പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും


വാരാണസിയിൽ 3880 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും

ശ്രദ്ധയേകുന്നത് റോഡ്-വൈദ്യുതി-വിദ്യാഭ്യാസ-വിനോദസഞ്ചാര പദ്ധതികൾക്ക്

പുതുതായി രജിസ്റ്റർചെയ്ത പ്രാദേശിക ഇനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും ഭൂപ്രദേശ സൂചിക (ജിഐ) സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി വിതരണം ചെയ്യും

പ്രധാനമന്ത്രി മധ്യപ്രദേശിലെ ഈസാഗഢിലെ ഗുരുജി മഹാരാജ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും


Posted On: 09 APR 2025 9:43PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ ​നരേന്ദ്ര മോദി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും. പകൽ പതിനൊന്നോടെ വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, 3880 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

തുടർന്നു മധ്യപ്രദേശിലേക്കു പോകുന്ന അദ്ദേഹം, ഉച്ചകഴിഞ്ഞ് 3.15ന് ഈസാഗഢിലെ ഗുരുജി മഹാരാജ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. തുടർന്ന്, വൈകിട്ട് 4.15ന് ആനന്ദ്പുർ ധാമിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ഉത്തർപ്രദേശിൽ

വാരാണസിയിൽ 3880 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. അടിസ്ഥാനസൗകര്യവികസനത്തിനായുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രത്യേകിച്ച് വാരാണസിയിലെ റോഡ് ഗതാഗതക്ഷമത മെച്ചപ്പെടുത്തുന്നതിനായി, മേഖലയിലെ വിവിധ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കൂടാതെ, വാരാണസി റിങ് റോഡിനും സാരനാഥിനും ഇടയിലുള്ള റോഡ് പാലം, നഗരത്തിലെ ഭിഖാരിപുർ-മണ്ഡുവാഡീ ക്രോസിങ്ങുകളിലെ മേൽപ്പാലങ്ങൾ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ NH-31-ൽ 980 കോടിയിലധികം രൂപയുടെ ഹൈവേ അടിപ്പാത റോഡ് തുരങ്കം എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിടും.

വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്ക് ഉത്തേജനം പകർന്ന്, വാരാണസി ഡിവിഷനിലെ ജൗൻപുർ, ചന്ദൗലി, ഗാസീപുർ ജില്ലകളിലെ 1045 കോടിയിലധികം രൂപ മൂല്യമുള്ള മൂന്നു പ്രസരണ സബ്സ്റ്റേഷനുകളും (രണ്ട് 400 കെവി, ഒരു 220 കെവി) അനുബന്ധ പ്രസരണ ലൈനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാരാണസിയിലെ ചൗക്കാഘാട്ടിൽ 220 കെവി ട്രാൻസ്മിഷൻ സബ്സ്റ്റേഷൻ, ഗാസീപുരിൽ 132 കെവി പ്രസരണ സബ്സ്റ്റേഷൻ, വാരാണസി നഗര വൈദ്യുതിവിതരണ സംവിധാനത്തിന്റെ വിപുലീകരണം എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിടും.

സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊലീസ് ലൈനിൽ ട്രാൻസിറ്റ് ഹോസ്റ്റലും പിഎസി രാംനഗർ ക്യാമ്പസിലെ ബാരക്കുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ പൊലീസ് സ്റ്റേഷനുകളിലെ പുതിയ ഭരണനിർവഹണമന്ദിരങ്ങളുടെയും പൊലീസ് ലൈനിലെ പാർപ്പിട ഹോസ്റ്റലിന്റെയും തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവഹിക്കും.

ഏവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന കാഴ്ചപ്പാടിന് അനുസൃതമായി, പിണ്ഡ്രയിലെ ഗവൺമെന്റ് പോളിടെക്നിക് കോളേജ്, ബർക്കി ഗ്രാമത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ ഗവൺമെന്റ് കോളേജ്, 356 ഗ്രാമീണ വായനശാലകൾ, 100 അങ്കണവാടി കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സ്മാർട്ട് സിറ്റി ദൗത്യത്തിനു കീഴിലുള്ള 77 പ്രൈമറി സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനും വാരാണസിയിലെ ചോലാപുരിൽ കസ്തൂർബ ഗാന്ധി സ്കൂളിനായി പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനും അദ്ദേഹം തറക്കല്ലിടും. നഗരത്തിലെ കായിക അടിസ്ഥാനസൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ഉദയ് പ്രതാപ് കോളേജിൽ ഫ്ലഡ്‌ലൈറ്റുകളും കാണികളുടെ ഗാലറിയുമുള്ള സിന്തറ്റിക് ഹോക്കി ടർഫിനും ശിവ്പുരിൽ മിനി സ്റ്റേഡിയത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.

ഗംഗാനദിയിലെ സാംനെ ഘാട്ടിന്റെയും ശാസ്ത്രി ഘാട്ടിന്റെയും പുനർവികസനം, ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള 345 കോടിയിലധികം രൂപയുടെ 130 ഗ്രാമീണ കുടിവെള്ള പദ്ധതികൾ, വാരാണസിയിലെ ആറ് മുനിസിപ്പൽ വാർഡുകളുടെ മെച്ചപ്പെടുത്തൽ, വാരാണസിയിലെ വിവിധ സ്ഥലങ്ങളിൽ ഭൂസൗന്ദര്യവൽക്കരണം, ശിൽപ്പങ്ങൾ സ്ഥാപിക്കൽ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

കരകൗശലവിദഗ്ധർക്കായുള്ള എംഎസ്എംഇ യൂണിറ്റി മാൾ, മോഹൻസരായിൽ ട്രാൻസ്‌പോർട്ട് നഗർ പദ്ധതിയുടെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ, ഡബ്ല്യുടിപി ഭേലുപുരിൽ ഒരു മെഗാവാട്ട് സൗരോർജനിലയം, 40 ഗ്രാമപഞ്ചായത്തുകളിലെ സാമൂഹ്യ ഹാളുകൾ, വാരാണസിയിലെ വിവിധ പാർക്കുകളുടെ സൗന്ദര്യവൽക്കരണം എന്നിവയ്ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

ഇതാദ്യമായി 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കു പ്രയോജനപ്പെടുന്ന ആയുഷ്മാൻ വയ വന്ദന കാർഡുകൾ പ്രധാനമന്ത്രി കൈമാറും. തബല, പെയിന്റിങ്, ഠണ്ഡായി, തിരംഗ ബർഫി തുടങ്ങിയ വിവിധ പ്രാദേശിക ഇനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും അദ്ദേഹം ഭൂപ്രദേശസൂചിക (ജിഐ) സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. ബനാസ് ഡയറിയുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിലെ പാൽ വിതരണക്കാർക്ക് 105 കോടിയിലധികം രൂപയുടെ ബോണസും അദ്ദേഹം കൈമാറും.

പ്രധാനമന്ത്രി മധ്യപ്രദേശിൽ

ഇന്ത്യയുടെ സാംസ്കാരിക-ആത്മീയ പൈതൃകം വളർത്തിയെടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ഈസാഗഢിലെ ആനന്ദ്പുർ ധാം സന്ദർശിക്കും. ഗുരുജി മഹാരാജ് ക്ഷേത്രത്തിൽ അദ്ദേഹം ദർശനവും പൂജയും നടത്തും. ആനന്ദ്പുർ ധാമിലെ ക്ഷേത്രസമുച്ചയവും അദ്ദേഹം സന്ദർശിക്കും.

ആധ്യാത്മിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ആനന്ദ്പുർ ധാം സ്ഥാപിച്ചത്. 315 ഹെക്ടറിൽ വ്യാപിച്ചിട്ടുള്ള ധാം 500-ലധികം പശുക്കളെ ഉൾക്കൊള്ളുന്ന ആധുനിക ഗോശാല (പശുതൊഴുത്ത്) സ്ഥാപിക്കുകയും ശ്രീ ആനന്ദ്പുർ ട്രസ്റ്റ് ക്യാമ്പസിനു കീഴിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. സുഖ്പുർ ഗ്രാമത്തിൽ ജീവകാരുണ്യ ആശുപത്രി, സുഖ്പുരിലും ആനന്ദ്പുരിലും സ്കൂളുകൾ, രാജ്യത്തുടനീളമുള്ള വിവിധ സത്‌സംഗ് കേന്ദ്രങ്ങൾ എന്നിവ ഈ ട്രസ്റ്റ് നടത്തുന്നുണ്ട്.

-SK-


(Release ID: 2120768) Visitor Counter : 18