വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയുടെ നിർമ്മാണ, ഫിൻടെക് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും DPIIT-യും Paytm-ഉം കൈകോർക്കുന്നു
Posted On:
26 FEB 2025 11:13AM by PIB Thiruvananthpuram
ഇന്ത്യയിലെ നിർമ്മാണ, ഫിൻടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), Paytm-മായി (One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) ധാരണാപത്രത്തിൽ ഒപ്പുവച്ചു.
സഹകരണത്തിന്റെ ഭാഗമായി, സ്റ്റാർട്ടപ്പുകൾക്ക് മെൻറ്റർഷിപ്പ്, അടിസ്ഥാന സൗകര്യ പിന്തുണ, വിപണി പ്രവേശനം, ഫണ്ടിംഗ് അവസരങ്ങൾ എന്നിവ ഒരുക്കി നൽകി അവയെ ശക്തിപ്പെടുത്താനും നവീകരിക്കാനും Paytm സഹായിക്കും. സംരംഭകരെ അവശ്യ വിഭവങ്ങൾ ലഭ്യമാക്കി സജ്ജരാക്കുക, അത്യാധുനിക പണമിടപാട് സൗകര്യങ്ങളും സാമ്പത്തിക സാങ്കേതിക പരിഹാരങ്ങളും വികസിപ്പിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മെൻറ്റർഷിപ്പ്, നൂതനാശ മാർഗ്ഗനിർദ്ദേശം എന്നിവയിലൂടെയും, പണമിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും ഫിൻടെക് ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക എന്നിവ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണെന്ന് DPIIT വ്യക്തമാക്കുന്നു. ശില്പശാലകൾ സംഘടിപ്പിക്കുന്നതിലൂടെയും വ്യാവസായിക, സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് മാർഗ്ഗനിർദ്ദേശം നൽകുന്നതിലൂടെയും ഇത് നിയന്ത്രണ, അനുവർത്തന മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ, ഈ പങ്കാളിത്തം അടിസ്ഥാന സൗകര്യങ്ങളും വിപണി പ്രവേശന പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ഉത്പന്നങ്ങൾ പരീക്ഷിക്കാനും ഉപയോഗയോഗ്യമാക്കാനും പരിഷ്ക്കരിക്കാനും Paytm-ന്റെ വിപുലമായ വ്യാപാര ശൃംഖല പ്രയോജനപ്പെടുത്താൻ ഇത് സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നു.
രണ്ട് സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ DPIIT ഡയറക്ടർ ഡോ. സുമീത് കുമാർ ജരംഗലും Paytm സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
"ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ Paytm-യുമായുള്ള ഈ പങ്കാളിത്തം ഒരു നിർണായക ചുവടുവയ്പ്പാണ്. Paytm-ന്റെ ഫിൻടെക് വൈദഗ്ധ്യവും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നതിലൂടെ, വെല്ലുവിളികളെ മറികടക്കുന്നതിനും സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും, ആഗോള നവീകരണ കേന്ദ്രമായി ഇന്ത്യയുടെ ഉയർച്ചയ്ക്ക് സംഭാവന നൽകുന്നതിനും സംരംഭകരെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന്" Paytm സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ അഭിപ്രായപ്പെട്ടു.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇതാണ് പറ്റിയ സമയം. മെന്റർഷിപ്പ്, സാമ്പത്തിക പിന്തുണ, അത്യാധുനിക സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ സംരംഭകരെ ശാക്തീകരിക്കാൻ Paytm പ്രതിജ്ഞാബദ്ധമാണ്. ഈ സഹകരണത്തിലൂടെ, ആരംഭിക്കുന്നത് മുതൽ വളർച്ച കൈവരിക്കുന്നത് വരെ വിജയത്തിനാവശ്യമായ ഉപാധികൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും."
പേടിഎം ഫോർ സ്റ്റാർട്ടപ്പ്സ് സംരംഭത്തിന്റെ ഭാഗമായി, സൗണ്ട്ബോക്സ്, പിഒഎസ്/ഇഡിസി ഉപകരണ നിർമ്മാതാക്കളടക്കമുള്ള ഫിൻടെക് ഹാർഡ്‌വെയർ ഉത്പാദകരെ അവരുടെ വളർച്ചയിൽ കാര്യക്ഷമമായിപിന്തുണയ്ക്കുന്നതിനായി Paytm സമർപ്പിത പരിപാടികൾ നടപ്പാക്കും. മെന്റർഷിപ്പ് പ്രോഗ്രാമുകൾ, നിക്ഷേപക ബന്ധങ്ങൾ, ഇൻകുബേഷൻ പ്രോഗ്രാമുകൾ, ധനസഹായ ലഭ്യത, വ്യവസായ കേന്ദ്രീകൃത ശില്പശാലകളിലൂടെയുള്ള നിയന്ത്രണ മാർഗ്ഗനിർദ്ദേശം, ആനുകാലിക നിരീക്ഷണം, ഫലസിദ്ധിയുടെ വിലയിരുത്തൽ എന്നിവ ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, സിഎസ്ആർ വിഭാഗമായ പേടിഎം ഫൗണ്ടേഷനിലൂടെ, കമ്പനി ക്ലൈമറ്റ് ടെക്, വെബ്3, അഗ്രിടെക്, മൊബിലിറ്റി എന്നീ മേഖലകളിലെ ഡീപ്-ടെക് സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുന്നു.
******************
(Release ID: 2106614)
Visitor Counter : 27