പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയവിനിമയം


‘അയൽക്കാർ ആദ്യം’ എന്ന നയത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി

അയൽരാജ്യങ്ങളിലെ പ്രതിസന്ധികളോട് ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്: പ്രധാനമന്ത്രി

Posted On: 06 APR 2025 8:19PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലെ കൊളംബോയിൽ 1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായി ഇന്നലെ സംവദിച്ചു. ആദരണീയനായ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ക്രിക്കറ്റ് താരങ്ങൾ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ടീമിന്റെ മികച്ച പ്രകടനം, പ്രത്യേകിച്ച് ശാശ്വത മുദ്ര പതിപ്പിച്ച അവിസ്മരണീയ വിജയം ഇന്ത്യൻ ജനത ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവരുടെ നേട്ടത്തിന്റെ അ‌നുരണനങ്ങൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2010ൽ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ പങ്കെടുക്കുമ്പോൾ, ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരിൽ ഒരാൾ അമ്പയറായി സേവനമനുഷ്ഠിച്ചത് ശ്രീ മോദി അനുസ്മരിച്ചു. ഇന്ത്യയുടെ 1983ലെ ലോകകപ്പ് വിജയത്തിന്റെയും 1996ലെ ശ്രീലങ്കൻ ടീമിന്റെ ലോകകപ്പ് വിജയത്തിന്റെയും പരിവർത്തനാത്മക സ്വാധീനം എടുത്തുകാട്ടിയ അ‌ദ്ദേഹം, ഈ നാഴികക്കല്ലുകൾ ക്രിക്കറ്റ് ലോകത്തെ എങ്ങനെ പുനർനിർമ്മിച്ചുവെന്ന് ചൂണ്ടിക്കാട്ടി. 1996ലെ മത്സരങ്ങളിൽ അന്നത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം പ്രകടിപ്പിച്ച നൂതനമായ കളിരീതിയിൽ നിന്നാണ് ടി-20 ക്രിക്കറ്റിന്റെ പരിണാമം കണ്ടെത്താൻ കഴിയുന്നതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ നിലവിലെ ശ്രമങ്ങളെക്കുറിച്ച് കേൾക്കാൻ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിക്കുകയും ക്രിക്കറ്റിലും പരിശീലക വേഷങ്ങളിലും അവർ ഇപ്പോഴും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ആരായുകയും ചെയ്തു.

1996 ലെ ബോംബ് സ്ഫോടനങ്ങൾ മറ്റ് ടീമുകളെ പിന്തിരിപ്പിച്ചിട്ടും ശ്രീലങ്കയിൽ വരാനുള്ള ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് പറഞ്ഞ ശ്രീ മോദി, ശ്രീലങ്കൻ കളിക്കാർ അവരുടെ ദുഷ്‌കരമായ സമയങ്ങളിൽ ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നൽകിയ അംഗീകാരം എടുത്തുപറഞ്ഞു. 1996ലെ ബോംബ് സ്‌ഫോടനങ്ങൾ ഉൾപ്പെടെ, പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യ എങ്ങനെ മറികടന്നുവെന്ന് വ്യക്തമാക്കിയ അ‌ദ്ദേഹം, ഇന്ത്യ പ്രകടിപ്പിച്ച ശാശ്വത സ്‌പോർട്‌സ്മാൻഷിപ്പിനെക്കുറിച്ച് പരാമർശിച്ചു. 2019ൽ പള്ളിയിൽ നടന്ന ബോംബ് സ്‌ഫോടനങ്ങളെത്തുടർന്ന് ശ്രീലങ്ക സന്ദർശിച്ച അദ്ദേഹം, അങ്ങനെ ചെയ്യുന്ന ആദ്യത്തെ ആഗോള നേതാവായിരുന്നു. 2019ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമും ഇവിടെ പര്യടനം നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ശാശ്വത മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സന്തോഷത്തിലും ദുഃഖത്തിലും ശ്രീലങ്കയ്‌ക്കൊപ്പം നിൽക്കാനുള്ള ഇന്ത്യയുടെ അചഞ്ചലമായ മനോഭാവവും പ്രതിജ്ഞാബദ്ധതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ ശ്രീലങ്കൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ ശ്രീ സനത് ജയസൂര്യ, ശ്രീലങ്കയുടെ സമീപകാല സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. ശ്രീലങ്കയിലെ ജാഫ്നയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ ക്രിക്കറ്റ് ഗ്രൗണ്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിക്കാമോ എന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിലെ ക്രിക്കറ്റ് താരങ്ങൾക്കും ജനങ്ങൾക്കും സഹായകരമാകുമെന്നും അ‌ദ്ദേഹം പറഞ്ഞു.

ശ്രീ ജയസൂര്യ നടത്തിയ പരാമർശങ്ങൾക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തുകയും, "ഇന്ത്യ 'അയൽക്കാർ ആദ്യം' എന്ന നയത്തിൽ പ്രതിജ്ഞാബദ്ധമാണ്" എന്ന് വ്യക്തമാക്കുകയും ചെയ്തു. അയൽരാജ്യങ്ങളിലെ പ്രതിസന്ധികളോട് ഇന്ത്യയുടെ വേഗത്തിലുള്ള പ്രതികരണം ഉയർത്തിക്കാട്ടിയ അ‌ദ്ദേഹം, മ്യാൻമറിൽ അടുത്തിടെയുണ്ടായ ഭൂകമ്പത്തെ ഉദ്ധരിച്ച്, ഇന്ത്യയാണ് ആദ്യം പ്രതികരിച്ചതെന്നു വ്യക്തമാക്കി. അയൽരാജ്യങ്ങളുടെയും സൗഹൃദരാജ്യങ്ങളുടെയും ക്ഷേമത്തിന് മുൻഗണന നൽകേണ്ടതിനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഇന്ത്യ സ്ഥിരമായി പിന്തുണയ്ക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. വെല്ലുവിളികളെ മറികടക്കുന്നതിൽ ശ്രീലങ്കയെ സഹായിക്കേണ്ടത് ഉത്തരവാദിത്വമായി ഇന്ത്യ കാണുന്നുവെന്നും അ‌ദ്ദേഹം പറഞ്ഞു. നിരവധി പുതിയ പദ്ധതികളുടെ പ്രഖ്യാപനം അദ്ദേഹം പരാമർശിക്കുകയും ജാഫ്നയെക്കുറിച്ചുള്ള ശ്രീ ജയസൂര്യയുടെ ചിന്തകളെ അഭിനന്ദിക്കുകയും അവിടെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ നിർദേശം ശ്രദ്ധിച്ച്, അതിന്റെ സാധ്യതകൾ ആരായുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

എല്ലാവരുമായും വീണ്ടും ബന്ധപ്പെടാനും, പഴയ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കാനും, പരിചിതമായ മുഖങ്ങൾ കാണാനും അവസരം ലഭിച്ചതിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ശാശ്വത ബന്ധം ഊട്ടിയുറപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്. ശ്രീലങ്കൻ ക്രിക്കറ്റ് സമൂഹം ഏറ്റെടുക്കുന്ന ഏതൊരു സംരംഭത്തിനും പൂർണ പിന്തുണയും അ‌ദ്ദേഹം വാഗ്ദാനം ചെയ്തു.

 

-NK-

(Release ID: 2119618) Visitor Counter : 20