പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു
വികസിത ഭാരതത്തിനായി വികസിത ഹരിയാന; ഇതാണ് ഞങ്ങളുടെ ദൃഢനിശ്ചയം: പ്രധാനമന്ത്രി
രാജ്യത്ത് വൈദ്യുതി ഉൽപ്പാദനം വര്‍ദ്ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം; വൈദ്യുതിയുടെ അഭാവം രാഷ്ട്രനിര്‍മ്മാണത്തിന് തടസ്സമാകരുത്: പ്രധാനമന്ത്രി
സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്‍ പൂജ്യമായി കുറയ്ക്കാന്‍ പിഎം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയ്ക്ക് കഴിയും: പ്രധാനമന്ത്രി
ഹരിയാനയിലെ കര്‍ഷകരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം: പ്രധാനമന്ത്രി
Posted On:
14 APR 2025 3:12PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ യമുന നഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഹരിയാനയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സരസ്വതി ദേവിയുടെ ഉത്ഭവം, മന്ത്രദേവിയുടെ വാസസ്ഥലം, പഞ്ചമുഖി ഹനുമാന്‍ ജിയുടെ സ്ഥലം, അനുഗൃഹീതമായ കപാല്‍മോചന്‍ സാഹിബ് എന്നിവയെക്കുറിച്ച് പറഞ്ഞുകൊണ്ട് ഹരിയാനയിലെ പുണ്യഭൂമിക്ക് ആദരം അര്‍പ്പിച്ചു. സംസ്‌കാരം, ഭക്തി, സമർപ്പണം എന്നിവയുടെ സംഗമസ്ഥാനമാണ് ഹരിയാനയെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുടെ 135-ാം ജന്മവാര്‍ഷികത്തില്‍ എല്ലാ പൗരന്മാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ നയിക്കുന്ന ബാബാ സാഹബിന്റെ കാഴ്ചപ്പാടും പ്രചോദനവും ഉയര്‍ത്തിക്കാട്ടി.
"യമുനാനഗര്‍ വെറുമൊരു നഗരമല്ല, ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയുടെ പ്രധാന ഭാഗമാണ്. പ്ലൈവുഡ് മുതല്‍ പിച്ചള, ഉരുക്ക് വരെയുള്ള വ്യവസായങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇവിടം ഗണ്യമായ സംഭാവന നല്‍കുന്നു" - അദ്ദേഹം പറഞ്ഞു. ഈ പ്രദേശത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ ശ്രീ മോദി, വേദവ്യാസ മഹർഷിയുടെ പുണ്യഭൂമിയും ഗുരു ഗോബിന്ദ് സിങ്ജിയുടെ ആയുധശേഖരത്തിന്റെ ഇടവുമായ ഇവിടത്തെ കപാല്‍ മോചന മേളയെക്കുറിച്ച് പരാമര്‍ശിച്ചു. ഹരിയാനയുടെ ചുമതല വഹിച്ചിരുന്ന കാലത്ത് പഞ്ച്കുളയിൽനിന്ന് പതിവായി നടത്തിയ സന്ദര്‍ശനങ്ങള്‍ അനുസ്മരിച്ച്, യമുന നഗറുമായുള്ള വ്യക്തിപരമായ ബന്ധം അദ്ദേഹം പങ്കുവച്ചു. തന്നോട് സഹകരിച്ച അര്‍പ്പണബോധമുള്ള പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും മേഖലയിലെ കഠിനാധ്വാനത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും ശാശ്വത പാരമ്പര്യം ഉയർത്തിക്കാട്ടുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ കീഴിൽ ഹരിയാന തുടർച്ചയായ മൂന്നാം തവണയും വികസനത്തിന്റെ ഇരട്ടിവേഗം കൈവരിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യയെക്കുറിച്ചുള്ള ദർശനത്തിന്റെ ഭാഗമായി വികസിത ഹരിയാനയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കും ഊന്നൽ നൽകി. ഹരിയാനയിലെ ജനങ്ങളെ സേവിക്കുന്നതിനും, കൂടുതൽ വേഗത്തിലും തോതിലും പ്രവർത്തിച്ച് യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള ഗവണ്മെന്റിന്റെ സമർപ്പണം അദ്ദേഹം എടുത്തുകാട്ടി. ഈ പ്രതിജ്ഞാബദ്ധതയുടെ തെളിവായി ഇന്ന് ആരംഭിച്ച വികസനപദ്ധതികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പുതിയ വികസന സംരംഭങ്ങൾക്ക് ഹരിയാനയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ബാബാസാഹബ് അംബേദ്കറുടെ കാഴ്ചപ്പാടു മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്റെ ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയിൽ അഭിമാനം പ്രകടിപ്പിച്ച ശ്രീ മോദി, വ്യാവസായിക വികസനം സാമൂഹിക നീതിയിലേക്കുള്ള പാതയാണെന്ന ബാബാസാഹബിന്റെ വിശ്വാസം ഉയർത്തിക്കാട്ടി. ഇന്ത്യയിലെ ചെറിയ ഭൂവുടമകളുടെ പ്രശ്നം ബാബാസാഹബ് തിരിച്ചറിഞ്ഞുവെന്നും, ആവശ്യത്തിന് കൃഷിഭൂമിയില്ലാത്ത ദളിതർ വ്യവസായവൽക്കരണത്തിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം നേടുമെന്ന് പറയുകയും ചെയ്തു. വ്യവസായങ്ങൾ ദളിതർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന ബാബാസാഹബിന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ വ്യവസായവൽക്കരണ ശ്രമങ്ങളിൽ ബാബാസാഹബ് വഹിച്ച പ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ആദ്യത്തെ വ്യവസായ മന്ത്രി ഡോ. ശ്യാമപ്രസാദ് മുഖർജിയോടൊപ്പം പ്രവർത്തിച്ച് ഈ ദിശയിൽ പുരോഗതി കൈവരിക്കാൻ അദ്ദേഹം ശ്രമിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
വ്യാവസായികവൽക്കരണവും ഉൽപ്പാദനവും തമ്മിലുള്ള സമന്വയം ഗ്രാമീണ അഭിവൃദ്ധിക്കുള്ള അടിത്തറയായി ദീൻബന്ധു ചൗധരി ഛോട്ടു റാം ജി അംഗീകരിച്ചതായി പരാമർശിച്ച പ്രധാനമന്ത്രി, കൃഷിയോടൊപ്പം ചെറുകിട വ്യവസായങ്ങളിലൂടെ കർഷകർ വരുമാനം വർദ്ധിപ്പിക്കുമ്പോഴാണ് ഗ്രാമങ്ങളിൽ യഥാർത്ഥ അഭിവൃദ്ധി ഉണ്ടാകുക എന്നു ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളുടെയും കർഷകരുടെയും ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ചൗധരി ചരൺ സിങ് ജിയും സമാനമായ കാഴ്ചപ്പാട് പങ്കിട്ടിരുന്നുവെന്നും, വ്യാവസായിക വികസനം കൃഷിയെ പൂരകമാക്കണമെന്ന ചരൺ സിങ് ജിയുടെ കാഴ്ചപ്പാടിന് ഊന്നൽ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടും സമ്പദ്‌വ്യവസ്ഥയുടെ തൂണുകളാണ് എന്നതാണിതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെയും ‘ആത്മനിർഭർ ഭാരതി’ന്റെയും സാരാംശം ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിലാണ് എന്ന് പറഞ്ഞ ശ്രീ മോദി, ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനമായ ‘മിഷൻ മാനുഫാക്ചറിങ്ങിൽ’ പ്രതിഫലിക്കുന്നതുപോലെ ഉൽപ്പാദനത്തിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അടിവരയിട്ടു. “ദളിതർ, പിന്നാക്കവിഭാഗം, നിരാലംബർ, പാർശ്വവൽകൃത യുവാക്കൾ എന്നിവർക്ക് പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവർക്ക് അവശ്യ പരിശീലനം നൽകുക, വ്യാവസായിക ചെലവുകൾ കുറയ്ക്കുക, എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്തുക, വ്യവസായങ്ങളെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജമാക്കുക, ഇന്ത്യൻ ഉൽപ്പന്നങ്ങൾ ലോകോത്തരമാണെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം” - അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ തടസ്സമില്ലാത്ത വൈദ്യുതിവിതരണത്തിന്റെ പ്രാധാന്യം അടിവരയിട്ടും ഇന്നത്തെ പരിപാടിയുടെ പ്രാധാന്യം എടുത്തുകാട്ടിയും യമുന നഗറിനും ഹരിയാനയ്ക്കും പ്രയോജനം ചെയ്യുന്ന ദീൻബന്ധു ചൗധരി ഛോട്ടു റാം താപോർജ നിലയത്തിന്റെ മൂന്നാം യൂണിറ്റിന്റെ പണി ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യമുന നഗർ ഇന്ത്യയിലെ പ്ലൈവുഡിന്റെ പകുതിയും ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും അലുമിനിയം, ചെമ്പ്, പിച്ചള പാത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള കേന്ദ്രമാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യമുന നഗറിൽ നിന്നുള്ള പെട്രോകെമിക്കൽ പ്ലാന്റ് ഉപകരണങ്ങൾ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർദ്ധിച്ച വൈദ്യുതി ഉൽപ്പാദനം ഈ വ്യവസായങ്ങൾക്ക് ഗുണം ചെയ്യുമെന്നും 'മിഷൻ മാനുഫാക്ചറിങ്ങിനെ' പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ വൈദ്യുതിയുടെ നിർണായക പങ്ക് അടിവരയിട്ട്, വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ബഹുമുഖ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുകാട്ടി. ഒരു രാഷ്ട്രം-ഒരു ഗ്രിഡ്, പുതിയ കൽക്കരി വൈദ്യുത നിലയങ്ങൾ, സൗരോർജ പദ്ധതികൾ, ആണവ മേഖലയുടെ വികാസം തുടങ്ങിയ സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു. “വൈദ്യുതി ക്ഷാമം രാഷ്ട്രനിർമ്മാണത്തിന് തടസ്സമാകാതിരിക്കാൻ വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്” - മുൻ ഗവണ്മെന്റിന്റെ ഭരണകാലത്ത് 2014ന് മുമ്പ് പതിവായി വൈദ്യുതിതടസ്സങ്ങൾ ഉണ്ടായത് ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ അത്തരം പ്രതിസന്ധികൾ നിലനിൽക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിൽ ഫാക്ടറികൾ, റെയിൽവേകൾ, ജലസേചന സംവിധാനങ്ങൾ എന്നിവ സാരമായി ബാധിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ വൈദ്യുതി ഉൽപ്പാദനശേഷി ഇരട്ടിയാക്കിയിട്ടുണ്ടെന്നും ഇപ്പോൾ അയൽരാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 16,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഹരിയാനയിൽ, വൈദ്യുതി ഉൽപ്പാദനത്തിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. വരുംവർഷങ്ങളിൽ ഈ ശേഷി 24,000 മെഗാവാട്ടായി ഉയർത്തുക എന്ന ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
പൗരന്മാരെ വൈദ്യുതി ഉൽപ്പാദകരാക്കാൻ പ്രാപ്തരാക്കുന്നതിനൊപ്പം താപവൈദ്യുത നിലയങ്ങളിൽ നിക്ഷേപം നടത്തുക എന്ന ഗവണ്മെന്റിന്റെ ഇരട്ട സമീപനം എടുത്തുകാട്ടി, വ്യക്തികൾക്ക് മേൽക്കൂരകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാനും അതിലൂടെ വൈദ്യുതി ബില്ലുകൾ ഒഴിവാക്കാനും അധിക വൈദ്യുതി വിറ്റു സമ്പാദിക്കാൻ പോലും കഴിയുന്ന പിഎം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന ആരംഭിച്ചതിനെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. രാജ്യത്തുടനീളം 1.25 കോടിയിലധികം പേർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹരിയാനയിൽ നിന്നുള്ള ലക്ഷക്കണക്കിനുപേർ ഇതിന്റെ ഭാഗമാകാൻ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗരോർജ മേഖല പുതിയ നൈപുണ്യങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, എംഎസ്എംഇകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, യുവാക്കൾക്ക് തൊഴിലവസരങ്ങൾ തുറന്നുനൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളരെ ചെറിയ പട്ടണങ്ങളിലെ ചെറുകിട വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയും സാമ്പത്തിക സ്രോതസ്സുകളും ഉറപ്പാക്കുന്നതിൽ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ സമയത്ത്, എം.എസ്.എം.ഇ.കളെ പിന്തുണയ്ക്കുന്നതിനായി ഗവണ്മെന്റ് ലക്ഷക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായം നൽകിയതായി അദ്ദേഹം പരാമർശിച്ചു. ചെറുകിട വ്യവസായങ്ങൾ വളരുമ്പോൾ ഗവണ്മെന്റിന്റെ പിന്തുണ നഷ്ടപ്പെടുമോ എന്ന ഭയമില്ലാതെ, വികസിക്കാൻ കഴിയുന്നതരത്തിൽ എം.എസ്.എം.ഇ.കളുടെ നിർവചനം പരിഷ്കരിച്ചിട്ടുണ്ടെന്നും ചെറുകിട വ്യവസായങ്ങൾക്കായി പ്രത്യേക ക്രെഡിറ്റ് കാർഡുകൾ ഏർപ്പെടുത്തിയതിനെക്കുറിച്ചും ക്രെഡിറ്റ് ഗ്യാരണ്ടി കവറേജിലെ വർദ്ധനവിനെക്കുറിച്ചും പരമശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മുദ്ര യോജനയ്ക്ക് കീഴിൽ 33 ലക്ഷം കോടി രൂപയുടെ ഈടുരഹിത വായ്പകൾ വിതരണം ചെയ്തുകൊണ്ടുള്ള, പദ്ധതിയുടെ സമീപകാല 10 വർഷത്തെ നേട്ടങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പദ്ധതിയുടെ 50% ത്തിലധികം ഗുണഭോക്താക്കളും എസ്.സി., എസ്.ടി., ഒ.ബി.സി. കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ചെറുകിട വ്യവസായങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം പ്രകടമാക്കി.
ഓരോ ഇന്ത്യക്കാരന്റെയും ജീവിത നിലവാരത്തിന് സംഭാവന നൽകുന്ന ഹരിയാനയിലെ കർഷകരുടെ കഠിനാധ്വാനത്തെ പ്രശംസിച്ചുകൊണ്ട്, കർഷകരുടെ സന്തോഷങ്ങളിലും വെല്ലുവിളികളിലും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഉറച്ച പങ്കാളിയായി നിലകൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഹരിയാനയിലെ കർഷകരെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം സംസ്ഥാന ഗവണ്മെന്റ് ഇപ്പോൾ 24 കാർഷിക വിളകൾ കുറഞ്ഞ താങ്ങുവിലയിൽ സംഭരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹരിയാനയിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ നിന്ന് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ഈ പദ്ധതി പ്രകാരം 9,000 കോടിയിലധികം രൂപയുടെ ക്ലെയിമുകൾ ലഭ്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി ഹരിയാനയിലെ കർഷകർക്ക് 6,500 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും ഇത് അവരുടെ ഉപജീവനമാർഗ്ഗത്തെയും വളർച്ചയെയും കൂടുതൽ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളനിവാഴ്ചക്കാലത്തെ ജല നികുതി നിർത്തലാക്കാനുള്ള ഹരിയാനഗവണ്മെന്റിന്റെ തീരുമാനത്തെ അടിവരയിട്ട്, കനാൽ വെള്ളത്തിന് നികുതി അടയ്ക്കുന്നതിൽ നിന്ന് കർഷകരെ ഒഴിവാക്കിയതായും ഈ നികുതി പ്രകാരം കുടിശ്ശികയായ 130 കോടിയിലധികം രൂപ എഴുതിത്തള്ളിയതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. കർഷകർക്കും കന്നുകാലി ഉടമകൾക്കും പുതിയ വരുമാന സാദ്ധ്യതകൾ നൽകുന്നതിൽ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ചാണകം, കാർഷിക അവശിഷ്ടങ്ങൾ, മറ്റ് ജൈവ മാലിന്യങ്ങൾ എന്നിവയിൽ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിലൂടെ മാലിന്യങ്ങൾ കൈകാര്യം ചെയ്യാനും വരുമാനം ഉണ്ടാക്കാനും കർഷകരെ പ്രാപ്തരാക്കുന്ന ഗോബർധൻ യോജനയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. രാജ്യത്തുടനീളം 500 ഗോബർധൻ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുമെന്ന ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനവും അദ്ദേഹം പങ്കുവെച്ചു. മുനിസിപ്പൽ കോർപ്പറേഷന് പ്രതിവർഷം 3 കോടി രൂപ ലാഭിക്കാൻ കഴിയുന്ന തരത്തിൽ യമുനനഗറിൽ സ്ഥാപിക്കുന്ന പുതിയ ഗോബർധൻ പ്ലാന്റിന്റെ തറക്കല്ലിടൽ അദ്ദേഹം എടുത്തുപറഞ്ഞു. "ശുചിത്വത്തിന്റെയും സുസ്ഥിരതയുടെയും ദൗത്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗോബർധൻ യോജന, സ്വച്ഛ് ഭാരത് പദ്ധതിയ്ക്കും സംഭാവന ചെയ്യുന്നു", അദ്ദേഹം തുടർന്നു പറഞ്ഞു.
നേരത്തെ തന്റെ ഹിസാർ സന്ദർശനവേളയിൽ അയോധ്യ ധാമിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്ത കാര്യം പരാമർശിച്ചുകൊണ്ട്, വികസന പാതയിൽ ഹരിയാനയുടെ ദ്രുതഗതിയിലുള്ള പുരോഗതി പ്രധാനമന്ത്രി അടിവരയിട്ടു. മാർക്കറ്റുകൾ, കവലകൾ, റെയിൽവേ ക്രോസിംഗുകൾ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനങ്ങൾ നഗരത്തിലൂടെ സുഗമമായി കടന്നുപോകുന്നതിനും കഴിയുന്നതരത്തിൽ റെവാരിക്കായി പുതിയ ബൈപാസ് അദ്ദേഹം പ്രഖ്യാപിച്ചു. നാലുവരി ബൈപാസ് ഡൽഹിക്കും നാർനൗളിനും ഇടയിലുള്ള യാത്രാ സമയം ഒരു മണിക്കൂർ കുറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടികൊണ്ട് ഈ നേട്ടത്തിൽ അദ്ദേഹം ജനങ്ങളെ അഭിനന്ദിച്ചു.
രാഷ്ട്രീയം എന്നത് സേവനത്തിനുള്ള ഒരു മാധ്യമമാണെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, "ഹരിയാനയിൽ കാണാൻ കഴിയുന്നതുപോലെ, ഞങ്ങളുടെ പാർട്ടി അതിന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നു" എന്ന് വ്യക്തമാക്കി. ഹരിയാനയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയ പാർട്ടി ജനങ്ങൾക്ക് നൽകിയ വാക്കുകൾ പാലിക്കുന്നു. പൊതുജന വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു. വികസന, ക്ഷേമ പദ്ധതികൾ സ്തംഭിച്ച ഹിമാചൽ പ്രദേശിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികളിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. കർണാടകയിൽ, നിലവിലെ ഗവണ്മെന്റിന്റെ ഭരണത്തിൻ കീഴിൽ വൈദ്യുതി, പാൽ, ബസ് ചാർജ്, തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലക്കയറ്റം അദ്ദേഹം ഉയർത്തിക്കാട്ടി. സാമൂഹ്യ മാധ്യമത്തിൽ കാണുന്നതുപോലെ കർണാടകയിലെ നിലവിലുള്ള ഗവണ്മെന്റിനോടുള്ള പൊതുജന ങ്ങളുടെ അതൃപ്തി അദ്ദേഹം പരാമർശിച്ചു. അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടുന്ന മുഖ്യമന്ത്രിയുടെ അടുത്ത അനുയായികൾ പോലും കർണാടക, അഴിമതിയിൽ ഒന്നാം സ്ഥാനത്താണ് എന്ന വസ്തുത അംഗീകരിച്ചിരിക്കുന്നു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അവഗണിച്ചതിനും, വനങ്ങൾ വെട്ടിത്തെളിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലും പ്രകൃതിക്കും വന്യജീവികൾക്കും ദോഷം വരുത്തുന്നതിലും തെലങ്കാനയിലെ നിലവിലെ ഗവണ്മെന്റിനെ ശ്രീ മോദി വിമർശിച്ചു. രണ്ട് ഭരണ മാതൃകകളെയും താരതമ്യം ചെയ്ത അദ്ദേഹം, തന്റെ പാർട്ടിയുടെ മാതൃക യഥാർത്ഥവും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സമർപ്പിതവുമാണെന്നും അതേസമയം പ്രതിപക്ഷം വഞ്ചനാപരവും അധികാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗതിയോടുള്ള തന്റെ പാർട്ടിയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് യമുനനഗറിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
ബൈശാഖിയുടെ പ്രാധാന്യവും ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ 106-ാം വാർഷികവും ഓർമ്മപ്പെടുത്തിയ പ്രധാനമന്ത്രി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ദേശസ്‌നേഹികളുടെ സ്മരണയെ ആദരിക്കുകയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരതയെ ഉയർത്തിക്കാട്ടുകയും ചെയ്തു. ആ കൂട്ടക്കൊലയുടെ മറ്റൊരു മുഖമാണ് — മനുഷ്യനും രാഷ്ട്രത്തിനും വേണ്ടി നിലകൊള്ളുന്നതിന്റെ അചഞ്ചലമായ മനോഭാവം-
ഇത്, ശ്രി ശങ്കരൻ നായർ തന്റെ പ്രവൃത്തികളിലൂടെ കാട്ടിക്കൊടുത്തുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രശസ്ത അഭിഭാഷകനും ബ്രിട്ടീഷ് ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥനുമായ ശങ്കരൻ നായർ രാജിവച്ച് വിദേശ ഭരണത്തിന്റെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ജാലിയൻവാലാബാഗ് കേസിൽ ഒറ്റയ്ക്ക് പോരാടുകയും, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ ഇളക്കിമറിക്കുകയും ചെയ്ത അദ്ദേഹം കോടതിയിൽ കേസ് കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തം സ്വയംഏറ്റെടുത്തു. പഞ്ചാബിൽ നടന്ന കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് ഭരണാധികാരത്തിനെതിരെ കേരളത്തിൽ നിന്നുള്ള ഒരാൾ എങ്ങനെ നിലകൊണ്ടുവെന്നത് "ഏക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണെന്ന് ശങ്കരൻ നായരുടെ പ്രവർത്തനങ്ങളെ വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പിന്നിലെ യഥാർത്ഥ പ്രചോദനം ഐക്യത്തിന്റെയും പ്രതിരോധത്തിന്റെയും ഈ മനോഭാവമാണെന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ അദ്ദേഹം ഒരു പ്രേരകശക്തിയായി തുടരുന്നുവെന്നും ശ്രി മോദി അഭിപ്രായപ്പെട്ടു. ശങ്കരൻ നായരുടെ സംഭാവനകളെക്കുറിച്ച് എല്ലാവരും പഠിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, സമൂഹത്തിന്റെ നെടുംതൂണുകളായ ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരെ ശാക്തീകരിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ നിരന്തരമായ പരിശ്രമങ്ങൾ എടുത്തുപറയുകയും എല്ലാവരുടെയും കൂട്ടായ ശ്രമങ്ങൾ ഹരിയാനയെ വികസനത്തിലേക്ക് നയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു
ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി, കേന്ദ്രമന്ത്രിമാരായ ശ്രീ മനോഹർ ലാൽ, ശ്രീ റാവു ഇന്ദർജിത് സിംഗ്, ശ്രീ കൃഷൻ പാൽ ഗുർജാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം എല്ലായിടങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന കാഴ്‌ചപ്പാടോടെയുള്ള, യമുനനഗറിലെ ദീൻബന്ധു ഛോട്ടു റാം താപവൈദ്യുത നിലയത്തിന്റെ 800 മെഗാവാട്ട് ആധുനിക താപവൈദ്യുത യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 233 ഏക്കറിൽ ഏകദേശം 8,470 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ യൂണിറ്റ് ഹരിയാനയുടെ ഊർജ്ജ സ്വയംപര്യാപ്തതയെ ഗണ്യമായി വർദ്ധിപ്പിക്കുകയും സംസ്ഥാനത്തുടനീളം തടസ്സമില്ലാത്ത വൈദ്യുതി വിതരണം സാധ്യമാക്കുകയും ചെയ്യും.
ഗാൽവനൈസിംഗ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്‌സസ് ധൻ എന്ന ഗോബർധന്റെ ദർശനം മുന്നോട്ട് കൊണ്ടുപോകുന്നത് ലക്ഷ്യമിട്ട് യമുനനഗറിലെ മുകരബ്പൂരിൽ സ്ഥാപിക്കുന്ന ഒരു കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. 2,600 മെട്രിക് ടൺ വാർഷിക ഉൽപാദന ശേഷിയുള്ള പ്ലാന്റ് ഫലപ്രദമായ ജൈവ മാലിന്യ സംസ്കരണത്തിന് സഹായിക്കുകയും ശുദ്ധമായ ഊർജ്ജ ഉൽപാദനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സംഭാവന നൽകുകയും ചെയ്യും.
ഭാരത്‌മാല പരിയോജനയ്ക്ക് കീഴിൽ ഏകദേശം 1,070 കോടി രൂപയുടെ 14.4 കിലോമീറ്റർ റെവാരി ബൈപാസ് പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് റെവാരി നഗരത്തിലെ തിരക്ക് കുറയ്ക്കുകയും ഡൽഹി-നാർനോൾ യാത്രാ സമയം ഒരു മണിക്കൂറോളം കുറയ്ക്കുകയും മേഖലയിലെ സാമ്പത്തിക, സാമൂഹിക പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്യും.
-SK-
(Release ID: 2121613)
Visitor Counter : 15
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu