വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

വേവ്സ് ഉച്ചകോടി 2025 ന് മുന്നോടിയായി ട്രൂത് ടെൽ ഹാക്കത്തോണിലെ മികച്ച 5 വിജയികളെ പ്രഖ്യാപിച്ചു.

തെറ്റായ വിവരങ്ങൾ പ്രതിരോധിക്കുന്നതിന് നിർമ്മിത ബുദ്ധി പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തതിന് യൂണിക്രോൺ, ആൽക്കെമിസ്റ്റ്, ഹൂഷിംഗ് ലയേഴ്‌സ്, ബഗ് സ്മാഷേഴ്‌സ്, വോർട്ടക്സ് സ്ക്വാഡ് എന്നീ ടീമുകൾക്ക് 10 ലക്ഷം രൂപ സമ്മാനം

തെറ്റായ മാധ്യമ ഉള്ളടക്കത്തിനെതിരെയുള്ള AI സ്ഥിരീകരണ ഉപകരണങ്ങൾ മുതൽ തിരിച്ചറിയൽ സംവിധാനങ്ങൾ വരെ അടങ്ങുന്ന ഈ നൂതനാശയങ്ങൾ മെയ് 01 മുതൽ മെയ് 04 വരെ മുംബൈയിൽ നടക്കുന്ന വേവ്സ് ഉച്ചകോടി 2025 ൽ പ്രദർശിപ്പിക്കും

Posted On: 07 APR 2025 7:19PM by PIB Thiruvananthpuram

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ (ICEA),  സംഘടിപ്പിച്ച ട്രൂത് ടെൽ ഹാക്കത്തോണിന്റെ മികച്ച അഞ്ച് വിജയികളെ ഇന്ന് പ്രഖ്യാപിച്ചു. സാങ്കേതികവിദ്യയിലൂടെ തെറ്റായതും കൃത്രിമമായി സൃഷ്ടിച്ചതുമായ മാധ്യമ ഉള്ളടക്കങ്ങൾ  ചെറുക്കുന്നതിനുള്ള ഒരു ആഗോള മത്സരമാണിത്. അടുത്തമാസം നടക്കുന്ന  ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025-ന്റെ 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്'-ന്റെ ഭാഗമാണ് ഈ ഹാക്കത്തോൺ. ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന പ്രദർശന പരിപാടിയിൽ വിജയികളെ അനുമോദിച്ചു. ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച  മികച്ച 25 ഇന്നൊവേറ്റർമാർ അവിടെ വ്യവസായ വിദഗ്ധരുടെ ഒരു പാനലിന് മുന്നിൽ അവരുടെ പ്രവർത്തന മാതൃകകൾ പ്രദർശിപ്പിച്ചു.

ലോകമെമ്പാടും നിന്നായി 5,600-ലധികം രജിസ്ട്രേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട,  അഞ്ച് വിജയികളായ സംരംഭങ്ങൾ, ആകെ 10 ലക്ഷം രൂപയുടെ സമ്മാനം നേടി

 

  • ഡൽഹിയിൽ നിന്നുള്ള ടീം യൂണിക്രോൺ: ഉള്ളടക്കം, ഇമേജുകൾ, വീഡിയോകൾ എന്നിവയിലുടനീളം തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിൽ ഈ സംരംഭം ആവിഷ്കരിച്ച   നൂതന പ്രവർത്തനം- അന്വേഷ - യ്ക്ക് പുരസ്‌കാരം
  • ഡെറാഡൂണിൽ നിന്നുള്ള ടീം ആൽക്കെമിസ്റ്റ്: ലാങ്‌ചെയിൻ- അധിഷ്ഠിത  എൻ‌എൽ‌പി, ഡൈനാമിക് നോളജ് ഗ്രാഫുകൾ, ജിഐഎസ് വിവരങ്ങൾ, തത്സമയ പ്രക്ഷേപണങ്ങളിൽ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും അവ തിരുത്തുന്നതിനും സ്വയം വിശദീകരിക്കാൻ കഴിയുന്ന എഐ സംവിധാനം എന്നിവ ഉപയോഗിച്ചുള്ള ഒരു സമഗ്ര പരിഹാരമായ വെരിസ്ട്രീം: ഫാക്റ്റ്-ഫസ്റ്റ് ഇൻ എവരി ഫ്രെയിം എന്നതിനാണ് പുരസ്കാരം.  
  •  ബെംഗളൂരുവിൽ നിന്നുള്ള ടീം ഹൂഷിംഗ് ലയേഴ്‌സ് :ബഹുഭാഷാ പിന്തുണയും തത്സമയ സ്ട്രീമിംഗ് മുന്നറിയിപ്പ് സംവിധാനങ്ങളും ഉപയോഗിച്ച് ഡീപ്ഫേക്കുകൾ കണ്ടെത്തുന്നതിനും, വാർത്താ ഉള്ളടക്കങ്ങളുടെ വസ്തുതാ പരിശോധന നടത്തുന്നതിനും, തെറ്റായ ഉള്ളടക്കം ഫ്ലാഗ് ചെയ്യുന്നതിനും രൂപകൽപ്പന ചെയ്ത എഐ- അധിഷ്ഠിത സംവിധാനമായ നെക്സസ് ഓഫ് ട്രൂത്തിന്  അവാർഡ് ലഭിച്ചു.
  • ഡൽഹിയിൽ നിന്നുള്ള ടീം ബഗ് സ്മാഷേഴ്‌സ്: തത്സമയ വിശ്വാസ്യത സ്കോറുകൾ നൽകുന്നതിന്  ലാർജ് ലാംഗ്വേജ് മോഡലുകളും (എൽഎൽഎം) വസ്തുതാ പരിശോധനാ എപിഐകളും (എൽഎൽഎം) സംയോജിപ്പിക്കുന്ന  സംവിധാനമായ 'ലൈവ് ട്രൂത്ത്: തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള എഐ അധിഷ്ഠിത  സംവിധാനം' വികസിപ്പിച്ചു. തൽസമയ പ്രക്ഷേപണത്തിൽ  ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എസ്എംഎസ് സ്ഥിരീകരണത്തിലൂടെ സമൂഹങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാധൂകരണവും ഇത് ഉറപ്പുവരുത്തുന്നു.
  • ബെംഗളൂരുവിൽ നിന്നുള്ള ടീം വോർടെക്സ് സ്ക്വാഡ് :തത്സമയ പരിപാടികളിൽ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും ഫ്ലാഗുചെയ്യുന്നതിനുമുള്ള വെല്ലുവിളികളെ നേരിടുന്നതിനും, കൃത്യതയും സുതാര്യതയും ഉറപ്പാക്കുന്നതിനും സഹായിക്കുന്ന  AI അധിഷ്ഠിത  "തെറ്റായ വിവരങ്ങളുടെ തൽസമയ തിരിച്ചറിയലും വസ്തുതാപരിശോധനയും" സംവിധാനത്തിന് പുരസ്കാരം ലഭിച്ചു.


മാധ്യമങ്ങളുടെ സമഗ്രത മെച്ചപ്പെടുത്തുന്നതിനും തത്സമയ സംപ്രേഷണ സമയത്ത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുന്നത് തടയുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന സമീപനങ്ങൾ ഈ ടീമുകൾ ഓരോന്നും പ്രദർശിപ്പിച്ചു. AI സ്ഥിരീകരണ ഉപകരണങ്ങൾ മുതൽ മാധ്യമങ്ങളിലെ വ്യാജ ഉള്ളടക്ക തിരിച്ചറിയൽ സംവിധാനം  വരെയുള്ള അവരുടെ ഈ പ്രതിവിധികൾ 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ സംഘടിപ്പിച്ചിട്ടുള്ള വേവ്സ്   ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. മാധ്യമങ്ങളിലും സാങ്കേതിക മേഖലയിലും ഉത്തരവാദിത്തപരമായ നൂതനാശയം പ്രോത്സാഹിപ്പിക്കുന്നതിനായി വേവ്സ് 2025 ന്റെ ഭാഗമായാണ് ഈ ഹാക്കത്തോൺ.

ഇലക്ട്രോണിക്സ് , ഐടി മന്ത്രാലയ അഡീഷണൽ സെക്രട്ടറിയും ഇന്ത്യഎഐ മിഷൻ സിഇഒയുമായ ശ്രീ അഭിഷേക് സിംഗ്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ  ജോയിന്റ് സെക്രട്ടറി ശ്രീ സഞ്ജീവ് ശങ്കർ എന്നിവരുൾപ്പെടെയുള്ള  വിശിഷ്ട വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. ട്രൂത്ത് ടെൽ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെയുടെ  ജൂറിയിൽ MeitY സ്റ്റാർട്ടപ്പ് ഹബ്ബ് (MSH) മുൻ സിഇഒ ശ്രീ. ജീത് വിജയവർഗിയ, മൈക്രോസോഫ്റ്റ് ഇന്ത്യയിലെ AI ടെക് സ്ട്രാറ്റജിസ്റ്റ് ഡയറക്ടർ ശ്രീ. വിക്രം മൽഹോത്ര,   എബിജി വെഞ്ച്വർ പാർട്ണേഴ്‌സിന്റെ മാനേജിംഗ് പാർട്ണർ ശ്രീ. അലോക് ഗുർട്ടു, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ (ഐഎസ്ബി) സീനിയർ ഗവേഷകനും വിസിറ്റിംഗ് ഫാക്കൽറ്റിയുമായ ഡോ. അവിക് സർക്കാർ, STAGE സഹസ്ഥാപകനും സിടിഒയുമായ ശ്രീ ശശാങ്ക് വൈഷ്ണവ് എന്നിവർ ഉൾപ്പെടുന്നു.

"ഗ്രാമീണ നാടോടിക്കഥകൾ മുതൽ തെറ്റായ വിശ്വാസങ്ങൾ വരെ കിംവദന്തികളുടെ ശക്തിയ്ക്ക് ഇന്ത്യ വളരെ മുൻപ് തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ തെറ്റായ വിവരങ്ങൾ അതിവേഗം  പരക്കുന്നു. അതിനാൽ, ഇപ്പോൾ തെറ്റായ വിവരങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഡിജിറ്റൽ മേഖലയിലേക്ക് ചുവടുവെക്കേണ്ടത് എക്കാലത്തേക്കാളും നിർണായകമാണ്. പ്രത്യേകിച്ച് ഈ ഡിജിറ്റൽ യുഗത്തിൽ, വ്യാജ വിവരങ്ങളുടെ ദ്രുതഗതിയിലുള്ള വ്യാപനം ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. എന്നിരുന്നാലും, ഇന്ന് നൂതനാശയങ്ങളിൽ മികവ് പുലർത്തുന്ന നമ്മുടെ യുവാക്കൾ - അവരിൽ തന്നെ 36% വനിതകൾ ഉൾപ്പെടെയുള്ളവർ  - നമുക്ക് കരുത്തുറ്റതും ഭാവി സജ്ജവുമായ  പരിഹാരങ്ങൾ സൃഷ്ടിച്ചു നൽകുമെന്ന്  എനിക്ക് ഉറപ്പുണ്ട്. ഇവ വെറും സമ്മാനാർഹമായ ആശയങ്ങളല്ല; സങ്കീർണ്ണമായ ഡിജിറ്റൽ ഭീഷണികളെ നേരിടുന്നതിനുള്ള ധാർമ്മികവും AI-അധിഷ്ഠിതവുമായ പരിഹാരങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യയ്ക്ക് ലോകത്തെ എങ്ങനെ നയിക്കാനാകുമെന്നതിന്റെ ബ്ലൂപ്രിന്റുകളാണ് അവ."  വിജയികളെ അഭിനന്ദിച്ചുകൊണ്ട് ഐസിഇഎ ചെയർമാൻ ശ്രീ. പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു.


"ശബ്ദത്തെയും, ചിത്രത്തെയും, മുഴുവൻ സ്വത്വത്തെയും  പോലും അനുകരിക്കാൻ നിർമ്മിത ബുദ്ധിക്ക്  കഴിയുന്ന ഒരു യുഗത്തിൽ, വസ്തുതയെ കഥയിൽ നിന്ന്  വേർതിരിച്ചറിയാൻ കഴിയുന്നത് ഒരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിൽ ട്രൂത്ടെൽ ഹാക്കത്തൺ ഒരു സുപ്രധാന ചുവടുവയ്പ്പാണ്. നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ഈ ഹാക്കത്തോണിൽ  പങ്കെടുത്ത എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിനും സമൂഹത്തെ അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വളരെയധികം സംഭാവന ചെയ്യും. ഉത്തരവാദിത്വമുള്ള നൂതനാശയങ്ങൾക്കായി  AI പ്രയോജനപ്പെടുത്താൻ രാജ്യത്തെ സഹായിക്കുന്ന  ഇത്തരം  സംരംഭങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രതിവിധികൾ  രാജ്യത്തിന് വിലപ്പെട്ടതായിരിക്കുമെന്ന് മാത്രമല്ല, തെറ്റായ വിവരങ്ങൾക്കെതിരായ ആഗോള പോരാട്ടത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു" എന്ന്  കേന്ദ്ര ഇലക്ട്രോണിക്സ് , ഐടി  അഡീഷണൽ സെക്രട്ടറി ശ്രീ അഭിഷേക് സിംഗ് പറഞ്ഞു.

"ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ തെറ്റായ വിവരങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ട്രൂത്ത് ടെൽ ഹാക്കത്തോൺ എന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീ സഞ്ജീവ് ശങ്കർ പറഞ്ഞു. 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' എന്നതിലെ 32 മത്സരങ്ങളിൽ ഒന്നായ ഈ സംരംഭം, മാധ്യമങ്ങളെയും വിനോദ വ്യവസായത്തെയും ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് പരിഹരിക്കുന്നതിന് ലോകമെമ്പാടുമുള്ള യുവ നൂതനാശയ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്നു. തെറ്റായ വിവരങ്ങൾ സാമൂഹിക ഐക്യത്തെയും  ജീവിതത്തെയും തടസ്സപ്പെടുത്തുന്നു. അതുകൊണ്ടാണ് തത്സമയം തെറ്റായ ഉള്ളടക്കത്തെ ഫ്ലാഗ് ചെയ്യാൻ കഴിയുന്ന സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തേണ്ടത് നമുക്ക് നിർണായകമാകുന്നത്. പങ്കെടുക്കുന്ന എല്ലാവരെയും അവരുടെ ശ്രദ്ധേയമായ ആശയങ്ങൾക്ക് ഞാൻ അഭിനന്ദിക്കുകയും നൂതനാശയങ്ങൾ കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വേവ്സ് 2025-ൽ അവതരിപ്പിക്കുന്ന ഈ  പ്രതിവിധികൾ  കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഉത്തരവാദിത്വമുള്ള മാധ്യമങ്ങളുടെ ഭാവിയെ സ്വാധീനിക്കാൻ സാധ്യതയുള്ള അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ അവ പ്രദർശിപ്പിക്കും. കൂടുതൽ അവബോധം ഉള്ളതും  സുരക്ഷിതവുമായ ഭാവി ഡിജിറ്റൽ ആവാസവ്യവസ്ഥ  രൂപപ്പെടുത്താൻ നമുക്ക് ഒരുമിച്ച് കഴിയും."

 2024 ഒക്ടോബറിൽ ആരംഭിച്ച ട്രൂത്ത്‌ടെൽ ഹാക്കത്തോണിൽ 300-ലധികം നഗരങ്ങളിലായി വിദ്യാർത്ഥികളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നുമായി 450-ലധികം  ആശയങ്ങൾ ലഭിച്ചു. പങ്കെടുത്തവരിൽ 36% വനിതകളാണ് എന്നതാണ് ശ്രദ്ധേയം. നിരവധി ഘട്ട പരിശോധനകൾക്കും മെന്റർഷിപ്പിനും ശേഷം, ഡൽഹിയിൽ നടന്ന ഓൺ-ഗ്രൗണ്ട് ഫിനാലെയിൽ പങ്കെടുക്കാൻ 25 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു.   ആവേശകരമായ ഊർജ്ജത്തിന്റെ പ്രതിനിധികളായി  കോയമ്പത്തൂർ മുതൽ ചണ്ഡീഗഡ് വരെയും ബാംഗ്ലൂർ മുതൽ ഭോപ്പാൽ വരെയും ഇന്ത്യയിലെ വിവിധ ഇടങ്ങളിലെ യുവാക്കളുടെ പങ്കാളിത്തം ഇതിൽ പ്രകടമായി

ഇലക്ട്രോണിക്‌സ് , ഐടി മന്ത്രാലയത്തിന്റെയും (MeitY) ഇന്ത്യഎഐ മിഷന്റെയും പിന്തുണയോടെ, രാജ്യത്തെ യുവജനങ്ങളുടെ  നേതൃത്വത്തിൽ    ധാർമ്മികതയുള്ള നിർമ്മിത ബുദ്ധി പ്രതിവിധികൾ കണ്ടെത്തുന്നത്  പ്രോത്സാഹിപ്പിക്കുന്നതിനും ഡിജിറ്റൽ ആവാസവ്യവസ്ഥയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ വിശാലമായ കാഴ്ചപ്പാടുമായി ട്രൂത്ത്‌ടെൽ ഹാക്കത്തൺ യോജിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, https://icea.org.in/truthtell സന്ദർശിക്കുക

ICEA-യെക്കുറിച്ച്

ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, ടെക്‌നോളജി കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായ സംഘടനയാണ് ICEA. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ ശേഷികൾ തമ്മിലുള്ള തടസ്സമില്ലാത്ത സംയോജനം വളർത്തിയെടുത്ത് ഇന്ത്യയെ ഒരു ആഗോള സാങ്കേതിക ശക്തികേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ദർശനം. ICEA -യുടെ  നേതൃത്വത്തിലൂടെ, നൂതനാശയങ്ങളെയും മികവിനെയും പ്രോത്സാഹിപ്പിക്കുന്ന  ഒരു ചലനാത്മക ആവാസവ്യവസ്ഥ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നു.

 

*************

(Release ID: 2119940) Visitor Counter : 21