രാജ്യരക്ഷാ മന്ത്രാലയം
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള എ.ഡി.എം.എം-പ്ലസ് വിദഗ്ദ്ധ പ്രവർത്തന സമിതിയുടെ 14-ാമത് യോഗം ന്യൂഡൽഹിയിൽ സമാപിച്ചു.
Posted On:
21 MAR 2025 12:51PM by PIB Thiruvananthpuram
ആസിയാൻ പ്രതിരോധ മന്ത്രിതല മീറ്റിംഗ്-പ്ലസ് (എഡിഎംഎം-പ്ലസ്) നു കീഴിലുള്ള, ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ വിദഗ്ദ്ധ സമിതി(ഇഡബ്ല്യുജി ഓൺ സിടി) യുടെ 14-ാമത് യോഗം 2025 മാർച്ച് 19, 20 തീയതികളിൽ ന്യൂഡൽഹിയിൽ നടന്നു . ആസിയാൻ സെക്രട്ടേറിയറ്റ്, ആസിയാൻ രാജ്യങ്ങൾ (ലാവോ പിഡിആർ, മലേഷ്യ, ഇന്തോനേഷ്യ, മ്യാൻമർ, സിംഗപ്പൂർ, തായ്‌ലൻഡ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം), എഡിഎംഎം-പ്ലസ് അംഗരാജ്യങ്ങൾ (ചൈന, യുഎസ്എ, റഷ്യ, ഓസ്‌ട്രേലിയ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ) എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ പ്രവർത്തന സമിതി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
14-ാമത് ഭീകര വിരുദ്ധ പ്രവർത്തന എഡിഎംഎം-പ്ലസ് വിദഗ്ദ്ധ പ്രവർത്തന സമിതിയിൽ സഹ-അധ്യക്ഷ പദവി വഹിക്കുന്ന ഇന്ത്യയും മലേഷ്യയും 2024-2027 കാലയളവിനായി ആസൂത്രണം ചെയ്തിട്ടുള്ള പ്രവർത്തന പദ്ധതി വിശദമാക്കി. 2026 ൽ മലേഷ്യയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഇഡബ്ല്യുജി ചർച്ചകളും 2027 ൽ ഇന്ത്യയിൽ ഫീൽഡ് പരിശീലന പരിപാടിയും നടത്തുമെന്ന് പ്രഖ്യാപിച്ചു.
രണ്ട് ദിവസത്തെ യോഗത്തിൽ ഭീകരതയുടെയും തീവ്രവാദത്തിന്റെയും ഉയർന്നുവരുന്ന ഭീഷണിയെ നേരിടുന്നതിന് ശക്തവും സമഗ്രവുമായ ഒരു തന്ത്രം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ചർച്ചകൾ നടന്നു. ആസിയാൻ രാജ്യങ്ങളുടെയും അവരുടെ സംഭാഷണ പങ്കാളികളുടെയും പ്രതിരോധ സേനകളുടെ പ്രായോഗിക അനുഭവം പങ്കിടുക എന്നതായിരുന്നു ഈ യോഗത്തിന്റെ ലക്ഷ്യം. നിലവിലെ കാലയളവിലേക്ക് ആസൂത്രണം ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ/അഭ്യാസങ്ങൾ/യോഗങ്ങൾ/ശിൽപശാലകൾ എന്നിവയ്ക്ക് യോഗം അടിത്തറ പാകി.
നേരത്തെ, 2021-2024 ലെ മുൻ കാലയളവിൽ ഇഡബ്ല്യുജിയുടെ സഹ-അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന മ്യാൻമറും റഷ്യയും, ഇപ്പോഴത്തെ കാലയളവി (2024-2027) ലേക്കായി ഇന്ത്യയ്ക്കും മലേഷ്യയ്ക്കും സഹ-അധ്യക്ഷ പദവി കൈമാറി. നിലവിലെ കാലയളവിലെ ആദ്യ ഇഡബ്ല്യുജി യോഗത്തിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
ഉദ്ഘാടന സെഷനിൽ, പ്രതിരോധ സെക്രട്ടറി ശ്രീ രാജേഷ് കുമാർ സിംഗ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പങ്കെടുത്ത പ്രതിനിധി സംഘങ്ങളുടെ തലവന്മാരുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. അതിർത്തികൾ കടന്ന് ഭീഷണികൾ വർദ്ധിക്കുന്ന ഭീകരവാദം ചലനാത്മകവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വെല്ലുവിളിയായി തുടരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. യുഎൻഎസ്‌സിയുടെ തീവ്രവാദ വിരുദ്ധ കമ്മിറ്റിയിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ 2022 ൽ ഡൽഹി പ്രഖ്യാപനം അംഗീകരിച്ചതുൾപ്പെടെ മേഖലയിലെ ഭീകരതയെ നേരിടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി [അന്താരാഷ്ട്ര സഹകരണം (ഇൻ ചാർജ് )], ശ്രീ അമിതാഭ് പ്രസാദ്, ഇന്ത്യൻ സൈന്യത്തിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ (ഇൻ ചാർജ്), വിദേശകാര്യ മന്ത്രാലയത്തിലെയും ഇന്ത്യൻ സൈന്യത്തിന്റെ തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മേഖലയിലെ ഭീകരതയെ നേരിടുന്നതിനുള്ള മികച്ച രീതികൾ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കെടുക്കുന്ന രാജ്യങ്ങളിലെയും ആസിയാൻ സെക്രട്ടേറിയറ്റിലെയും പ്രതിനിധികളുടെ മേധാവിമാർ അവതരിപ്പിച്ചു. സാംസ്കാരിക പര്യടനത്തിന്റെ ഭാഗമായി പ്രതിനിധികൾ ആഗ്ര സന്ദർശിച്ചു.
SKY
************
(Release ID: 2113636)
Visitor Counter : 25