പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു


നമ്മുടെ ഭരണഘടനാശിൽപ്പി ബാബാസാഹബ് അംബേദ്കറുടെ ജന്മവാർഷികദിനമായ ഇന്ന് നമുക്കേവർക്കും, രാജ്യത്തിനാകെയും വളരെ പ്രധാനപ്പെട്ട ദിവസമാണ്: പ്രധാനമന്ത്രി

ഹരിയാണയിൽനിന്ന് അയോധ്യ ധാമിലേക്കുള്ള വിമാന സർവീസുകൾക്ക് ഇന്നു തുടക്കമായി; അതായത്, ഇപ്പോൾ ശ്രീകൃഷ്ണന്റെ പുണ്യഭൂമിയായ ഹരിയാണ, ശ്രീരാമന്റെ നഗരവുമായി നേരിട്ടു കൂട്ടിയിണക്കിയിരിക്കുന്നു: പ്രധാനമന്ത്രി

ഒരുവശത്ത്, നമ്മുടെ ഗവണ്മെന്റ് സമ്പർക്കസൗകര്യങ്ങൾക്ക് ഊന്നൽ നൽകുന്നു; മറുവശത്ത്, ദരിദ്രരുടെ ക്ഷേമവും സാമൂഹിക നീതിയും ഞങ്ങൾ ഉറപ്പാക്കുന്നു: പ്രധാനമന്ത്രി


Posted On: 14 APR 2025 12:14PM by PIB Thiruvananthpuram

വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്നതും ഏവർക്കും പ്രാപ്യവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹരിയാണയിലെ ഹിസാറിൽ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ 410 കോടിയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന്, അവരുടെ ശക്തി, കായികക്ഷമത, സാഹോദര്യം എന്നിവ സംസ്ഥാനത്തെ നിർവചിക്കുന്ന സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഈ വിളവെടുപ്പ് കാലത്ത് ജനസമൂഹത്തിന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഗുരു ജംഭേശ്വറിനും മഹാരാജ അഗ്രസെന്നിനും പവിത്രമായ അഗ്രോഹ ധാമിനും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഹരിയാണയെ, പ്രത്യേകിച്ച് ഹിസാറിനെക്കുറിച്ചുള്ള തന്റെ പ്രിയപ്പെട്ട ഓർമ്മകൾ പങ്കുവച്ച പ്രധാനമന്ത്രി, പാർട്ടി ഈ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചപ്പോൾ നിരവധി സഹപ്രവർത്തകരുമായി അടുത്തു പ്രവർത്തിച്ചത് ഓർമിച്ചു. ഹരിയാണയിൽ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ ഈ സഹപ്രവർത്തകരുടെ സമർപ്പണവും പരിശ്രമവും അദ്ദേഹം എടുത്തുപറഞ്ഞു. വികസിത ഹരിയാണയും വികസിത ഇന്ത്യയും എന്ന ലക്ഷ്യത്തോടുള്ള തന്റെ പാർട്ടിയുടെ പ്രതിജ്ഞാബദ്ധതയിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഈ കാഴ്ചപ്പാടിനായി ഏറെ ഗൗരവതരമായി പ്രവർത്തിക്കുന്നു.
“ഭരണഘടനാ ശിൽപ്പിയായ ബാബാസാഹബ് അംബേദ്കറുടെ ജന്മവാർഷിക ദിനമായ ഇന്ന് രാജ്യത്തിന് സുപ്രധാന ദിവസമാണ്”- ബാബാസാഹബിന്റെ ജീവിതവും പോരാട്ടങ്ങളും സന്ദേശവുമാണ് ഗവണ്മെന്റിന്റെ 11 വർഷത്തെ യാത്രയുടെ ആധാരശിലയെന്ന് ശ്രീ മോദി പറഞ്ഞു. ഗവണ്മെന്റിന്റെ ഓരോ തീരുമാനവും ഓരോ നയവും ഓരോ ദിവസവും ബാബാസാഹബിന്റെ വീക്ഷണങ്ങൾക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കക്കാരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും ദരിദ്രരുടെയും ഗോത്രസമൂഹങ്ങളുടെയും സ്ത്രീകളുടെയും ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായതും വേഗത്തിലുള്ളതുമായ വികസനമാണ് ഞങ്ങളുടെ ഗവൺമെന്റിന്റെ തത്വമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണന്റെ പുണ്യഭൂമിയും ശ്രീരാമന്റെ നഗരവും തമ്മിലെ നേരിട്ടുള്ള ബന്ധത്തിന്റെ പ്രതീകമായി ഹരിയാണയെ അയോധ്യ ധാമുമായി കൂട്ടിയിണക്കുന്ന വിമാന സർവീസുകൾ ആരംഭിക്കുന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, മറ്റ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഹിസാർ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് എടുത്തുകാട്ടിയ അദ്ദേഹം, ഹരിയാണയുടെ അഭിലാഷങ്ങളെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നതിനുള്ള ചുവടുവയ്പ്പായി ഇതിനെ വിശേഷിപ്പിച്ചു. ഈ സുപ്രധാന നാഴികക്കല്ലിന് ഹരിയാണയിലെ ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.
സ്ലിപ്പർ ചെരിപ്പുകൾ ധരിച്ചവർ പോലും വിമാനങ്ങളിൽ പറക്കുമെന്ന തന്റെ വാഗ്ദാനം ആവർത്തിച്ച ശ്രീ മോദി, ഇക്കാര്യം രാജ്യമെമ്പാടും ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുന്നുവെന്നും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ആദ്യമായി വിമാനയാത്ര നടത്തിയെന്നും എടുത്തുപറഞ്ഞു. മുമ്പ് റെയിൽവേ സ്റ്റേഷനുകൾ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ പോലും പുതിയ വിമാനത്താവളങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, 2014ന് മുമ്പ് ഇന്ത്യയിൽ 74 വിമാനത്താവളങ്ങളുണ്ടായിരുന്നു. 70 വർഷത്തിനുള്ളിലായിരുന്നു ഈ എണ്ണമെന്നും ഇന്ന് വിമാനത്താവളങ്ങളുടെ എണ്ണം 150 കവിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉഡാൻ പദ്ധതിക്ക് കീഴിൽ ഏകദേശം 90 എയറോഡ്രോമുകൾ കൂട്ടിയിണക്കിയിട്ടുണ്ടെന്നും 600-ലധികം വ്യോമപാതകൾ പ്രവർത്തനക്ഷമമാണെന്നും ഇത് പലർക്കും താങ്ങാനാകുന്ന നിരക്കിൽ വിമാനയാത്ര സാധ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് വാർഷിക വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് സംഖ്യയിലേക്കു നയിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ വിമാനക്കമ്പനികൾ 2,000 പുതിയ വിമാനങ്ങൾ എന്ന നിലയിൽ റെക്കോർഡ് ഓർഡറുകൾ നൽകിയിട്ടുണ്ടെന്നും ഇത് പൈലറ്റുമാർക്കും എയർ ഹോസ്റ്റസുമാർക്കും മറ്റ് സേവനങ്ങൾക്കും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാന അറ്റകുറ്റപ്പണി മേഖല ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഹിസാർ വിമാനത്താവളം ഹരിയാണയിലെ യുവാക്കളുടെ അഭിലാഷങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അവർക്ക് പുതിയ അവസരങ്ങളും സ്വപ്നങ്ങളും പകരുകയും ചെയ്യും” - അദ്ദേഹം കൂട്ടിച്ചേർത്തു.

"ദരിദ്രർക്ക് ക്ഷേമവും സാമൂഹിക നീതിയും ഉറപ്പാക്കി , ബാബാസാഹേബ് അംബേദ്കറുടെ ദർശനവും ഭരണഘടനാ ശിൽപികളുടെ അഭിലാഷങ്ങളും നിറവേറ്റുന്നതിനൊപ്പം കണക്റ്റിവിറ്റിയിലും നമ്മുടെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു", പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബാബാസാഹേബ് അംബേദ്കറോട് നടത്തിയ മോശം പെരുമാറ്റത്തിന്  കോൺഗ്രസ് പാർട്ടിയെ അദ്ദേഹം വിമർശിച്ചു, അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ, അവർ അദ്ദേഹത്തെ അപമാനിച്ചു, രണ്ടുതവണ അദ്ദേഹത്തെ  തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനുള്ള  ആസൂത്രണം നടത്തി ,മാത്രമല്ല  അദ്ദേഹത്തെ വ്യവസ്ഥിതിയിൽ  നിന്ന് തന്നെ  ഒഴിവാക്കാനുള്ള  ഗൂഢാലോചന നടത്തി. ബാബാസാഹേബിന്റെ മരണശേഷം,കോൺഗ്രസ്  പാർട്ടി അദ്ദേഹത്തിന്റെ പൈതൃകം ഇല്ലാതാക്കാനും അദ്ദേഹത്തിന്റെ ആശയങ്ങൾ അടിച്ചമർത്താനും ശ്രമിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. അംബേദ്കർ ഭരണഘടനയുടെ സംരക്ഷകനായിരുന്നു, എന്നാൽ അവർ(കോൺഗ്രസ്)  അതിന്റെ വിനാശകരായി മാറിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഡോ. അംബേദ്കർ സമത്വം കൊണ്ടുവരാൻ ലക്ഷ്യമിട്ടെങ്കിലും, കോൺഗ്രസ് രാജ്യത്ത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വൈറസ് പടർത്തിയെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ഓരോ വ്യക്തിക്കും അന്തസ്സോടെയുള്ള ജീവിതം നയിക്കാനും അവരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റപ്പെടുന്നതും  ബാബാസാഹേബ് അംബേദ്കർ വിഭാവനം ചെയ്തിരുന്നതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. ദീർഘകാല ഭരണകാലത്ത് പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി വിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കിയ മുൻ സർക്കാരിനെ അദ്ദേഹം വിമർശിച്ചു. ചില നേതാക്കളുടെ നീന്തൽക്കുളങ്ങളിൽ വെള്ളം എത്തിയെങ്കിലും ഗ്രാമങ്ങളിൽ എത്താൻ കഴിയാത്ത അവസ്ഥ അദ്ദേഹം ഉയർത്തിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷങ്ങൾക്ക് ശേഷവും ഗ്രാമീണ കുടുംബങ്ങളിൽ 16% പേർക്ക് മാത്രമേ പൈപ്പ് ജല കണക്ഷനുകൾ ഉണ്ടായിരുന്നുള്ളൂവെന്നും ഇത് എസ്‌സി, എസ്‌ടി, ഒബിസി സമൂഹങ്ങളെ നല്ല തോതിൽ  ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 6-7 വർഷത്തിനിടെ, തങ്ങളുടെ സർക്കാർ 12 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് ജല കണക്ഷൻ നൽകിയിട്ടുണ്ടെന്നും ഇത് ഗ്രാമീണ വീടുകളുടെ കവറേജ് 80% ആയി ഉയർത്തിയെന്നും അദ്ദേഹം പങ്കുവെച്ചു. ബാബാസാഹേബിന്റെ അനുഗ്രഹത്താൽ എല്ലാ വീടുകളിലും പൈപ്പ് ജലം എത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി സമൂഹങ്ങളെ സാരമായി ബാധിച്ച ശൗചാലയങ്ങളുടെ അഭാവവും അദ്ദേഹം പരാമർശിച്ചു . 11 കോടിയിലധികം ശൗചാലയങ്ങൾ നിർമ്മിക്കുന്നതിലും, പിന്നാക്കം നിൽക്കുന്നവർക്ക് അന്തസ്സോടെയുള്ള ജീവിതം ഉറപ്പാക്കുന്നതിലും സർക്കാർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം എടുത്തുകാട്ടി.

മുൻ സർക്കാരിന്റെ ഭരണകാലത്ത് പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങൾക്ക് കാര്യമായ തടസ്സങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും ബാങ്കുകളിലേക്കുള്ള പ്രവേശനം പോലും ഒരു വിദൂര സ്വപ്നമായിരുന്നുവെന്നും വിമർശിച്ച പ്രധാനമന്ത്രി, ഇൻഷുറൻസ്, വായ്പകൾ, സാമ്പത്തിക സഹായം എന്നിവ അവർക്ക് വെറും അഭിലാഷങ്ങൾ മാത്രമാണെന്നും പറഞ്ഞു. തങ്ങളുടെ സർക്കാരിന്റെ കീഴിൽ, ജൻ ധൻ അക്കൗണ്ടുകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ പട്ടികജാതി, പട്ടികവർഗ, ഒബിസി സമൂഹങ്ങളിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ന്, ഈ വ്യക്തികൾ ആത്മവിശ്വാസത്തോടെ അവരുടെ സാമ്പത്തിക ഉൾപ്പെടുത്തലിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി അവരുടെ റുപേ കാർഡുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

പവിത്രമായ ഭരണഘടനയെ അധികാരം നേടാനുള്ള ഒരു ഉപകരണമാക്കി മാറ്റിയതിന് കോൺഗ്രസ് പാർട്ടിയെ ശ്രീ മോദി വിമർശിച്ചു. അധികാര പ്രതിസന്ധി നേരിടുമ്പോഴെല്ലാം അവർ ഭരണഘടനയെ തകർത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അധികാരം നിലനിർത്തുന്നതിനായി അടിയന്തരാവസ്ഥ കൊണ്ടുവന്ന് അന്നത്തെ സർക്കാർ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തിയ  കാലഘട്ടത്തെ അദ്ദേഹം എടുത്തുകാട്ടി. എല്ലാവർക്കും ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കുക എന്നതാണ് ഭരണഘടനയുടെ സത്തയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, എന്നാൽ അന്നത്തെ സർക്കാർ ഒരിക്കലും അത് നടപ്പാക്കിയില്ല. ഭരണഘടനയുടെ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനിടെ ഉണ്ടായ  എതിർപ്പ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന എസ്‌സി, എസ്ടി, ഒബിസി സമുദായങ്ങൾക്ക് സംവരണം അനുവദിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് അതിനെ പ്രീണനത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭരണഘടന അത്തരം വ്യവസ്ഥകൾ അനുവദിക്കുന്നില്ലെങ്കിലും, കർണാടകയിലെ ഇപ്പോഴത്തെ സർക്കാർ മതത്തെ അടിസ്ഥാനമാക്കി സർക്കാർ ടെൻഡറുകളിൽ സംവരണം അനുവദിച്ചതിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ അദ്ദേഹം എടുത്തുകാട്ടി. പ്രീണന നയങ്ങൾ മുസ്ലീം സമൂഹത്തെ വലിയ തോതിൽ  ദോഷകരമായി ബാധിച്ചുവെന്നും, ഏതാനും തീവ്രവാദികൾക്ക് മാത്രമേ  അത് ഗുണം ചെയ്തിട്ടുള്ളൂവെന്നും, അതേസമയം സമൂഹത്തിലെ മറ്റുള്ളവരെ അവഗണിക്കുകയും, അവരെ വിദ്യാഭ്യാസമില്ലാത്തവരും, ദരിദ്രരുമാക്കി മാറ്റുകയും ചെയ്തുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. മുൻ സർക്കാരിന്റെ വികലമായ നയങ്ങളുടെ ഏറ്റവും വലിയ തെളിവായി വഖഫ് നിയമത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. 2013 ൽ, തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, കോൺഗ്രസ് വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ വഖഫ് നിയമം ഭേദഗതി ചെയ്തുവെന്നും, അതിനെ നിരവധി ഭരണഘടനാ വ്യവസ്ഥകൾക്ക് മുകളിൽ ഉയർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലീങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുകയും എന്നാൽ അർത്ഥവത്തായ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ വിമർശിച്ച ശ്രീ മോദി, പാർട്ടിക്ക് മുസ്ലീം സമുദായത്തോട് യഥാർത്ഥ കരുതലുണ്ടായിരുന്നെങ്കിൽ, അവർ ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റായി നിയമിക്കുകയോ അല്ലെങ്കിൽ അവരുടെ സ്ഥാനാർത്ഥി ടിക്കറ്റിന്റെ 50% മുസ്ലീം സ്ഥാനാർത്ഥികൾക്ക് നൽകുകയോ ചെയ്യുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. അവരുടെ ഉദ്ദേശ്യങ്ങൾ ഒരിക്കലും മുസ്ലീങ്ങളുടെ യഥാർത്ഥ ക്ഷേമവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇത് അവരുടെ യഥാർത്ഥ സ്വഭാവം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദരിദ്രർക്കും നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും പ്രയോജനപ്പെടേണ്ട വഖഫിന് കീഴിലുള്ള വിശാലമായ ഭൂമി ഒരുപിടി ഭൂമാഫിയകൾ ചൂഷണം ചെയ്യുന്നതായി എടുത്തുകാണിച്ച ശ്രീ മോദി, ദളിതർ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ എന്നിവരുടെ ഭൂമി ഈ മാഫിയകൾ കൈയേറിയതായും പസ്മാന്ദ മുസ്ലീങ്ങൾക്ക്  യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെയായതായും ചൂണ്ടിക്കാട്ടി. വഖഫ് നിയമത്തിലെ ഭേദഗതികൾ അത്തരം ചൂഷണത്തിന് അറുതി വരുത്തുമെന്നും, വഖഫ് ബോർഡുകൾക്ക് ആദിവാസി ഭൂമിയിൽ തൊടാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ഭേദഗതി ചെയ്ത നിയമത്തിലെ ഒരു പ്രധാന വ്യവസ്ഥയ്ക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം പരാമർശിച്ചു. ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണിതെന്ന് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചു. പുതിയ വ്യവസ്ഥകൾ വഖഫിന്റെ പവിത്രതയെ മാനിക്കുമെന്നും ദരിദ്രരുടെയും പസ്മാന്ദ മുസ്ലീം കുടുംബങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭരണഘടനയുടെ യഥാർത്ഥ ആത്മാവിനെയും യഥാർത്ഥ സാമൂഹിക നീതിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ബാബാസാഹേബ് അംബേദ്കറുടെ പാരമ്പര്യത്തെ ആദരിക്കുന്നതിനും ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്നതിനുമായി 2014 മുതൽ ഗവണ്മെന്റ് സ്വീകരിച്ച നിരവധി നടപടികൾ അടിവരയിട്ട പ്രധാനമന്ത്രി, ഇന്ത്യയിലും വിദേശത്തുമുള്ള ബാബാസാഹേബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടി. മുംബൈയിലെ ഇന്ദു മില്ലിൽ ബാബാസാഹേബിന്റെ സ്മാരകം നിർമ്മിക്കുന്നതിന് പോലും ആളുകൾക്ക് പ്രക്ഷോഭം നടത്തേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. മോവിലെ ബാബാസാഹേബിന്റെ ജന്മസ്ഥലം, ലണ്ടനിലെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കേന്ദ്രം, ഡൽഹിയിലെ മഹാപരിനിർവാൻ സ്ഥലം, നാഗ്പൂരിലെ അദ്ദേഹത്തിന്റെ ദീക്ഷാ ഭൂമി എന്നിവയുൾപ്പെടെ എല്ലാ പ്രധാന സ്ഥലങ്ങളും തങ്ങളുടെ ഗവണ്മെന്റ് വികസിപ്പിച്ചിട്ടുണ്ടെന്നും അവയെ "പഞ്ചതീർത്ഥം" ആയി പരിവർത്തനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാബാസാഹേബിന് ആദരമർപ്പിക്കാൻ അടുത്തിടെ ദീക്ഷാഭൂമി സന്ദർശിച്ചതിന്റെ ബഹുമതിയും അദ്ദേഹം പങ്കുവെച്ചു. സാമൂഹിക നീതിയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസ്, അവരുടെ ഭരണകാലത്ത് ബാബാസാഹേബിനും ചൗധരി ചരൺ സിങ്ങിനും ഭാരതരത്ന നൽകി ആദരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ബിജെപി പിന്തുണയുള്ള ഗവണ്മെന്റ്  കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ മാത്രമാണ് ബാബാസാഹിബിന് ഭാരതരത്‌ന നൽകിയിരുന്നതെന്നും, തങ്ങളുട പാർട്ടി അധികാരത്തിലിരുന്നപ്പോഴാണ് ചൗധരി ചരൺ സിങ്ങിന് ഭാരതരത്‌ന നൽകിയതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

ദരിദ്രർക്കായി സാമൂഹിക നീതിയുടെയും ക്ഷേമത്തിന്റെയും പാത നിരന്തരം ശക്തിപ്പെടുത്തിയതിന് ഹരിയാന ഗവണ്മെന്റിനെ പ്രശംസിച്ച പ്രധാനമന്ത്രി, ഹരിയാനയിലെ മുൻ ഭരണകൂടങ്ങളുടെ കാലത്ത് സർക്കാർ ജോലികൾ നേടാൻ ആളുകൾക്ക് രാഷ്ട്രീയ ബന്ധങ്ങളെ ആശ്രയിക്കുകയോ കുടുംബത്തിന്റെ സ്വത്തുകൾ വിറ്റഴിക്കുകയോ ചെയ്യണമായിരുന്നുവെന്ന പരിതാപകരമായ അവസ്ഥ ഓർമിപ്പിച്ചു. അഴിമതി നിറഞ്ഞ ഈ പ്രവണതകൾ ഇല്ലാതാക്കിയ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ ഗവൺമെന്റിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. കൈക്കൂലിയോ ശുപാർശകളോ ഇല്ലാതെ ജോലി നൽകുന്നതിൽ ഹരിയാനയുടെ ശ്രദ്ധേയമായ നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു. ഹരിയാനയിലെ 25,000 യുവാക്കൾക്ക് സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ മുൻ ഗവൺമെന്റുകൾ ശ്രമിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, മുഖ്യമന്ത്രി നയാബ് സിംഗ് സൈനി അധികാരമേറ്റയുടൻ ആയിരക്കണക്കിന് നിയമന ഉത്തരവുകൾ അർഹരായ ഉദ്യോഗാർത്ഥികൾക്ക് നൽകി. ഇത് അവരുടെ മികച്ച ഭരണത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും വരും വർഷങ്ങളിൽ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പദ്ധതികളെ അഭിനന്ദിക്കുകയും ചെയ്തു.

രാജ്യത്തിന് ഹരിയാന നൽകിയ ഗണ്യമായ സംഭാവനകളെ എടുത്തുകാട്ടിയ ശ്രീ മോദി, വൺ റാങ്ക് വൺ പെൻഷൻ (OROP) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ഗവണ്മെറ്റുകൾ പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് വിമർശിച്ചു. OROP പ്രകാരം ഹരിയാനയിലെ മുൻ സൈനികർക്ക് 13,500 കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സൈനികരെ തെറ്റിദ്ധരിപ്പിച്ച മുൻ ഗവണ്മെന്റ് ഈ പദ്ധതിക്കായി 500 കോടി രൂപ മാത്രമേ അനുവദിച്ചിരുന്നുള്ളുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ മുൻ ഗവണ്മെന്റ് ഒരിക്കലും ദലിതരെയോ പിന്നാക്ക വിഭാഗങ്ങളെയോ സൈനികരെയോ  പിന്തുണച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വികസിത ഇന്ത്യ എന്ന ദർശനം ശക്തിപ്പെടുത്തുന്നതിൽ ഹരിയാനയുടെ സംഭാവനകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, കായികരംഗത്തായാലും കൃഷിയിലായാലും സംസ്ഥാനത്തിനുള്ള ആഗോള സ്വാധീനത്തെ പ്രശംസിച്ചു. ഹരിയാനയിലെ യുവാക്കളിൽ തനിക്ക് വലിയ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ഒരു പ്രചോദനമായാണ് പുതിയ വിമാനത്താവളത്തെയും വിമാന സർവീസുകളെയും കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ നേട്ടത്തിന് ഹരിയാനയിലെ ജനങ്ങൾക്ക്  അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചു.

ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി, കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രി ശ്രീ മുരളീധർ മോഹോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിൽ അത്യാധുനിക പാസഞ്ചർ ടെർമിനൽ, ഒരു കാർഗോ ടെർമിനൽ, ഒരു എടിസി മന്ദിരം എന്നിവ ഉൾപ്പെടുന്നു. ഹിസാറിൽ നിന്ന് അയോധ്യയിലേക്ക് ആഴ്ചയിൽ രണ്ട് വിമാന സർവീസുകളും, ജമ്മു, അഹമ്മദാബാദ്, ജയ്പൂർ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലേക്ക് ആഴ്ചയിൽ മൂന്ന് സർവീസുകളും ആരംഭിക്കുന്നതോടെ, ഹരിയാനയുടെ വ്യോമയാന ബന്ധത്തിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് ഈ വികസനം സൂചിപ്പിക്കുന്നു.

-NK-

(Release ID: 2121586) Visitor Counter : 25