാവസായിക, ഊർജ്ജ, വാഹന നിർമ്മാണ മേഖലകളെയും പിന്തുണയ്ക്കുന്ന തിരശ്ചീന പദ്ധതിയായിട്ടാണ് ശ്രീ വൈഷ്ണവ് ECMS നെ വിശേഷിപ്പിച്ചത്. രാജ്യത്തുടനീളം ഇലക്ട്രോണിക്സ് നിർമ്മാണത്തിനായി ഒരു സമഗ്ര ആവാസവ്യവസ്ഥ രൂപപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

നൂതനാശയങ്ങളുടെയും ഗുണനിലവാരത്തിന്റെയും പ്രാധാന്യം പരാമർശിക്കവെ, പല കമ്പനികളും ഇപ്പോൾ ഡിസൈൻ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഓരോ കമ്പനിയും അത്തരം ടീമുകളെ സജ്ജമാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, മേഖലയിലുടനീളം ആറ് സിഗ്മ മാനദണ്ഡങ്ങൾ കൈവരിക്കാൻ ആഹ്വാനം ചെയ്തു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തവർ അവഗണിക്കപ്പെടുമെന്ന മുന്നറിയിപ്പും മന്ത്രി നൽകി. ഡിസൈൻ ശേഷിയിലും ഗുണനിലവാര മികവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇലക്ട്രോണിക്സിൽ ഇന്ത്യയുടെ ആഗോള നേതൃത്വത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

 

നിർമ്മിതബുദ്ധി (AI), ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ എന്നിവയിലെ ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും ശ്രീ വൈഷ്ണവ് വിശദീകരിച്ചു. AI കോശിൽ ഇതിനോടകം 350 ഡാറ്റാസെറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും IIT കൾ വികസിപ്പിച്ച നാല് AI ഉപകരണങ്ങൾ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സാങ്കേതിക-നിയമ പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

അംഗീകാരത്തിന് സജ്ജമായ നിരവധി പദ്ധതികൾ ECMS ന് ഉണ്ടെന്ന് മന്ത്രി അറിയിച്ചു. ആഗോള ഇലക്ട്രോണിക്സ് ഹബ്ബ് എന്ന നിലയിലുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെ തുടക്കം മാത്രമാണിതെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

 

ആഗോള, വ്യാവസായിക, സർക്കാർ മേഖലകളുടെ ശക്തമായ പങ്കാളിത്തം

 

മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, എംബസി പ്രതിനിധികൾ, മുതിർന്ന ആഭ്യന്തര, ആഗോള വ്യവസായ പ്രമുഖർ, ആഭ്യന്തര, ആഗോള വ്യവസായ അസോസിയേഷനുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്ന് 200-ലധികം പേർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.

 

ECMS നായുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയും പോർട്ടലിന്റെയും അനാച്ഛാദനം ഒരു സുപ്രധാന നാഴികക്കല്ലായി മാറി. ഇത് വ്യവസായ പ്രമുഖർ, വ്യവസായ അസോസിയേഷനുകൾ, പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ, വിവിധ എംബസികളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുടെ ശ്രദ്ധ ആകർഷിച്ചു. നാഴികക്കല്ലായി മാറിയ ഈ ഉദ്യമം പ്രധാന പങ്കാളികൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. രാജ്യത്തെ ഘടകഭാഗ നിർമ്മാണ മേഖലയിലുള്ള വ്യാപകമായ താത്പര്യവും പ്രതിബദ്ധതയും ആണ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം വെളിവാക്കുന്നത്.

 

പദ്ധതിയെയും അതിന്റെ മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ചുള്ള അവതരണം, പദ്ധതിയുടെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ച് മാത്രമല്ല അതിന്റെ വ്യതിരിക്തമായ സവിശേഷതകളെക്കുറിച്ചും വിശദീകരിച്ചു. വ്യത്യസ്ത തലങ്ങളിലെ പ്രോത്സാഹനത്തിനായുള്ള നൂതന സമീപനത്തിന് ഊന്നൽ നൽകിക്കൊണ്ട് പദ്ധതിയെരൂപപ്പെടുത്തിയ ചിന്താ പ്രക്രിയയുടെയും തന്ത്രപരമായ പരിഗണനകളുടെയും സമഗ്രമായ അവലോകനം അവതരണത്തിലൂടെ ലഭ്യമായി. ഇദംപ്രഥമമായി ഹൈബ്രിഡ് പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്. പ്രോത്സാഹനങ്ങളും തൊഴിൽ സൃഷ്ടിയും തമ്മിൽ നേരിട്ടുള്ള ബന്ധവും വിശദീകരിക്കപ്പെട്ടു. സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കുമുള്ള അതിന്റെ പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കപ്പെട്ടു.

 

സബ് അസംബ്ലിയെയും ഘടകഭാഗനിർമ്മാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുപരിയായ ലക്ഷ്യങ്ങളും ഈ പദ്ധതിയ്ക്കുണ്ട്- ഘടകഭാഗങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിതരണ ശൃംഖലയെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സമഗ്രമായ സമീപനം പദ്ധതി സ്വീകരിക്കുന്നു. ഘടകഭാഗനിർമ്മാണത്തിന്റെയും സബ് അസംബ്ലിയുടെയും വികസനം ത്വരിതപ്പെടുത്തുന്നതിനും, ഉത്പാദന പ്രക്രിയയെ മുന്നോട്ട് നയിക്കുന്നതിനാവശ്യമായ യന്ത്രങ്ങൾ ഉറപ്പാക്കിക്കൊണ്ട്, മൂലധന ഉപകരണ പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഉത്പാദനത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സബ് അസംബ്ലിയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. കാര്യക്ഷമതയും ഉത്പാദന ശേഷിയും വർദ്ധിപ്പിക്കുന്ന സമഗ്ര സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഈ നിർണ്ണായക വശങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ, പദ്ധതി ശക്തവും, പരസ്പരബന്ധിതവുമായ ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുന്നു.

 

അപേക്ഷകരുടെ പ്രകടനത്തിന് ഈ പദ്ധതി മുന്തിയ പരിഗണന നൽകുന്നു. ആദ്യം വരുന്നവർ ആദ്യം എന്ന സമീപനത്തിന്റെ അടിസ്ഥാനത്തിൽ പ്രോത്സാഹനങ്ങൾ അനുവദിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഈ ഘടന കാര്യക്ഷമത, പരപ്രേരണ കൂടാതെയുള്ള പങ്കാളിത്തം, സമയബന്ധിതമായ അപേക്ഷ സമർപ്പിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. മത്സരാധിഷ്ഠിതവും എന്നാൽ നീതിയുക്തവുമായ അന്തരീക്ഷം വളർത്തിയെടുക്കുന്നു.

 

കൂടാതെ, പദ്ധതിയുടെ നിർവ്വഹണ പ്രക്രിയയെ നിയന്ത്രിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തതയോടെയും കൃത്യതയോടെയും രൂപകൽപ്പന ചെയ്തിട്ടുണ്ട്. അവ ലളിതവും സന്ദേഹരഹിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. ബിസിനസ്സ് സുഗമമാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ബന്ധപ്പെട്ട എല്ലാവർക്കും അനുവർത്തനവും ലാളിത്യവും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നു. അനാവശ്യ സങ്കീർണ്ണതകൾ ഇല്ലാതാക്കുന്നതിലൂടെയും നടപടിക്രമ ആവശ്യകതകൾ സുഗമമാക്കുന്നതിലൂടെയും ഫലപ്രദമായ നിർവ്വഹണത്തെ സുഗമമാക്കുന്നതിനൊപ്പം അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കുന്നു.

 

പരിപാടിയിൽ, വ്യവസായ പ്രമുഖർ കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം (MeitY) ആവിഷ്‌കരിച്ച ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതികളുടെ തടസ്സരഹിതമായ നിർവ്വഹണത്തെ പ്രശംസിച്ചു. ഈ സംരംഭങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിന് അവർ അഭിനന്ദനം അറിയിച്ചു. കൃത്യമായി നിർവചിക്കപ്പെട്ട പ്രക്രിയകൾ പ്രോത്സാഹനങ്ങളുടെ സുഗമവും വേഗത്തിലുള്ളതുമായ വിതരണത്തിന് എങ്ങനെ സഹായകമായെന്ന് വിശദീകരിച്ചു.

 

പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി പങ്കെടുത്ത എല്ലാവർക്കുമൊപ്പം പരിപാടിയുടെ ആരംഭത്തിൽ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഒരു മിനിറ്റ് മൗനം ആചരിച്ചു.

 

കൂടുതൽ വിവരങ്ങൾക്കായി

 

Website: www.ecms.meity.gov.inwww.meity.gov.in

 

Email: ecms-meity@meity.gov.in

 

Contact number: +91-11-24360886

 

*****


(Release ID: 2124691) Visitor Counter : 13