ആഭ്യന്തരകാര്യ മന്ത്രാലയം
വഖഫ് (ഭേദഗതി) ബിൽ 2025 ന്റെയും മുസൽമാൻ വഖഫ് (പിൻവലിക്കൽ) ബിൽ 2024 ന്റെയും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു
Posted On:
02 APR 2025 9:38PM by PIB Thiruvananthpuram
വഖഫ് (ഭേദഗതി) ബിൽ 2025 ലെയും മുസൽമാൻ വഖഫ് (പിൻവലിക്കൽ) ബിൽ 2024 ന്റെയും ചർച്ചയിൽ ഇന്ന് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു.
ചർച്ചയിൽ പങ്കെടുത്ത ശ്രീ അമിത് ഷാ, വഖഫ് ഒരു അറബി പദമാണെന്നും അതിന്റെ ചരിത്രം ഹദീസുകളിൽ കാണാം എന്നും പറഞ്ഞു. അല്ലാഹുവിന്റെ പേരിലോ പവിത്രമായ മതപരമായ ആവശ്യങ്ങൾക്കോ വേണ്ടിയോ സ്വത്ത് ദാനം ചെയ്യുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിലെ രണ്ടാം ഖലീഫയായ ഹസ്രത്ത് ഉമറിന്റെ കാലത്താണ് വഖഫിന്റെ സമകാലിക അർത്ഥം ഉയർന്നുവന്നത്. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ, മതപരമോ സാമൂഹികമോ ആയ ക്ഷേമത്തിനായി സ്വത്ത് ദാനം ചെയ്യുന്ന ഒരു തരം ദാനധർമ്മമാണ് വഖഫ്. സ്വകാര്യ സ്വത്തിൽ നിന്നുള്ള സംഭാവനകൾ മാത്രമേ നൽകാനാവൂ എന്നും സർക്കാരിന്റെയോ മറ്റൊരാളുടെയോ സ്വത്ത് സംഭാവന ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വഖഫ് ബോർഡിലെ മതപരമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു മുസ്ലിം ഇതര അംഗത്തെയും ഉൾപ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മതസ്ഥാപനങ്ങളുടെ ഭരണത്തിൽ മുസ്ലീങ്ങളല്ലാത്തവരെ ഉൾപ്പെടുത്തുന്നതിന് ഒരു വ്യവസ്ഥയുമില്ലെന്നും സർക്കാർ അങ്ങനെയൊരു തസ്തിക സൃഷ്ടിക്കാൻ ഗവണ്മെന്റ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ബിൽ, മുസ്ലീം മതപര പ്രവർത്തനങ്ങളിലും സ്വത്തുക്കളിലും ഇടപെടുന്നുവെന്ന് പ്രതിപക്ഷം തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ വോട്ട് ബാങ്ക് കെട്ടിപ്പടുക്കാൻപ്രതിപക്ഷം, ന്യൂനപക്ഷ സമുദായത്തിൽ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിലോ അതിന്റെ അനുബന്ധമായോ നിയമിക്കപ്പെടുന്ന മുസ്ലിം ഇതര അംഗങ്ങൾ മതപരമായ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ സംബന്ധമായ പ്രവർത്തനങ്ങളുടെ നടത്തിപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് അവരുടെ ചുമതല. ഇന്ത്യയിലെ വഖഫ് ഒരു ട്രസ്റ്റ് പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇസ്ലാം അനുയായികളായ വഖഫ് (ദാതാവ്), മുതവല്ലി (അഡ്മിനിസ്ട്രേറ്റർ) എന്നിവരുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വഖഫ് ഒരു മതപരമായ കാര്യമാണെങ്കിലും വഖഫ് ബോർഡുകളും വഖഫ് സ്വത്തുക്കളും മതപരമായ സ്ഥാപനങ്ങളല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചാരിറ്റി കമ്മീഷണർ, (മതം പരിഗണിക്കാതെ) ട്രസ്റ്റ് നടപടികളിൽ ഇടപെടുന്നില്ലെന്നും, മറിച്ച് ചാരിറ്റി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നതന്നും അദ്ദേഹം പറഞ്ഞു. ഇത് മതപരമായ കാര്യമല്ല, ഭരണപരമായ കാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വഖഫ് സ്വത്തുക്കൾ ചൂഷണം ചെയ്യുന്നവരെ കണ്ടെത്തി നീക്കം ചെയ്യണമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പലരും നൂറുകണക്കിന് വർഷങ്ങളായി വളരെ കുറഞ്ഞ നിരക്കിൽ വഖഫ് സ്വത്തുക്കൾ പാട്ടത്തിന് നൽകിയിട്ടുണ്ട്. ഈ ഫണ്ടുകൾ ന്യൂനപക്ഷ സമുദായ വികസനത്തിനും ഇസ്ലാമിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഉപയോഗിക്കാൻ കഴിയുമെന്നിരിക്കെ,ഇത് വഖഫിന്റെ വരുമാനം കുറയ്ക്കുന്നു. പ്രതിപക്ഷം അവരുടെ ഭരണകാലത്ത് ഉണ്ടായിരുന്ന ഒത്തുകളി തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
2013 ൽ വഖഫ് നിയമം ഭേദഗതി ചെയ്തില്ലായിരുന്നുവെങ്കിൽ ഈ ബിൽ ആവശ്യമായി വരില്ലായിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ്, വഖഫ് നിയമത്തിൽ ഒറ്റരാത്രികൊണ്ട് വലിയ മാറ്റങ്ങൾ വരുത്തി.ഇത് ഡൽഹിയിലെ ല്യുട്ടിയൻസ് മേഖലയിലെ നല്ല മൂല്യമുള്ള 123 ഉന്നത സ്വത്തുക്കൾ വഖഫിന് അനുവദിച്ചു. ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ഭൂമി നിയമവിരുദ്ധമായി വഖഫ് സ്വത്തുക്കളായി മാറ്റിയതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു. 2001 നും 2012 നും ഇടയിൽ 2 ലക്ഷം കോടി രൂപ വിലമതിക്കുന്ന വഖഫ് സ്വത്തുക്കൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് 100 വർഷത്തേക്ക് പാട്ടത്തിന് നൽകിയതായി അദ്ദേഹം പരാമർശിച്ചു. വഖഫ് ഭൂമി വിതരണത്തിൽ ക്രമക്കേടുകൾ സൃഷ്ടിച്ചതിന് അദ്ദേഹം പ്രതിപക്ഷത്തെ വിമർശിച്ചു.
ഈ പണമെല്ലാം ദരിദ്രരായ മുസ്ലീങ്ങളുടെ ക്ഷേമത്തിനാണെന്നും സമ്പന്നരുടെ നേട്ടത്തിനല്ലെന്നും ശ്രീ അമിത് ഷാ പറഞ്ഞു. മുസ്ലീം സമൂഹത്തിന്റെ സഹതാപം നേടാനുള്ള ഒരു മാർഗമായി വഖഫ് ബില്ലിനെ പല ക്രിസ്ത്യൻ ദേവാലയങ്ങളും എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് വർഷത്തിനുള്ളിൽ, ബിൽ തങ്ങൾക്ക് പ്രയോജനകരമാണെന്ന് മുസ്ലീം സമൂഹം പോലും മനസ്സിലാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
മോദി ഗവണ്മെന്റിന് മുസ്ലീം മതപരമായ പ്രവർത്തനങ്ങളിലോ വഖഫ് ഉൾപ്പെടെയുള്ള ട്രസ്റ്റുകളിലോ ഇടപെടാൻ ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മുതവല്ലികൾ, വാഖിഫുകൾ, വഖഫ് എന്നിവ അവരുടെ നിയന്ത്രണത്തിൽ തന്നെ തുടരുമെന്നും, എന്നാൽ വഖഫ് സ്വത്തുക്കളുടെ നിയമാനുസൃതമായ ഉപയോഗം ഉറപ്പാക്കേണ്ടത് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ട മുസ്ലീങ്ങൾക്കും അനാഥരായ കുട്ടികൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കുംവേണ്ടി പണം ഉപയോഗിക്കുന്നതിന് പകരം, സംഭാവന ലഭിച്ച സ്വത്ത് ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് പ്രതിമാസം 12,000 രൂപയ്ക്ക് പാട്ടത്തിന് നൽകിയതിനെ ന്യായീകരിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ലക്ഷക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ഭൂമി വഖഫിന് സ്വന്തമാണെങ്കിലും അതിന്റെ വാർഷിക വരുമാനം വെറും കേവലം 126 കോടി രൂപ മാത്രമാണെന്നും ഇത് വഖഫ് ഭരണത്തിലെ കെടുകാര്യസ്ഥതയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ആശങ്ക ഉന്നയിച്ചു.
വഖഫ് സ്വത്ത് പരിപാലനത്തിൽ ക്രമക്കേടുകൾക്ക് ഇടനൽകിയ 2013 ലെ ഭേദഗതിയെ കേന്ദ്ര ആഭ്യന്തര മന്ത്രി വിമർശിച്ചു. സുതാര്യമായ ഓഡിറ്റ് സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വഖഫ് ബോർഡ് ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ബിൽ നിയമപരമായ ഇടപെടലുകൾ അനുവദിക്കുമെന്നും മുൻകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നും എന്നാൽ പ്രതിപക്ഷം, മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്ര ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നത് കളക്ടർമാരാണെന്നും അതിനാൽ കളക്ടർമാർ വഖഫ് ഭൂമി പരിശോധിക്കുന്നത് എതിർക്കുന്നത് നീതീകരിക്കാനാവില്ലെന്നും വഖഫ് ബില്ലിൽ ജില്ലാ കളക്ടർമാരുടെ പങ്കിനെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് ശ്രീ അമിത് ഷാ പറഞ്ഞു. വഖഫ് ഭൂമി സർക്കാരിന്റേതാണോ എന്ന് പരിശോധിക്കാൻ കളക്ടർക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു
മോദി ഗവണ്മെന്റിന്റെ തത്വം വ്യക്തമാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയല്ല, നീതിക്കും പൊതുജനക്ഷേമത്തിനും വേണ്ടിയാണ് നിയമങ്ങൾ നിർമ്മിക്കുന്നത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മോദി ഗവണ്മെന്റ് 33% വനിതാ സംവരണ നിയമം പാസാക്കിയതായും പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ അനുവദിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാവർക്കും മതസ്വാതന്ത്ര്യമുണ്ടെങ്കിലും, അത്യാഗ്രഹം അല്ലെങ്കിൽ ഭയം കൊണ്ടുള്ള മതപരിവർത്തനം അസ്വീകാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
2013 ലെ ഭേദഗതി 5.5 മണിക്കൂർ ചർച്ച ചെയ്തപ്പോൾ, നിലവിലെ ബിൽ 16 മണിക്കൂർ ചർച്ച ചെയ്തതായി ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. സംയുക്ത സമിതി 38 യോഗങ്ങൾ നടത്തി, 113 മണിക്കൂർ ചർച്ചയിൽ ഏർപ്പെട്ടു, 284 പങ്കാളികളുമായി കൂടിയാലോചന നടത്തി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഈ നിയമം തയ്യാറാക്കുന്നതിന് മുമ്പ് ഒരു കോടി ഓൺലൈൻ നിർദ്ദേശങ്ങൾ ലഭിച്ചു. എംപിമാർ ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും സഭയിൽ പൊതുജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പാർലമെന്റ് പാസാക്കിയ ഈ നിയമം എല്ലാവരും അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1913 മുതൽ 2013 വരെ വഖഫ് ബോർഡിന്റെ ഭൂമി 18 ലക്ഷം ഏക്കറായിരുന്നു. എന്നാൽ 2013 നും 2025 നും ഇടയിൽ ഇത് 21 ലക്ഷം ഏക്കർ വർദ്ധിച്ച് ആകെ 39 ലക്ഷം ഏക്കറായി എന്ന് അദ്ദേഹം പറഞ്ഞു. 20,000 സ്വത്തുക്കൾ പാട്ടത്തിന് നൽകിയതായി ആദ്യം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഔദ്യോഗിക രേഖകൾ ഇപ്പോൾ പാട്ടത്തിന് നൽകിയിട്ടില്ലെന്ന് കാണിക്കുന്നു. ഇത് കെടുകാര്യസ്ഥതയെ സൂചിപ്പിക്കുന്നു. കത്തോലിക്കാ സംഘടനകൾ ഈ നിയമത്തെ പിന്തുണച്ചതായും 2013 ലെ ഭേദഗതി അന്യായമാണെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വെറും പ്രഖ്യാപനം കൊണ്ട് ഭൂമി വഖഫ് ആകില്ലെന്നും നിയമപരമായ സംരക്ഷണം സുതാര്യത ഉറപ്പാക്കുമെന്നും ശ്രീ അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. പുരാവസ്തു വകുപ്പിന് കീഴിലുള്ള ഭൂമിയും ആദിവാസി ഭൂമിയും സുരക്ഷിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ സ്വത്ത് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് സ്വന്തം സ്വത്ത് മാത്രമേ വഖഫിന് ദാനം ചെയ്യാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
രാമജന്മഭൂമി, മുത്തലാഖ്, സിഎഎ എന്നിവയുമായി ബന്ധപ്പെട്ട മുൻ ശ്രമങ്ങൾക്ക് സമാനമായി, ബില്ലിനെക്കുറിച്ചുള്ള ഭയപ്പെടുത്തൽ ശ്രമങ്ങളെ അദ്ദേഹം വിമർശിച്ചു. സിഎഎ കാരണം ഒരു മുസ്ലീമിനും പൗരത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും, അനുഛേദം 370 നെച്ചൊല്ലിയുള്ള ഭയം സൃഷ്ടിച്ചിട്ടും, ജമ്മു & കശ്മീരിന് ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്മെന്റും മെച്ചപ്പെട്ട സുരക്ഷയും ഉണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതിപക്ഷം വോട്ടിനായി മുസ്ലീം സമൂഹത്തെ ചൂഷണം ചെയ്യുന്നുവെന്ന് ശ്രീ അമിത് ഷാ ആരോപിച്ചു.എല്ലാ പൗരന്മാർക്കും നീതിയും തുല്യ അവകാശങ്ങളും ഉറപ്പാക്കാനുള്ള മോദി ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.
*****
(Release ID: 2118163)
Visitor Counter : 46