ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
അമ്മമാരെ രക്ഷിക്കുന്നു , ഭാവി ശക്തിപ്പെടുത്തുന്നു
മാതൃമരണനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യയുടെ വിജയഗാഥ
Posted On:
21 MAR 2025 6:41PM by PIB Thiruvananthpuram
ആമുഖം
മാതൃമരണനിരക്ക് ഇപ്പോഴും ഇന്ത്യയിലെ ഒരു നിർണ്ണായക പൊതുജനാരോഗ്യ പ്രശ്നമായി തുടരുകയാണ്. ആരോഗ്യ സംരക്ഷണ നിലവാരത്തിന്റെയും പ്രാപ്യതയുടെയും പ്രധാന സൂചകമായി ഇത് വർത്തിക്കുന്നു, മാതൃകേന്ദ്രീകൃത ആരോഗ്യ സേവനങ്ങളുടെ ഫലപ്രാപ്തിയുടെ സൂചനകൂടിയാണിത്. ഗർഭാവസ്ഥയിലായിരിക്കുമ്പോഴോ ഗർഭകാലം അവസാനിച്ച് 42 ദിവസത്തിനുള്ളിലോ ഒരു സ്ത്രീ മരിക്കുന്നതിനെയാണ് മാതൃമരണമെന്ന് വിളിക്കുന്നത്. ഗർഭധാരണമോ, ഗർഭപരിപാലനമോ ആയി ബന്ധപ്പെട്ടതോ ഗുരുതര സാഹചര്യങ്ങൾ മൂലമുള്ള മരണങ്ങൾ സ്ഥലകാല പരിഗണന കൂടാതെ മാതൃമരണമായി കണക്കാക്കും. എന്നാൽ ആകസ്മികമായ കാരണങ്ങളും അപകടങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല. സ്ത്രീകളുടെയും നവജാതശിശുക്കളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും ആഗോള ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മാതൃമരണനിരക്ക് പരിഹരിക്കേണ്ടത് അനിവാര്യമാണ്.

മാതൃമരണനിരക്കിന്റെ പ്രധാന സൂചകങ്ങളിലൊന്നാണ് മാതൃമരണ അനുപാതം (MMR). മാതൃമരണ അനുപാതം (MMR) എന്നത് 100,000 പ്രസവങ്ങളിൽ എത്ര മാതൃമരണങ്ങൾ സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ്. മാതൃമരണനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2014-16 ൽ 100,000 പേരിൽ 130 എന്നതിൽ നിന്ന് 2018-20 ൽ MMR 100,000 ന് 97 ആയി കുറഞ്ഞു. വിവിധ സർക്കാർ സംരംഭങ്ങൾ, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, മെച്ചപ്പെട്ട ചികിത്സാ ഇടപെടലുകൾ എന്നിവയിലൂടെയാണ് ഈ കുറവ് സാധ്യമാക്കിയത്.
ഇന്ത്യയിലെ മാതൃമരണ നിരക്കിലെ പ്രവണതകൾ
ഇന്ത്യ അമ്മമാരിലെയും കുഞ്ഞുങ്ങളിലെയും ടെറ്റനസ് ബാധ നിർമ്മാർജ്ജനം ചെയ്തതായി 2015 മെയ് 15 ന് ലോകാരോഗ്യ സംഘടന (WHO) സാക്ഷ്യപ്പെടുത്തി. ഇന്ത്യയിലെ മാതൃമരണ നിരക്കിലും സ്ഥിരമായ കുറവു രേഖപ്പെടുത്തുന്നു.

ചില സംസ്ഥാനങ്ങൾ മാതൃമരണ അനുപാതം 100,000 പ്രസവങ്ങളിൽ 70 എന്ന സുസ്ഥിര വികസന ലക്ഷ്യത്തിന് താഴെ വിജയകരമായി എത്തിച്ചിട്ടുണ്ടെങ്കിലും, മറ്റ് ചില സംസ്ഥാനങ്ങൾ ഇപ്പോഴും ഉയർന്ന മാതൃമരണനിരക്കുമായുള്ള പോരാട്ടത്തിലാണ്. കേരളം, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഝാർഖണ്ഡ്, ഗുജറാത്ത്, കർണാടക എന്നീ എട്ട് സംസ്ഥാനങ്ങൾ ഇതിനോടകം സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചു.

ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ-5 (2019-21) റിപ്പോർട്ട് പ്രകാരം:
* ആദ്യ ത്രൈമാസത്തിൽ പ്രസവാനന്തര പരിചരണം (ANC) ലഭിച്ച ഗർഭിണികളുടെ അനുപാതം NFHS-4 (2015-16) ൽ 59% ൽ നിന്ന് NFHS-5 (2019-21) ൽ 70% ആയി വർദ്ധിച്ചു.
* ദേശീയ തലത്തിൽ, ആരോഗ്യ ദാതാക്കൾ ശുപാർശ ചെയ്യുന്ന നാലോ അതിലധികമോ ANC സന്ദർശനങ്ങൾ സ്വീകരിച്ച സ്ത്രീകളുടെ എണ്ണം 51% (2015-16) ൽ നിന്ന് 59% (2019-21) ആയി വർദ്ധിച്ചു.
* ദേശീയ തലത്തിൽ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രസവങ്ങൾ 79% (2015-16) ൽ നിന്ന് 89% (2019-21) ആയി വർദ്ധിച്ചു. ഗണ്യമായ വർദ്ധനയാണിത്. കേരളം, ഗോവ, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രസവം 100% ഉം മറ്റ് പതിനെട്ട് സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ 90% ന് മുകളിലുമാണ്.
* ഗ്രാമപ്രദേശങ്ങളിൽ, ഏകദേശം 87% പ്രസവങ്ങളും ആരോഗ്യ സ്ഥാപനങ്ങളിലാണ്. അതേസമയം നഗരപ്രദേശങ്ങളിലിത് 94% ആണ്.
2018-20 കാലയളവിൽ ഇന്ത്യയിലെ മാതൃമരണങ്ങളും, അല്ലാത്ത മരണങ്ങളും പ്രായക്കണക്കിൽ
Age Distribution of Maternal and Non-Maternal deaths, India, 2018-20
|
Age Group
|
Maternal Deaths
|
Non-maternal Deaths
|
15-19
|
6%
|
9%
|
20-24
|
32%
|
11%
|
25-29
|
30%
|
12%
|
30-34
|
20%
|
13%
|
35-39
|
8%
|
14%
|
40-44
|
3%
|
18%
|
45-49
|
2%
|
22%
|
മാതൃമരണ അനുപാതം (MMR) കുറയ്ക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ
2030 ആകുമ്പോഴേക്കും 1,00,000 പ്രസവങ്ങൾക്ക് 70 എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന (SDG) ലക്ഷ്യവും 2020 ആകുമ്പോഴേക്കും 1,00,000 പ്രസവങ്ങൾക്ക് 100 ൽ താഴെ എന്ന ദേശീയ ആരോഗ്യ നയ ലക്ഷ്യവും മാതൃമരണ അനുപാതവുമായി ബന്ധപ്പെട്ട് 2017 ൽ ഇന്ത്യ സ്വീകരിച്ചിരുന്നു. മാതൃമരണ അനുപാതവുമായി ബന്ധപ്പെട്ട ദേശീയ ആരോഗ്യ നയ (NHP) ലക്ഷ്യം ഇന്ത്യ നേടിക്കഴിഞ്ഞു.
MMR ഉം നവജാത ശിശു മരണനിരക്കും കുറയ്ക്കുന്നതിനായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ സമർപ്പിച്ച വാർഷിക പദ്ധതി നിർവ്വഹണം (PIP) അടിസ്ഥാനമാക്കി, ദേശീയ ആരോഗ്യ ദൗത്യത്തിന് (NHM) കീഴിലുള്ള പ്രത്യുത്പാദന, മാതൃ, നവജാത ശിശു, ശിശു, കൗമാര ആരോഗ്യ, പോഷകാഹാര (RMNCAH+N) തന്ത്രം നടപ്പിലാക്കുന്നതിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MoHFW) എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളെയും പിന്തുണയ്ക്കുന്നു. മാതൃ മരണനിരക്ക് കുറയ്ക്കുക ലക്ഷ്യമിട്ട് മാതൃ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനായി ഭാരത സർക്കാർ ഒട്ടേറെ നയങ്ങളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. സ്ഥാപനപരമായ പ്രസവങ്ങൾ വർദ്ധിപ്പിക്കുക, ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങളിൽ സമയബന്ധിത ഇടപെടലുകൾ ഉറപ്പാക്കുക എന്നിവ ഇതിന്റെ ഭാഗമാണ്.
ദേശീയ ആരോഗ്യ ദൗത്യവും (NHM) മാതൃ ആരോഗ്യവും
മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യം (NHM) നിർണ്ണായക പങ്ക് വഹിക്കുന്നു. ഇതിൽ പ്രത്യുത്പാദന, മാതൃ, നവജാത ശിശു, ശിശു, കൗമാര ആരോഗ്യം, പോഷകാഹാര (RMNCAH+N) തന്ത്രം ഉൾപ്പെടുന്നു. ഇതിൽ മാതൃ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒന്നിലധികം പദ്ധതികൾ ഉൾക്കൊള്ളുന്നു. NHM ന് കീഴിലുള്ള പ്രധാന പരിപാടികളിൽ ഇവയാണ് :
ജനനി സുരക്ഷാ യോജന (JSY):
മാതൃ-നവജാത ശിശു മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2005-ൽ ആരംഭിച്ച JSY, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക കുടുംബങ്ങളിലെ സ്ത്രീകൾ അടക്കം അതീവ ദുർബലമായ സാമൂഹിക-സാമ്പത്തിക സ്ഥിതിയുള്ള ഗർഭിണികൾ ഉൾപ്പെടെ സ്ത്രീകളിൽ സ്ഥാപനപരമായ പ്രസവം പ്രോത്സാഹിപ്പിക്കുന്നു.
പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY):
ഭാരത സർക്കാരിനു കീഴിലുള്ള വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ഒരു പ്രസവ ആനുകൂല്യ പദ്ധതിയാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ആദ്യ കുഞ്ഞിന്റെ കാര്യത്തിൽ, മാതാവിന് നിബന്ധനകളോടെ 5000/- രൂപയുടെ പ്രസവ ആനുകൂല്യം ലഭിക്കും. 01.01.2017 നോ അതിനു ശേഷമോ കുടുംബത്തിലെ ആദ്യത്തെ കുഞ്ഞിന് ഗർഭം ധരിക്കുന്ന എല്ലാ ഗർഭിണികൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. കൂടാതെ, 01.04.2022 മുതൽ പ്രാബല്യത്തിൽ വന്ന 'മിഷൻ ശക്തി'യുടെ പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, രണ്ടാമത്തെ കുഞ്ഞ് പെൺകുഞ്ഞാണെങ്കിൽ അധിക പ്രോത്സാഹനം നൽകാനും, പെൺകുഞ്ഞുങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കാനും പദ്ധതി (PMMVY 2.0) ശ്രമിക്കുന്നു.
ജനനി ശിശു സുരക്ഷാ കാര്യക്രം (JSSK):
2011-ൽ ആരംഭിച്ച JSSK, പൊതുജനാരോഗ്യ സ്ഥാപനങ്ങളിൽ പ്രസവ ശസ്ത്രക്രിയ, സൗജന്യ ഗതാഗതം, രോഗനിർണയം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ, ഭക്ഷണക്രമം, രക്തം എന്നിവയുൾപ്പെടെ ലഭ്യമാക്കി ഗർഭിണികൾക്കും രോഗികളായ കുഞ്ഞുങ്ങൾക്കും ഉള്ള എല്ലാ ചെലവുകളും വഹിക്കാൻ ലക്ഷ്യമിടുന്നു.
സുരക്ഷിത് മാതൃത്വ ആശ്വാസൻ (SUMAN):
2019-ൽ ആരംഭിച്ച SUMAN, പൊതുജനാരോഗ്യ കേന്ദ്രം സന്ദർശിക്കുന്ന ഓരോ സ്ത്രീക്കും നവജാതശിശുവിനും മാന്യവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം സൗജന്യമായി നൽകാനും, തടയാവുന്ന എല്ലാ മാതൃ-നവജാത ശിശു മരണങ്ങളും തടയാനും ലക്ഷ്യമിടുന്നു. ഒപ്പം പൊതുജനാരോഗ്യ കേന്ദ്രം സന്ദർശിക്കുന്ന സ്ത്രീക്കും നവജാതശിശുവിനും സേവനങ്ങൾ നിഷേധിക്കപ്പെട്ടാൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാനും ലക്ഷ്യമിടുന്നു.
പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാൻ (PMSMA):
2016-ൽ ആരംഭിച്ച PMSMA, ഗർഭിണികൾക്ക് എല്ലാ മാസവും 9-ാം തീയതിയെന്ന നിശ്ചിത ദിവസം സൗജന്യവും ഗുണനിലവാരമുള്ളതുമായ പ്രസവാനന്തര പരിചരണം നൽകുന്നു. കൂടാതെ, ഗർഭിണികൾക്ക്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗർഭവതികളായ (HRP) സ്ത്രീകൾക്ക് ഗുണനിലവാരമുള്ള ANC ഉറപ്പാക്കുന്നതിനും, സുരക്ഷിതമായ പ്രസവം സാധ്യമാകുന്നത് വരെ വ്യക്തിഗത ഉയർന്ന അപകടസാധ്യതയുള്ള ഗർഭിണികൾക്ക് (HRP) നിരീക്ഷണത്തിനും, വിപുലീകൃത PMSMA (e-PMSMA) തന്ത്രം നടപ്പിലാക്കുന്നു. ഉയർന്ന അപകടസാധ്യതയുള്ള ഗർഭിണികൾക്ക് PMSMA സന്ദർശനത്തിന് പുറമേ 3 തവണ ആശമാരുടെ സന്ദർശനം ഉറപ്പാക്കുന്നു. സാമ്പത്തിക പ്രോത്സാഹനം നൽകുന്നതിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. 2025 മാർച്ച് 21 വരെ, ഈ പദ്ധതി പ്രകാരം 5.9 കോടിയിലധികം ഗർഭിണികളെ പരിശോധിച്ചു.
ലക്ഷ്യ (LaQshya):
2017 ൽ ആരംഭിച്ച ലക്ഷ്യ (LaQshya), പ്രസവസമയത്തും പ്രസവാനന്തരവും ഗർഭിണികൾക്ക് മാന്യവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കാൻ പ്രസവ മുറിയിലും പ്രസവ ശസ്ത്ര ക്രിയയ്ക്കുള്ള തിയേറ്ററുകളിലും പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു.
അനസ്തേഷ്യ (LSAS), പ്രസവചികിത്സ (EmOC) ലഭ്യമാക്കുന്ന MBBS ഡോക്ടർമാർക്ക് സി-സെക്ഷൻ (EmoC) ഉൾപ്പെടെ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ഗ്രാമപ്രദേശങ്ങൾക്ക് പ്രമുഖ്യം നൽകി നടത്തുന്നു.
മാതൃമരണ നിരീക്ഷണ അവലോകനം (MDSR) ആശുപത്രികളിലും സമൂഹിക തലങ്ങളിലും നടപ്പിലാക്കുന്നു. ഉചിതമായ തലങ്ങളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും പ്രസവചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പോഷകാഹാരം ഉൾപ്പെടെയുള്ള മാതൃ-ശിശു പരിചരണം ഉറപ്പാക്കുന്നതിനുള്ള ബോധവത്ക്കരണ പ്രവർത്തനമാണ് പ്രതിമാസ ഗ്രാമീണ ആരോഗ്യ, ശുചിത്വ, പോഷകാഹാര ദിനം (VHSND).
ANC യുടെ നേരത്തെയുള്ള രജിസ്ട്രേഷൻ, പതിവ് ANC, സ്ഥാപനപരമായ പ്രസവം, പോഷകാഹാരം, ഗർഭകാലത്തെ പരിചരണം എന്നിവയ്ക്കായി റെഗുലർ IEC/BCC നടത്തുന്നു,
ഭക്ഷണക്രമം, വിശ്രമം, ഗർഭകാല അപകട ലക്ഷണങ്ങൾ, ആനുകൂല്യ പദ്ധതികൾ, സ്ഥാപനപരമായ പ്രസവങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്ക്കരണം ഗർഭിണികൾക്ക് നൽകുന്നതിനായി MCP കാർഡും സുരക്ഷിത മാതൃത്വ ബുക്ക്‌ലെറ്റും വിതരണം ചെയ്യുന്നു.
ഗർഭിണികൾക്കും നവജാതശിശുക്കൾക്കും ഗർഭകാല പരിചരണം, സ്ഥാപനപരമായ പ്രസവം, പ്രസവാനന്തര പരിചരണം എന്നിവയുൾപ്പെടെ പൂർണ്ണവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി, അവരുടെ പേര് അടിസ്ഥാനമാക്കിയുള്ള വെബ്-അധിഷ്ഠിത ട്രാക്കിംഗ് പോർട്ടലാണ് റീപ്രൊഡക്ടിവ് ആൻഡ് ചൈൽഡ് ഹെൽത്ത് (RCH) പോർട്ടൽ.
പോഷൺ അഭിയാന്റെ ഭാഗമായുള്ള വിളർച്ച മുക്ത ഭാരതം (AMB), നിലവിലുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിളർച്ച പരിഹരിക്കുന്നതിന് പുതിയ തന്ത്രങ്ങൾ സ്വീകരിക്കാനും ലക്ഷ്യമിടുന്നു. സ്കൂളിൽ പോകുന്ന കൗമാരക്കാരിലും ഗർഭിണികളിലും വിളർച്ച പരിശോധനയും ചികിത്സയും, പോഷകാഹാരക്കുറവ് മൂലമുള്ള വിളർച്ചയുടെ കാരണങ്ങൾ പരിഹരിക്കൽ, സമഗ്രമായ ആശയവിനിമയ തന്ത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ ശാക്തീകരണം
ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്നത് മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമാണ്. മെഡിക്കൽ സൗകര്യങ്ങളിലും വ്യക്തിഗത പരിശീലനത്തിലുമുള്ള നിക്ഷേപങ്ങൾ മാതൃ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നു. ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്:
ആരോഗ്യ സംരക്ഷണ ദാതാക്കളുടെ പരിശീലനം, മരുന്നുകൾ, ഉപകരണ വിതരണം, വിദ്യാഭ്യാസം, ആശയവിനിമയം (IEC) മുതലായവയിലൂടെ സമഗ്ര ഗർഭഛിദ്ര പരിചരണ (CAC) സേവനങ്ങൾ ശക്തിപ്പെടുത്തുന്നു.
സമഗ്ര RMNCAH+N സേവനങ്ങൾ നൽകുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, ഉപകരണങ്ങൾ, പരിശീലനം സിദ്ധിച്ച മനുഷ്യശേഷി എന്നിവയുടെ 'ഡെലിവറി പോയിന്റുകൾ' ശക്തിപ്പെടുത്തിയിട്ടുണ്ട്.
മാനവവിഭവശേഷി, രക്ത സംഭരണ യൂണിറ്റുകൾ, റഫറൽ ലിങ്കേജുകൾ മുതലായവ ഉറപ്പാക്കി ഫസ്റ്റ് റഫറൽ യൂണിറ്റുകൾ (FRU) പ്രവർത്തനക്ഷമമാക്കുന്നു.
അമ്മമാർക്കും കുട്ടികൾക്കും നൽകുന്ന പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉയർന്ന കേസ് ലോഡ് ഉള്ള ആരോഗ്യ സ്ഥാപനങ്ങളിൽ മാതൃ-ശിശു ആരോഗ്യ (MCH) വിഭാഗങ്ങൾ സ്ഥാപിക്കുന്നു
സങ്കീർണ്ണമായ ഗർഭധാരണ അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള ഉയർന്ന കേസ് ലോഡ് ഉള്ള തൃതീയ പരിചരണ സൗകര്യങ്ങളിൽ പ്രസവചികിത്സയ്ക്കുള്ള ICU/HDU എന്നിവയുടെ പ്രവർത്തനം.
മാതൃ ആരോഗ്യ സംരക്ഷണത്തിലെ വിജയഗാഥകളും നൂതനാശയങ്ങളും
നൂതനമായ ആരോഗ്യ സംരക്ഷണ തന്ത്രങ്ങളിലൂടെയും ലക്ഷ്യവേധിയായ ഇടപെടലുകളിലൂടെയും മാതൃമരണ നിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ ശ്രദ്ധേയമായ വിജയം കൈവരിച്ചിട്ടുണ്ട്. കൂടുതൽ പുരോഗതിക്കും പ്രചോദനത്തിനും മറ്റുള്ളവർക്ക് ഈ വിജയഗാഥകൾ ഒരു മാതൃകയായി വർത്തിക്കുന്നു.
മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന് ഗണ്യമായ സംഭാവന നൽകിയ സംസ്ഥാനങ്ങൾ അതുല്യമായ സംരംഭങ്ങൾക്ക് തുടക്കമിട്ടു. അവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
മധ്യപ്രദേശിന്റെ 'ദസ്തക് അഭിയാൻ': മാതൃ ആരോഗ്യ അപകടസാധ്യതകൾ നേരത്തേ കണ്ടെത്തുന്നതിലും സമയബന്ധിതമായ ആരോഗ്യ ഇടപെടൽ ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സമൂഹാധിഷ്ഠിത പ്രചാരണമാണ്.
തമിഴ്‌നാട്ടിന്റെ അടിയന്തര പ്രസവ പരിചരണ മാതൃക: ഗർഭിണികൾക്ക് സമയബന്ധിതമായ അടിയന്തര പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും മാതൃ സങ്കീർണതകൾ കുറയ്ക്കുന്നതും ആയ ശക്തമായ ഒരു റഫറൽ സംവിധാനമാണ്.
ഈ വിജയഗാഥകൾ അടിസ്ഥാനമാക്കി നൂതനമായ സമീപനങ്ങൾ സ്വീകരിക്കുന്നതിലൂടെ, മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിത ഗർഭധാരണം ഉറപ്പാക്കുന്നതിനുമുള്ള പാതയിൽ അതിവേഗം മുന്നേറുകയാണ് ഇന്ത്യ. മാതൃമരണ നിരക്ക് അതിവേഗം കുറയ്ക്കുന്നതിനും , ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന നയങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരമുള്ള മാതൃ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം വികസിപ്പിക്കുന്നതിനും ഉള്ള നടപടികൾ ഇന്ത്യ തുടരേണ്ടതുണ്ട്.
ഉപസംഹാരം
മാതൃമരണ നിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു, 2020 ഓടെ MMR 100 ൽ താഴെയാക്കുക എന്ന ദേശീയ ആരോഗ്യ നയത്തിന്റെ (NHP) ലക്ഷ്യം വിജയകരമായി നേടിയെടുത്തു. എന്നിരുന്നാലും, 2030 ഓടെ MMR 70 ൽ താഴെയാക്കുക എന്ന SDG ലക്ഷ്യത്തിലെത്താൻ നിരന്തര ശ്രമങ്ങൾ ആവശ്യമാണ്. ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, മാതൃ ആരോഗ്യ പരിപാടികൾ വികസിപ്പിക്കുക, സാമൂഹിക സാമ്പത്തിക തടസ്സങ്ങൾ പരിഹരിക്കുക എന്നിവ രാജ്യത്തെ മാതൃമരണ നിരക്ക് അതിവേഗം കുറയ്ക്കുന്നതിൽ നിർണായകമാകും.
സൂചനകൾ:
https://pmsma.mohfw.gov.in/
https://mohfw.gov.in/?q=hi/node/8491
https://tncea.dmrhs.tn.gov.in/program/CEmOC.pdf
https://censusindia.gov.in/nada/index.php/catalog/44379
https://pib.gov.in/PressReleasePage.aspx?PRID=1575157
https://sansad.in/getFile/annex/259/AU2341.pdf?source=pqars
https://mohfw.gov.in/sites/default/files/Final.pdf
https://prc.mohfw.gov.in/fileDownload?fileName=.pdf
See in PDF
**********************
(Release ID: 2114026)
Visitor Counter : 23