പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാര്യകർ സുവർണ മഹോത്സവ വേളയിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം

Posted On: 07 DEC 2024 7:57PM by PIB Thiruvananthpuram

ജയ് സ്വാമിനാരായണൻ!

പരമ പൂജ്യ ഗുരു ഹരി മഹന്ത് സ്വാമി മഹാരാജ്, ആദരണീയരായ ഋഷിമാരേ, സത്സംഗ കുടുംബത്തിലെ ആദരണീയരായ അംഗങ്ങളെ, വിശിഷ്ട വ്യക്തികളേ, ഈ മഹത്തായ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ മഹതികളേ, മാന്യരേ!

കാര്യകർ സുവർണ്ണ മഹോത്സവത്തിന്റെ ശുഭകരമായ വേളയിൽ, ഭഗവാൻ സ്വാമിനാരായണന്റെ പാദങ്ങളിൽ ഞാൻ വിനയപൂർവ്വം വണങ്ങുന്നു. ഇന്ന് പ്രമുഖ് സ്വാമി മഹാരാജിന്റെ 103-ാം ജന്മവാർഷികവും കൂടിയാണ്, ദിവ്യ ഗുരു ഹരി പ്രഗത് ബ്രഹ്മാവിന്റെ മൂർത്തിമത്ഭാവമായ അദ്ദേഹത്തെ ഞാൻ ആദരവോടെ വണങ്ങുന്നു. ഭഗവാൻ സ്വാമിനാരായണൻ പകർന്ന പാഠങ്ങളും, പ്രമുഖ സ്വാമി മഹാരാജിൻ്റെ ദൃഢനിശ്ചയങ്ങളും പരമപൂജ്യ ഗുരു ഹരി മഹന്ത് സ്വാമി മഹാരാജിൻ്റെ അശ്രാന്ത പരിശ്രമത്തിലൂടെയും സമർപ്പണത്തിലൂടെയും ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നു. ഒരു ലക്ഷം സന്നദ്ധപ്രവർത്തകർ, യുവജനങ്ങൾ, കുട്ടികൾ എന്നിവർ പങ്കെടുക്കുന്ന ഈ മഹത്തായ സാംസ്കാരിക പരിപാടി വിത്ത്, വൃക്ഷം, ഫലം എന്നിവയുടെ സത്തയെ മനോഹരമായി പ്രതിനിധീകരിക്കുന്നു. എനിക്ക് നിങ്ങളുടെ ഇടയിൽ നേരിട്ട് സന്നിഹിതനാകാൻ കഴിയുന്നില്ലെങ്കിലും, എന്റെ ഹൃദയത്തിൽ ഈ പരിപാടിയുടെ ഊർജ്ജസ്വലതയും ഊർജ്ജവും ആഴത്തിൽ അനുഭവിക്കാൻ കഴിയും. ഇത്രയും മഹത്തായതും ദിവ്യവുമായ ഒരു ആഘോഷം സംഘടിപ്പിച്ചതിന് പരമ പൂജ്യ ഗുരു ഹരി മഹന്ത് സ്വാമി മഹാരാജിനെയും എല്ലാ ആദരണീയരായ സന്യാസിമാരെയും ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നു, അ​ഗാധമായ ആദരവോടെ ഞാൻ അവരെ വണങ്ങുന്നു.

സുഹൃത്തുക്കളേ,

50 വർഷത്തെ സമർപ്പിത സേവന യാത്രയിൽ കാര്യകർ സുവർണ്ണ മഹോത്സവം ഒരു സുപ്രധാന നാഴികക്കല്ലാണ്. അമ്പത് വർഷങ്ങൾക്ക് മുമ്പ്, വളണ്ടിയർമാരെ രജിസ്റ്റർ ചെയ്യുന്നതിനും അവരെ സേവന പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിനുമുള്ള സംരംഭം ആരംഭിച്ചു - അക്കാലത്ത് കേട്ടുകേൾവിയില്ലാത്ത ഒന്ന്. ഇന്ന്, ലക്ഷക്കണക്കിന് BAPS വളണ്ടിയർമാർ അചഞ്ചലമായ സമർപ്പണവും പ്രതിബദ്ധതയും ഉള്ള സേവനത്തിലും ഏർപ്പെട്ടിരിക്കുന്നത് കാണുന്നത് വളരെയധികം സന്തോഷകരമാണ്. ഏതൊരു സ്ഥാപനത്തിനും ഇത് ഒരു ശ്രദ്ധേയമായ നേട്ടമാണ്. ഈ നേട്ടത്തിൽ ഞാൻ നിങ്ങളെ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുകയും നിങ്ങളുടെ തുടർച്ചയായ വിജയത്തിനായി എന്റെ ആശംസകൾ നേരുകയും ചെയ്യുന്നു.


സുഹൃത്തുക്കളേ,

ഭഗവാൻ സ്വാമിനാരായണൻ പകർന്ന് തന്ന കരുണാർദ്രമായ പാഠങ്ങളുടെ ആഘോഷവും കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച പതിറ്റാണ്ടുകളുടെ നിസ്വാർത്ഥ സേവനത്തിനുള്ള ആദരവുമാണ് കാര്യകർ സുവർണ്ണ മഹോത്സവം. BAPS ന്റെ സേവന സംരംഭങ്ങളെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞതും അവരുമായി സഹകരിക്കാൻ കഴിഞ്ഞതും എന്റെ വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ഭുജ് ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളോട് പ്രതികരിച്ചതായാലും, നരനാരായണൻ നഗർ ഗ്രാമം പുനർനിർമ്മിച്ചതായാലും, കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ആശ്വാസം നൽകിയതായാലും, ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ മൂലമുണ്ടായ ദുരിതങ്ങൾ പരിഹരിക്കുന്നതായാലും, കോവിഡ്-19 പോലുള്ള സമീപകാല ആഗോള മഹാമാരിയുടെ വെല്ലുവിളികളെ നേരിട്ടതായാലും, BAPS സന്നദ്ധപ്രവർത്തകർ എപ്പോഴും മുൻപന്തിയിൽ നിന്നു. കുടുംബ മനോഭാവത്തോടും ആഴമേറിയ അനുകമ്പയോടും കൂടി, ആവശ്യമുള്ളിടത്തെല്ലാം അവർ പിന്തുണ നൽകിയിട്ടുണ്ട്. കോവിഡ്-19 പ്രതിസന്ധി ഘട്ടത്തിൽ BAPS ക്ഷേത്രങ്ങളെ സേവന കേന്ദ്രങ്ങളാക്കി മാറ്റിയത് അവരുടെ പ്രതിബദ്ധതയുടെ തിളക്കമാർന്ന ഉദാഹരണമാണ്.

പ്രചോദനാത്മകമായ മറ്റൊരു ഉദാഹരണം പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമല്ല. യുക്രൈനിലെ യുദ്ധം രൂക്ഷമായ സമയത്ത്, സംഘർഷമേഖലയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ ​ഗവണ്മെൻ്റ് ഉടനടി തീരുമാനമെടുത്തു. തൽഫലമായി, ധാരാളം ഇന്ത്യക്കാർ പോളണ്ടിലേക്ക് എത്തിത്തുടങ്ങി. എന്നിരുന്നാലും, ഒരു പ്രധാന വെല്ലുവിളി ഉണ്ടായിരുന്നു: യുദ്ധത്തിന്റെ പ്രതിസന്ധികൾക്കിടയിൽ പോളണ്ടിലെത്തിയ ഇന്ത്യക്കാർക്ക് പരമാവധി സഹായം എങ്ങനെ നൽകാം. ആ നിമിഷം, ഞാൻ BAPS-ലെ ഒരു സന്യാസിയെ സമീപിച്ചു, രാത്രി വൈകിയായിരുന്നു - അർദ്ധരാത്രിയോ പുലർച്ചെ 1 മണിയോ ആയിരുന്നു - ഞാൻ വിളിച്ചത്. പോളണ്ടിൽ എത്തുന്ന അനേകം ഇന്ത്യക്കാരെ സഹായിക്കാൻ ഞാൻ പിന്തുണ അഭ്യർത്ഥിച്ചു. അസാധാരണമായിരുന്ന സംഭവത്തിനാണ് പിന്നീട് ഞാൻ സാക്ഷ്യം വഹിച്ചത്. നിങ്ങളുടെ സംഘടന യൂറോപ്പിലുടനീളമുള്ള BAPS വളണ്ടിയർമാരെ ഒറ്റരാത്രികൊണ്ട് അണിനിരത്തി, യുദ്ധബാധിതമായ അന്തരീക്ഷത്തിൽ ആവശ്യമുള്ളവർക്ക് അവർ വിലമതിക്കാനാവാത്ത സഹായം നൽകി.


BAPS ന്റെ ഈ അസാധാരണ ശക്തിയും ആഗോളതലത്തിൽ മാനവികതയോടുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ശരിക്കും പ്രശംസനീയമാണ്. അതിനാൽ, കാര്യകർ സുവർണ്ണ മഹോത്സവത്തിന്റെ വേളയിൽ, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ന്, BAPS വളണ്ടിയർമാർ അവരുടെ സേവനത്തിലൂടെ ലോകമെമ്പാടുമുള്ള ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നു, എണ്ണമറ്റ ആളുകളെ സ്പർശിക്കുന്നു, സമൂഹത്തിന്റെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരെ ശാക്തീകരിക്കുന്നു. നിങ്ങൾ പലർക്കും ഒരു പ്രചോദനമാണ്, അങ്ങേയറ്റം ബഹുമാനവും അർഹിക്കുന്നു.


സുഹൃത്തുക്കളേ,

BAPS ഏറ്റെടുത്ത പ്രവർത്തനങ്ങൾ ആഗോളതലത്തിൽ ഭാരതത്തിന്റെ സ്വാധീനവും സ്ഥാനവും ഗണ്യമായി ശക്തിപ്പെടുത്തുന്നു. 28 രാജ്യങ്ങളിലായി 1,800 ഭഗവാൻ സ്വാമിനാരായണ ക്ഷേത്രങ്ങളും, ലോകമെമ്പാടുമുള്ള 21,000-ത്തിലധികം ആത്മീയ കേന്ദ്രങ്ങളും, നിരവധി സേവന പദ്ധതികളും ഉള്ളതിനാൽ, ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും പ്രതിഫലനമായി ലോകം BAPS-നെ കാണുന്നു. ഈ ക്ഷേത്രങ്ങൾ കേവലം ആരാധനാലയങ്ങൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സംസ്കാരത്തെ ഉൾക്കൊള്ളുന്ന ഭാരതത്തിന്റെ സാംസ്കാരിക പ്രതിനിധാനങ്ങളാണ്. ഈ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുന്ന ഏതൊരാളും തീർച്ചയായും ഭാരതത്തിന്റെ സമ്പന്നമായ സംസ്കാരത്തിലേക്കും ആത്മീയതയിലേക്കും ആകർഷിക്കപ്പെടുന്നു.

ഏതാനും മാസങ്ങൾക്ക് മുമ്പ്, അബുദാബിയിലെ ഭഗവാൻ സ്വാമിനാരായണ ക്ഷേത്രത്തിന്റെ സമർപ്പണ ചടങ്ങ് നടന്നു, ആ ചരിത്ര പരിപാടിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം എനിക്ക് ലഭിച്ചു. ഈ ക്ഷേത്രവും ചടങ്ങും ആഗോള ശ്രദ്ധ നേടി, ഭാരതത്തിന്റെ ആത്മീയ പൈതൃകവും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിച്ചു. അത്തരം സംരംഭങ്ങൾ ഭാരതത്തിന്റെ സാംസ്കാരിക മഹത്വത്തെയും അതിന്റെ മനുഷ്യ ഉദാരതയുടെ ആത്മാവിനെയും എടുത്തുകാണിക്കുന്നു. ഇതിനായി, ഈ ശ്രമങ്ങൾക്ക് സംഭാവന നൽകുന്ന എല്ലാ സമർപ്പിത സഹപ്രവർത്തകരെയും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.


സുഹൃത്തുക്കളേ,

BAPS ഇത്തരം മഹത്തായ തീരുമാനങ്ങൾ എളുപ്പത്തിൽ നേടിയെടുക്കുന്നു എന്നത് ഭഗവാൻ സ്വാമിനാരായണൻ, സഹജാനന്ദ സ്വാമി എന്നിവരുടെ ദിവ്യമായ തപസ്സിന്റെ തെളിവാണ്. എല്ലാ ജീവജാലങ്ങളിലേക്കും കഷ്ടപ്പെടുന്ന ഓരോ ആളുകളിലേക്കും അദ്ദേഹത്തിന്റെ കാരുണ്യം വ്യാപിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ നിമിഷവും മനുഷ്യരാശിയുടെ ക്ഷേമത്തിനായി സമർപ്പിച്ചു. അദ്ദേഹം സ്ഥാപിച്ച മൂല്യങ്ങൾ BAPS വഴി പ്രകാശിക്കുന്നത് തുടരുന്നു, ലോകമെമ്പാടും വെളിച്ചവും പ്രത്യാശയും പരത്തുന്നു.

BAPS ന്റെ സേവനത്തിന്റെ സാരാംശം എല്ലാ വീടുകളിലും മുഴങ്ങുന്ന ഒരു ഗാനത്തിന്റെ വരികളിൽ മനോഹരമായി പകർത്താൻ കഴിയും:

"नदिया न पिये कभी अपना जल

 वृक्ष न खाये कभी अपने फल नदिया न पिये कभी अपना जल

 वृक्ष न खाये कभी अपने फल,

अपने तन का मन का धन का दूजो को दे जो दान है वो सच्चा इंसान अरे...इस धरती का भगवान है।'

സുഹൃത്തുക്കളേ,

എന്റെ കുട്ടിക്കാലം മുതൽ BAPS മായും ഭഗവാൻ സ്വാമിനാരായണനുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. അത്തരമൊരു മഹത്തായ പാരമ്പര്യവുമായുള്ള ഈ ബന്ധം എന്റെ ജീവിതത്തിലെ ഒരു വഴികാട്ടിയായിരുന്നു. പ്രമുഖ് സ്വാമി മഹാരാജിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി തുടരുന്നു. എന്റെ യാത്രയിൽ നിന്ന് വേർപെടുത്താനാവാത്ത നിരവധി വ്യക്തിപരമായ നിമിഷങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ട്.

ഞാൻ പൊതുജീവിതത്തിൽ ഇല്ലാതിരുന്ന കാലം മുതൽ, മുഖ്യമന്ത്രിയായിരുന്ന കാലയളവിലും, പ്രധാനമന്ത്രിയായിരുന്ന കാലം വരെ, അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശം എപ്പോഴും എന്നോടൊപ്പമുണ്ട്. നർമ്മദയിലെ വെള്ളം സബർമതിയിൽ എത്തിയ ചരിത്ര സന്ദർഭം ഞാൻ വ്യക്തമായി ഓർക്കുന്നു - പ്രമുഖ് സ്വാമി മഹാരാജ് തന്റെ അനുഗ്രഹങ്ങളോടെ പരിപാടിയിൽ പങ്കെടുത്തു. അതുപോലെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാമിനാരായണ മഹാമന്ത്ര മഹോത്സവത്തിന്റെയും അടുത്ത വർഷം നടന്ന സ്വാമിനാരായണ മന്ത്ര ലേഖൻ മഹോത്സവത്തിന്റെയും ഓർമ്മകൾ ഞാൻ വിലമതിക്കുന്നു.

മന്ത്രരചന എന്ന ആശയം തന്നെ അസാധാരണമായിരുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ആത്മീയ ദർശനത്തിന്റെ പ്രതിഫലനമാണിത്. ഒരു പിതാവിന് മകനോടുള്ള വാത്സല്യത്തിന് സമാനമായി അദ്ദേഹം എന്നിൽ ചൊരിഞ്ഞ വാത്സല്യം വാക്കുകൾക്ക് അതീതമാണ്. പൊതുജനക്ഷേമത്തിനായുള്ള എന്റെ എല്ലാ ശ്രമങ്ങളിലും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എപ്പോഴും എന്നെ പിന്തുണച്ചിട്ടുണ്ട്.

ഇന്ന്, ഈ മഹത്തായ പരിപാടിയ്ക്കിടയിൽ നിൽക്കുമ്പോൾ, പ്രമുഖ് സ്വാമി മഹാരാജിനെയും, അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യത്തെയും, ഒരു ഉപദേഷ്ടാവും പിതൃതുല്യൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിത്യമായ മാർഗനിർദേശത്തെയും ഞാൻ ആഴത്തിൽ സ്മരിക്കുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ സംസ്കാരത്തിൽ, സേവനം ഏറ്റവും ഉയർന്ന പുണ്യമായി കണക്കാക്കപ്പെടുന്നു. 'സേവാ പരമോ ധർമ്മ' - സേവനമാണ് പരമോന്നത കടമ. ഈ വാക്കുകൾ വെറും പദപ്രയോഗങ്ങളല്ല, മറിച്ച് നമ്മുടെ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളാണ്. ഭക്തി, വിശ്വാസം, ആരാധന എന്നിവയേക്കാൾ ഉയർന്ന ഒരു സ്ഥാനമാണ് സേവനം വഹിക്കുന്നത്. പൊതുസേവനം ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. യഥാർത്ഥ സേവനം നിസ്വാർത്ഥമാണ്, വ്യക്തിപരമായ നേട്ടമോ അംഗീകാരമോ ഇല്ല.

നിങ്ങൾ ഒരു മെഡിക്കൽ ക്യാമ്പിൽ രോഗികളെ പരിചരിക്കുമ്പോഴോ, ആവശ്യക്കാരായ ഒരാൾക്ക് ഭക്ഷണം നൽകുമ്പോഴോ, ഒരു കുട്ടിയെ പഠിപ്പിക്കുമ്പോഴോ, നിങ്ങൾ മറ്റുള്ളവരെ സഹായിക്കുക മാത്രമല്ല ചെയ്യുന്നത്. ഈ നിമിഷങ്ങളിൽ, അസാധാരണമായ ഒരു പരിവർത്തന പ്രക്രിയ നിങ്ങളുടെ ഉള്ളിൽ ആരംഭിക്കുന്നു. ഈ ആന്തരിക മാറ്റം നിങ്ങളുടെ ആത്മീയ യാത്രയ്ക്ക് ദിശയും ശക്തിയും നൽകുന്നു. ആയിരക്കണക്കിന് അല്ലെങ്കിൽ ലക്ഷക്കണക്കിന് ആളുകൾ, ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായി, ഈ സേവനം കൂട്ടായി നടത്തുമ്പോൾ അത് അസാധാരണമായ ഫലങ്ങൾ കൈവരിക്കുന്നു. അത്തരം സ്ഥാപനവൽക്കരിക്കപ്പെട്ട സേവനത്തിന് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഏറ്റവും വലിയ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ ശക്തിയുണ്ട്. നിരവധി സാമൂഹിക തിന്മകളെ ഇല്ലാതാക്കാനും എണ്ണമറ്റ വ്യക്തികളെ ഒരു പൊതു ലക്ഷ്യത്തിലേക്ക് അണിനിരത്താനും, സമൂഹത്തിനും രാഷ്ട്രത്തിനും ഒരു വലിയ ശക്തി സൃഷ്ടിക്കാനും ഇതിന് കഴിയും.

ഇന്ന്, ഭാരതം ഒരു വികസിത രാഷ്ട്രമാകുക എന്ന ദർശനത്തിലേക്ക് മുന്നേറുമ്പോൾ, എല്ലാ മേഖലകളിലും ഐക്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും ഒരു മനോഭാവം നാം കാണുന്നു. സ്വച്ഛ് ഭാരത് ദൗത്യമായാലും, പ്രകൃതി കൃഷിയുടെ പ്രോത്സാഹനമായാലും, പരിസ്ഥിതി അവബോധമായാലും, പെൺമക്കളുടെ വിദ്യാഭ്യാസമായാലും, ഗോത്ര സമൂഹങ്ങളുടെ ഉന്നമനമായാലും, എല്ലാ തുറകളിലുമുള്ള ആളുകൾ രാഷ്ട്രനിർമ്മാണ യാത്രയ്ക്ക് നേതൃത്വം നൽകാൻ മുന്നോട്ട് വരുന്നു. ഈ ശ്രമങ്ങളും നിങ്ങളിൽ നിന്ന് വളരെയധികം പ്രചോദനം ഉൾക്കൊള്ളുന്നു. അതിനാൽ, ഇന്ന്, ഞാൻ ഒരു ഹൃദയംഗമമായ അഭ്യർത്ഥന നടത്താൻ നിർബന്ധിതനാകുന്നു.

പുതിയ പ്രതിജ്ഞകൾ എടുക്കാനും ഓരോ വർഷവും അർത്ഥവത്തായ ഒരു ലക്ഷ്യത്തിനായി സമർപ്പിക്കാനും ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഉദാഹരണത്തിന്, ഒരു വർഷം രാസവസ്തുക്കളില്ലാത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നീക്കിവയ്ക്കാം, മറ്റൊരു വർഷം ഉത്സവങ്ങളിലൂടെ ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം ആഘോഷിക്കാനും കഴിയും. നമ്മുടെ യുവജനങ്ങളെ സംരക്ഷിക്കുന്നതിനായി ലഹരി ഉപയോഗത്തിനെതിരെ പോരാടാനും നാം ദൃഢനിശ്ചയം ചെയ്യണം. രാജ്യമെമ്പാടും ആളുകൾ നദികളെ പുനരുജ്ജീവിപ്പിക്കുന്നു - അത്തരം സംരംഭങ്ങൾ നിങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാകാം. കൂടാതെ, ഭൂമിയുടെ ഭാവി സംരക്ഷിക്കുന്നതിന് സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധരായിരിക്കണം.

ഭാരതം ലോകവുമായി പങ്കുവെച്ച സുസ്ഥിര ജീവിതത്തെക്കുറിച്ചുള്ള ദർശനമായ മിഷൻ ലൈഫിന്റെ വിശ്വാസ്യതയും സ്വാധീനവും തെളിയിക്കുന്നതിനായി നമുക്ക് പ്രവർത്തിക്കാം. ഒരുമിച്ച്, ഈ തീരുമാനങ്ങളെ പുരോഗതിക്ക് പ്രചോദനം നൽകുന്നതും വരും തലമുറകൾക്കായി നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതുമായ പരിവർത്തന പ്രവർത്തനങ്ങളാക്കി മാറ്റാം.

ഇപ്പോൾ, 'ഏക് പെഡ് മാ കേ നാം' കാമ്പെയ്ൻ ആഗോള ശ്രദ്ധ നേടുകയാണ്. ഈ ദിശയിലുള്ള നിങ്ങളുടെ ശ്രമങ്ങൾ ഒരുപോലെ പ്രധാനമാണ്. ഭാരതത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തുന്ന ഫിറ്റ് ഇന്ത്യ, വോക്കൽ ഫോർ ലോക്കൽ, മില്ലറ്റുകളുടെ പ്രോത്സാഹനം പോലുള്ള കാമ്പെയ്‌നുകളിലൂടെ നിരവധി ഫലപ്രദമായ സംരംഭങ്ങളിൽ നിങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിയും. യുവ ചിന്തകരെ കൂടുതൽ പ്രചോദിപ്പിക്കുന്നതിനായി, 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്' ജനുവരിയിൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കും. ഒരു വികസിത് ഭാരത് (വികസിത ഇന്ത്യ) എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ആശയങ്ങൾ പങ്കിടാനും ഈ ലക്ഷ്യത്തിലേക്കുള്ള അവരുടെ സംഭാവനകൾ രൂപപ്പെടുത്താനും ഈ വേദി നമ്മുടെ യുവജനങ്ങൾക്ക് അവസരം നൽകും. ഈ സംരംഭത്തിൽ പങ്കെടുക്കാൻ നിങ്ങളെ, എല്ലാ യുവ പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ കുടുംബാധിഷ്ഠിത സംസ്കാരത്തിന് ആദരണീയനായ പ്രമുഖ് സ്വാമി മഹാരാജ് പ്രത്യേക ഊന്നൽ നൽകി. ഘർ സഭ പോലുള്ള സംരംഭങ്ങളിലൂടെ, സമൂഹത്തിൽ കൂട്ടുകുടുംബം എന്ന ആശയം അദ്ദേഹം ശക്തിപ്പെടുത്തി. ഈ പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇന്ന്, 2047 ഓടെ വികസിത രാഷ്ട്രമാകുക എന്ന അഭിലാഷ ലക്ഷ്യത്തിലേക്ക് ഭാരതം പരിശ്രമിക്കുകയാണ്. അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തിന്റെ യാത്ര ഭാരതത്തിനെന്ന പോലെ ഓരോ BAPS വളണ്ടിയറിക്കും നിർണായകമാണ്.

ഭഗവാൻ സ്വാമിനാരായണന്റെ അനുഗ്രഹത്താൽ, BAPS പ്രവർത്തകർ നയിക്കുന്ന ഈ സേവന കാമ്പയിൻ അതേ അചഞ്ചലമായ സമർപ്പണത്തോടെ പുരോഗമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി, കാര്യകർ സുവർണ്ണ മഹോത്സവത്തിന്റെ വേളയിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു.

ജയ് സ്വാമിനാരായണൻ!

***

SK


(Release ID: 2112836) Visitor Counter : 16