രാഷ്ട്രപതിയുടെ കാര്യാലയം
മാധ്യമ പ്രവർത്തന മികവിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.
Posted On:
19 MAR 2025 7:53PM by PIB Thiruvananthpuram
മാധ്യമപ്രവർത്തന മികവിനുള്ള 19-ാമത് രാംനാഥ് ഗോയങ്ക പുരസ്കാരങ്ങൾ ഇന്ന് (2025 മാർച്ച് 19) ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സമ്മാനിച്ചു.

ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം വലുതാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. പൗരന്മാർക്ക് മികച്ച അവബോധമില്ലെങ്കിൽ ജനാധിപത്യ പ്രക്രിയകളുടെ അർത്ഥം തന്നെ നഷ്ടപ്പെടും.
വാർത്താവ്യവസായ മേഖലയ്ക്ക് ആശയ സമ്പന്നമായ ന്യൂസ് റൂം അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വാർത്തകളുടെ ഗുണനിലവാരവും കൃത്യതയും ഉറപ്പാക്കാൻ ഗവേഷണ വിഭാഗത്തിന്റെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.മാധ്യമ പ്രവർത്തനത്തിന്റെ ആത്മാവായ വാർത്താ ശേഖരണം ശക്തിപ്പെടുത്തണം. അടിസ്ഥാന തലത്തിലെ റിപ്പോർട്ടിംഗ് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ വിഭവങ്ങൾ വിനിയോഗിക്കാൻ അവർ മാധ്യമ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു.

മുമ്പ്, പത്രങ്ങളും മാസികകളും ഗുണപരമായ റിപ്പോർട്ടിംഗും വിശകലനവും നൽകാൻ ശ്രമിച്ചിരുന്നതായും വായനക്കാർ അവയുടെ പതിപ്പുകൾ വാങ്ങിയിരുന്നതായും രാഷ്ട്രപതി പറഞ്ഞു. വായനക്കാരുടെ എണ്ണം കൂടുന്നത് പരസ്യദാതാക്കൾക്ക് മികച്ച അവസരമാണെന്നും അത് ചെലവ് കുറയ്ക്കാൻ കാരണമാകുമെന്നും അവർ പറഞ്ഞു. എന്നിരുന്നാലും, സമീപ ദശകങ്ങളിൽ ഇതിനു മാറ്റമുണ്ടായി. പകരം നിരവധി സങ്കര രീതികൾ നിലവിൽവന്നു. പത്ര പ്രവർത്തനത്തിന്റെ ഗുണനിലവാരത്തിൽ ചെലുത്തുന്ന സ്വാധീനം അനുസരിച്ചാണ് അവയുടെ വിജയം അളക്കേണ്ടതെന്ന് അവർ പറഞ്ഞു. മാധ്യമങ്ങൾക്ക് പരിമിതമായ എണ്ണം സാമ്പത്തിക സ്രോതസ്സുകൾ മാത്രമേയുള്ളൂ, അത് സംസ്ഥാന സംവിധാനമോ കോർപ്പറേറ്റ് സ്ഥാപനങ്ങളോ വായനക്കാരോ ആകാം. ആദ്യത്തെ രണ്ടെണ്ണത്തിനും അവയുടേതായ ഗുണങ്ങളും പരിമിതികളുമുണ്ട്.വായനക്കാരനെ കേന്ദ്ര സ്ഥാനത്ത് നിർത്തുക എന്ന മൂന്നാമത്തെ സാധ്യതയാണ് ഏറ്റവും അഭികാമ്യം. എന്നാൽ ആ മാതൃക നിലനിർത്തുക ബുദ്ധിമുട്ടാണെന്ന പരിമിതി ഇത് നേരിടുന്നതായും രാഷ്ട്രപതി പറഞ്ഞു.
ഉള്ളടക്ക നിർമ്മാണത്തെക്കുറിച്ച് സംസാരിച്ച രാഷ്ട്രപതി, ഹാനികരമായ ഉള്ളടക്കം തുടച്ചുനീക്കപ്പെടുകയും സത്യാനന്തരം എന്ന ആശയം ഇല്ലാതാകുകയും ചെയ്യുന്ന ഒരു ഘട്ടത്തിലേക്ക് നാം ഉടൻ എത്തിച്ചേരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിനായി സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഈ അപകടങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിന് സജീവമായ പ്രചാരണങ്ങൾ ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഡീപ്പ് ഫേക്ക്, നിർമ്മിത ബുദ്ധി എന്നിവയുടെ ദുരുപയോഗം വഴിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എല്ലാ പൗരന്മാരെയും ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും യുവതലമുറയെ, വാർത്താ റിപ്പോർട്ടിംഗിലും വിശകലനത്തിലും ഉണ്ടാകുന്ന പക്ഷപാതവും അജണ്ടയും തിരിച്ചറിയാൻ പഠിപ്പിക്കണം.
ലോകത്തെ എ ഐ മാറ്റിമറിക്കുന്നതായും ഇത് മാധ്യമ പ്രവർത്തനം ഉൾപ്പെടെ നിരവധി മേഖലകളിൽ പുതിയ അവസരങ്ങളും പുതിയ വെല്ലുവിളികളും സൃഷ്ടിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. റിപ്പോർട്ടുകൾ സമാഹരിക്കാനും എഡിറ്റ് ചെയ്യാനും ഇതിനകം യന്ത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവയ്ക്ക് സഹാനുഭൂതി എന്ന ഘടകമില്ലെന്നും മാധ്യമപ്രവർത്തകർക്ക് AI-യെ മറികടക്കാൻ സഹായിക്കുന്ന ഒരു ഘടകമായിരിക്കും ഇതെന്നും രാഷ്ട്രപതി പറഞ്ഞു . മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാധ്യമ പ്രവർത്തനം ശാശ്വതമായിരിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
******
(Release ID: 2113127)
Visitor Counter : 16