WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

WAVES 2025 ൽ ഭാരത് പവലിയൻ അനാച്ഛാദനം ചെയ്യും

ഇന്ത്യയുടെ സാംസ്കാരിക വൈഭവത്തിന്റെയും മാധ്യമ പരിണാമത്തിന്റെയും ഒരു യാത്രാനുഭവം

 Posted On: 22 APR 2025 6:51PM |   Location: PIB Thiruvananthpuram
മുംബൈയിൽ  ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയായ WAVES 2025 ന് ലോകം ഒത്തുകൂടുമ്പോൾ, ഇന്ത്യയുടെ  കഥപറച്ചിലിന്റെ സമ്പന്നമായ പൈതൃകത്തിനും ആഗോള മാധ്യമ, വിനോദ മേഖലയിൽ രാജ്യത്തിന്റെ വളർന്നുവരുന്ന സ്വാധീനത്തിനും ഊർജസ്വലമായ ആദരമായി 'ഭാരത് പവലിയൻ ഇന്ത്യ' അഭിമാനത്തോടെ അനാച്ഛാദനം ചെയ്യും.

"കല ടു കോഡ്" എന്ന പ്രമേയത്തിലുള്ള പവലിയൻ ഇന്ത്യയുടെ വസുധൈവ കുടുംബകം - ലോകം ഒരു കുടുംബമാണ് - എന്ന ചൈതന്യത്തെ ആഘോഷിക്കുകയും രാജ്യത്തിന്റെ കലാ പാരമ്പര്യങ്ങൾ, കാലങ്ങളായി സർഗ്ഗാത്മകതയുടെയും ഐക്യത്തിന്റെയും സാംസ്കാരിക നയതന്ത്രത്തിന്റെയും  ദീപസ്തംഭമായി  വർത്തിക്കുന്നതെങ്ങനെ എന്ന് പ്രദർശിപ്പിക്കും

പാരമ്പര്യത്തിൽ വേരൂന്നിയതും നൂതനാശയങ്ങളാൽ  നയിക്കപ്പെടുന്നതുമായ ഇന്ത്യ ഇപ്പോൾ ഭാവിയിലേക്ക് നോക്കുകയാണ്  - കഥപറച്ചിൽ, സാങ്കേതികവിദ്യ, പരിവർത്തനാത്മക സാംസ്കാരിക കൈമാറ്റം എന്നിവയിൽ ലോകത്തെ നയിക്കാൻ ഇന്ത്യ ഇപ്പോൾ സജ്ജമായിരിക്കുന്നു.

 ഭാരത് പവലിയന്റെ അടിസ്ഥാനമായി   നാല്മേഖലകളുണ്ട്. അവ സന്ദർശകരെ ഇന്ത്യയുടെ കഥപറച്ചിൽ പാരമ്പര്യങ്ങളുടെ ചരിത്രത്തിലൂടെ നയിക്കും.

ശ്രുതി - വേദമന്ത്രങ്ങൾ, നാടോടി കവിതകൾ  മുതൽ ശാസ്ത്രീയ സംഗീതം, റേഡിയോ, സംസാരരീതികൾ വരെയുള്ള വാമൊഴി പാരമ്പര്യങ്ങളെ എടുത്തുകാണിക്കുന്നു.

കൃതി - ലിഖിത പൈതൃകങ്ങളെ എടുത്തുകാണിക്കുന്നു.ഗുഹകളിലെ ചുവർ രചനകളിൽ നിന്നും തുടങ്ങി താളിയോല കൈയെഴുത്തുപ്രതികളുടെയും അച്ചടി മാധ്യമങ്ങളുടെയും സാഹിത്യത്തിന്റെയും ആധുനിക പ്രസിദ്ധീകരണത്തിന്റെയും പരിണാമത്തിലേക്കുള്ള യാത്ര അനാവരണം ചെയ്യുന്നു

ദൃഷ്ടി - പുരാതന നൃത്തരൂപങ്ങൾ, പാവകളി, നാടോടി നാടകങ്ങൾ എന്നിവയിൽ തുടങ്ങി ഇന്ത്യയുടെ സിനിമ, ടെലിവിഷൻ, ഡിജിറ്റൽ, മേഖലകളിലെ കഥപറച്ചിൽ രീതികളുടെ  ദൃശ്യ ആവിഷ്കാരങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.

സ്രഷ്ടാവിന്റെ കുതിപ്പ്-   അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കഥപറച്ചിലിന്റെ ഭാവി പ്രദർശിപ്പിക്കുന്നു

ഈ അനുഭവ മേഖലകളിലൂടെ, ഇന്ത്യയുടെ കാലാതീതമായ ആഖ്യാനങ്ങൾ ശക്തമായ ആധുനിക മാധ്യമ മാതൃകകളായി പരിണമിച്ച വിധം മനസ്സിലാക്കാൻ സന്ദർശകരെ ക്ഷണിക്കുന്നു. ഓംകാരത്തിന്റെ  പ്രതിധ്വനികൾ മുതൽ തബലയുടെ താളം വരെ, ഭീംബട്കയുടെ ശിലാലിഖിതങ്ങൾ മുതൽ ഇന്നത്തെ ഡിജിറ്റൽ സ്‌ക്രീനുകൾ വരെ, നടരാജ നൃത്തം മുതൽ സിനിമാറ്റിക് ബ്ലോക്ക്ബസ്റ്ററുകൾ വരെ - ഇന്ത്യ ആഗോള കഥാലോകത്തെ എങ്ങനെ രൂപപ്പെടുത്തിഎന്നും എങ്ങനെ അത് തുടർന്നുകൊണ്ടിരിക്കുന്നു എന്നുമുള്ളതിന്റെ ഒരു ജീവസുറ്റ ശേഖരമായിരിക്കും ഈ പവലിയൻ.

എന്നാൽ കേവലം ഒരു സാംസ്കാരിക പ്രദർശനം എന്നതിലുപരി - ഇന്ത്യയുടെ സർഗാത്മക പ്രതിഭയുടെയും  ഭാവി കാഴ്ചപ്പാടിന്റെയും പ്രഖ്യാപനമാണിത്. നിരവധി OTT പ്ലാറ്റ്‌ഫോമുകൾ, സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള മൊബൈൽ പ്രേക്ഷകർ, ലോകോത്തര VFX, ഗെയിമിംഗ്, ആനിമേഷൻ സ്റ്റുഡിയോകൾ, വളർന്നുവരുന്ന   സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ എന്നിവ കൊണ്ട്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മാധ്യമ, വിനോദ വിപണികളിൽ ഒന്നായി ഇന്ത്യ നിലകൊള്ളുന്നു.

 മാധ്യമ,വിനോദ ആവാസവ്യവസ്ഥയിലുടനീളമുള്ള സ്രഷ്ടാക്കൾ, സഹകാരികൾ, മാറ്റത്തിന്റെ വക്താക്കൾ എന്നിവർക്കുള്ള ഒരു ചലനാത്മക പ്ലാറ്റ്‌ഫോമായി ഭാരത് പവലിയൻ നിലകൊള്ളുന്നു. ഇന്ത്യയുടെ അസാധാരണമായ പ്രതിഭാ ശേഷി , നൂതന കഥപറച്ചിൽ സാങ്കേതികവിദ്യകൾ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണി സാധ്യതകൾ എന്നിവയുമായി ബന്ധപ്പെടാൻ പങ്കാളികൾക്ക് ഇത് ഒരു അമൂല്യ അവസരം നൽകും. സാംസ്കാരിക പൈതൃകത്തിന്റെ ഒരു പ്രദർശനം എന്നതിലുപരി, പരസ്പര സാംസ്കാരിക പങ്കാളിത്തങ്ങളും നിക്ഷേപവും വളർത്തിയെടുക്കുന്നതിനുള്ള ഗവൺമെന്റിന്റെ  ശക്തമായ പിന്തുണയുടെ പ്രതിഫലനമായിരിക്കും ഭാരത് പവലിയൻ. ഇതിലൂടെ സർഗാത്മക നൂതനാശയങ്ങൾക്കും  സഹകരണത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായി  ഇന്ത്യ സ്വയം സ്ഥാപിക്കുന്നു.

WAVES 2025 ലെ ഭാരത് പവലിയനിൽ പുരാതന ആവേശം അത്യന്താധുനിക നൂതനാശയങ്ങളുമായി ചേരുന്നു. സമ്പന്നമായ സാംസ്കാരിക പാരമ്പര്യം, സമാനതകളില്ലാത്ത സർഗ്ഗശേഷി , ലോകോത്തര സാങ്കേതിക ശേഷി എന്നിവയാൽ; ലോകത്തെ ആകർഷിക്കാനും പ്രചോദിപ്പിക്കാനും കഴിവുള്ള ഇന്ത്യ, ആഗോള മാധ്യമ വിനോദ മേഖലയിലെ നേതൃനിരയിൽ  ഉയർന്നുവരാൻ സർവസജ്ജമായിരിക്കുന്നു
 
വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ്  ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
 
SKY
 
*****

Release ID: (Release ID: 2123742)   |   Visitor Counter: 19