രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതിയോടുള്ള ആദരസൂചകമായി ലിസ്ബണ്‍ 'സിറ്റി കീ ഓഫ് ഹോണർ ' സമ്മാനിച്ചു 

Posted On: 08 APR 2025 11:44AM by PIB Thiruvananthpuram
ഇന്നലെ (2025, ഏപ്രില്‍ 7) പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍, ലിസ്ബണ്‍ മേയര്‍, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മുവിനോടുള്ള ആദരസൂചകമായ ലിസ്ബണ്‍ ' സിറ്റി കീ ഓഫ് ഹോണർ സമ്മാനിച്ചു.

ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി മേയര്‍ക്കും ലിസ്ബണ്‍ ജനതയ്ക്കും നന്ദി പറഞ്ഞു. വിശാലമനസ്‌കത, ജനങ്ങളുടെ സൗഹൃദ മനോഭാവം, സംസ്‌കാരം, എന്നിവയ്‌ക്കൊപ്പം സഹിഷ്ണുത,  വൈവിധ്യത്തോടുള്ള ആദരവ് എന്നിവയ്ക്ക് ലിസ്ബണ്‍ പേരുകേട്ടതാണെന്ന് അവര്‍ പറഞ്ഞു. സാങ്കേതിക മാറ്റം, നവീകരണം, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ഡിജിറ്റല്‍വത്കരണം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു ആഗോള നഗരമാണു ലിസ്ബണ്‍ എന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ മേഖലകളില്‍ ഇന്ത്യയ്ക്കും പോര്‍ച്ചുഗലിനും കൂടുതല്‍ സഹകരിക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം (2025, ഏപ്രില്‍ 7) പോര്‍ച്ചുഗല്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ആദരണനീയനായ മിസ്റ്റര്‍ മാര്‍സെലോ റെബിലോ ഡി സൂസയുടെ  ബഹുമാനാര്‍ത്ഥം പാലസിയോ ഡാ അജുഡയില്‍ സംഘടിപ്പിച്ച വിരുന്നില്‍ രാഷ്ട്രപതി പങ്കെടുത്തു.

ഇരു ജനതകളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്നും ഈ ബന്ധങ്ങള്‍ നമ്മുടെ ചിന്തകളില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. വാസ്തുവിദ്യ, ചരിത്ര സ്മാരകങ്ങള്‍, ഭാഷകള്‍, അതുപോലെ തന്നെ നമ്മുടെ പാചകരീതികള്‍ എന്നിവയിൽ നമ്മുടെ ഈ പാരമ്പര്യത്തനിമ പ്രതിഫലിക്കുന്നു.
 
ഇന്ത്യാ-പോര്‍ച്ചുഗല്‍ ഉഭയകക്ഷി ബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം പ്രത്യേക പ്രാധാന്യമുള്ളതാണെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സ്വാഭാവിക സംയോജനം വൈവിധ്യമാര്‍ന്ന മേഖലകളില്‍ സഹകരണത്തിനുള്ള സാദ്ധ്യതയും നമ്മുടെ ചരിത്രപരമായ ബന്ധം സജീവവും ദീര്‍ഘവീക്ഷണമുള്ളതുമായ ഒരു പങ്കാളിത്തത്തിന് അവസരമൊരുക്കുന്നു. ശാസ്ത്രം, സാങ്കേതിക വിദ്യ, പ്രതിരോധം, ഐടി, സ്റ്റാര്‍ട്ട്അപ്പുകള്‍, ഗവേഷണം, വിദ്യാഭ്യാസം, സാംസ്‌കാരിക സഹകരണം തുടങ്ങിയ വിവിധ മേഖലകളില്‍ ഇന്ത്യ-പോര്‍ച്ചുഗല്‍ സഹകരണം സുസ്ഥിരവും പുരോഗമനപരവുമായ വളര്‍ച്ച രേഖപ്പെടുത്തുന്നതില്‍ അവര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
 
ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍, എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന സമഗ്രവും സുസ്ഥിരവുമായ വികസന മാതൃക സൃഷ്ടിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ഡിജിറ്റല്‍വത്കരണം, സ്റ്റാര്‍ട്ട്അപ്പുകള്‍, നവീകരണം എന്നീ മേഖലകളിലെ സാദ്ധ്യതകള്‍ ഇന്ത്യ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു രാഷ്ട്രപതി പറഞ്ഞു. ഈ ശ്രമങ്ങളില്‍ പങ്കാളിയായി പോര്‍ച്ചുഗലിനെ ഇന്ത്യ കണക്കാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
 
യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതില്‍ പോര്‍ച്ചുഗല്‍ വഹിക്കുന്ന പങ്കിനെ രാഷ്ട്രപതി അഭിനന്ദിച്ചു. 2000ല്‍ പോര്‍ച്ചുഗല്‍ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ആദ്യത്തെ ഇന്തയ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടന്നതെന്നും വീണ്ടും 2021 മേയ് മാസത്തില്‍ പോര്‍ച്ചുഗലിന്റെ അദ്ധ്യക്ഷതയിലാണ് ചരിത്രപ്രസിദ്ധമായ ' ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പ്ലസ് 27' നേതൃത്വ ഉച്ചകോടി പോര്‍ച്ചുഗലില്‍ നടന്നതെന്ന കാര്യവും അവര്‍ എടുത്തു പറഞ്ഞു.
 
വരുംകാലങ്ങളില്‍ ഇന്ത്യ-പോര്‍ച്ചുഗല്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുകയും വിശാലമാകുകയും ചെയ്യുമെന്നും അതു നമ്മുടെ ജനങ്ങള്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ ഗുണകരമാകുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.
 
****

(Release ID: 2120078) Visitor Counter : 30