ലോക്സഭാ സെക്രട്ടേറിയേറ്റ്
പാർലമെന്ററി പ്രവർത്തനങ്ങൾക്കായുള്ള എ.ഐ -അധിഷ്ഠിത ബഹുഭാഷാ സംവിധാനം 'സൻസദ് ഭാഷിണി' ആരംഭിക്കുന്നതിനായി ലോക്സഭാ സെക്രട്ടേറിയറ്റും കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവച്ചു
Posted On:
18 MAR 2025 8:42PM by PIB Thiruvananthpuram
ലോകസഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെയും കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെയും സാന്നിധ്യത്തിൽ, 'സൻസദ് എ.ഐ' സംവിധാനം വികസിപ്പിക്കുന്നതിനായി ലോക്സഭാ സെക്രട്ടേറിയറ്റും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. പാർലമെന്ററി പ്രവർത്തനങ്ങളിൽ ബഹുഭാഷാ പിന്തുണയും കാര്യക്ഷമതയും സുഗമമാക്കുന്നതിന് സമഗ്രമായ ഒരു ആഭ്യന്തര സംവിധാനം എന്ന നിലയിലാണ് എ.ഐ. സൻസദ് ഭാഷിണി സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്.
പാർലമെന്ററി ഡാറ്റയുടെ സഞ്ചിത സമാഹാരം പ്രയോജനപ്പെടുത്തി ഉൽപ്പന്നങ്ങൾ/സംവിധാനങ്ങൾ സംയോജിപ്പിക്കാനും വികസിപ്പിക്കാനും ലോക്‌സഭാ സെക്രട്ടേറിയറ്റും ഇലക്ട്രോണിക്സ് മന്ത്രാലയവും ധാരണയായി. സൻസദ് നൽകുന്ന പാർലമെന്ററി ഡാറ്റയും വിഭവങ്ങളും ഉപയോഗിച്ച് എ.ഐ. സംവിധാനങ്ങൾ /ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും മികച്ചതാക്കുകയും ചെയ്യും. അതേസമയം, വിവർത്തന ശേഷിയും മറ്റ് സാങ്കേതിക വൈദഗ്ധ്യവും ഭാഷിണി സംഭാവന ചെയ്യും.
സൻസദ് ഭാഷിണിയുടെ കീഴിലുള്ള പ്രധാന എ ഐ സംരംഭങ്ങൾ ഇവയാണ്:
1. എ ഐ അധിഷ്ഠിത വിവർത്തനം •പരമ്പരാഗത മൂല്യമുള്ള സംവാദ രേഖകൾ, അജണ്ട ഫയലുകൾ, കമ്മിറ്റി യോഗങ്ങൾ,മറ്റ് പാർലമെന്ററി ഉള്ളടക്കം എന്നിവയുടെ പ്രാദേശിക ഭാഷകളിലേക്കുള്ള തടസ്സമില്ലാത്ത വിവർത്തനം.
• ഭാഷാ വൈവിധ്യത്തിലൂടെ എല്ലാ പൗരന്മാർക്കും പ്രവേശനക്ഷമത ഉറപ്പാക്കുന്നു.
2. പാർലമെന്റ് വെബ്‌സൈറ്റിനായുള്ള AI-അധിഷ്ഠിത ചാറ്റ്ബോട്ട്
• നിർണായക നടപടിക്രമങ്ങളും രേഖകളും വീണ്ടെടുക്കുന്നതിന് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും സഹായിക്കുന്ന ഒരു അത്യാധുനിക സംവേദനാത്മക ചാറ്റ്ബോട്ട്.
• ഉപയോക്താക്കൾക്ക് തൽക്ഷണവും കൃത്യവുമായ പ്രതികരണങ്ങൾ ലഭിക്കും. നിർണായക പാർലമെന്ററി നിയമങ്ങളും പ്രക്രിയകളും തിരയുന്നതിനായി സമയം ചെലവഴിക്കുന്നത് കുറയ്ക്കാനാകും.
• ഉപയോക്തൃ ഇടപെടലുകളിലൂടെ ചാറ്റ്ബോട്ട് നിരന്തരം മെച്ചപ്പെടുത്തുകയും കാലക്രമേണ അതിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
3. സ്പീച്ച്-ടു-ടെക്സ്റ്റ് പരിവർത്തനവും തത്സമയ വ്യാഖ്യാനവും
• സംഭാഷണങ്ങളെ തത്സമയ ട്രാൻസ്ക്രിപ്ഷൻ സങ്കേതം ഉപയോഗിച്ച് ലിഖിതരൂപത്തിലാക്കി മാറ്റുന്ന ഒരു വിപ്ലവകരമായ സംവിധാനം.
• ഈ സവിശേഷത ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കും. കൂടാതെ സംവാദങ്ങൾ എളുപ്പത്തിൽ റെക്കോർഡുചെയ്യാനും ലഭ്യമാക്കാനും റഫറൻസ് ചെയ്യാനും കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യും
• പശ്ചാത്തല ശബ്‌ദം കുറയ്ക്കൽ, ഇഷ്ടാനുസൃതമാക്കാവുന്ന പദാവലി, കൂടുതൽ കൃത്യതയ്‌ക്കുള്ള കാര്യക്ഷമമായ ഡോക്യുമെന്റേഷൻ ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.
4. തത്സമയ ട്രാൻസ്ക്രിപ്ഷനോടുകൂടിയ സ്പീച്ച്-ടു-സ്പീച്ച് പരിവർത്തനം
• ഈ സംരംഭം സംഭാഷണ പരിവർത്തനവും വിവർത്തനവും തത്സമയം പ്രാപ്തമാക്കും.ഇത് ചർച്ചകളും സംവാദങ്ങളും വ്യത്യസ്ത ഭാഷകളിൽ തൽസമയം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നു. • ദൈർഘ്യമേറിയ ചർച്ചകളുടെ യന്ത്രവൽകൃത സംഗ്രഹം വേഗത്തിലുള്ള തീരുമാനമെടുക്കലിനും രേഖകൾ മെച്ചപ്പെട്ട രീതിയിൽ സൂക്ഷിക്കാനും സഹായിക്കും.
ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്സ് വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, ഈ സംരംഭത്തിന് നേതൃത്വവും മാർഗ്ഗനിർദ്ദേശവും നൽകിയതിന് ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് നന്ദി പറഞ്ഞു. ഈ സംരംഭം അത്യാധുനിക AI സങ്കേതങ്ങളിലൂടെ പാർലമെന്ററി പ്രക്രിയകളെ പരിവർത്തനം ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'സൻസദ് ഭാഷിണി' ബഹുഭാഷാ പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയും നിയമനിർമ്മാണങ്ങളുടെ രേഖയാക്കൽ നടപടികൾ കാര്യക്ഷമമാക്കുകയും സാങ്കേതികവിദ്യാധിഷ്ഠിത ഭരണത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ലോക്സഭാ സെക്രട്ടറി ജനറൽ ശ്രീ ഉത്പൽ കുമാർ സിംഗ് ചടങ്ങിൽ പങ്കെടുത്തു. ലോക്സഭാ സെക്രട്ടേറിയറ്റിന് വേണ്ടി ലോക്സഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ ഗൗരവ് ഗോയൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
******************
(Release ID: 2112698)
Visitor Counter : 31