WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

WAVEX 2025: മാധ്യമ, വിനോദ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് സുവർണ്ണാവസരം

 Posted On: 18 MAR 2025 6:11PM |   Location: PIB Thiruvananthpuram

മാധ്യമ, വിനോദ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ദേശീയതലത്തിൽ വിപുലമായ അവസരങ്ങളും പങ്കാളിത്തവും ഉറപ്പാക്കാനും, ധനസഹായം ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള മുൻനിര സംരംഭമായ WAVEX 2025ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തുടക്കമിടുകയാണ്. 2025 മെയ് 01 മുതൽ 04 വരെ മുംബൈയിൽ നടക്കാനിരിക്കുന്ന ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയുടെ (വേൾഡ് ഓഡിയോ-വിഷ്വൽ എന്റർടൈൻമെന്റ് സമ്മിറ്റ് -WAVES) ഭാഗമായി, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന WAVEX 2025,  മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കും.

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസുകൾ വിപുലീകരിക്കുന്നതിനുള്ള അവസരങ്ങളും പങ്കാളിത്തവും നിക്ഷേപവും  ഉറപ്പാക്കും വിധമുള്ള പരിവർത്തനത്തിന്  WAVEX 2025 പ്രോത്സാഹനമേകും. പരമാവധി ദൃശ്യപരത ഉറപ്പാക്കുന്ന വിപുലമായ ദേശീയ ടെലിവിഷൻ കവറേജോടെ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾക്കും സെലിബ്രിറ്റി ഏഞ്ചൽ നിക്ഷേപകർക്കുമുള്ള സമർപ്പിത സെഷനുകളിൽ ആശയങ്ങൾ അവതരിപ്പിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം ലഭിക്കും.

ഗെയിമിംഗ്, ആനിമേഷൻ, എക്സ്റ്റെൻഡഡ് റിയാലിറ്റി (XR), മെറ്റാവേഴ്‌സ്, ജനറേറ്റീവ് AI, പുതു തലമുറ കണ്ടന്റ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന WAVEX 2025, ധനസഹായത്തിനപ്പുറം, പ്രധാന മാധ്യമ, സാങ്കേതിക സ്ഥാപനങ്ങളുമായുള്ള മെന്റർഷിപ്പ്, ഇൻവെസ്റ്റർ നെറ്റ്‌വർക്കിംഗ്, സഹകരണ അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. സംരംഭകർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ, ഏഞ്ചൽ നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരെ ഈ പരിപാടി ഒരു വേദിയിൽ അണിനിരത്തും.  നേരിട്ടുള്ള ധനസഹായം ഉറപ്പാക്കാൻ മാത്രമല്ല, വിശാലമായ ബിസിനസ് അവസരങ്ങ;ളും, സഹകരണ സാധ്യതയും സൃഷ്ടിക്കാനും പരിപാടി സഹായകമാകും. വിനോദത്തിന്റെയും സാങ്കേതികവിദ്യയുടെയും സംയോജനം ഉള്ളടക്ക സൃഷ്ടിയെയും വിതരണ, ഉപഭോഗ രീതികളെയും പരിവർത്തനം ചെയ്യുന്നു.

WAVEX 2025-ൽ നിക്ഷേപം ക്ഷണിക്കുന്നതിനായി രണ്ട് തരത്തിലുള്ള സെഷനുകൾ ഉണ്ടാകും. ഒരു സെഷനിൽ,  വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിലേക്കും ഏഞ്ചൽ നിക്ഷേപകരിലേക്കും സ്റ്റാർട്ടപ്പുകൾ ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റൊന്നിൽ, തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ സെലിബ്രിറ്റി ഏഞ്ചൽ നിക്ഷേപകരുടെ സംഘത്തിന്  മുന്നിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കും. പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക്  പരമാവധി അവസരങ്ങളും പങ്കാളിത്തവും നിക്ഷേപവും തേടാൻ പരിപാടി സാധ്യതയൊരുക്കും.

WAVEX 2025-നുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് പരിപാടി സംഘടിപ്പിക്കുക. ഉന്നത നിലവാരമുള്ള ടെലിവിഷൻ ഫിനാലെയോടെ ഇത് സമാപിക്കും. ഏറ്റവും പ്രതീക്ഷ നൽകുന്ന സ്റ്റാർട്ടപ്പുകൾ നേരിട്ട് മികച്ച സെലിബ്രിറ്റി ഏഞ്ചൽ നിക്ഷേപകരിലേക്കും  വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളിലേക്കും എത്താനാകും. തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് വ്യാവസായിക വിദഗ്ധർ, ഇൻവെസ്റ്റർ നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, പ്രമുഖ മാധ്യമ, സാങ്കേതിക സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ ഉൾപ്പെടുന്ന ഘടനാപരമായ മെന്റർഷിപ്പ് പ്രോഗ്രാമുകളിൽ നിന്ന് പ്രയോജനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

മീഡിയ-ടെക് സംരംഭകത്വത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുക, AI-അധിഷ്ഠിത ഉള്ളടക്കം, ഡിജിറ്റൽ മീഡിയ, വളർന്നുവരുന്ന വിനോദ സാങ്കേതികവിദ്യകൾ എന്നിവയിൽ നൂതനാശയങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് WAVEX ലക്ഷ്യമിടുന്നത്. മീഡിയ-ടെക് നവീകരണത്തിൽ ഇന്ത്യയെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള  തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ സംരംഭമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിലെ WAVES നോഡൽ ഓഫീസർ വ്യക്തമാക്കി.

ഡിജിറ്റൽ ഉള്ളടക്കത്തിലെയും സാങ്കേതികവിദ്യയിലെയും ആഗോളതല നേതൃത്വത്തിൽ സ്വന്തം സ്ഥാനമുറപ്പിക്കുന്നത്തിനുള്ള പരിശ്രമങ്ങൾ ഇന്ത്യ തുടരുമ്പോൾ, WAVEX 2025 സ്റ്റാർട്ടപ്പുകൾക്ക് ഈ വ്യവസായ മേഖലയിൽ സ്വയം പ്രതിഷ്ഠിക്കാനുള്ള പരിവർത്തനാത്മക അവസരം ലഭ്യമാക്കുന്നു. ദേശീയതലത്തിൽ എക്സ്പോഷർ, ഫണ്ടിംഗ്, ടോപ്പ് ടയർ മെന്റർഷിപ്പ് എന്നിവ ആഗ്രഹിക്കുന്ന സംരംഭകർക്ക് ഇപ്പോൾ https://wavex.wavesbazaar.com/ എന്ന വെബ്‌സൈറ്റിൽ അപേക്ഷിക്കാം.

WAVES-നെക്കുറിച്ച്

മാധ്യമ, വിനോദ  (M&E) മേഖലകളിലെ  നാഴികക്കല്ലായി മാറുന്ന ആദ്യ ലോക ദൃശ്യ ശ്രാവ്യ വിനോദ ഉച്ചകോടിയ്ക്ക്  (വേൾഡ് ഓഡിയോ-വിഷ്വൽ എന്റർടൈൻമെന്റ് സമ്മിറ്റ് -WAVES) 2025 മെയ് 1 മുതൽ 4 വരെ മഹാരാഷ്ട്രയിലെ മുംബൈയിൽ ഭാരത സർക്കാർ ആതിഥേയത്വം വഹിക്കും.

നിങ്ങൾ ഒരു വ്യവസായ പ്രമുഖനോ, നിക്ഷേപകനോ, സ്രഷ്ടാവോ, നൂതനാശയ സംരംഭകനോ ആകട്ടെ, മാധ്യമ, വിനോദ ഭൂമികയിലേക്ക്  പ്രവേശിക്കാനും, സഹകരിക്കാനും, നവീകരിക്കാനും, സംഭാവന നൽകാനുമുള്ള ആത്യന്തിക ആഗോള വേദിയാണ് ഉച്ചകോടി വാഗ്ദാനം ചെയ്യുന്നത്.

ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നവീകരണം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സർഗ്ഗ ശക്തിയെ വിപുലീകരിക്കാൻ WAVES ലക്ഷ്യമിടുന്നു. പ്രക്ഷേപണം, അച്ചടി മാധ്യമം, ടെലിവിഷൻ, റേഡിയോ, ചലച്ചിത്രം, ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, ശബ്ദവും സംഗീതവും, പരസ്യം, ഡിജിറ്റൽ മീഡിയ, സാമൂഹ്യ മാധ്യമങ്ങൾ,  ജനറേറ്റീവ് AI, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നീ വ്യവസായ മേഖലകളും ഇതിന്റെ ഭാഗമാണ്.

 

*******

Release ID: (Release ID: 2112639)   |   Visitor Counter: 52