വിദ്യാഭ്യാസ മന്ത്രാലയം
പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാർക്കായുള്ള മാർഗ്ഗദർശക (മെന്റർഷിപ്പ്) പദ്ധതി (YUVA)
യുവ എഴുത്തുകാരെ ശാക്തീകരിച്ച് ആഗോള വേദിയിലേക്ക് എത്തിക്കുന്നു
Posted On:
18 MAR 2025 3:03PM by PIB Thiruvananthpuram
ആമുഖം
യുവ 3.0 എന്നറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ യുവ എഴുത്തുകാർക്കായുള്ള മാർഗ്ഗദർശക (YUVA) പദ്ധതിയുടെ മൂന്നാം പതിപ്പിന് 2025 മാർച്ച് 11 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നാഷണൽ ബുക്ക് ട്രസ്റ്റും (NBT) ചേർന്ന് തുടക്കം കുറിച്ചു. 30 വയസ്സിന് താഴെ പ്രായമുള്ള യുവ എഴുത്തുകാരെ പരിപോഷിപ്പിക്കുക, അവരുടെ സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള മാർഗനിർദേശവും അനുഭവപരിചയവും ലഭ്യമാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ . സാഹിത്യ പ്രതിഭകളെ വളർത്തുന്നതിനും ഇന്ത്യയിൽ വായന, എഴുത്ത്, പുസ്തക സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി തുടക്കം കുറിച്ച യുവ 1.0, യുവ 2.0 എന്നീ ആദ്യ രണ്ടു ഘട്ടങ്ങളുടെ വിജയത്തെ തുടർന്നാണ് യുവ 3.0 ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും അറിവിന്റെയും രേഖപ്പെടുത്തലും പ്രചാരണവും പ്രോത്സാഹിപ്പിച്ചുകൊണ്ട് "ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്" എന്ന ദർശനവുമായി ഈ പദ്ധതി ചേർന്ന് നിൽക്കുന്നു.


യുവ 3.0: സവിശേഷതകളും കാഴ്ചപ്പാടും
പ്രമേയവും ലക്ഷ്യവും
രാഷ്ട്രനിർമ്മാണത്തിൽ ഇന്ത്യൻ പ്രവാസികളുടെ സംഭാവന; ഇന്ത്യൻ വിജ്ഞാന സംവിധാനം, ആധുനിക ഇന്ത്യയുടെ നിർമ്മാതാക്കൾ (1950-2025) എന്നിവയാണ് പിഎം-യുവ 3.0 യുടെ പ്രമേയങ്ങൾ. ഇന്ത്യയുടെ ഭൂതകാലം, ഭാവി, വർത്തമാനം എന്നിവ ഉൾക്കൊള്ളുന്ന വിവിധ വശങ്ങളെക്കുറിച്ച് എഴുതാൻ പ്രാപ്തരായ ഒരു കൂട്ടം എഴുത്തുകാരെ വളർത്തിയെടുക്കാൻ ഈ പദ്ധതി സഹായപ്രദമാകും. കൂടാതെ, പുരാതനകാലത്തും ഇന്നത്തെ കാലത്തും വിവിധ മേഖലകളിൽ ഇന്ത്യക്കാർ നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ ഒരു വീക്ഷണം ആവിഷ്കരിക്കാനും അവതരിപ്പിക്കാനും ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ പദ്ധതി അവസരം നൽകുന്നു.
തിരഞ്ഞെടുക്കൽ പ്രക്രിയ
MyGov India-യുടെ ഓൺലൈൻ പോർട്ടൽ വഴി താൽപ്പര്യം ഉള്ള എഴുത്തുകാരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
മികച്ച മൂല്യനിർണ്ണയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 50 യുവ എഴുത്തുകാരുടെ ചുരുക്ക പട്ടിക തയ്യാറാക്കുന്ന മത്സരാധിഷ്ഠിത നടപടിക്രമം.
നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) ആണ് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത് .
അപേക്ഷകർ 10,000 വാക്കുകളുള്ള ഒരു പുസ്തക നിർദ്ദേശം സമർപ്പിക്കേണ്ടതാണ്. ഇ ത് ഒരു പാനൽ അവലോകനം ചെയ്യും.
അന്തിമ തിരഞ്ഞെടുപ്പിന് മുമ്പ് ഷോർട്ട്‌ലിസ്റ്റ് ചെയ്ത വ്യക്തികൾ ഒന്നിലധികം ഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിധേയരാകുന്നു.

മാർഗ്ഗദർശനവും പിന്തുണയും
തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർക്ക് ആറ് മാസം നീണ്ടുനിൽക്കുന്ന മെന്റർഷിപ്പ് പദ്ധതി ലഭിക്കും.
എഴുത്തുകാർ ശിൽപശാലകളിൽ പങ്കെടുക്കുകയും , മെന്റർമാരുമായി ആശയവിനിമയം നടത്തുകയും , ഇന്ത്യയുടെ സാഹിത്യ ആവാസവ്യവസ്ഥ പരിചയപ്പെടുകയും ചെയ്യും .
ആറ് മാസത്തേക്ക് അവർക്ക് പ്രതിമാസം ₹50,000 സാമ്പത്തിക സഹായം ലഭിക്കുന്നു.
അവരുടെ കൃതികൾ എൻബിടി ഒന്നിലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മെന്റർഷിപ്പിന് കീഴിൽ, 2026 ലെ ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ പിഎം-യുവ 3.0 എഴുത്തുകാർക്കായി ഒരു ദേശീയ ക്യാമ്പ് സംഘടിപ്പിക്കും.
തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർക്ക് സാഹിത്യോത്സവങ്ങളിലും അന്താരാഷ്ട്ര ഫോറങ്ങളിലും അവരുടെ കൃതികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
YUVA പദ്ധതിയുടെ പശ്ചാത്തലം
2020 ലെ ദേശീയ വിദ്യാഭ്യാസ നയം യുവ മനസ്സുകളുടെ ശാക്തീകരണത്തിനും ഭാവിയിൽ ആഗോളതലത്തിൽ നേതൃത്വപദവി ഏറ്റെടുക്കുന്നതിന് യുവ വായനക്കാരെയും പഠിതാക്കളെയും സജ്ജമാക്കുന്ന ഒരു പഠന പരിസ്ഥിതി വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകിയിട്ടുണ്ട്. ജനസംഖ്യയുടെ 66% യുവാക്കളായതിനാലും രാഷ്ട്രനിർമ്മാണത്തിൽ അവരെ പ്രേയോജനപ്പെടുത്താൻ സാധിക്കും എന്നതിനാലുമാണ് ഇന്ത്യയെ ഒരു 'യുവ രാഷ്ട്ര 'മായി കണക്കാക്കുന്നത് . ഈ സാഹചര്യത്തിൽ, യുവ എഴുത്തുകാരുടെ തലമുറയെ വാർത്തെടുക്കുന്നതിനുള്ള ദേശീയ പദ്ധതി, സർഗാത്മകലോകത്തിലെ ഭാവി നേതാക്കളെ രൂപപ്പെടുത്തി എടുക്കുന്നതിനുള്ള അടിത്തറ പാകുന്നതിന്റെ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
21-ാം നൂറ്റാണ്ടിലെ ഇന്ത്യക്ക് തങ്ങളെ ആഗോള തലത്തിൽ ഉയർത്തിക്കാട്ടുന്ന സാഹിത്യത്തിന്റെയും ലോകവീക്ഷണത്തിന്റെയും അംബാസഡർമാരെ സൃഷ്ടിക്കുന്നതിന് യുവ എഴുത്തുകാരുടെ ഒരു തലമുറയെ വളർത്തിയെടുക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുസ്തക പ്രസിദ്ധീകരണ രംഗത്ത് നമ്മുടെ രാജ്യം മൂന്നാം സ്ഥാനത്താണ് എന്നതിനാലും തദ്ദേശീയ സാഹിത്യത്തിന്റെ ഒരു നിധിശേഖരം നമുക്കുണ്ട് എന്നതിനാലും ആഗോളതലത്തിൽ ഇന്ത്യ തങ്ങളെ ഉയർത്തിക്കാട്ടേണ്ടതുണ്ട്. ആദ്യത്തെ മെന്റർഷിപ്പ് പദ്ധതി 2021 മെയ് 31-നും പിന്നീട് 2022 ഒക്ടോബറിലും ഇപ്പോൾ 2025 മാർച്ചിലും ആരംഭിച്ചു.
യുവ 2.0: വികാസവും നേട്ടങ്ങളും
യുവ 1.0 യുടെ അടിത്തറയിൽ 'ജനാധിപത്യം' എന്ന പുതിയ പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് 2022 ഒക്ടോബറിൽ യുവ 2.0-ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, ഭരണനിർവ്വഹണ ഘടന എന്നിവയിലുള്ള യുവ എഴുത്തുകാരുടെ ഇടപെടൽ വർധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
പ്രമേയവും ദർശനവും
ജനാധിപത്യം (സ്ഥാപനങ്ങൾ, പരിപാടികൾ, ജനങ്ങൾ , ഭരണഘടനാ മൂല്യങ്ങൾ) എന്നതായിരുന്നു പിഎം-യുവ 2.0 യുടെ പ്രമേയം . ഭൂതം, ഭാവി, വർത്തമാനം എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് എഴുതാൻ കഴിയുന്ന ഒരുകൂട്ടം എഴുത്തുകാരെ വികസിപ്പിക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിച്ചു . കൂടാതെ, ആഭ്യന്തര, അന്തർദേശീയ വേദികളിൽ ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളുടെ സമഗ്രമായ വീക്ഷണം പ്രകടിപ്പിക്കാനും അവതരിപ്പിക്കാനും ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഈ പദ്ധതി ഒരു ജാലകവും തുറന്ന് നൽകി.
തിരഞ്ഞെടുപ്പും നടപ്പാക്കലും
രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന ഒരു കൂട്ടം മത്സരാർഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മത്സരത്തിലൂടെ 75 എഴുത്തുകാരെ തിരഞ്ഞെടുത്തു. 10,000 വാക്കുകളുള്ള ഒരു പുസ്തക നിർദ്ദേശവും അവർ സമർപ്പിക്കേണ്ടതായിട്ടുണ്ടായിരുന്നു.
ഭരണഘടനാ വിദഗ്ദ്ധർ, ചരിത്രകാരന്മാർ, പ്രശസ്ത എഴുത്തുകാർ എന്നിവരുമായി ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യവും മെന്റർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുന്നു.
ഗവേഷണ വൈദഗ്ദ്ധ്യം, ഭാഷാ പ്രാവീണ്യം, കഥാവതരണ സാങ്കേതിക വിദ്യകൾ എന്നിവയിൽ പ്രത്യേക പരിശീലന സെഷനുകൾ നടന്നു.
അനന്തരഫലങ്ങളും സ്വാധീനവും
ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ 2025 ൽ പിഎം യുവ 2.0 പദ്ധതി പ്രകാരം 41 പുതിയ പുസ്തകങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി.
നിരവധി പുസ്തകങ്ങൾ വൈവിധ്യമാർന്ന വായനക്കാർക്ക് ലഭ്യമാകുന്ന തരത്തിൽ വിവിധ ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചു.
ലോക പുസ്തകമേള, സാഹിത്യ ഫോറങ്ങൾ തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തതിലൂടെ യുവ എഴുത്തുകാർ ദേശീയ, അന്തർദേശീയ അംഗീകാരം നേടി.
പല എഴുത്തുകാർക്കും തങ്ങളുടെ പുസ്തകങ്ങൾ ഗവേഷണത്തിനും റഫറൻസിനുമായി അക്കാദമിക്, സർക്കാർ ലൈബ്രറികളിൽ ഉൾപ്പെടുത്താൻ സാധിച്ചു.
ചില എഴുത്തുകാർക്ക് നയരൂപീകരണ വിദഗ്ധരെയും പണ്ഡിതന്മാരെയും കാണാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചു. ഇത് അവരുടെ കാഴ്ചപ്പാടുകളെ കൂടുതൽ സമ്പന്നമാക്കി.
യുവ 1.0: ആരംഭവും പൈതൃകവും
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 2021 മെയ് മാസത്തിൽ യുവ 1.0 ക്ക് തുടക്കം കുറിച്ചു . ഇന്ത്യയുടെ ചരിത്രത്തെയും സമകാലിക വിവരണങ്ങളെയും കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ യുവ എഴുത്തുകാരെ ശാക്തീകരിക്കുക, അവർക്ക് ഒരു വേദി ഒരുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പ്രമേയവും പ്രചോദനവും
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, അറിയപ്പെടാത്ത നായകന്മാരെ കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ ദേശീയ പ്രസ്ഥാനം; സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വസ്തുതകൾ; ദേശീയ പ്രസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളുടെ പങ്ക്; ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, ശാസ്ത്ര സംബന്ധിയായ പുതിയ കാഴ്ചപ്പാടുകൾ പുറത്തുകൊണ്ടുവരുന്ന നിർദേശങ്ങൾ എന്നിവയായിരുന്നു പ്രമേയം . ഇന്ത്യൻ പൈതൃകം, സംസ്കാരം, വിജ്ഞാന സമ്പ്രദായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ വിഷയങ്ങളിൽ എഴുതാൻ കഴിയുന്ന ഒരു കൂട്ടം എഴുത്തുകാറീ വാർത്തെടുക്കാൻ ഈ പദ്ധതി സഹായിച്ചു.
തിരഞ്ഞെടുപ്പും നടത്തിപ്പും
മത്സരാർത്ഥികളോട് 5000 വാക്കുകളുള്ള ഒരു കൈയെഴുത്തുപ്രതി സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
വിവിധ ഭാഷാവൈവിധ്യവും പ്രാദേശിക പശ്ചാത്തലങ്ങളും പേറുന്ന 75 യുവ എഴുത്തുകാരെ തിരഞ്ഞെടുത്തു.
നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) രൂപീകരിച്ച ഒരു കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്.
എഴുത്ത്, എഡിറ്റിംഗ്, പ്രസിദ്ധീകരണ പ്രക്രിയകൾ എന്നിവയിൽ പരിശീലനം ലഭ്യമാക്കി.
പ്രമുഖ ചരിത്രകാരന്മാർ, പത്രപ്രവർത്തകർ, സാഹിത്യകാരന്മാർ എന്നിവർ പ്രത്യേക സെഷനുകൾ നടത്തി.
മെന്റർഷിപ്പ് സ്കീമിന് കീഴിൽ ഓരോ എഴുത്തുകാരനും ആറ് മാസത്തേക്ക് പ്രതിമാസം 50,000 രൂപയുടെ ഏകീകൃത സ്കോളർഷിപ്പ് ലഭ്യമാക്കി.
ഫലങ്ങളും സ്വാധീനവും
പരിശീലനവുമായി ബന്ധപ്പെട്ട ഫലപ്രഖ്യാപനം 25.12.2021 ന് നടന്നു.
YUVA 1.0 പ്രകാരം തയ്യാറാക്കിയ പുസ്തകങ്ങൾ ഒന്നിലധികം ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതിലൂടെ കൂടുതൽപേരിലേക്ക് എത്തിചേർന്നു .
ചരിത്രപരമായ വിവരണങ്ങൾ രേഖപ്പെടുത്താൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഈ സംരംഭം ഇന്ത്യയുടെ സാഹിത്യ പൈതൃകത്തിന് സംഭാവന നൽകി.
മുഖ്യധാരാ സാഹിത്യത്തിലും അക്കാദമിക് ചർച്ചകളിലും സംഭാവന നൽകികൊണ്ട് നിരവധി യുവ എഴുത്തുകാർ അംഗീകാരം നേടി.
ഈ പദ്ധതി യുവ എഴുത്തുകാർക്ക് ശക്തമായ അടിത്തറ പാകുകയും അവരിൽ പലരും സ്വതന്ത്രമായി കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനും വിൽപ്പനയ്ക്കും 10% റോയൽറ്റി എൻബിടി ലഭ്യമാക്കി.
ഉപസംഹാരം
മൂന്ന് പതിപ്പുകളിലായി നടപ്പിലാക്കിയ യുവ പദ്ധതി, ഇന്ത്യയിലെ യുവ സാഹിത്യ പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സൃഷ്ടിപരമായ ആവിഷ്കാരം, ബഹുഭാഷാ സാഹിത്യ പൈതൃകം, യുവാക്കൾക്കിടയിൽ വായനയുടെയും എഴുത്തിന്റെയും സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട് പരിപാടി വികാസം പ്രാപിക്കുന്നു. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശബ്ദമുയർന്നുകേട്ട യുവ എഴുത്തുകാരുടെ വിജയഗാഥകളിൽ പദ്ധതിയുടെ സ്വാധീനം പ്രകടമാണ്. സ്ഥിരതയാർന്ന പിന്തുണയും നവീകരണവും മൂലം , യുവ പദ്ധതി ഇന്ത്യയുടെ സാഹിത്യ-സാംസ്കാരിക നവോത്ഥാനത്തിന്റെ ഒരു ആണിക്കല്ലായി തുടരും.
അവലംബം
https://pib.gov.in/PressReleasePage.aspx?PRID=2110966
https://innovateindia.mygov.in/yuva-2025/
https://innovateindia.mygov.in/yuva/
https://pib.gov.in/PressReleasePage.aspx?PRID=1722644
https://pib.gov.in/PressReleaseIframePage.aspx?PRID=2101008
https://pib.gov.in/PressReleasePage.aspx?PRID=1811451
https://www.nbtindia.gov.in/writereaddata/attachmentNews/tuesday-june-1-202111-31-05-amyuva-scheme-for-mentorship-of-young-authors.pdf
Click here to see PDF.
*****
(Release ID: 2113129)
Visitor Counter : 21