പ്രധാനമന്ത്രിയുടെ ഓഫീസ്
കൃഷിയും ഗ്രാമീണമേഖലയിലെ അഭിവൃദ്ധിയും എന്ന വിഷയത്തിലെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വളരെ വ്യക്തമാണ്: പ്രധാനമന്ത്രി
കർഷകർ അഭിവൃദ്ധോന്മുഖരും ശാക്തീകരിക്കപ്പെട്ടവരുമാകുന്ന ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി നാം ഒരുമിച്ച് പ്രവർത്തിക്കും: പ്രധാനമന്ത്രി
കർഷകർക്ക് അഭിമാനകരമായ ഒരു സ്ഥാനം നൽകികൊണ്ട് വികസനത്തിന്റെ ആദ്യ എൻജിനായി കൃഷിയെ ഞങ്ങൾ കണക്കാക്കുന്നു: പ്രധാനമന്ത്രി
കാർഷിക മേഖലയുടെ വികസനവും നമ്മുടെ ഗ്രാമങ്ങളുടെ അഭിവൃദ്ധിയും എന്ന രണ്ട് വലിയ ലക്ഷ്യങ്ങൾക്കായാണ് ഒരേസമയം ഞങ്ങൾ പ്രവർത്തിക്കുന്നുത്: പ്രധാനമന്ത്രി
രാജ്യത്തെ ഏറ്റവും കുറഞ്ഞ കാർഷിക ഉൽപ്പാദനക്ഷമതയുള്ള 100 ജില്ലകളുടെ വികസനത്തിനായിരിക്കും ഈ ബജറ്റിൽ ഞങ്ങൾ പ്രഖ്യാപിച്ച പി.എം. ധൻ ധാന്യ കൃഷി യോജനയ്ക്ക് കീഴിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: പ്രധാനമന്ത്രി
ജനങ്ങൾ ഇന്ന് പോഷകാഹാരത്തെക്കുറിച്ച് വളരെ ബോധവാന്മാരാണ്; അതിനാൽ, ഹോർട്ടികൾച്ചർ, പാൽ, ഫഷറീസ് ഉൽപ്പന്നങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, ഈ മേഖലകളിൽ ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്; പഴങ്ങളുടെയും പച്ചക്കറികളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ നടത്തിവരുന്നുമുണ്ട്: പ്രധാനമന്ത്രി
ബീഹാറിൽ മഖാന ബോർഡ് രൂപീകരിക്കുമെന്നും ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
ഗ്രാമീണ സമ്പദ്വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന് കീഴിൽ, കോടിക്കണക്കിന് പാവപ്പെട്ടവർക്ക് വീടുകൾ നൽകുന്നു, സ്വത്തിന്റെ ഉടമകൾക്ക് ഉടമസ്ഥാവകാശ പദ്ധതി പ്രകാരം 'അവകാശ രേഖയും' നൽകുന്നു: പ്രധാനമന്ത്രി
Posted On:
01 MAR 2025 1:59PM by PIB Thiruvananthpuram
കൃഷിയും ഗ്രാമീണ അഭിവൃദ്ധിയും സംബന്ധിച്ച ബജറ്റാനന്തര വെബിനാറിനെ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, പരിപാടിയിൽ പങ്കുചേർന്ന എല്ലാവർക്കും നന്ദിയും പ്രകാശിപ്പിച്ചു. നയങ്ങളിലെ തുടർച്ചയും വികസിത് ഭാരതിനായുള്ള പുതിയ വിശാല കാഴ്ചപ്പാടും പ്രകടമാക്കുന്ന ഈ ബജറ്റ് ഗവൺമെന്റിന്റെ മൂന്നാമത്തെ ടേമിലെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റാണെന്നതും അദ്ദേഹം ഉയർത്തിക്കാട്ടി. ബജറ്റിന് മുൻപ് എല്ലാ പങ്കാളികളിൽ നിന്നും വിലപ്പെട്ട ഉൾക്കാഴ്ചകളും നിർദ്ദേശങ്ങളും ലഭിച്ചിരുന്നുവെന്നതും അവ വളരെ സഹായകരമായിരുന്നുവെന്നതും അദ്ദേഹം അംഗീകരിച്ചു. ഈ ബജറ്റ് കൂടുതൽ ഫലപ്രദമാക്കുന്നതിൽ പങ്കാളികളുടെ ഇടപെടൽ കൂടുതൽ നിർണ്ണായകമായിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
''വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ ദൃഢനിശ്ചയം വളരെ വ്യക്തമാണ്, കർഷകർ അഭിവൃദ്ധോന്മുഖരും ശാക്തീകരിക്കപ്പെട്ടവരുമാകുന്ന ഒരു ഇന്ത്യയെ നാം ഒരുമിച്ച് കെട്ടിപ്പടുക്കുകയാണ്'', ശ്രീ മോദി ഉദ്‌ഘോഷിച്ചു. ഒരു കർഷകനും പിന്നാക്കം പോകുന്നില്ല എന്ന് ഉറപ്പാക്കുന്നതിനും ഓരോ കർഷകനെയും മുന്നോട്ട് നയിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കർഷകർക്ക് അഭിമാനകരമായ ഒരു സ്ഥാനം നൽകികൊണ്ട്, വികസനത്തിന്റെ ആദ്യ എൻജിനായാണ് കൃഷി കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ''കാർഷിക മേഖലയുടെ വികസനവും ഗ്രാമങ്ങളുടെ അഭിവൃദ്ധിയും എന്ന രണ്ട് പ്രധാന ലക്ഷ്യങ്ങൾക്കായി ഇന്ത്യ ഒരേസമയം പ്രവർത്തിക്കുകയാണ്'', അദ്ദേഹം പരാമർശിച്ചു.
ആറുവർഷം മുൻപ് നടപ്പിലാക്കിയ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിലൂടെ കർഷകർക്ക് ഏകദേശം 3.75 ലക്ഷം കോടി രൂപ നൽകിയിട്ടുണ്ടെന്നും ഈ തുക 11 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുകയായിരുന്നുവെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. 6,000 രൂപയുടെ വാർഷിക സാമ്പത്തിക സഹായം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഇടനിലക്കാരോ ചോർച്ചകളോ ഉണ്ടാകാനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കികൊണ്ട് ഈ പദ്ധതിയുടെ പ്രയോജനങ്ങൾ രാജ്യത്തുടനീളമുള്ള കർഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ കർഷക കേന്ദ്രീകൃത ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. വിദഗ്ധരുടെയും ദീർഘവീക്ഷണമുള്ള വ്യക്തികളുടെയും പിന്തുണയോടെ മാത്രമേ ഇത്തരം പദ്ധതികളുടെ വിജയം സാദ്ധ്യമാകുകയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവരുടെ സംഭാവനകളെ അഭിനന്ദിച്ച അദ്ദേഹം, ഏതൊരു പദ്ധതിയും പൂർണ്ണ ശക്തിയോടെയും സുതാര്യതയോടെയും അവരുടെ സഹായത്തോടെ നടപ്പിലാക്കാൻ കഴിയുമെന്നും പറഞ്ഞു. അവരുടെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം, ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ ഇപ്പോൾ ഗവൺമെന്റ് ദ്രുഗതഗതിയിൽ പ്രവർത്തിക്കുകയാണെന്നും ഇതിന് തുടർച്ചയായി അവരുടെ സഹകരണം തേടുന്നുണ്ടെന്നും പറഞ്ഞു.
ഇന്ത്യയുടെ കാർഷികോൽപ്പാദനം റെക്കോർഡ് നിലവാരത്തിലെത്തിയിട്ടുണ്ടെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, 10-11 വർഷങ്ങൾക്ക് മുമ്പ് ഏകദേശം 265 ദശലക്ഷം ടൺ ആയിരുന്ന കാർഷികോൽപ്പാദനം ഇപ്പോൾ 330 ദശലക്ഷം ടണ്ണിലധികമായി ഉയർന്നുവെന്നും പറഞ്ഞു. അതുപോലെ, ഹോട്ടികൾച്ചറൽ ഉൽപ്പാദനം 350 ദശലക്ഷം ടണ്ണും കവിഞ്ഞു. വിത്തിൽ നിന്ന് വിപണിയിലേയ്ക്ക്, കാർഷിക പരിഷ്‌കാരങ്ങൾ, കർഷക ശാക്തീകരണം, ശക്തമായ മൂല്യ ശൃംഖല എന്നിവയിലെ ഗവൺമെന്റിന്റെ സമീപനമാണ് ഈ വിജയത്തിന് ഹേതുവായതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ കാർഷിക സാദ്ധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തേണ്ടതിന്റേയും കൂടുതൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതിന്റെയും ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഏറ്റവും കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള 100 കാർഷിക ജില്ലകളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന പദ്ധതി ഈ ദിശയിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം കാംക്ഷിക്കുന്ന ജില്ലകൾ പരിപാടിയിൽ കാണുന്ന നല്ല ഫലങ്ങളാണ്, സഹകരണം, സംയോജനം, ആരോഗ്യകരമായ മത്സരം എന്നിവയിൽ നിന്ന് പ്രയോജനം ലഭിക്കുന്ന വിവിധ വികസന മാനദണ്ഡങ്ങളെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. ഈ ജില്ലകളിൽ നിന്നുള്ള ഫലങ്ങൾ പഠിക്കാനും അത് ഈ 100 ജില്ലകളിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രയോഗിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷങ്ങളിലെ ശ്രമങ്ങളിലൂടെ രാജ്യത്തിൽ പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനത്തിൽ വർദ്ധനയുണ്ടായിട്ടുണ്ടെങ്കിലും, ആഭ്യന്തര ഉപഭോഗത്തിന്റെ 20 ശതമാനം ഇപ്പോഴും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നതിനാൽ പയർവർഗ്ഗ ഉൽപ്പാദനം ദ്രുതഗതിയിലാക്കേണ്ടത് അനിവാര്യമാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. കടല, ചെറുപയർ എന്നിവയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടെങ്കിലും, തുവര, ഉഴുന്ന്, പരിപ്പ് എന്നിവയുടെ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പയർവർഗ്ഗ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്, നൂതന വിത്തുകളുടെ വിതരണം നിലനിർത്തികൊണ്ട് ഹൈബ്രിഡ് ഇനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, വിപണി അനിശ്ചിതത്വം, വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.
ഐ.സി.എ.ആർ കഴിഞ്ഞ ദശകത്തിൽ, അതിന്റെ പ്രജനന പരിപാടിയിൽ ആധുനിക ഉപകരണങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചതിന്റെ ഫലമായി 2014 നും 2024 നും ഇടയിൽ ധാന്യങ്ങൾ, എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, കാലിത്തീറ്റ, കരിമ്പ് എന്നിവയിലുൾപ്പെടെ 2,900-ലധികം പുതിയ ഇനം വിളകൾ വികസിപ്പിച്ചെടുക്കാനായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് താങ്ങാവുന്ന വിലയിൽ ഈ പുതിയ ഇനങ്ങൾ ലഭ്യമാകുന്നുണ്ടെന്നതും അവരുടെ ഉൽപ്പന്നങ്ങളെ കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിക്കുന്നില്ലെന്നതും ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉയർന്ന വിളവ് നൽകുന്ന വിത്തുകൾക്കായുള്ള ദേശീയ ദൗത്യം ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചത് അദ്ദേഹം പരാമർശിച്ചു. ഈ വിത്തുകൾ പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, വിത്ത് ശൃംഖലയുടെ ഭാഗമാകുന്നതിലൂടെ അവ ചെറുകിട കർഷകരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനും സ്വകാര്യ മേഖലയിലെ പങ്കാളികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം ഇന്ന് ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. വർദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിനായി ഹോർട്ടികൾച്ചർ, ക്ഷീരവികസനം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നതിനും അദ്ദേഹം അടിവരയിട്ടു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ നടപ്പിലാക്കുന്നതും, ബീഹാറിൽ മഖാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതും അദ്ദേഹം പരാമർശിച്ചു. വൈവിദ്ധ്യമാർന്ന പോഷകാഹാര ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആഗോള വിപണിയിലും അവ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം എല്ലാ പങ്കാളികളോടും അഭ്യർത്ഥിച്ചു.
മത്സ്യബന്ധന മേഖലയിലെ മൂല്യ ശൃംഖല, അടിസ്ഥാന സൗകര്യങ്ങൾ, ആധുനികവൽക്കരണം എന്നിവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് 2019-ൽ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ആരംഭിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, ഈ മുൻകൈ മത്സ്യമേഖലയിലെ ഉൽപ്പാദനം, ഉൽപ്പാദനക്ഷമത, വിളവെടുപ്പിനു ശേഷമുള്ള പരിപാലനം എന്നിവ മെച്ചപ്പെടുത്തിയെന്നും പറഞ്ഞു. അതേസമയം വിവിധ പദ്ധതികളിലൂടെ ഈ മേഖലയിലെ നിക്ഷേപങ്ങൾ വർദ്ധിച്ചതായും, അത് മത്സ്യ ഉൽപ്പാദനവും കയറ്റുമതിയും ഇരട്ടിയാക്കാൻ കാരണമായതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലും തുറന്ന കടലുകളിലും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ട അദ്ദേഹം, ഇതിനായി ഒരു പദ്ധതി തയ്യാറാക്കുമെന്നും വ്യക്തമാക്കി. ഈ മേഖലയിൽ വ്യാപാരം ചെയ്യുന്നത് സുഗമമാക്കുന്നതിനുള്ള ആശയങ്ങളിൽ മസ്തിഷ്‌കോദ്ദീപനം നടത്താനും എത്രയും വേഗം അവയിൽ പ്രവർത്തങ്ങൾ തുടങ്ങാനും ശ്രീ മോദി പങ്കാളികളോട് അഭ്യർത്ഥിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
''ഗ്രാമീണ സമ്പദ്വ്യവസ്ഥയെ സമ്പന്നമാക്കാൻ ഞങ്ങളുടെ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്'' എന്ന് പറഞ്ഞ പ്രധാനമന്ത്രി, പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന് കീഴിൽ കോടിക്കണക്കിന് പാവപ്പെട്ടവർക്ക് വീടുകൾ നൽകുന്നതും, സ്വാമിത്വ യോജനയിലൂടെ സ്വത്ത് ഉടമകൾക്ക് അവകാശ രേഖ നൽകുന്നതും ഉയർത്തിക്കാട്ടി. സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക ശക്തി വർദ്ധിച്ചിട്ടുണ്ടെന്നും അവർക്ക് അധിക പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രി ഗ്രാം സഡക് യോജന ചെറുകിട കർഷകർക്കും ബിസിനസുകൾക്കും ഗുണം ചെയ്തിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. 3 കോടി ലക്ഷാധിപതി ദീദികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യം ആവർത്തിച്ചുകൊണ്ട് ഇതിനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ 1.25 കോടി സ്ത്രീകളെ ലക്ഷാധിപതി ദീദികളാകുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമീണ അഭിവൃദ്ധിക്കും വികസന പരിപാടികൾക്കുമുള്ള ഈ ബജറ്റിലെ പ്രഖ്യാപനങ്ങൾ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. നൈപുണ്യ വികസനത്തിലും സാങ്കേതികവിദ്യയിലുമുള്ള നിക്ഷേപങ്ങൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. അവരുടെ നിർദ്ദേശങ്ങളിലൂടെയും സംഭാവനകളിലൂടെയും നല്ല ഫലങ്ങൾ കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എല്ലാവരിൽ നിന്നുണ്ടാകുന്ന സജീവ പങ്കാളിത്തം ഗ്രാമങ്ങളെ ശാക്തീകരിക്കുകയും ഗ്രാമീണ കുടുംബങ്ങളെ സമ്പന്നമാക്കുകയും ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു. ബജറ്റിലെ പദ്ധതികൾ ദ്രുതഗതിയിൽ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ വെബിനാർ സഹായിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ബജറ്റിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ബന്ധപ്പെട്ട എല്ലാ പങ്കാളികളോടും അദ്ദേഹം അഭ്യർത്ഥിച്ചു.
This year's Union Budget aims to make the agriculture sector more resilient and prosperous. Addressing a webinar on 'Agriculture and Rural Prosperity.' https://t.co/5ounXdOelZ
— Narendra Modi (@narendramodi) March 1, 2025
विकसित भारत के लक्ष्य की ओर बढ़ रहे भारत के संकल्प बहुत स्पष्ट हैं।
हम सभी मिलकर एक ऐसे भारत के निर्माण में जुटे हैं, जहां किसान समृद्ध हो, सशक्त हो: PM @narendramodi
— PMO India (@PMOIndia) March 1, 2025
हमने कृषि को विकास का पहला इंजन मानते हुए अपने अन्नदाताओं को गौरवपूर्ण स्थान दिया है।
हम दो बड़े लक्ष्यों की ओर एक साथ बढ़ रहे हैं - पहला, कृषि सेक्टर का विकास और दूसरा, हमारे गांवों की समृद्धि: PM @narendramodi
— PMO India (@PMOIndia) March 1, 2025
हमने बजट में 'पीएम धन धान्य कृषि योजना' का ऐलान किया है।
इसके तहत देश के 100 सबसे कम कृषि उत्पादकता वाले जिले... low productivity वाले जिलों के विकास पर फोकस किया जाएगा: PM @narendramodi
— PMO India (@PMOIndia) March 1, 2025
आज लोगों में पोषण को लेकर काफी जागरूकता बढ़ी है।
इसलिए, बागवानी, डेयरी और फिशरी प्रोडक्ट्स की बढ़ती मांग को देखते हुए इन सेक्टर्स में काफी इंवेस्टमेंट किया गया है। फल और सब्जियों का उत्पादन बढ़ाने के लिए अनेक कार्यक्रम चलाये जा रहे हैं।
बिहार में मखाना बोर्ड के गठन की घोषणा भी…
— PMO India (@PMOIndia) March 1, 2025
हमारी सरकार ग्रामीण अर्थव्यवस्था को समृद्ध बनाने के लिए प्रतिबद्ध है।
पीएम आवास योजना-ग्रामीण के तहत करोड़ों गरीबों को घर दिया जा रहा है, स्वामित्व योजना से संपत्ति मालिकों को ‘Record of Rights’ मिला है: PM @narendramodi
— PMO India (@PMOIndia) March 1, 2025
***
SK
(Release ID: 2107290)
Visitor Counter : 19