സഹകരണ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ "ക്ഷീര മേഖലയിലെ സുസ്ഥിരതയും ചാക്രികതയും " സംബന്ധിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു

ഗ്രാമീണ കുടിയേറ്റ പ്രശ്നം പരിഹരിക്കുന്നതിനും ചെറുകിട കർഷകരെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ക്ഷീരോൽപ്പാദനം ഒരു പ്രധാന സാധ്യതയാണ്

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ ക്ഷീര മേഖലയിലെ സുസ്ഥിരതയും ചാക്രികതയും സംബന്ധിച്ച ശില്പശാല ഉദ്ഘാടനം ചെയ്തു.

ധവള വിപ്ലവം 2.0 യുടെ പ്രധാന ലക്ഷ്യം സുസ്ഥിരതയും ചാക്രികതയും ആണെന്നും ധവള വിപ്ലവം 2.0 യുടെ തുടക്കം മുതൽ തന്നെ നാം അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.

Posted On: 03 MAR 2025 5:57PM by PIB Thiruvananthpuram

ഇന്ത്യയെ ലോകത്തെ ഒന്നാമത്തെ പാൽ ഉൽപ്പാദക രാജ്യമാക്കി മാറ്റുന്നതിൽ ക്ഷീര മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്നും കാർഷിക വരുമാനത്തിന് പുറമേ മറ്റു മേഖലകളിൽ നിന്നും കർഷകർക്ക് അധിക വരുമാനം നൽകുന്നുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൂന്ന് ലക്ഷ്യങ്ങൾ നമുക്കായി നിശ്ചയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു, അതായത്- 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുക, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുക, 2047 ൽ പൂർണ്ണമായും വികസിത രാജ്യമാകുക എന്നിവയാണ് ഈ ലക്ഷ്യങ്ങൾ . ഈ മൂന്ന് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, എല്ലാ മേഖലയിലെയും സർവ സാധ്യതകളും പര്യവേക്ഷണം ചെയ്യാനും പരമാവധി പ്രയോജനപ്പെടുത്താനുമുള്ള ഒരു സംവിധാനം നാം വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 250 പാൽ ഉൽപാദക സംഘടനകളിലേക്ക്

ചാക്രികതയുമായി ബന്ധപ്പെട്ട മികച്ച രീതികൾ വ്യാപിപ്പിക്കുന്നതിന് ക്ഷീരമേഖല ഇന്ന് ഒരു പുതിയ കാഴ്ചപ്പാട് ഉള്ള സംരംഭം സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണ കുടിയേറ്റ പ്രശ്‌നം മറികടക്കുന്നതിനൊപ്പം ചെറുകിട കർഷകരെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ക്ഷീരോൽപ്പാദനം ഒരു പ്രധാന മാർഗമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ക്ഷീരമേഖലയുടെ എല്ലാ സാധ്യതകളും പരമാവധി പര്യവേക്ഷണം ചെയ്യുന്നതിനുള്ള സമഗ്ര സമീപനത്തോടെ പ്രവർത്തിക്കാൻ ഈ ചർച്ചകൾ വളരെ ഉപകാരപ്രദമാകുമെന്ന് ശ്രീ ഷാ പറഞ്ഞു.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് കാർഷിക മേഖലയിൽ അഭിവൃദ്ധി കൈവരിക്കുന്നതിന് ഒരു മികച്ച തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ഗ്രാമത്തിൽ നിന്ന് ആഗോളതലത്തിലേക്ക് പ്രവേശിക്കാൻ കർഷകർക്ക് ആത്മവിശ്വാസവും മാർഗങ്ങളും ലഭിച്ചിട്ടുണ്ടെന്നും സഹകരണ സംഘങ്ങളിലൂടെ കൂട്ടായ വിജയത്തിൽ അവരുടെ വിശ്വാസം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണത്തിലൂടെ ശക്തി, സഹകരണത്തിലൂടെ സംയോജനം, സഹകരണത്തിലൂടെ സമൃദ്ധി എന്നീ മൂന്ന് തത്വങ്ങൾക്കൊപ്പം ജനങ്ങൾക്ക് ലാഭം എന്ന മന്ത്രവും മോദി ഗവൺമെന്റ് സാക്ഷാത്കരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ സംഘങ്ങളിലൂടെ മാത്രമേ "ജനങ്ങൾക്ക് ലാഭം" എന്ന തത്വം നമുക്ക് സാക്ഷാത്കരിക്കാൻ കഴിയൂ എന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ക്ഷീര മേഖലയിലെ ചാക്രിക വീക്ഷണത്തെക്കുറിച്ചുള്ള "മാർഗദർശിക"യുടെ പ്രകാശനം, ചെറുകിട, വൻകിട , കംപ്രസ്ഡ് ബയോഗ്യാസ് പദ്ധതികൾക്കുള്ള എൻ‌ഡി‌ഡി‌ബിയുടെ സാമ്പത്തിക സഹായ സംരംഭങ്ങൾ, സസ്റ്റെയിൻ പ്ലസ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. 

 

ജൈവ വളം പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിന്, ജില്ലാതല ക്ഷീര യൂണിയനുകളും ഗ്രാമീണ ക്ഷീരകർഷകരും സഹകരണ സംഘവുമായി ഇതുവരെ ബന്ധമില്ലാത്ത കർഷകരെയും അതിന്റെ പരിധിയിലേക്ക് കൊണ്ടുവരേണ്ടിവരുമെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. നിരവധി കർഷകർ സ്വകാര്യ ക്ഷീരകർഷകർക്ക് പാൽ നൽകുന്നു. എന്നാൽ ഈ കർഷകരുടെ തൊഴുത്തുകളിൽ നിന്നുള്ള ചാണകം, പ്രയോജനപ്പെടുത്തുന്നതിന് സഹകരണ മേഖല ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ ഉൽപാദനക്ഷമതയിലെ പ്രശ്നം പരിഹരിക്കുമെന്നും സ്വകാര്യ മേഖലയിലേക്ക് നീങ്ങുന്ന കർഷകരെ സഹകരണ മേഖലയിലേക്ക് തിരികെ ആകർഷിക്കുന്നതിൽ നമുക്ക് വിജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 250 ജില്ലാ ക്ഷീരകർഷക യൂണിയനുകളിൽ 2 വർഷത്തെ ലക്ഷ്യത്തോടെ വാതക ഉൽപ്പാദനത്തിനായി നടത്തിയ വിജയകരമായ പരീക്ഷണങ്ങൾ ഒരു മാതൃക പദ്ധതിയായി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ശ്രീ ഷാ പറഞ്ഞു.

 

എല്ലാ അക്കൗണ്ടുകളും സഹകരണ ബാങ്കുകളിൽ തുറക്കുന്നതിനായി "സഹകരണ സംഘങ്ങൾക്കിടയിലെ സഹകരണം" ആരംഭിച്ചിട്ടുണ്ടെന്നും ഇന്ന് ഗുജറാത്തിലെ 93 ശതമാനം സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇത് സഹകരണ സംഘങ്ങൾക്ക് സ്വയമേവ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും ബാങ്കുകളും കൂടുതൽ ശക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ മൈക്രോ എടിഎം മാതൃക സംസ്ഥാനത്തെ കന്നുകാലി കർഷകർക്ക് അഭൂതപൂർവമായ നേട്ടങ്ങൾ നൽകുന്നുണ്ട്.നബാർഡ് ഈ മാതൃക രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാലിലെ കൊഴുപ്പ് അളക്കുന്നത് മുതൽ പാലുൽപ്പന്നങ്ങളുടെ നിർമ്മാണം വരെ എല്ലാത്തിനുമുള്ള യന്ത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കണമെന്നതായിരിക്കണം നമ്മുടെ ശ്രമമെന്നും ശ്രീ ഷാ പറഞ്ഞു. കാർബൺ ക്രെഡിറ്റ് നമ്മുടെ സംവിധാനത്തിന്റെ ഭാഗമാക്കണമെന്നും അത് കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹകരണ മാതൃകയിൽ ഒരു ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ന് രാജ്യത്ത് 23 സംസ്ഥാനതല യൂണിയനുകളുണ്ട്. എന്നാൽ ധവള വിപ്ലവം 2.0 പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു സംസ്ഥാനതല യൂണിയൻ രൂപീകരിക്കുക എന്നത് വിഭാവനം ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. ധവള വിപ്ലവം 2.0 ൽ, രാജ്യത്തെ 80 ശതമാനം ജില്ലകളിലും ക്ഷീര യൂണിയനുകൾ രൂപീകരിക്കാനും മാർക്കറ്റിംഗ് ഡയറികളുടെ എണ്ണം നിലവിലുള്ള 28 ൽ നിന്ന് 3 മടങ്ങ് വർദ്ധിപ്പിക്കാനും നാം ലക്ഷ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓരോ കർഷകനും വേണ്ടി കർഷകർക്കും കമ്പനികൾക്കും ഇടയിലുള്ള ഈ ലാഭ വിടവ് കുറയ്ക്കാൻ നാം ലക്ഷ്യമിടണമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, സഹകരണ സ്ഥാപനങ്ങളുടെ പ്രയോജനത്തിനായി 16 കോടി ടൺ ചാണകം എത്തിക്കാനും ശ്രമിക്കണം.

 

മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ പുറന്തള്ളലിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നും അതിന്റെ 100 ശതമാനം കാർബൺ ക്രെഡിറ്റ് കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇതാണ് ചാക്രികതയുടെ യഥാർത്ഥ അർത്ഥം. സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിലും ക്ഷീര സഹകരണ മേഖല മുന്നിലാണ്. ഇന്ന് സഹകരണ ക്ഷീര മേഖലയിൽ 72 ശതമാനം സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ക്ഷീര മേഖലയിൽ സ്ത്രീകളുടെ തൊഴിലിനും ശാക്തീകരണത്തിനുമായി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇത് തെളിയിക്കുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു.

 ദേശീയ ക്ഷീര വികസന ബോർഡുമായി (NDDB) സഹകരിച്ച് കേന്ദ്രഗവൺമെന്റിന്റെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് (DAHD) ആണ് ശില്പശാല സംഘടിപ്പിച്ചത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എന്ന ലാലൻ സിംഗ്, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം സഹമന്ത്രിമാരായ പ്രൊഫസർ എസ്.പി. സിംഗ് ബാഗേൽ, ശ്രീ ജോർജ്ജ് കുര്യൻ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം സെക്രട്ടറി ശ്രീമതി അൽക ഉപാധ്യായ, മറ്റ് നിരവധി പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

****


(Release ID: 2107943) Visitor Counter : 13