ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും  കോച്ചിംഗ് മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും  (2024)  കർശനമായി പാലിക്കണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, (സിസിപിഎ) കോച്ചിംഗ് സെന്ററുകൾക്ക് നിർദ്ദേശം നൽകി.

Posted On: 17 APR 2025 12:46PM by PIB Thiruvananthpuram
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമവും, മത്സര പരീക്ഷപരിശീലന മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും (2024) കർശനമായി പാലിക്കണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ), ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി

 മത്സര പരീക്ഷ  പരിശീലന സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കൃത്യവും വ്യക്തവുമായിരിക്കണം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉണ്ടാകാനോ, പ്രധാനപ്പെട്ട വിവരങ്ങൾ മറച്ചുവെക്കാനോ പാടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.കൂടാതെ, 'ഉറപ്പായ' വിജയം പോലുള്ള വാഗ്ദാനങ്ങൾ കോച്ചിംഗ് സെന്ററുകൾ ഒഴിവാക്കണം. വിദ്യാർത്ഥിയുടെ പേര്, റാങ്ക്, ഏത് ഇനം കോഴ്‌സ് , കോഴ്‌സിന് പണം നൽകിയിട്ടുണ്ടോ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിശദാംശങ്ങൾ പരിശീലന സ്ഥാപനങ്ങൾ അവരുടെ പരസ്യങ്ങളിൽ വ്യക്തമായി ഉൾപ്പെടുത്തണം. ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ മറ്റ് പ്രധാന വിവരങ്ങളുടെ അതേ അക്ഷര വലുപ്പത്തിൽ 'മറ്റു വ്യവസ്ഥകൾ' വ്യക്തമായി പ്രദർശിപ്പിക്കണം.

 IIT-JEE, NEET തുടങ്ങിയ പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിന് പിന്നാലെ, മത്സര പരീക്ഷാ പരിശീലന മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ- 2024, പരിശീലന സ്ഥാപനങ്ങൾ പാലിക്കുന്നില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു.

 ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും ലംഘനം കണക്കിലെടുത്ത്, താഴെപ്പറയുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സിസിപിഎ അടുത്തിടെ ചില പരിശീലന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി:

• പ്ലേസ്മെന്റ്/സെലക്ഷൻ ഉറപ്പ്
•JEE/NEET-ൽ റാങ്ക് ഉറപ്പ്
•ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം
•തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം,
•വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകാതിരിക്കൽ, പ്രവേശനം റദ്ദാക്കിയെങ്കിലും ഫീസ് തിരികെ നൽകാതിരിക്കൽ, സേവനത്തിലെ പോരായ്മ, ഫീസിന്റെ റീഫണ്ട് നൽകാതിരിക്കൽ/ഭാഗികമായി നൽകൽ എന്നിവ ഉൾപ്പെടെയുള്ള അന്യായമായ രീതികൾ.

 മുകളിൽ സൂചിപ്പിച്ച അവകാശവാദങ്ങളും രീതികളും, 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പ് - 2(28), 2 (47), മത്സര പരീക്ഷപരിശീലന മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ 2024 എന്നിവയുടെ വിവിധ വ്യവസ്ഥകൾ ലംഘിക്കുന്നതായി നിരീക്ഷിക്കുന്നു.

 മത്സരപരീക്ഷ പരിശീലന മേഖലയിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ(2024), 2024 നവംബർ 13 ന് പുറപ്പെടുവിച്ചു. പരിശീലന സ്ഥാപനങ്ങൾ അവരുടെ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവകാശവാദങ്ങൾ/പരസ്യങ്ങൾ നൽകുന്നതും വഞ്ചനാപരമോ അന്യായമോ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഈ മാർഗ്ഗനിർദ്ദേശങ്ങളിലൂടെ നിരോധിച്ചിരിക്കുന്നു. കൂടാതെ വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും തെറ്റായ വാഗ്ദാനങ്ങളാൽ അവർ വഴിതെറ്റിക്കപ്പെടുകയോ അന്യായമായ കരാറുകളിലേക്ക് നിർബന്ധിതരാകുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ. കൃത്യവും സത്യസന്ധവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും അനുയോജ്യമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിനും മത്സര പരീക്ഷ പരിശീലന മേഖലയിലെ സുതാര്യതയും നീതിയും വർദ്ധിപ്പിക്കുന്നതിനുമായാണ് മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള ചട്ടങ്ങൾക്ക് അനുബന്ധമായാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മത്സര പരീക്ഷാ പരിശീലന മേഖലയിലെ പരസ്യങ്ങളുടെ നിയന്ത്രണ ചട്ടക്കൂടിനെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മത്സര പരീക്ഷ പരിശീലന മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കത്തിൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അന്യായമായ വിപണന രീതികൾ, പരിശീലന സ്ഥാപനങ്ങളുടെ ഉപഭോക്തൃ അവകാശ ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ CCPA നടപടി സ്വീകരിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട്, സിസിപിഎ  49 നോട്ടീസുകൾ നൽകുകയും 24 കോച്ചിംഗ് സെന്ററുകൾക്കായി ആകെ 77.60 ലക്ഷം രൂപ പിഴ ചുമത്തുകയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അന്യായമായ വ്യാപാര രീതികളും നിർത്തലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

UPSC CSE, IIT-JEE, NEET, RBI, NABARD തുടങ്ങിയ മത്സര പരീക്ഷകൾക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പരിശീലന സ്ഥാപനങ്ങളുടെ അന്യായ രീതികൾക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് വിരുദ്ധമായി തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ നിർമ്മിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധത കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റി ആവർത്തിച്ച് ഉറപ്പാക്കുന്നു
 
SKY
 
*****

(Release ID: 2122387)