സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
azadi ka amrit mahotsav

​ദേശീയ റോപ്‌വേ വികസനപദ്ധതിയായ പർവത്‌മാല പരിയോജനപ്രകാരം ഉത്തരാഖണ്ഡ് സംസ്ഥാനത്തെ സോൻപ്രയാഗ്‌മുതൽ കേദാർനാഥ്‌വരെയുള്ള (12.9 കിലോമീറ്റർ) റോപ്‌വേ പദ്ധതി വികസിപ്പിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 05 MAR 2025 3:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) സോൻപ്രയാഗ്‌മുതൽ കേദാർനാഥ്‌വരെയുള്ള 12.9 കിലോമീറ്റർ റോപ്‌വേ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം നൽകി. ആകെ 4,081.28 കോടി രൂപ മൂലധനച്ചെലവിൽ രൂപകൽപ്പന-നിർമാണം-ധനസഹായം-പ്രവർത്തിപ്പിക്കൽ-കൈമാറ്റ (DBFOT) മാതൃകയിൽ പദ്ധതി വികസിപ്പിക്കും.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണു റോപ്‌വേ വികസിപ്പിക്കുന്നത്. കൂടാതെ, പ്രതിദിനം 18,000 യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 1800 യാത്രക്കാരെ ഒരു ദിശയിലേക്കു കൊണ്ടു​പോകാനും ശേഷിയുള്ള (PPHPD) ഏറ്റവും നൂതനമായ ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണു പദ്ധതി വികസിപ്പിക്കുന്നത്.

കേദാർനാഥ് സന്ദർശിക്കുന്ന തീർഥാടകർക്ക് ഈ റോപ്‌വേ പദ്ധതി അനുഗ്രഹമാകും. കാരണം, ഇതു പരിസ്ഥിതിസൗഹൃദവും സുഖകരവും വേഗതയേറിയതുമായ യാത്രാസൗകര്യം പ്രദാനം ചെയ്യുകയും ഒരു ദിശയിലേക്കുള്ള യാത്രാസമയം ഏകദേശം 8-9 മണിക്കൂർ എന്ന നിലയിൽനിന്ന് ഏകദേശം 36 മിനിറ്റായി കുറയ്ക്കുകയും ചെയ്യും.

റോപ്‌വേ പദ്ധതി നിർമാണത്തിലും പ്രവർത്തനങ്ങളിലും അനുബന്ധ വിനോദസഞ്ചാര വ്യവസായങ്ങളായ അതിഥിസൽക്കാരം, യാത്ര, ഭക്ഷണവും പാനീയങ്ങളും (F&B), വിനോദസഞ്ചാരം എന്നിവയിൽ വർഷം മുഴുവനും ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

സന്തുലിതമായ സാമൂഹ്യ-സാമ്പത്തിക വികസനം വളർത്തുന്നതിനും, മലയോര പ്രദേശങ്ങളിൽ അങ്ങേയറ്റംവരെയും യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും, ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പാണു റോപ്‌വേ പദ്ധതിയുടെ വികസനം.

കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര ഗൗരികുണ്ഡിൽനിന്ന് 16 കിലോമീറ്റർ കയറ്റം നിറഞ്ഞതാണ്. നിലവിൽ കാൽനടയായോ കുതിരകൾ, പല്ലക്കുകൾ, ഹെലികോപ്റ്റർ എന്നിവയിലൂടെയോ ആണ് ഇവിടേക്കു യാത്ര നടത്തുന്നത്. ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർക്കു സൗകര്യം ഒരുക്കുന്നതിനും സോൻപ്രയാഗിനും കേദാർനാഥിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമാണു നിർദിഷ്ട റോപ്‌വേയുടെ ആസൂത്രണം.

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ രുദ്രപ്രയാഗ് ജില്ലയിൽ 3583 മീറ്റർ (11,968 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 12 പുണ്യ ജ്യോതിർലിംഗങ്ങളിൽ ഒന്നാണു കേദാർനാഥ്. അക്ഷയ തൃതീയ (ഏപ്രിൽ-മെയ്) മുതൽ ദീപാവലി (ഒക്ടോബർ-നവംബർ) വരെ വർഷത്തിൽ ഏകദേശം 6 മുതൽ 7 മാസം വരെ തീർഥാടകർക്കായി ക്ഷേത്രം തുറന്നിരിക്കും. തീർഥാടനകാലയളവിൽ പ്രതിവർഷം 20 ലക്ഷം തീർഥാടകർ ഇവിടം സന്ദർശിക്കാറുണ്ട്.

***

SK


(Release ID: 2108484) Visitor Counter : 58