പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

എണ്ണപ്പാട (നിയന്ത്രണ, വികസന) ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

Posted On: 12 MAR 2025 8:51PM by PIB Thiruvananthpuram
എണ്ണപ്പാട (നിയന്ത്രണ, വികസന) ഭേദഗതി ബിൽ- 2024 ഇന്ന് ലോക്‌സഭ പാസാക്കി. നേരത്തെ 2024 ഡിസംബർ 3 ന് രാജ്യസഭ ഈ ബിൽ പാസാക്കിയിരുന്നു. നിലവിലെ ആവശ്യങ്ങളും വിപണി സാഹചര്യങ്ങളും നിറവേറ്റുന്നതിനായി നിയമ ചട്ടക്കൂട് പരിഷ്കരിക്കാനും എണ്ണ, വാതക പര്യവേക്ഷണവും ഉൽപ്പാദനവും വർദ്ധിപ്പിക്കാൻ സഹായകരമാകുന്ന വിധത്തിൽ നിക്ഷേപകർക്ക് ഈ മേഖലയെ കൂടുതൽ ആകർഷകമാക്കാനും ബിൽ ഉദ്ദേശിക്കുന്നു. പൗരന്മാർക്ക് ഊർജ്ജ ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാവുന്ന വില, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും 2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ ഈ ബിൽ ഒരു പ്രധാന പങ്ക് വഹിക്കും.

കരാറുകൾ നൽകുന്നതിന് 'ഉൽപ്പാദന പങ്കിടൽ' വ്യവസ്ഥയിൽ നിന്ന് 'വരുമാനം പങ്കിടൽ' വ്യവസ്ഥയിലേക്ക് നാഴികക്കല്ലായ ഒരു മാറ്റം ഉൾപ്പെടെ കഴിഞ്ഞ ദശകത്തിൽ ഗവൺമെന്റ് വിപ്ലവകരമായ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാജ്യത്തെ എണ്ണയുടെയും വാതകത്തിന്റെയും പര്യവേക്ഷണവും ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രക്രിയകൾ ലളിതമാക്കുക, നിയന്ത്രണ നടപടികൾ കുറയ്ക്കുക,മുമ്പ് നിരോധിതമാക്കപ്പെട്ടിരുന്ന മേഖലകൾ (No Go areas) പുതിയ പര്യവേക്ഷണത്തിനായി നൽകുക, അസംസ്കൃത എണ്ണയുടെ മേലുള്ള നിയന്ത്രണം ഒഴിവാക്കുക, പ്രകൃതിവാതകത്തിന്റെ വിപണന, വിലനിർണ്ണയ സ്വാതന്ത്ര്യം നൽകുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇന്ന് ഇന്ത്യയിൽ പര്യവേക്ഷണം ചെയ്യപ്പെടുന്ന സജീവമായ എണ്ണപ്പാട മേഖലയുടെ 76% ത്തിലധികം 2014 ന് ശേഷം അനുവദിച്ചതാണ് എന്നതാണ് ഈ പ്രധാന പരിഷ്കാരങ്ങളുടെ ഒരു നിർണായക ഫലം.

 ഈ മേഖലയിലെ നിർണായകമായ നിയമ പരിഷ്കാരങ്ങളിൽ ഏറ്റവും വലുതും ചരിത്രപരവുമായ ഭേദഗതി ബിൽ അവതരിപ്പിച്ചു കൊണ്ട് ലൈസൻസിംഗ്, നിയന്ത്രണ ചട്ടക്കൂടുകൾ, റോയൽറ്റി ശേഖരണം എന്നിവയിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിലവിലെ ഭരണസംവിധാനത്തിന്, ബിസിനസ്സ് എളുപ്പമാക്കലും ഗവൺമെന്റും കരാറുകാരും തമ്മിലുള്ള സഹകരണം  പ്രോത്സാഹിപ്പിക്കുന്നതിന് പുനഃക്രമീകരണവും ആവശ്യമാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ. ഹർദീപ് സിംഗ് പുരി പ്രസ്താവിച്ചു. വ്യവസ്ഥയിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ വ്യവസായ പ്രമുഖർ, നിക്ഷേപകർ, പങ്കാളികൾ എന്നിവരുമായി സമഗ്രമായ ചർച്ചകൾ നടന്നതായി അദ്ദേഹം പറഞ്ഞു.പദ്ധതി   പ്രവർത്തനക്ഷമം ആകുന്നതിനു വേണ്ടിവരുന്ന ഉയർന്ന കാലയളവ്, പദ്ധതിയുടെ ഉയർന്ന അപകടസാധ്യതകൾ എന്നിവ കണക്കിലെടുക്കുമ്പോൾ, നിക്ഷേപകർക്ക് ലളിതവും സ്ഥിരതയുള്ളതും  വേഗത്തിലുള്ള കാര്യക്ഷമവുമായ തർക്ക പരിഹാര സംവിധാനത്തിലേക്ക് പ്രവേശനം നൽകുന്നതിന് ഒരു നിയമ ചട്ടക്കൂട് ആവശ്യമാണ്. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് പ്രോത്സാഹനവും സംരക്ഷണവും മുൻഗണനയും നൽകിക്കൊണ്ട്, അതേസമയം നിക്ഷേപകരുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനാണ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന ഭേദഗതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഖനന, പെട്രോളിയം പ്രവർത്തനങ്ങൾ ഒരേ വ്യവസ്ഥകൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്രപരമായ തെറ്റായ രീതി ഇല്ലാതാക്കാൻ ഭേദഗതി ബിൽ ശ്രമിക്കുന്നു. വ്യത്യസ്ത തരം ഹൈഡ്രോകാർബൺ പര്യവേക്ഷണങ്ങൾക്കായി കരാറുകാർ ഒന്നിലധികം ലൈസൻസുകൾ എടുക്കേണ്ട നിലവിലുള്ള സംവിധാനത്തിന് പകരമായി പെട്രോളിയം ലീസിംഗ് എന്ന ഒറ്റ അനുമതി സംവിധാനവും ഇത് അവതരിപ്പിക്കുന്നു. സമഗ്ര ഊർജ്ജ പദ്ധതികളുടെ വികസനത്തിനും കാർബൺ ക്യാപ്‌ചർ യൂട്ടിലൈസേഷൻ ആൻഡ് സീക്വസ്ട്രേഷൻ (CCUS), ഹരിത ഹൈഡ്രജൻ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും ബിൽ സഹായിക്കും.

ഇന്ത്യയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ള ആഗോള എണ്ണ കമ്പനികൾക്ക് പാട്ട കാലാവധി, അതിലെ വ്യവസ്ഥകൾ, പ്രവർത്തന സ്ഥിരത എന്നിവ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനും ബിൽ ലക്ഷ്യമിടുന്നു. തർക്കങ്ങൾ സമയബന്ധിതമായും ന്യായമായും ചെലവ് കുറഞ്ഞ രീതിയിലും പരിഹരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന കാര്യക്ഷമമായ ഇതര തർക്ക പരിഹാര സംവിധാനങ്ങൾക്കും ഇത് ഊന്നൽ നൽകുന്നു.

നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി, പിഴത്തുക 25 ലക്ഷം രൂപയായും തുടർച്ചയായ നിയമലംഘനങ്ങൾക്ക് പ്രതിദിനം 10 ലക്ഷം രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. അങ്ങനെ നിയമലംഘനങ്ങൾ ഫലപ്രദമായി തടയാൻ കഴിയും. ഈ സംവിധാനം ഫലപ്രദവും വേഗത്തിലുള്ളതുമാക്കുന്നതിന്,പിഴകൾ ചുമത്തുന്നതിനും വിധിനിർണ്ണയത്തിനുമായി ഒരു അതോറിറ്റിയും ഒരു അപ്പീൽ സംവിധാനവും സൃഷ്ടിക്കാനും ബിൽ നിർദ്ദേശിക്കുന്നു.

സഹകരണ ഫെഡറലിസം നിലനിർത്താനാണ് ബിൽ ഉദ്ദേശിക്കുന്നതെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഒരു തരത്തിലും ഇത് ബാധിക്കുന്നില്ലെന്നും  കേന്ദ്ര മന്ത്രി  വ്യക്തമാക്കി. മുമ്പത്തെപ്പോലെ സംസ്ഥാനങ്ങൾ പെട്രോളിയം പാട്ട അനുമതിയും  ആവശ്യമായ നിയമപരമായ അനുമതികളും റോയൽറ്റികളും നൽകുന്നത് തുടരും. ബിൽ പാസാക്കുന്നതോടെ, ഈ വ്യവസ്ഥകൾ 'ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുകയും', ഇന്ത്യയെ എണ്ണ, വാതക ഉൽപാദനത്തിനുള്ള ആകർഷകമായ കേന്ദ്രമാക്കി മാറ്റുകയും, നമ്മുടെ വിഭവ സമ്പന്നമായ രാജ്യത്തിന്റെ ഹൈഡ്രോകാർബൺ സാധ്യതകൾ അനാവരണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുമെന്ന് മന്ത്രി എടുത്തുപറഞ്ഞു.
 
 
****
 

(Release ID: 2111162) Visitor Counter : 18