പഞ്ചായത്തീരാജ് മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദേശീയ പഞ്ചായത്തിരാജ് ദിനമായ ഏപ്രിൽ 24 ന് ബീഹാറിലെ മധുബനിയിൽ രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്യും
Posted On:
23 APR 2025 3:53PM by PIB Thiruvananthpuram
പഞ്ചായത്തുകൾക്ക് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി ഭരണഘടനാ പദവി നൽകിയ 1992-ലെ 73-ാമത് ഭരണഘടനാ ഭേദഗതി നിയമത്തിന്റെ മുപ്പത്തിരണ്ടാം വാർഷികം, 2025 ഏപ്രിൽ 24 ന് രാഷ്ട്രം ദേശീയ പഞ്ചായത്തിരാജ് ദിനമായി(NPRD) ആഘോഷിക്കും. ബീഹാറിലെ മധുബനി ജില്ലയിലെ ഝൻഝർപൂർ ബ്ലോക്കിലെ ലോഹ്ന ഉത്തർ ഗ്രാമപഞ്ചായത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ പ്രധാന ചടങ്ങ് നടക്കും. രാജ്യത്തുടനീളമുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളെയും (PRI) ഗ്രാമസഭകളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും 2025 ലെ പ്രത്യേക വിഭാഗത്തിലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും. ഈ വർഷം, ദേശീയ പഞ്ചായത്തിരാജ് ദിനം ഒരു പ്രധാന ദേശീയ പരിപാടിയായി ആഘോഷിക്കുന്നു. ഗ്രാമവികസന മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയം, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, റെയിൽവേ മന്ത്രാലയം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നീ ആറ് കേന്ദ്ര മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുന്നത്. ഈ ചടങ്ങിൽ ഈ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന അടിസ്ഥാന സൗകര്യ, ക്ഷേമ പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും.ഏകദേശം ആകെ 13,500 കോടി രൂപ മൂല്യമുള്ള എൽപിജി ബോട്ടിലിംഗ് പ്ലാന്റുകൾ, വൈദ്യുതീകരണ പദ്ധതികൾ, ഭവന പദ്ധതികൾ, റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ, റോഡ് വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ, അർബൻ), ഡിഎവൈ–എൻആർഎൽഎം എന്നിവയ്ക്ക് കീഴിലുള്ള സാമ്പത്തിക സഹായവും പരിപാടിയിൽ വിതരണം ചെയ്യും. ഈ സംരംഭങ്ങളിലൂടെ, ഗ്രാമീണ മേഖലയ്ക്ക് പ്രത്യേകിച്ച് ബീഹാറിലെ ഗ്രാമപ്രദേശങ്ങൾക്ക്, മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങൾ, സേവനങ്ങൾ, സാമ്പത്തിക അവസരം എന്നിവയിലൂടെ വളരെയധികം പ്രയോജനം ലഭിക്കും.
ഗ്രാമപഞ്ചായത്ത് തലത്തിൽ നിന്നുള്ള പഞ്ചായത്ത് ദിന ആഘോഷം, വികസിത പഞ്ചായത്തുകളാണ് വികസിത ഭാരതിന്റെ ദൃഢമായ അടിത്തറ എന്ന ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയെ ഉറപ്പിക്കുന്നു
2025 ലെ പ്രത്യേക വിഭാഗ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളെക്കുറിച്ച്:
ക്ലൈമറ്റ് ആക്ഷൻ സ്പെഷ്യൽ പഞ്ചായത്ത് അവാർഡ് (CASPA), ആത്മനിർഭർ പഞ്ചായത്ത് സ്പെഷ്യൽ അവാർഡ് (ANPSA), പഞ്ചായത്ത് ക്ഷമത നിർമാൺ സർവോത്തം സൻസ്ഥാൻ പുരസ്‌കാരം (PKNSSP) എന്നിവ ഈ പുരസ്കാരങ്ങളിൽ ഉൾപ്പെടുന്നു. കാലാവസ്ഥാമാറ്റ പ്രതിരോധം, സാമ്പത്തിക സ്വാശ്രയത്വം, ശേഷി വികസനം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രകടനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുക എന്നതാണ് പുരസ്കാരങ്ങളുടെ ലക്ഷ്യം. ബീഹാർ, മഹാരാഷ്ട്ര, ഒഡീഷ, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, അസം എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. അവാർഡ് ലഭിച്ച ആറ് ഗ്രാമപഞ്ചായത്തുകളിൽ മൂന്നെണ്ണം - മോത്തിപൂർ (ബീഹാർ), ദവ്വ എസ് (മഹാരാഷ്ട്ര), ഹത്ബദ്ര (ഒഡീഷ) എന്നിവ - വനിതാ സർപഞ്ചുമാരാണ് നയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് അടിസ്ഥാനതലത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃസംവിധാനം എന്ന നയത്തെ പ്രതിഫലിപ്പിക്കുന്നു.
*****
(Release ID: 2123989)
Visitor Counter : 41