കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
azadi ka amrit mahotsav

പിഎം ഇന്റേൺഷിപ്പ് സ്കീം ആപ്പ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ ഹർഷ് മൽഹോത്രയുടെ സാന്നിധ്യത്തിൽ പുറത്തിറക്കി.

Posted On: 17 MAR 2025 8:18PM by PIB Thiruvananthpuram

മാർച്ച് 17 ന് ന്യൂഡൽഹിയിൽ, പാർലമെന്റിലെ സമന്വയ് ഹാൾ നമ്പർ 5 ൽ ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ ഹർഷ് മൽഹോത്രയുടെ സാന്നിധ്യത്തിൽ  പ്രധാനമന്ത്രി ഇന്റേൺഷിപ്പ് സ്കീമിനായുള്ള  സമർപ്പിത മൊബൈൽ ആപ്പ് പുറത്തിറക്കി.


ആപ്പ് ഇനിപ്പറയുന്ന സവിശേഷതകൾ ഉൾക്കൊള്ളുന്നു:

  • മികച്ച രൂപകൽപ്പനയും അനായാസ ഉപയോഗക്ഷമതയും അവബോധജന്യവുമായ ഇന്റർഫേസ്
  • ആധാർ മുഖ പ്രാമാണീകരണത്തിലൂടെ സുഗമമായ രജിസ്ട്രേഷൻ
  • ആയാസരഹിതമായ ഉപയോഗക്ഷമത - അർഹരായ ഉദ്യോഗാർത്ഥികൾക്ക് സ്ഥലം മുതലായ മാനദണ്ഡങ്ങൾ  അനുസരിച്ച് അവസരങ്ങൾ പരിശോധിക്കാം..
  • വൈയക്തിക ഡാഷ്‌ബോർഡ്
  • പിന്തുണയ്ക്കാൻ സമർപ്പിതരായ സാങ്കേതിക സംഘം  
  • പുതിയ വിവരങ്ങൾ അറിയിക്കുന്നതിനുള്ള തത്സമയ അലേർട്ട് സംവിധാനം

 


തൊഴിൽ, നൈപുണ്യവത്ക്കരണം, അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി അഞ്ച് പദ്ധതികളടങ്ങിയ ഒരു പാക്കേജ് അവതരിപ്പിച്ച പ്രധാനമന്ത്രിയുടെ ദർശനത്തെ ശ്രീമതി നിർമ്മല സീതാരാമൻ അഭിനന്ദിച്ചു. ക്ലാസ് മുറിയിലെ പഠനത്തിനും വ്യാവസായിക അവസരങ്ങൾക്കുമിടയിലെ  വിടവ് നികത്താനും, യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും പിഎം ഇന്റേൺഷിപ്പ് പദ്ധതിയ്ക്ക് കഴിയുമെന്ന് അവർ പറഞ്ഞു. വ്യവസായ മേഖലയോട് പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിക്കാൻ ധനമന്ത്രി ആഹ്വാനം ചെയ്തു. വ്യവസായ മേഖലയുടെ പങ്കാളിത്തം രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുമെന്നും രാജ്യത്ത് വൈദഗ്ധ്യമുള്ള  തൊഴിൽ ശക്തി വളർത്തിയെടുക്കാൻ സഹായിക്കുമെന്നും  അവർ എടുത്തുപറഞ്ഞു.

PMIS ആപ്പ്  യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങളിലേക്കുള്ള പ്രവേശനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് സഹമന്ത്രി ശ്രീ ഹർഷ് മൽഹോത്ര അഭിപ്രായപ്പെട്ടു.

കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) അടുത്തിടെ പ്രഖ്യാപിച്ച റഫറൽ പ്രോഗ്രാം,  PMIS ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് പര്യവേക്ഷണം ചെയ്യാൻ കഴിയും.  രജിസ്റ്റർ ചെയ്ത യുവാക്കൾക്ക് പദ്ധതിയിലേക്ക്  അർഹരായ മറ്റുള്ളവരെ റഫർ ചെയ്യാനും റിവാർഡുകൾ നേടാനും സാധിക്കും. പിഎം ഇന്റേൺഷിപ്പ് പോർട്ടലിൽ (വെബ് ബ്രൗസർ) രജിസ്റ്റർ ചെയ്ത യുവാക്കൾക്കും റഫറൽ പ്രോഗ്രാമിൽ പങ്കെടുക്കാം.

അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്നതാണ് 2024-25 ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയിലൂടെ (PMIS സ്കീം), ലക്ഷ്യമിടുന്നത്.  പ്രാരംഭമെന്ന നിലയിൽ, 2024-25 സാമ്പത്തിക വർഷത്തിൽ യുവജനങ്ങൾക്ക് 1.25 ലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പരീക്ഷണ പദ്ധതി 03.10.2024 ന് ആരംഭിച്ചു.


പദ്ധതിയുടെ പ്രധാന സവിശേഷതകൾ ഇവയാണ്:

ഇന്ത്യയിലെ മികച്ച കമ്പനികളിൽ ശമ്പളത്തോടെയുള്ള  12 മാസത്തെ ഇന്റേൺഷിപ്പുകൾ.

അക്കാദമിക പഠനത്തിനും വ്യാവസായിക ആവശ്യകതകൾക്കും മദ്ധ്യേയുള്ള വിടവ് നികത്താൻ സഹായിക്കും വിധം ബിസിനസ്‌ സ്ഥാപനങ്ങളുടെ യഥാർത്ഥ പരിതസ്ഥിതിയിൽ (കുറഞ്ഞത് ആറ് മാസമെങ്കിലും) പരിശീലവും അനുഭവവും വൈദഗ്ധ്യവും നേടാൻ പദ്ധതി യുവജനങ്ങൾക്ക് അവസരം ഒരുക്കുന്നു. ഇത് തൊഴിൽക്ഷമത വർദ്ധിപ്പിക്കാൻ അവരെ സഹായിക്കുന്നു.

നിലവിൽ മുഴുവൻ സമയ അക്കാദമിക പ്രോഗ്രാമുകളിൽ ചേരാത്തവരോ മുഴുവൻ സമയ ജോലികളിൽ ഏർപ്പെടാത്തവരോ ആയ 21 നും 24 നും മദ്ധ്യേ പ്രായമുള്ള വ്യക്തികളെയാണ്  പദ്ധതി ലക്ഷ്യമിടുന്നത്. കരിയർ ആരംഭിക്കാനുള്ള അതുല്യമായ അവസരം പദ്ധതിയിലൂടെ അവർക്ക്  ലഭിക്കുന്നു.

ഓരോ ഇന്റേണിനും പ്രതിമാസം ₹5,000 സാമ്പത്തിക സഹായം ലഭിക്കും, കൂടാതെ ₹6,000 ഒറ്റത്തവണ സാമ്പത്തിക സഹായവും ലഭിക്കും.

പരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ (ഒക്ടോബർ - ഡിസംബർ 2024), 25 മേഖലകളിലായി ഏകദേശം 280 കമ്പനികൾ 745 ജില്ലകളിലായി 1.27 ലക്ഷത്തിലധികം അവസരങ്ങൾ ലഭ്യമാക്കി. 82,000-ത്തിലധികം ഓഫറുകൾ ഉദ്യോഗാർത്ഥികൾക്ക്  നൽകി.

പദ്ധതിയുടെ രണ്ടാം ഘട്ടം 2025 ജനുവരിയിൽ ആരംഭിച്ചു. ഏകദേശം 327 കമ്പനികൾ രാജ്യത്തുടനീളം 1.18 ലക്ഷത്തിലധികം അവസരങ്ങൾ ലഭ്യമാക്കി (പുതിയ അവസരങ്ങളും ആദ്യ ഘട്ടത്തിൽ ബാക്കിയയായവയും). ഇതിൽ, ഏകദേശം 37,000 അവസരങ്ങൾ ബിരുദധാരികൾക്കും, 23,000 ഐടിഐ ക്കാർക്കും, 18,000 ഡിപ്ലോമക്കാർക്കും, 15,000 12-ാം ക്‌ളാസുകാർക്കും, 25,000 10-ാം ക്‌ളാസുകാർക്കും ലഭിച്ചു.

രണ്ടാം ഘട്ട ഇന്റേൺഷിപ്പിനുള്ള അപേക്ഷ 2025 മാർച്ച് 31 വരെ സമർപ്പിക്കാം .

അർഹരായ യുവാക്കൾക്ക് പുതിയ മൊബൈൽ ആപ്പ് വഴിയോ  https://pminternship.mca.gov.in/. എന്ന പോർട്ടൽ മുഖേനയോ അപേക്ഷിക്കാം.

SKY

*****************


(Release ID: 2112174) Visitor Counter : 10