വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

മിഷൻ ശക്തിയുടെ കീഴിൽ നടപ്പാക്കുന്ന പാൽന പദ്ധതി

വനിതാ ശാക്തീകരണത്തിലും ശിശു സംരക്ഷണത്തിലും മാതൃക

Posted On: 07 APR 2025 4:13PM by PIB Thiruvananthpuram
ആമുഖം


വനിതകളുടെ വിദ്യാഭ്യാസം, നൈപുണ്യവത്ക്കരണം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട സർക്കാരിന്റെ സുസ്ഥിര സംരംഭങ്ങൾ അവരുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ വനിതകൾ ഇപ്പോൾ വീടിനുള്ളിലും പുറത്തും ഏർപ്പെടാവുന്ന ജോലികളിലെല്ലാം വളരെക്കൂടുതലായി വ്യാപൃതരാവുകയും ലാഭകരമായ ജീവിതവൃത്തികൾ സ്വീകരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദശകങ്ങളിലായി അണുകുടുംബങ്ങളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ദൃശ്യമായിട്ടുണ്ട്. മുമ്പ് ജോലിക്ക്  പോകുന്ന വനിതകൾക്ക് കൂട്ടുകുടുംബങ്ങളിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നു. എന്നാലിന്ന് അത്തരം വനിതകളുടെ  കുട്ടികൾക്ക് ഗുണനിലവാരമുള്ള പരിചരണവും സംരക്ഷണവും നൽകുന്ന ഡേ കെയർ സേവനങ്ങൾ അനിവാര്യമായിത്തീർന്നിരിക്കുന്നു. മികച്ച ഡേ-കെയർ സേവനങ്ങളുടെ അഭാവം പലപ്പോഴും പുറത്തുപോയി ജോലി ചെയ്യുന്നതിന് വനിതകൾക്ക് ഒരു തടസ്സമാണ്. കുട്ടികൾക്ക് ഗുണനിലവാരമുള്ള ശിശു പരിചരണവും സംരക്ഷണവും ഏർപ്പാടാക്കുന്നതിൽ ജോലിയെടുക്കുന്ന അമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്, പാൽന പദ്ധതി മുഖേന ഡേ-കെയർ, ക്രെഷ് സൗകര്യങ്ങൾ ഒരുക്കുന്നു. നാളിതുവരെ വീട്ടുജോലിയുടെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്ന ശിശു സംരക്ഷണ ഉത്തരവാദിത്തങ്ങളെ ക്രെഷ് സേവനങ്ങൾ ഔപചാരികമാക്കുന്നു. പരിചരണ ജോലിയുടെ ഔപചാരികവത്ക്കരണം സുസ്ഥിര വികസന ലക്ഷ്യം 8 ന്റെ ഭാഗമായ - മാന്യമായ ജോലി ചെയ്യുന്നതിനും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനുള്ള "മാന്യമായ തെഴിൽ പ്രചാരണ" ത്തെ പിന്തുണയ്ക്കുന്നു. ശമ്പളമില്ലാത്ത ശിശു സംരക്ഷണ ഉത്തരവാദിത്തങ്ങളിൽ നിന്ന് മുക്തരായി ആദായകരമായ ജോലികൾ ഏറ്റെടുക്കാൻ ഇത് അമ്മമാരെ പ്രാപ്തരാക്കും.


 

2022-ൽ, പഴയ നാഷണൽ ക്രെഷ് സ്കീം പുനഃസംഘടിപ്പിച്ച് 'മിഷൻ ശക്തി'യ്ക്ക് കീഴിലുള്ള  'സാമർത്ഥ്യ'  ഉപപദ്ധതിയുടെ ഭാഗമാക്കി പാൽന പദ്ധതി എന്ന് പുനർനാമകരണം ചെയ്തു. മികച്ച രീതിയിലുള്ള ദൈനംദിന നിരീക്ഷണവും പദ്ധതി നടത്തിപ്പും  ഉറപ്പാക്കുന്നതിന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ  സർക്കാരുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് പാൽന. കേന്ദ്രസർക്കാരും, സംസ്ഥാന സർക്കാരുകളും /നിയമനിർമ്മാണസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളും  60:40 അനുപാതത്തിലുള്ള പദ്ധതിവിഹിതത്തോടെ പാൽന നടപ്പിലാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പ്രത്യേക വിഭാഗത്തിലുള്ള സംസ്ഥാനങ്ങളും 90:10 അനുപാതത്തിലും, നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾ 100% കേന്ദ്രവിഹിതത്തിലും പാൽന നടപ്പാക്കുന്നു.

Region

Centre's Share

State/UT Share

General States

60%

40%

North-Eastern and Special Category States

90%

10%

UTs with Legislature

60%

40%

UTs without Legislature

100%

0%

 
പാൽന പദ്ധതിയുടെ ലക്ഷ്യങ്ങൾ

6 മാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ അന്തരീക്ഷത്തിൽ ഗുണനിലവാരമുള്ള ക്രെഷ് സൗകര്യം, പോഷകാഹാര പിന്തുണ, കുട്ടികളുടെ ആരോഗ്യവും വൈജ്ഞാനിക വികസനവും, വളർച്ചാ നിരീക്ഷണവും പ്രതിരോധ കുത്തിവയ്പ്പും എന്നിവ ഉറപ്പാക്കുകയാണ് പാൽന പദ്ധതിയുടെ ലക്ഷ്യം. പാൽനയ്ക്ക് കീഴിലുള്ള ക്രെഷ് സൗകര്യങ്ങൾ എല്ലാ അമ്മമാർക്കും, തൊഴിൽ ഭേദമെന്യേ ലഭ്യമാണ്.


 

മുകളിൽ പറഞ്ഞ പ്രാഥമിക ലക്ഷ്യത്തിന് പുറമേ, സ്ഥാപനങ്ങൾ ക്രെഷ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസവാനുകൂല്യ നിയമത്തിലെ സെക്ഷൻ 11A-യിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതും മറ്റൊരു ലക്ഷ്യമാണ്. ഈ ആവശ്യത്തിനായി, പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനും നിയമപ്രകാരം സ്ഥാപിച്ച ക്രെഷുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നതിനും സ്ഥാപനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി അതത് സംസ്ഥാന/  കേന്ദ്രഭരണ പ്രദേശങ്ങളിലെ തൊഴിൽ വകുപ്പുകളുമായി  യോജിച്ച് ഒരു അപേക്ഷ/പോർട്ടൽ ഹോസ്റ്റുചെയ്യുന്നതിനുള്ള സാധ്യത സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ പരിശോധിക്കും.

പാൽനയ്ക്ക് കീഴിലുള്ള സമഗ്ര സേവന പാക്കേജ്

മിഷൻ ശക്തി പദ്ധതിയ്ക്ക് കീഴിലുളള  പാൽന സംരംഭം 6 മാസം മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സമഗ്രമായ സേവനങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. മിഷൻ പോഷൺ 2.0 യുമായി സമന്വയിപ്പിച്ച് ശൈശവകാല പരിചരണം, വികസനം, പോഷകാഹാരം എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് ഈ സേവനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രധാന സേവനങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • ഉറക്കത്തിനുള്ള ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള പകൽ പരിചരണ സൗകര്യങ്ങൾ
  • 3 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ആദ്യകാല പ്രോത്സാഹന പ്രവർത്തനങ്ങൾ
  • 3 മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള പ്രീ-സ്കൂൾ വിദ്യാഭ്യാസം
  • പ്രാദേശികമായി ലഭിക്കുന്ന അനുബന്ധ പോഷകാഹാരം
  • വളർച്ചാ നിരീക്ഷണം, ആരോഗ്യ പരിശോധനകൾ, രോഗപ്രതിരോധ പിന്തുണ

 

ശിശുസംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ക്രെഷ് സൗകര്യം നിർബന്ധമാക്കുന്നതിനായി പ്രസവാനുകൂല്യ നിയമത്തിൽ  തൊഴിൽ മന്ത്രാലയം ഭേദഗതി വരുത്തി.


അംഗൻവാടി കം ക്രെഷുകൾ (AWCC)

പാൽനയിൽ രണ്ട് തരം ക്രെഷുകൾ ഉണ്ട്: സമർപ്പിത ക്രെഷുകൾ, അംഗൻവാടി -കം-ക്രെഷുകൾ (AWCC). മിഷൻ ശക്തി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സമർപ്പിത ക്രെഷുകളിൽ, ഒരു ക്രെഷ് വർക്കർ, ഒരു ക്രെഷ് ഹെൽപ്പർ എന്നിവരെ നിയമിച്ചിട്ടുണ്ട്. അതുപോലെ, അംഗൻവാടി കം ക്രെഷുകൾക്ക്, നിലവിലുള്ള അംഗൻവാടി വർക്കർ, അംഗൻവാടി ഹെൽപ്പർ എന്നിവർക്ക് പുറമേ, ഒരു ക്രെഷ് ഹെൽപ്പർ, ക്രെഷ് വർക്കർ എന്നിവരെയും  നിയമിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവൻ കുട്ടികൾക്കും പരിചരണ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും പിന്തുണയും നൽകുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശിശുസംരക്ഷണ സ്ഥാപനങ്ങളാണ് അംഗൻവാടി കേന്ദ്രങ്ങൾ. സമ്പദ്‌വ്യവസ്ഥയിൽ 'വനിതകളുടെ തൊഴിൽ പങ്കാളിത്തം' വർദ്ധിപ്പിക്കുക എന്നതാണ് അംഗൻവാടി കം ക്രെഷ് സംരംഭത്തിന്റെ ലക്ഷ്യം. 2024-25 വർഷത്തിൽ പാൽന പദ്ധതിയ്ക്ക് കീഴിൽ 17,000 പുതിയ അംഗൻവാടി കം ക്രെഷുകൾ സ്ഥാപിക്കാനാണ് വനിതാ-ശിശു വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പ്രകാരം 2025 മാർച്ച് വരെ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 11,395 അംഗൻവാടി കം ക്രെഷുകൾ അംഗീകരിച്ചു.


 

അംഗൻവാടി പ്രവർത്തകരുടെ മേൽനോട്ടത്തിലുള്ള ക്രെഷ് പ്രവർത്തകർ ക്രെഷിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ശരിയായ പരിചരണവും സുരക്ഷയും ഉറപ്പാക്കുന്നു:

  • കുട്ടികളുടെ ഉറക്കത്തിനും വിശ്രമത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക .
  • വ്യക്തിഗത ശുചിത്വം ഉറപ്പാക്കുന്ന ക്രെഷ് ഹെൽപ്പർ ഓരോ കുട്ടിയെയും വ്യക്തിഗത ശുചിത്വം പാലിക്കാൻ സാഹായിക്കുകയും ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുകയും ശൗചാലയ ശീലങ്ങൾ പരിശീലിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ശരിയായ ശൗചാലയ ശീലങ്ങളും ശൗചാലയ പരിശീലനവും ഉറപ്പാക്കുന്നു.
  • ആശ/AWW/പ്രാഥമിക ആരോഗ്യ കേന്ദ്രം (PHC)/AWC എന്നിവയുമായി ബന്ധപ്പെട്ട് പതിവായി ആരോഗ്യ പരിശോധനകളും നിരീക്ഷണങ്ങളും നടത്തുക.
  • ഭക്ഷണം ശുചിത്വമുള്ളതാണെന്നും, ഉചിതമായ രീതിയിൽ പാകം ചെയ്ത് സൂക്ഷിക്കുന്നുണ്ടെന്നും, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് നൽകുന്നുണ്ടെന്നും ഉറപ്പാക്കുക.
  • കുട്ടിയെ കൊണ്ടുപോകുന്നതിനും കൈമാറുന്നതിനും കുട്ടികൾക്ക് നൽകുന്ന കളിപ്പാട്ടങ്ങളുടെയും മറ്റ് വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനും സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുക.


 

അംഗൻവാടി കം ക്രെഷ് പദ്ധതി, ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസ്, പോഷൻ എന്നിവയുമായി സഹകരിച്ച് മന്ത്രാലയങ്ങൾ തമ്മിലുള്ള സംയോജനത്തോടെയാണ് നടപ്പിലാക്കുന്നത്. തൊഴിൽ നിയമങ്ങൾ, പ്രസവാനുകൂല്യ നിയമം എന്നിവയ്ക്ക് കീഴിലുള്ള ചട്ടങ്ങൾ ഇത് പാലിക്കുന്നു. 2025 ഫെബ്രുവരി വരെ, 1,761 അംഗൻവാടി ക്രെഷ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 28,783  ഗുണഭോക്താക്കളുമുണ്ട്. ഇതിനുപുറമെ, രാജ്യത്തുടനീളം 1,284 സമർപ്പിത ക്രെഷുകളും പ്രവർത്തിക്കുന്നുണ്ട്, 23,368 ഗുണഭോക്താക്കളുമുണ്ട്.

പാൽന പദ്ധതിയ്ക്ക് കീഴിലുള്ള ക്രെഷ് പ്രവർത്തനം


 

പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ക്രെഷ് സമയം മാറ്റാവുന്നതാണെന്ന് മിഷൻ ശക്തി മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. പ്രദേശത്തെ ഭൂരിഭാഗം അമ്മമാരുടെയും ജോലിയുടെ സമയക്രമം   അനുസരിച്ച് ക്രെഷ് സമയക്രമം മാസത്തിൽ 26 ദിവസം, പ്രതിദിനം ഏഴര (7.5) മണിക്കൂർ എന്ന  കണക്കിലായിരിക്കും. പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്ക് ക്രെഷ് സമയക്രമം തീരുമാനിക്കാമെന്ന് AWCC-കൾക്കുള്ള അടിസ്ഥാന നടപടിക്രമങ്ങൾ പറയുന്നു. എന്നിരുന്നാലും, ജോലി ചെയ്യുന്ന അമ്മമാർക്ക് സൗകര്യപ്രദമാകുന്ന സമയം ഉറപ്പാക്കേണ്ടതുണ്ട്.

പാൽനയ്ക്ക് കീഴിലുള്ള ക്രെഷ് വർക്കേഴ്‌സും ക്രെഷ് ഹെൽപ്പർമാരും ഓണററി തൊഴിലാളികളാണ്. ക്രെഷ് വർക്കേഴ്‌സിനോ ക്രെഷ് ഹെൽപ്പർമാർക്കോ ശമ്പളമോ വേതനമോ വ്യവസ്ഥ ചെയ്തിട്ടില്ല. എന്നിരുന്നാലും, പദ്ധതി മാർഗ്ഗനിർദ്ദേശങ്ങളിൽ ക്രെഷ് വർക്കേഴ്‌സിനും ക്രെഷ് ഹെൽപ്പർമാർക്കും ഓണറേറിയം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്. ഓണറേറിയത്തിന്റെ തുക ക്രെഷ് ഏതു വിഭാഗത്തിൽപ്പെടുന്നു എന്നതനുസരിച്ചാണ്. താഴെപ്പറയുന്ന രീതിയിൽ അത് വിശദമാക്കിയിരിക്കുന്നു:

Type of Creche

Creche Worker

Creche Helper

Standalone Creche

Rs. 6,500

Rs. 3,250

AWCC

Rs. 5,500

Rs. 3,000


കേന്ദ്ര പദ്ധതിയായ പാൽന, അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ  സർക്കാരുകൾ വഴിയാണ് നടപ്പിലാക്കുന്നത്. അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ക്രെഷ് വർക്കേഴ്‌സ്/ഹെൽപ്പർമാർക്ക്  സ്വന്തം ഫണ്ടിൽ നിന്ന്  അധിക ഓണറേറിയം നൽകാവുന്നതാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമോ തടസ്സമോ ഇല്ല.

പാൽന പദ്ധതി അവതരിപ്പിച്ചതിനുശേഷം അനുവദിച്ചതും വിതരണം ചെയ്തതുമായ ഫണ്ടുകൾ സംബന്ധിച്ച് താഴെ വിശദീകരിച്ചിരിക്കുന്നു:

 

 (Amount in Crores)

Financial Year

2022-23

2023-24

2024-25

Amount Allocated

35

85

150.11

Amount Released

4.68

64.15

43.66*


*2024 ഡിസംബർ 19 ലെ ഡാറ്റ
 

ഗുണനിലവാരമുള്ള പരിചരണവും വ്യക്തിഗത ശ്രദ്ധയും ഉറപ്പാക്കുന്നതിന്, ഓരോ ക്രെഷിലും പരമാവധി 25 കുട്ടികൾ മാത്രം എന്ന നിലയിൽ  പരിമിതപ്പെടുത്തിയിരിക്കുന്നു. ശിശുക്കൾക്ക് സുഗമമായ പരിചരണം ലഭിക്കാനും മുലയൂട്ടലിലെ നൈരന്തര്യം ഉറപ്പാക്കാനും, ക്രെഷുകൾ  

കുട്ടികളുടെ താമസ സ്ഥലത്തിനടുത്ത് അല്ലെങ്കിൽ അമ്മമാരുടെ ജോലി സ്ഥലത്തിനടുത്ത്  (0.5–1 കിലോമീറ്റർ നടക്കാനുള്ള ദൂരത്തിനുള്ളിൽ) ആയിരിക്കണം.

ഈ സാമീപ്യം രക്ഷിതാവും കുട്ടിയുമായുള്ള ഇടപഴകലിനെ പിന്തുണയ്ക്കുകയും, അടിയന്തര സാഹചര്യങ്ങളിലും,  പതിവായും കുട്ടികളെ കൊണ്ടുവരുന്നതിലും കൊണ്ടു പോകുന്നതിനും  സഹായകമായിത്തീരുകയും ചെയ്യുന്നു.


 

ഉപസംഹാരം

6 മാസം മുതൽ 6 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സുരക്ഷയും പരിലാളനയും ലഭ്യമാക്കി, അവരുടെ വികാസത്തിന് അനുയോജ്യമായ അന്തരീക്ഷം സംജാതമാക്കുന്നതിലൂടെ, പാൽന പദ്ധതി കുട്ടികൾക്ക് സമഗ്രമായ പരിചരണം, പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. പ്രധാനപ്പെട്ട മന്ത്രാലയങ്ങളുടെ സമന്വയത്തിലൂടെയും പ്രാദേശിക ആവശ്യതകളോട് പൊരുത്തപ്പെടാനുള്ള ശേഷിയിലൂടെയും, ആരോഗ്യകരവും സർവ്വാശ്ലേഷിയും  ലിംഗഭേദരഹിതവുമായ ഒരു സമൂഹത്തിനുള്ള അടിത്തറ പാൽന പദ്ധതി ശക്തിപ്പെടുത്തുന്നു.

അവലംബം:

https://wcdhry.gov.in/gallery/haryana-creche/

https://pib.gov.in/PressReleasePage.aspx?PRID=2100650

https://missionshakti.wcd.gov.in/statisticsPalna

https://pib.gov.in/PressReleaseIframePage.aspx?PRID=1989473

https://wcd.delhi.gov.in/sites/default/files/WCD/universal-tab/palna_scheme_under_mission_shakti.pdf

https://pib.gov.in/PressReleseDetailm.aspx?PRID=2115235

https://sansad.in/getFile/loksabhaquestions/annex/183/AU4233_BcWNDn.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/184/AU3455_1Tt0mw.pdf?source=pqals

https://static.pib.gov.in/WriteReadData/specificdocs/documents/2024/mar/doc202435319501.pdf

https://missionshakti.wcd.gov.in/public/documents/whatsnew/Approved_AWCC_Sop.pdf

https://wcd.delhi.gov.in/sites/default/files/WCD/universal-tab/palna_scheme_under_mission_shakti.pdf

Click here to see in PDF

 
*****************

(Release ID: 2121759)