വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES 2025 ഉച്ചകോടി മുംബൈയിൽ നടക്കും: മുന്നോടിയായുള്ള ഉന്നതതല യോഗത്തിൽ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയും കേന്ദ്ര ഐ & ബി മന്ത്രാലയ സെക്രട്ടറിയും ചേർന്ന് അധ്യക്ഷത വഹിച്ചു
Posted On:
07 MAR 2025 5:05PM by PIB Thiruvananthpuram
ആഗോള സർഗാത്മക സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയായ WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു. വേവ്സ് 2025 വിജയകരമായി നടപ്പിലാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇന്ന്, (07 മാർച്ച് 2025 ) ഒരു ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്ര സർക്കാർ ചീഫ് സെക്രട്ടറി ശ്രീമതി സുജാത സൗണിക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും ചേർന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, അതിഥി സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് എന്നിവ ഉറപ്പാക്കിക്കൊണ്ട്, ഈ പരിപാടി ഒരു നാഴികക്കല്ലാക്കി മാറ്റുന്നതിന് മഹാരാഷ്ട്ര സർക്കാർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ഈ ആഗോള ഉച്ചകോടിക്കായി ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കാൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ശ്രീമതി സുജാത സൗണിക് നിർദ്ദേശിച്ചു. ഉച്ചകോടിയുടെ വിജയത്തിനായി ഓരോ സർക്കാർ വകുപ്പും സുഗമമായി ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.
"മാധ്യമ, വിനോദ മേഖലയ്ക്കുള്ള ഒരു ആഗോള വേദിയാണ് ഈ ഉച്ചകോടി. ആഗോള മാധ്യമ വിനോദ രംഗവുമായി പങ്കാളിത്തം സ്ഥാപിച്ചുകൊണ്ട് ഇന്ത്യൻ മാധ്യമ, വിനോദ മേഖലയെ വികസിപ്പിക്കുക എന്നതാണ് ഈ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം" എന്ന് ചടങ്ങിൽ സംസാരിച്ച വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി പറഞ്ഞു.
ഒരു സംയുക്ത ഏകോപന സമിതി രൂപീകരിക്കുക, ലോജിസ്റ്റിക്സും പ്രചാരണ പരിപാടികളും ക്രമീകരിക്കുക തുടങ്ങിയ പ്രധാന കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ആഗോള നേതാക്കൾ, പ്രമുഖ വ്യക്തികൾ, വ്യവസായ പ്രതിനിധികൾ എന്നിവരെ ക്ഷണിക്കുന്നതിന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സമഗ്രമായ ഒരു പ്രചാരണ പദ്ധതി രൂപീകരിച്ചു. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികൾക്കും സുരക്ഷ, അടിയന്തര സേവനങ്ങൾ, തടസ്സമില്ലാത്ത കണക്റ്റിവിറ്റി എന്നിവ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തി. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുള്ള ഏകോപന ശ്രമങ്ങൾക്ക് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നോഡൽ ഓഫീസറായി മേൽനോട്ടം വഹിക്കും.
ലോജിസ്റ്റിക്സ്, അതിഥി സൗകര്യങ്ങൾ , സാംസ്കാരിക പ്രവർത്തനങ്ങൾ, ഭരണപരമായ പിന്തുണ എന്നിവയിൽ സുഗമമായ ഏകോപനം സൃഷ്ടിക്കുന്നതിനായി കേന്ദ്ര,മഹാരാഷ്ട്ര സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇതിലൂടെ പരിപാടിയിൽ ഉയർന്ന നിലവാരവും വമ്പിച്ച ആഗോള പങ്കാളിത്തവും ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു .
പിഐബി പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ. ധീരേന്ദ്ര ഓഝ, സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ശ്രീ. യോഗേഷ് ബവേജ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ സഞ്ജീവ് ശങ്കർ, സി. സെന്തിൽ രാജൻ, ശ്രീ അജയ് നാഗ്ഭൂഷൺ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ, നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, വേവ്സ് കൗൺസിൽ എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്ര സർക്കാരിന്റെ ഉദ്യോഗസ്ഥരിൽ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ, സാംസ്കാരിക കാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി, എംഐഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരും വിവിധ പ്രധാന വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
യോഗത്തിന് ശേഷം, WAVES 2025 നുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയും മുതിർന്ന ഉദ്യോഗസ്ഥരും ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളുടെ വിശദമായ അവലോകനം നടത്തി.
ഡിജിറ്റൽ, സർഗാത്മക സമ്പദ്‌വ്യവസ്ഥകളുടെ ഭാവി രൂപപ്പെടുത്തുന്നതിനായി വ്യവസായ ഭീമന്മാർ ഒത്തുചേരുന്ന ഈ വിപ്ലവകരമായ ഉച്ചകോടിയെ കുറിച്ച് കൂടുതൽ അറിയുക: https://wavesindia.org/
*****
(Release ID: 2109212)
Visitor Counter : 24