രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു

Posted On: 27 FEB 2025 7:24PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഫെബ്രുവരി 27, 2025) അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.
 

 
നമുക്ക് ചുറ്റും നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അവയിൽ പലതിനും വലിയ സാധനസമ്പത്തുകൾ അല്ല, മറിച്ച് രൂപകൽപ്പനയിലെ മാറ്റങ്ങളാണ് ആവശ്യമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സർഗാത്മക ചിന്ത,പ്രത്യേകിച്ചും പിന്നോക്ക സമൂഹങ്ങളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന പരിഹാരങ്ങളിലേക്ക് നയിക്കും . നമ്മുടെ രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ നിർണായകമായ ഘടകമാണ് ഡിസൈൻ അഥവാ രൂപകല്പന എന്നും എന്നാൽ അത് പലപ്പോഴും ശരിയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നതായും അവർ എടുത്തുപറഞ്ഞു. 'സമൂഹത്തിന്റെ പുരോഗതിക്കായുള്ള ഒരു സേവനമായി രൂപകല്പന ' എന്നതിന്    ഊന്നൽ നൽകിക്കൊണ്ട് രൂപകല്പന എന്ന ആശയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ മികവ് പുലർത്തിയിട്ടുണ്ടെന്ന് അവർ സന്തോഷത്തോടെ പറഞ്ഞു.
 

 
പരമ്പരാഗതമായി, നമ്മുടെ രാജ്യത്ത്, എല്ലാ സമൂഹങ്ങളിലെയും ദൈനംദിന ജീവിതത്തിന്റെ ഘടനയിൽ രൂപകൽപ്പന ഇഴചേർന്നിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പരമ്പരാഗത സമൂഹങ്ങളുടെ രൂപകൽപ്പനാ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിജ്ഞാനങ്ങൾ നാം പഠിക്കുകയും രേഖപ്പെടുത്തുകയും വേണം. 21-ാം നൂറ്റാണ്ടിൽ ലോകം നേരിടുന്ന ചില വെല്ലുവിളികൾക്ക് പരമ്പരാഗത സമൂഹങ്ങളുടെ സാംസ്കാരിക രീതികൾ പരിഹാര മാർഗങ്ങളാകുന്നു. അതിനാൽ, ഇന്ത്യയുടെ വ്യത്യസ്തമായ സംസ്കാരങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ചരിത്രപരമായ പ്രതിവിധികളെെ  പുനരുജ്ജീവിപ്പിക്കുകയും നൂതനാശയങ്ങൾക്കായി അവയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത് രാജ്യത്തിന് മാത്രമല്ല, ആഗോള പുരോഗതിക്കും ഗുണം ചെയ്യും.
 

 
ശുഭകരമായ സാമൂഹിക മാറ്റം സൃഷ്ടിക്കുന്നതിന് രൂപകല്പനയുടെ ശക്തി എത്രയാണെന്ന് നമ്മുടെ ഡിസൈനർമാർ തെളിയിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അവർ സാമൂഹിക മേഖലയിൽ സ്വാധീനം ചെലുത്തുന്ന രൂപകല്പനാപരമായ ഇടപെടലുകൾ നടത്തുന്നു. ആരോഗ്യ സംരക്ഷണം, ഭവന നിർമ്മാണം, ശുചിത്വം തുടങ്ങിയ നിർണായക മേഖലകളിൽ പുരോഗതി കൊണ്ടുവരുന്നു. പലപ്പോഴും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ബാധിക്കുന്ന,ലോകത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവർ തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും കേന്ദ്രീകരിക്കുന്നു. ഈ രീതിയിൽ, നഗര-ഗ്രാമ വേർതിരിവ് ഇല്ലാതാക്കാനും ഡിസൈനർമാർ സഹായിക്കുന്നു.

മനോഹരമായ വസ്തുക്കൾ നിർമ്മിക്കുന്നത് ഒരു സർഗാത്മക തൊഴിലാണെന്നും അത് ഒരേസമയം സന്തോഷവും സാമ്പത്തിക പ്രതിഫലവും ലഭ്യമാക്കുന്നതായും രാഷ്ട്രപതി വിദ്യാർത്ഥികളോട് പറഞ്ഞു. എന്നാൽ അവർ ഒരിക്കലും പ്രവർത്തന ധർമ്മങ്ങൾ മറക്കരുത്. സർഗാത്മക ചിന്തകൾക്ക് ജനങ്ങളുടെ ജീവിതത്തെ മാറ്റാൻ കഴിയുമെന്ന് അവർ വിദ്യാർത്ഥികളോട് പറഞ്ഞു. സാധ്യമെങ്കിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും കുറച്ച് സമയം ചെലവഴിക്കാൻ രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. ലോകത്തെ പുതിയ രീതിയിൽ നോക്കിക്കാണാൻ ഇത് പ്രചോദനം നൽകുമെന്നും തങ്ങൾ പഠിച്ചത് പ്രയോഗത്തിൽ വരുത്തി ഡിസൈനർമാർക്ക് അവിടെയുള്ള ജനങ്ങളെ സഹായിക്കാൻ ആകുമെന്നും രാഷ്ട്രപതി പറഞ്ഞു.  'ചർക്ക' എന്ന എളിയ ആശയത്തെ പുനരുജ്ജീവിപ്പിച്ച ഗാന്ധിജിയെക്കുറിച്ച് ചിന്തിക്കാനും അതിന്റെ രൂപകൽപ്പന മെച്ചപ്പെടുത്താൻ വിദഗ്ധരെ അന്വേഷിക്കാനും ശ്രീമതി മുർമു വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക എന്നതായിരുന്നു ഗാന്ധിജിയുടെ ഏക ലക്ഷ്യമെന്ന് അവർ പറഞ്ഞു. അദ്ദേഹത്തിന്റെ രൂപകൽപ്പനാ സങ്കൽപ്പത്തിന് അതിന്റേതായ ഒരു ഭംഗിയുണ്ടായിരുന്നു എന്നും രാഷ്‌ട്രപതി പറഞ്ഞു. 
 
*****************

(Release ID: 2106804) Visitor Counter : 10