സഹകരണ മന്ത്രാലയം
ഭോപ്പാലിൽ നടന്ന സംസ്ഥാനതല സഹകരണ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി
Posted On:
13 APR 2025 7:12PM by PIB Thiruvananthpuram
മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ഇന്ന് നടന്ന സംസ്ഥാനതല സഹകരണ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു .മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്, സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ശ്രീ വിശ്വാസ് സാരംഗ്, കേന്ദ്ര സഹകരണ മന്ത്രാലയ സെക്രട്ടറി ഡോ. ആശിഷ് കുമാർ ഭൂട്ടാനി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
മധ്യപ്രദേശിൽ കൃഷി, മൃഗസംരക്ഷണം, സഹകരണം എന്നീ മൂന്ന് മേഖലകളിൽ അനവധി സാധ്യതകളുണ്ടെന്നും അവ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് നിരന്തര പ്രവർത്തനങ്ങൾ ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. വർഷങ്ങളായി രാജ്യത്തെ സഹകരണ പ്രസ്ഥാനം നാശോന്മുഖമായിരുന്നെന്നും അത് രാജ്യത്ത് വ്യത്യസ്ത തലങ്ങളിലായി വിഭജിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ച് സഹകരണ നിയമങ്ങൾ പരിഷ്കരിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

നമ്മുടെ ഭരണഘടനയിൽ, ബഹു-സംസ്ഥാന സഹകരണ സ്ഥാപനങ്ങൾ ഒഴികെ, എല്ലാ സഹകരണ സ്ഥാപനങ്ങളും സംസ്ഥാന വിഷയമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്ത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നിയമങ്ങൾ നിർമ്മിക്കാൻ ശ്രമങ്ങൾ നടത്തിയില്ല. ഓരോ സംസ്ഥാനത്തിന്റെയും ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ, മഴയുടെ അവസ്ഥ, ഗ്രാമവികസനം, കാർഷിക വികസനം, മൃഗസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ കണക്കിലെടുത്ത് ദേശീയ തലത്തിൽ സഹകരണ സ്ഥാപനങ്ങളെ കുറിച്ച് ചിന്ത ഉണ്ടായില്ല . ദേശീയ തലത്തിൽ സഹകരണ മന്ത്രാലയം ഇല്ലാത്തതിനാൽ അത്തരത്തിൽ ഒരിക്കലും ആലോചന ഉണ്ടായിട്ടില്ലെന്ന് ശ്രീ ഷാ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് 75 വർഷത്തിനുശേഷം, രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹകരണ മന്ത്രാലയം രൂപീകരിച്ചതായും കേന്ദ്രസഹകരണ വകുപ്പിന്റെ ആദ്യ മന്ത്രിയാകാനുള്ള അവസരം തനിക്ക് ലഭിച്ചതായും ശ്രീ ഷാ പരാമർശിച്ചു.

സഹകരണ മന്ത്രാലയം രൂപീകരിച്ചതിനുശേഷം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സഹകരണ മേഖലയിൽ നിർണായക മാറ്റമുണ്ടായിട്ടുണ്ടെന്നും ഇപ്പോൾ ഈ മേഖല അതിവേഗം മുന്നേറുകയാണെന്നും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ ഉണ്ടായിരുന്ന പരിധികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് . ഇന്നും സഹകരണം ഒരു സംസ്ഥാന വിഷയമാണ്. സഹകരണ മേഖലയിൽ കേന്ദ്ര ഗവൺമെന്റിന് നിയമപരമായ മാറ്റങ്ങളൊന്നും വരുത്താൻ കഴിയില്ലെന്ന് ശ്രീ ഷാ പറഞ്ഞു. എന്നിരുന്നാലും, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ (പിഎസിഎസ്) പുനരുജ്ജീവനം, ക്ഷീരമേഖലയുടെ പ്രോത്സാഹനം, ഉൽപാദന മേഖലയിലെ സഹകരണം, നഗര സഹകരണ ബാങ്കുകളുടെയും, ജില്ലാ സഹകരണ ബാങ്കുകളുടെയും, ഗ്രാമീണ ബാങ്കുകളുടെയും സുഗമമായ നടത്തിപ്പ് എന്നിവയ്ക്ക് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പിഎസിഎസുകൾക്കായി മാതൃകാ ചട്ടങ്ങൾ സൃഷ്ടിക്കുന്നതിനാണ് സഹകരണ മന്ത്രാലയം ആദ്യം പ്രവർത്തിച്ചതെന്നും അത് സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തിനായി അയച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ മുഴുവൻ ഈ മാതൃകാ ചട്ടങ്ങൾ അംഗീകരിച്ചു. മാതൃകാ ചട്ടങ്ങൾ അംഗീകരിച്ചതിന് സംസ്ഥാനങ്ങളോട് നന്ദി പ്രകടിപ്പിച്ച ശ്രീ ഷാ, ഈ നടപടി സഹകരണ മേഖലയ്ക്ക് പുതിയ ജീവൻ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. പിഎസിഎസ് ശക്തിപ്പെടുത്തിയില്ലെങ്കിൽ, ത്രിതല സഹകരണ ഘടന ശക്തിപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് പിഎസിഎസ് വഴി ഹ്രസ്വകാല കാർഷിക വായ്പകൾ മാത്രമേ നൽകിയിരുന്നുള്ളൂവെന്നും അതിൽ നിന്ന് നേരിയ വരുമാനം മാത്രമേ ലഭിച്ചിരുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് പിഎസിഎസ് 20-ലധികം തരം സേവനങ്ങൾ നൽകുന്നുണ്ടെന്നും പുതിയ പരിഷ്കാരങ്ങൾ പിഎസിഎസിന്റെ വരുമാനവും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പിഎസിഎസിന് ജൻ ഔഷധി കേന്ദ്രം, ജലവിതരണം, പൊതു സേവന കേന്ദ്രങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകാൻ അനുവാദമുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് 300-ലധികം പദ്ധതികൾ പിഎസിഎസ് വഴി ലഭ്യമാണ്. റെയിൽവേ ടിക്കറ്റുകൾ, വൈദ്യുതി ബില്ലുകൾ, വെളളത്തിന്റെ ബില്ലുകൾ, ജനന മരണ സർട്ടിഫിക്കറ്റുകൾ എന്നിവ ലഭിക്കാൻ ഒരാൾക്ക് ഗ്രാമത്തിന് പുറത്തേക്ക് പോകേണ്ടതില്ല, ഈ സൗകര്യങ്ങളെല്ലാം ഇപ്പോൾ പിഎസിഎസിൽ ലഭ്യമാണ്. നിരവധി പിഎസിഎസുകൾക്ക് ഈ സേവനങ്ങളിൽ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. പിഎസിഎസുകൾക്ക് ഇപ്പോൾ വളം ഡീലർമാരാകാനും പെട്രോൾ പമ്പുകൾ ആരംഭിക്കാനും പാചക വാതകം വിതരണം ചെയ്യാനും 'ഹർ ഘർ നൽ' പദ്ധതി കൈകാര്യം ചെയ്യാനും കഴിയും.
പുതിയ ചട്ടങ്ങൾ പ്രകാരം, പിഎസിഎസ്, ക്ഷീര സഹകരണ സംഘങ്ങൾ, മത്സ്യബന്ധന സഹകരണ സംഘങ്ങൾ എന്നിവ ലയിപ്പിച്ച് വിവിധോദ്ദേശ്യ പിഎസിഎസ് (എംപിഎസിഎസ്) സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നതായി കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. 2500 കോടി രൂപ ചെലവിൽ രാജ്യത്തെ എല്ലാ പിഎസിഎസുകളും കേന്ദ്ര ഗവൺമെന്റ് കമ്പ്യൂട്ടർവൽക്കരിച്ചു. പിഎസിഎസുകളുടെ കമ്പ്യൂട്ടർവൽക്കരണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്. കമ്പ്യൂട്ടർ ശൃംഖല വഴി ഇപ്പോൾ ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും നബാർഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം, ഓൺലൈൻ ഓഡിറ്റിന്റെ ക്രമീകരണം വഴി സഹകരണ മേഖലയിൽ സുതാര്യത വന്നിട്ടുണ്ട്.
ഇന്ത്യയിലെ 13 ഭാഷകളിൽ കമ്പ്യൂട്ടർവത്കൃത പിഎസിഎസ് പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കർഷകർക്ക് അവരുടെ ഭാഷയിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് കഴിയുന്ന വിധത്തിൽ പിഎസിഎസിനായി കേന്ദ്ര ഗവൺമെന്റ് അത്തരം സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതായത് മധ്യപ്രദേശിൽ ഹിന്ദിയിലും, ഗുജറാത്തിയിൽ ഗുജറാത്തിയിലും, പശ്ചിമ ബംഗാളിൽ ബംഗാളിയിലും, തമിഴ്‌നാട്ടിൽ തമിഴിലും ഈ സോഫ്റ്റ്‌വെയർ പ്രവർത്തിക്കും.
ദേശീയ തലത്തിൽ മൂന്ന് പുതിയ സഹകരണ സംഘങ്ങൾ രൂപീകരിച്ചതായി കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. കർഷകരുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കുന്നതിനായി നാഷണൽ കോപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (എൻസിഇഎൽ) സ്ഥാപിച്ചു. കർഷകർക്ക് അവരുടെ ജൈവ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ കോപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡ് (എൻസിഒഎൽ) സ്ഥാപിതമായത്. അടുത്ത 20 വർഷത്തിനുള്ളിൽ ഈ രണ്ട് സ്ഥാപനങ്ങളും അമുലിനേക്കാളും മറ്റ് സ്ഥാപനങ്ങളേക്കാളും വലുതായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മധുര വിത്തുകളുടെയും സങ്കര ഇതര വിത്തുകളുടെയും സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (ബിബിഎസ്എസ്എൽ) എന്ന പേരിൽ ഒരു ദേശീയ സഹകരണ സ്ഥാപനം രൂപീകരിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. മുമ്പ് വൻകിട കർഷകർക്ക് മാത്രമേ വിത്ത് കൃഷി ചെയ്യാൻ കഴിയുമായിരുന്നുള്ളൂവെന്നും എന്നാൽ ഇപ്പോൾ 2.5 ഏക്കർ ഭൂമിയുള്ള കർഷകർക്കും അവസരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദി ഗവണ്മെന്റ് സൃഷ്ടിച്ച മൂന്ന് ബഹു സംസ്ഥാന സഹകരണ സ്ഥാപനങ്ങൾ - NCEL, NCOL, BBSSL -എന്നിവ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ കയറ്റുമതിയ്ക്കും ലാഭവിഹിതം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നതിനും സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയിൽ പരിശീലനത്തിനായി ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിച്ചിട്ടുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് അവിടെ നിന്നും പരിശീലനം ലഭിക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. അക്കൗണ്ടന്റുമാർ, ഡയറി എഞ്ചിനീയർമാർ, മൃഗഡോക്ടർമാർ, കാർഷിക ശാസ്ത്രജ്ഞർ എന്നിവർക്ക് സഹകരണാധിഷ്ഠിതമായ വൈദഗ്ദ്ധ്യത്തിൽ പരിശീലനം നൽകും.
ദേശീയ ക്ഷീര വികസന ബോർഡും (NDDB) മധ്യപ്രദേശ് സഹകരണ ക്ഷീര ഫെഡറേഷനും (MPCDF) തമ്മിൽ ഇന്ന് ഒരു ധാരണാപത്രം ഒപ്പുവച്ചതായി കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. നിലവിൽ മധ്യപ്രദേശിൽ അഞ്ചര കോടി ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് രാജ്യത്തെ മൊത്തം പാൽ ഉൽപാദനത്തിന്റെ ഒമ്പത് ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ സഹകരണ ക്ഷീരകർഷകരുടെ പങ്ക് ഒരു ശതമാനത്തിൽ താഴെയാണ്. മധ്യപ്രദേശ് സർക്കാരും ദേശീയ ക്ഷീര വികസന ബോർഡും തമ്മിലുള്ള കരാർ കാരണം ഈ ശതമാനം വർദ്ധിക്കും. ഒരു കർഷകൻ, പാൽ നേരിട്ട് വിപണിയിൽ വിൽക്കാൻ പോകുമ്പോൾ അയാൾ ചൂഷണം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഗ്രാമത്തിലെയും ഓരോ ക്ഷീര കർഷകനെയും ക്ഷീരസഹകരണ സംഘവുമായി എത്രയും പെട്ടെന്ന് ബന്ധിപ്പിക്കുന്നതിന് ഞങ്ങൾ ശ്രമിച്ചു വരുന്നു. കൂടാതെ പാലിൽ നിന്ന് പാൽക്കട്ടി, തൈര്, മോര്, വെണ്ണ മുതലായവ നിർമ്മിച്ച് വിൽക്കുകയും കർഷകന് ലാഭം ലഭിക്കുകയും ചെയ്യുന്നവിധത്തിൽ ക്രമീകരണങ്ങൾ ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ മധ്യപ്രദേശ് പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളെ വിപുലീകരിക്കുകയും,പാൽ ശേഖരണം വർദ്ധിപ്പിക്കുകയും ചെയ്യണം. മൃഗങ്ങൾക്ക് നല്ല കാലിത്തീറ്റ നൽകുകയും ഓരോ മൃഗവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന തരത്തിൽ അവയുടെ ഇനം മെച്ചപ്പെടുത്തുകയും വേണം. പാൽ സംസ്കരിച്ച് കൂടുതൽ ലാഭത്തോടെ വിൽക്കുന്നതിനായി ഒരു സംസ്കരണ യൂണിറ്റും സ്ഥാപിക്കും.
മധ്യപ്രദേശിൽ, വിപണനം ചെയ്യാൻ കഴിയുന്ന പാലിന്റെ അളവ്, അതായത് ഉപഭോഗത്തിനു ശേഷം അധികം വരുന്ന പാൽ 3.5 കോടി ലിറ്ററാണെന്നും അതിൽ 2.5 ശതമാനം മാത്രമേ സഹകരണ ക്ഷീര സംഘങ്ങളിലേക്ക് പോകുന്നുള്ളൂവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ 17 ശതമാനം ഗ്രാമങ്ങളിൽ മാത്രമേ പാൽ ശേഖരണ സംവിധാനമുള്ളൂ. ഇന്ന് ഒപ്പുവച്ച ധാരണാപത്രം സഹകരണ ക്ഷീര സംഘങ്ങളെ 83 ശതമാനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത സൃഷ്ടിച്ചിട്ടുണ്ട്. നഗരത്തിലെ പാലിന്റെ ആവശ്യകത പ്രതിദിനം 1 കോടി 20 ലക്ഷം ലിറ്ററാണെന്നും എന്നാൽ കർഷകന് ശരിയായ ലാഭം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ധാരണാപത്രത്തിലൂടെ, ആദ്യത്തെ അഞ്ച് വർഷത്തേക്ക് 50 ശതമാനം ഗ്രാമങ്ങളിൽ സഹകരണ പ്രാഥമിക പാൽ ഉൽപാദന സമിതികൾ സ്ഥാപിക്കാൻ നാം ലക്ഷ്യമിടണമെന്ന് ശ്രീ ഷാ പറഞ്ഞു. 50 ശതമാനം ഗ്രാമങ്ങളിൽ സഹകരണ പാൽ ഉൽപാദന സമിതികൾ സ്ഥാപിച്ചാൽ, സഹകരണ മേഖലയിലെ പാൽ സംസ്കരണ ശേഷി പലമടങ്ങ് വർദ്ധിക്കുമെന്നും ഇത് കർഷകർക്ക് മികച്ച ലാഭം ലഭിക്കാൻ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു. ഈ ശ്രമത്തിൽ മോദി ഗവൺമെന്റും ദേശീയ ക്ഷീര വികസന ബോർഡും മധ്യപ്രദേശിലെ കർഷകർക്കൊപ്പം ഉറച്ചു നിൽക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഗുണനിലവാര പരിശോധനയും കർഷകർക്ക് ആഴ്ചതോറുമുള്ള പണം നൽകലും ഉറപ്പാക്കുന്നതിന് മധ്യപ്രദേശ് സഹകരണ ക്ഷീര ഫെഡറേഷൻ (എംപിസിഡിഎഫ്) നയരൂപീകരണത്തിലും ബ്രാൻഡിംഗിലും പ്രവർത്തിക്കണമെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. കുറഞ്ഞത് 50 ശതമാനം ഗ്രാമങ്ങളിലെങ്കിലും ക്ഷീര സംഘങ്ങൾ എത്തുന്നതിനും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നതിനും എൻഡിഡിബിയും എംപിസിഡിഎഫും ശക്തമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി, ധനസഹായം ആവശ്യമെങ്കിൽ, കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ സഹകരണ വികസന കോർപ്പറേഷൻ തീർച്ചയായും സഹായിക്കും. കർഷകർക്ക് അവരുടെ പാൽ ഉൽപാദനത്തിൽ 100 ശതമാനം നേട്ടം ലഭിക്കണമെന്നും, അപ്പോൾ മാത്രമേ പാൽ ഉൽപാദനം വർദ്ധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് ഗവൺമെന്റ് മായി സഹകരിച്ച് സംസ്ഥാനത്തെ കർഷകരുടെ ക്ഷേമത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മോദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിൽ ഇപ്പോൾ മികച്ച ഭരണമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഭരണ കാലത്ത് സഹകരണ മേഖല തകർന്നിരുന്നു. സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സുവർണ്ണാവസരമാണിത്. മധ്യപ്രദേശിലെ ജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു
************
(Release ID: 2121524)
Visitor Counter : 20