രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

'നാരി ശക്തിയിലൂടെ വികസിത ഭാരതം ’ എന്ന പ്രമേയത്തിൽ നടന്ന ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Posted On: 08 MAR 2025 1:39PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മാർച്ച് 8, 2025) ന്യൂഡൽഹിയിൽ ‘നാരി ശക്തിയിലൂടെ വികസിത ഭാരതം’ എന്ന വിഷയത്തിൽ നടന്ന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയമാണ് ഈ സമ്മേളനം സംഘടിപ്പിച്ചത് . അന്താരാഷ്ട്ര വനിതാ ദിനത്തിൽ സഹപൗരന്മാർക്ക് രാഷ്ട്രപതി ചടങ്ങിൽ ആശംസകൾ നേർന്നു. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കാനും, അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്താനും, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് സ്വയം സമർപ്പിക്കാനുമുള്ള അവസരമാണിതെന്നും അവർ പറഞ്ഞു.
 

 
ഇന്ന് നാം അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ 50 വർഷം പൂർത്തിയാക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ കാലയളവിൽ സ്ത്രീ സമൂഹം അഭൂതപൂർവമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. തന്റെ ജീവിത യാത്രയെ ഈ പുരോഗതിയുടെ ഭാഗമായി കണക്കാക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഒഡീഷയിലെ ഒരു പിന്നാക്ക പ്രദേശത്തും ലളിതമായ ഒരു കുടുംബത്തിലും ജനിച്ച തന്റെ, രാഷ്ട്രപതി ഭവനിലേക്കുള്ള യാത്ര ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യ അവസരങ്ങളുടെയും സാമൂഹിക നീതിയുടെയും ഉറപ്പായ വിജയകഥയാണെന്ന് അവർ പറഞ്ഞു. സ്ത്രീകളുടെ നേട്ടങ്ങളുടെ ഉദാഹരണങ്ങൾ വളർന്നു കൊണ്ടിരിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


 
വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് പെൺകുട്ടികൾക്ക് മുന്നോട്ട് പോകാൻ മെച്ചപ്പെട്ട അന്തരീക്ഷം ആവശ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമ്മർദ്ദമോ ഭയമോ ഇല്ലാതെ ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം പെൺകുട്ടികൾക്ക് ലഭ്യമാക്കണം. ഒരു മകളോ സഹോദരിയോ എവിടെയും പോകാനോ ഒറ്റയ്ക്ക് താമസിക്കാനോ ഭയപ്പെടാത്ത ഒരു ഉത്തമ സമൂഹം നാം സൃഷ്ടിക്കണം. സ്ത്രീകളോടുള്ള ബഹുമാനം മാത്രമേ ഭയരഹിതമായ ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കൂ. അത്തരമൊരു അന്തരീക്ഷത്തിൽ പെൺകുട്ടികൾ നേടുന്ന ആത്മവിശ്വാസം നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.
 

 
സ്ത്രീകളുടെ കഴിവുകളെ നാം ബഹുമാനിച്ച അവസരത്തിൽ ഒന്നും അവർ ഒരിക്കലും നമ്മെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ അസംബ്ലിയിൽ അംഗങ്ങളായിരുന്ന സരോജിനി നായിഡു, രാജ്കുമാരി അമൃത് കൗർ, സുചേത കൃപലാനി, ഹൻസബെൻ മേത്ത തുടങ്ങിയ പ്രമുഖ വ്യക്തികളുടെ സംഭാവന നമുക്ക് മറക്കാൻ കഴിയില്ല. സ്ത്രീകൾ അവരുടെ ബുദ്ധി, ജ്ഞാനം, അറിവ് എന്നിവയുടെ ബലത്തിൽ പ്രശസ്തരായി ഉന്നത സ്ഥാനം നേടിയതിനു പുറമേ, രാജ്യത്തിന്റെയും സമൂഹത്തിന്റെയും അന്തസ്സ് വർദ്ധിപ്പിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ശാസ്ത്രം, കായികം, രാഷ്ട്രീയം, സാമൂഹിക സേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവുകൾ കൊണ്ട് ആദരം നേടിയിട്ടുണ്ട്.
 

 
ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് നീങ്ങുമ്പോൾ, രാജ്യത്തെ തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം ദ്രുതഗതിയിൽ വർദ്ധിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിലും, തൊഴിൽ ശക്തിയിൽ സ്ത്രീകളുടെ പങ്കാളിത്തം കുറയാനുള്ള ഒരു കാരണം സ്ത്രീകൾ തങ്ങളുടെ കുട്ടികളെ പരിപാലിക്കാൻ അവധി എടുക്കുമെന്നോ ജോലിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയില്ലെന്നോ ഉള്ള വിശ്വാസമാണെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ചിന്ത ശരിയല്ല. സമൂഹത്തിന് കുട്ടികളോട് ഉത്തരവാദിത്വമില്ലേ എന്ന് നാം സ്വയം ചോദിക്കണം. കുടുംബത്തിലെ ആദ്യത്തെ അധ്യാപിക അമ്മയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഒരു അമ്മ കുട്ടികളെ നോക്കാൻ അവധിയെടുക്കുകയാണെങ്കിൽ, അവരുടെ ഈ ശ്രമം സമൂഹത്തിന്റെ പുരോഗതിക്കും കൂടിയാണ്. ഒരു അമ്മയ്ക്ക് തന്റെ പരിശ്രമത്തിലൂടെ തന്റെ കുട്ടിയെ ഒരു ഉത്തമ പൗരനാക്കാൻ കഴിയും. രാഷ്ട്രപതി പറഞ്ഞു  

സ്വാശ്രയരും , ആത്മാഭിമാനമുള്ളവരും , സ്വതന്ത്രരും , ശാക്തീകരിക്കപ്പെട്ടവരുമായ സ്ത്രീ ശക്തിയിലൂടെ മാത്രമേ വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയൂ എന്ന് രാഷ്ട്രപതി പറഞ്ഞു. വികസിത ഇന്ത്യഎന്ന ലക്ഷ്യം നമ്മുടെ എല്ലാവരുടെയും ലക്ഷ്യമാണ്.അത് നാമെല്ലാവരും ഒരുമിച്ച് നിറവേറ്റണം. അതിനാൽ, ശക്തരും കരുത്തുറ്റവരും സ്വാശ്രയരുമാകുന്നതിനുള്ള ഓരോ ഘട്ടത്തിലും പുരുഷന്മാർ സ്ത്രീകളെ പിന്തുണയ്ക്കണം. സ്ത്രീകൾ പൂർണ്ണ ആത്മവിശ്വാസത്തോടെയും സമർപ്പണത്തോടെയും കഠിനാധ്വാനത്തിലൂടെയും ജീവിതത്തിൽ മുന്നേറുകയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് സംഭാവന നൽകുകയും വേണം എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു
 
SKY
 
******************

(Release ID: 2109433) Visitor Counter : 39