ന്യൂനപക്ഷകാര്യ മന്ത്രാലയം
നവകർ മഹാമന്ത്ര ദിവസ്: മഹാവീർ ജയന്തി ആഘോഷം
"ഇന്ത്യയുടെ ബൗദ്ധിക മഹത്വത്തിന്റെ അടിസ്ഥാനമാണ് ജൈനമത ഗ്രന്ഥങ്ങള്‍. ഈ ജ്ഞാനം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്" - പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
Posted On:
10 APR 2025 10:09AM by PIB Thiruvananthpuram
ജൈനമതത്തിലെ 24-ാമത് തീർത്ഥങ്കരനായ ഭഗവാൻ മഹാവീരന്റെ ജനനം അനുസ്മരിക്കുന്ന മഹാവീർ ജയന്തിദിനം ആഴമേറിയ ആത്മീയ പ്രാധാന്യവും പരമമായ സമാധാനവും പ്രതിധ്വനിക്കുന്ന ദിവസമാണ്. ഒരു ഉത്സവത്തേക്കാളുപരി കാരുണ്യത്തിനും ആത്മനിയന്ത്രണത്തിനും സത്യത്തിനുമായി സമർപ്പിച്ച ഒരു ജീവിതത്തിന് നല്‍കുന്ന ഹൃദയംഗമമായ ശ്രദ്ധാഞ്ജലിയാണത്. സംഘർഷങ്ങളും അരാജകത്വവും നിറഞ്ഞ ലോകത്ത് എണ്ണമറ്റ ജനങ്ങളെ ശ്രദ്ധാപൂര്‍വം ഐക്യത്തോടെ നിലകൊള്ളാന്‍ പ്രേരിപ്പിക്കുന്ന ഭഗവാൻ മഹാവീരന്റെ അഹിംസയുടെയും സത്യത്തിന്റെയും ആന്തരിക ഉണർവിന്റെയും നിത്യസന്ദേശം മുന്‍പത്തേതിനെക്കാള്‍ തിളക്കത്തോടെ പ്രകാശിക്കുന്നു
ഈ വർഷത്തെ നവകർ മഹാമന്ത്ര ദിവസ് ഏപ്രിൽ 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ മഹാവീർ ജയന്തിയുടെ ചൈതന്യം ശക്തമായി പ്രകടമായി.
"നവകർ മന്ത്രം കേവലമൊരു മന്ത്രമല്ല, മറിച്ച് നമ്മുടെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും സത്തയാണ്."
ജൈന പ്രാർത്ഥനയുടെ കേന്ദ്രബിന്ദുവായ നവകർ മന്ത്രം പവിത്രമായ അക്ഷര ശേഖരത്തേക്കാളുപരി ഊർജത്തിന്റെയും സുസ്ഥിരതയുടെയും പ്രകാശത്തിന്റെയും താളാത്മക പ്രവാഹമാണ്.
ഗുജറാത്തിലെ പഴയകാല പശ്ചാത്തലത്തെക്കുറിച്ച് സംസാരിക്കവെ ജൈന ആചാര്യന്മാർ ചെറുപ്പം മുതല്‍ രൂപപ്പെടുത്തിയ ധാരണയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശദീകരിച്ചു. ജൈനമതം കേവലം ചരിത്രപരമല്ല, മറിച്ച് അതിന്റെ അടിവേരുകൾ നഷ്ടപ്പെടാതെ വളരാൻ ശ്രമിക്കുന്ന ഇന്ത്യയിൽ ഇന്നും ആഴത്തിൽ പ്രസക്തമാണെന്ന അദ്ദേഹത്തിന്റെ സന്ദേശത്തിന് ശക്തി പകരുന്നതായിരുന്നു വ്യക്തിപരമായ ഈ ബന്ധം.
പുതിയ പാർലമെന്റ് പ്രവേശന കവാടത്തിലെ സമേദ് ശിഖറിന്റെ ചിത്രീകരണവും വിദേശത്തെ പുരാതന തീർത്ഥങ്കര വിഗ്രഹങ്ങളുടെ തിരിച്ചെത്തിക്കലുമെല്ലാം ആധുനിക ഇന്ത്യന്‍ വാസ്തുവിദ്യാ - സാംസ്കാരിക ഘടനയിലെ ഈ പ്രസക്തിയെ പ്രതിഫലിപ്പിക്കുന്നു. ഇവ ഗൃഹാതുരത്വത്തിന്റെ കലാവിഷ്ക്കാരങ്ങളല്ല, മറിച്ച് ഇന്ത്യയുടെ ആത്മീയ തുടർച്ചയുടെ ജീവസ്സുറ്റ പ്രതീകങ്ങളാണ്.
കാലാവസ്ഥാ വ്യതിയാനത്തെ ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി എടുത്തുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന്റെ പരിഹാരം ജൈനസമൂഹം നൂറ്റാണ്ടുകളായി പരിശീലിച്ചുവരുന്ന സുസ്ഥിര ജീവിതശൈലിയാണെന്ന് വിശദീകരിച്ചു. ലാളിത്യം, സംയമനം, സുസ്ഥിരത എന്നിവയുടെ തത്വങ്ങളാണ് ജൈന സമൂഹം നൂറ്റാണ്ടുകളായി പിന്തുടരുന്നത്. ഭഗവാൻ മഹാവീരന്റെ കാലാതീത പാഠങ്ങള്‍ സുസ്ഥിര ജീവിതശൈലി സംബന്ധിച്ച ദേശീയ ആഹ്വാനമായ മിഷൻ ലൈഫുമായി (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) മനോഹരമായി ചേര്‍ന്നുനില്‍ക്കുന്നു.
സര്‍വ ജീവജാലങ്ങളുടെയും പരസ്പരാശ്രിതത്വം എന്നർത്ഥം വരുന്ന "പരസ്പരോപഗ്രഹോ ജീവനാം" എന്ന ജൈനമത ചിഹ്നം ആഴമേറിയ പാരിസ്ഥിതിക ലോകവീക്ഷണമാണ് മുന്നോട്ടുവെയ്ക്കുന്നത്.
പുതിയ ഇന്ത്യയ്ക്ക് ഒന്‍പത് പ്രമേയങ്ങള്‍
ഇന്ത്യൻ, ജൈന പാരമ്പര്യങ്ങളിലെ ‘ഒന്‍പതി’ന്റെ ശക്തിയ്ക്ക് കാവ്യാത്മക ശ്രദ്ധാഞ്ജലിയായി അറിവ്, പ്രവൃത്തി, ഐക്യം, അടിസ്ഥാന പുരോഗതി എന്നിവയോട് പ്രതിബദ്ധത പുലര്‍ത്തുന്ന നവകർ മന്ത്രത്തിലെ ഒന്‍പത് പ്രമേയങ്ങൾ പ്രധാനമന്ത്രി നിർദേശിച്ചു. ഒന്‍പത് തവണയോ 27, 54, 108 പോലുള്ള ഗുണിതങ്ങളിലോ മന്ത്രം ആവർത്തിക്കുന്നത് ആത്മീയ പൂർണ്ണതയെയും ബൗദ്ധിക വ്യക്തതയെയും എങ്ങനെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ പ്രമേയം: ജലസംരക്ഷണം - ഓരോ തുള്ളി വെള്ളവും വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു.
രണ്ടാം പ്രമേയം: അമ്മയുടെ പേരിൽ ഒരു മരത്തൈ നടല്‍ - അടുത്ത മാസങ്ങളിൽ 100 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും സ്വന്തം അമ്മമാരുടെ പേരിൽ നടുന്ന മരങ്ങള്‍ അമ്മയുടെ അനുഗ്രഹമെന്നോണം വളർത്താന്‍ എല്ലാവരെയും പ്രേരിപ്പിക്കുകയും ചെയ്യുക.
മൂന്നാം പ്രമേയം: ശുചിത്വ ദൗത്യം - ഓരോ തെരുവിലും അയൽപക്കത്തും നഗരത്തിലും ശുചിത്വത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയും ചെയ്യുക.
നാലാം പ്രമേയം: വോക്കല്‍ ഫോര്‍ ലോക്കല്‍ - പ്രാദേശികമായി നിർമിച്ച ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിലൂടെ അവയെ ആഗോളതലത്തിലെത്തിക്കുകയും ഇന്ത്യൻ മണ്ണിന്റെ സത്തയും ഇന്ത്യൻ തൊഴിലാളികളുടെ വിയർപ്പുമടങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് പിന്തുണയേകുകയും ചെയ്യുക.
അഞ്ചാം പ്രമേയം: ഇന്ത്യയുടെ പര്യവേക്ഷണം - വിദേശ യാത്രയ്ക്ക് മുന്‍പ് ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്ഥാനങ്ങളും സംസ്കാരങ്ങളും പ്രദേശങ്ങളും പര്യവേക്ഷണം ചെയ്യുകയും രാജ്യത്തെ ഓരോ കോണിന്റെയും പ്രത്യേകതയും മൂല്യവും എടുത്തുകാണിക്കുകയും ചെയ്യുക.
ആറാം പ്രമേയം: പ്രകൃതി കൃഷിരീതി അവലംബിക്കുക - "ഒരു ജീവി മറ്റൊന്നിനെ ഉപദ്രവിക്കരുത്" എന്ന ജൈനമത തത്വം പിന്തുടര്‍ന്ന് ഭൂമി മാതാവിനെ രാസവസ്തുക്കളിൽ നിന്ന് മോചിപ്പിക്കുന്നതിനായി കർഷകരെ പിന്തുണയ്ക്കുകയും പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
ഏഴാം പ്രമേയം: ആരോഗ്യകരമായ ജീവിതശൈലി - ചെറുധാന്യങ്ങള്‍ (ശ്രീ അന്ന) ഉൾപ്പെടെ ഇന്ത്യൻ ഭക്ഷണ പാരമ്പര്യം പിന്തുടരുകയും എണ്ണ ഉപഭോഗം 10% കുറയ്ക്കുകയും മിതത്വത്തിലൂടെയും നിയന്ത്രണത്തിലൂടെയും ആരോഗ്യം നിലനിർത്തുകയും ചെയ്യുക.
എട്ടാം പ്രമേയം: യോഗയും കായിക വിനോദവും ഉൾപ്പെടുത്തുക - ശാരീരികാരോഗ്യവും മാനസിക സമാധാനവും ഉറപ്പാക്കാൻ വീട്ടിലോ, ജോലിസ്ഥലത്തോ, സ്കൂളിലോ, പാർക്കുകളിലോ യോഗയും കായിക വിനോദവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക.
ഒമ്പതാം പ്രമേയം: ദരിദ്രരെ സഹായിക്കുക - സേവനത്തിന്റെ യഥാർത്ഥ സത്ത അടയാളപ്പെടുത്തുന്നതിന് ചേര്‍ത്തുപിടിച്ചോ ഭക്ഷണം നല്‍കിയോ പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുക.
ജൈനമത തത്വങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ പ്രമേയങ്ങള്‍ സുസ്ഥിരവും സാഹോദര്യപൂര്‍ണവുമായ ഭാവി സംബന്ധിച്ച ദർശനവുമായും യോജിക്കുന്നു.
പ്രാകൃത - പാലി ഭാഷകളില്‍ കൊത്തിയെടുത്ത ജൈനമത തത്വങ്ങള്‍ ചിന്തയുടെ ആഴമേറിയ നിധികളാണ്. ജ്ഞാന്‍ ഭാരത ദൗത്യത്തിന് കീഴിൽ ഈ ഭാഷകൾക്ക് ശ്രേഷ്ഠപദവി നൽകാനും ജൈന കൈയെഴുത്തുപ്രതികൾ ഡിജിറ്റലാക്കി മാറ്റാനും ലക്ഷ്യമിടുന്ന സർക്കാർ സംരംഭം ഈ പൗരാണിക ജ്ഞാനത്തിന് നല്‍കുന്ന ശ്രദ്ധാഞ്ജലിയാണ്.
2024 മാർച്ചിൽ ഇൻഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയത്തിൽ (ഡിഎവിവി) 'ജൈന പഠന കേന്ദ്രം' സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം (പിഎംജെവികെ) പ്രകാരം പദ്ധതികൾക്ക് ന്യൂനപക്ഷകാര്യ മന്ത്രാലയം അംഗീകാരം നൽകി. 25 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ ജൈന പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും വിവിധ വിഷയങ്ങളിൽ ഗവേഷണം വളർത്താനും ഒരു ജീവിതരീതിയെന്ന തരത്തില്‍ ജൈനമതത്തെക്കുറിച്ചുള്ള ആഗോള ധാരണ വർധിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. പൗരാണിക ജൈന ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തെ പിന്തുണയ്ക്കുകയും അക്കാദമിക ഗവേഷണം സുഗമമാക്കുകയും ചെയ്യുന്ന ഈ കേന്ദ്രം വിദ്യാർത്ഥികൾക്കും പണ്ഡിതർക്കും ജൈന മതപാഠങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും ആഴത്തില്‍ മനസ്സിലാക്കാവുന്ന ഒരു കേന്ദ്രമായി മാറുന്നതിനൊപ്പം സമൂഹ ഇടപെടലും അവബോധവും പ്രോത്സാഹിപ്പിക്കും.
കൈയെഴുത്തുപ്രതികളുടെ ഡിജിറ്റല്‍വല്‍ക്കരണം, അറിവ് പങ്കിടൽ, ജൈന പാരമ്പര്യങ്ങളെക്കുറിച്ച് വിവിധ വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ ജൈന സംസ്കാരം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു പദ്ധതിക്ക് ന്യൂനപക്ഷകാര്യ മന്ത്രാലയം നേരത്തെ അംഗീകാരം നൽകിയിരുന്നു.
2024 ഏപ്രിലിൽ മഹാവീർ ജയന്തി ദിനത്തിൽ 2550-ാമത് ഭഗവാൻ മഹാവീർ നിർവാണ മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സ്മരണിക സ്റ്റാമ്പും നാണയവും പുറത്തിറക്കിയിരുന്നു.
വികസിത രാഷ്ട്രത്തിന്റെ പാതയിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ ആന്തരിക വിജയം, കാരുണ്യം, സത്യം എന്നിവ സംബന്ധിച്ച ഭഗവാൻ മഹാവീരന്റെ സന്ദേശം നവകർ മന്ത്രത്തിന്റെ ഐക്യത്തിലും, സന്യാസ ശിക്ഷണത്തിലും, ജീവിതത്തിന്റെ പരസ്പരാശ്രിതത്വത്തിലും വ്യക്തികൾക്ക് മാത്രമല്ല, മുഴുവൻ ലോകത്തിനും ഒരു വഴികാട്ടിയാണ്.
അവലംബം:
Download in PDF
(Release ID: 2120912)
Visitor Counter : 13