ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത ഷാ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ആഗോള നിക്ഷേപ ഉച്ചകോടി-2025 ന്റെ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്തു

Posted On: 25 FEB 2025 8:23PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 25 ഫെബ്രുവരി 2025
 
മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ആഗോള നിക്ഷേപ ഉച്ചകോടി-2025ന്റെ സമാപനച്ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രസംഗിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 
രണ്ടു ദിവസം നീണ്ടുനിന്ന ആഗോള നിക്ഷേപ ഉച്ചകോടിയില്‍ മൊത്തം 30.77 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നിരവധി ധാരണാപത്രങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നും മദ്ധ്യപ്രദേശില്‍ വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം അനുബന്ധ വ്യവസായങ്ങളും സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 200 ലധികം ഇന്ത്യന്‍ കമ്പനികള്‍, 200 ലധികം ആഗോള സിഇഒമാര്‍, 20 ലധികം യൂണികോണ്‍ (ഒരു ബില്യണ്‍ ഡോളറിലധികം ആസ്ഥിയുള്ള സ്റ്റാര്‍ട്ട്അപ്പുകള്‍) സ്ഥാപകര്‍, 50 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ നിക്ഷേപം നടത്താനും മദ്ധ്യപ്രദേശിന്റെ വ്യാവസായിക അന്തരീക്ഷം പഠിക്കാനും എത്തിയിരുന്നു. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമിട്ട് ഓരോ മേഖലയ്ക്കും വ്യത്യസ്ത നിക്ഷേപ ഉച്ചകോടികള്‍ സംഘടിപ്പിച്ച് ഇത്തവണ മദ്ധ്യപ്രദേശ് നടത്തിയ പുതിയ പരീക്ഷണം വരും ദിവസങ്ങളില്‍ പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
 
 
മദ്ധ്യപ്രദേശിന്റെ വികസനത്തിനുള്ള വ്യാവസായിക, മേഖലാ, ആഗോള സാദ്ധ്യതകള്‍ തുറക്കുന്നതിനുള്ള എല്ലാ വഴികളും ആരായാന്‍ ഈ ഉച്ചകോടി ശ്രമിച്ചിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ ഉച്ചകോടി മദ്ധ്യപ്രദേശിന്റെ വികസനത്തിനു പുതിയ മാനം നല്‍കിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം നിറഞ്ഞതാണു മദ്ധ്യപ്രദേശ് എന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്നോട്ടുവച്ച ' വികാസ് ഭി വിരാസത് ഭി' എന്ന മന്ത്രം സാക്ഷാത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.
 
2047 ഓടെ ഇന്ത്യയെ സമ്പൂര്‍ണ്ണ വികസിത രാഷ്ട്രമായും 2027 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായും മാറ്റുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി മോദി യുവജനങ്ങള്‍ക്കും രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും മുന്നില്‍ വച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഈ ഉച്ചകോടി ഈ രണ്ടു ലക്ഷ്യങ്ങളും കൈവരിക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വലിയ സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 
വികസനത്തിന്റെ പുതിയ വഴിത്താരകള്‍ സൃഷ്ടിച്ചുകൊണ്ട്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മദ്ധ്യപ്രദേശില്‍ സുസ്ഥിരവും ശക്തവുമായ ഒരു ഭരണകൂടം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അടിവരയിട്ടു പറഞ്ഞു. ശക്തമായ അടിസ്ഥാന സൗകര്യങ്ങളാല്‍ സമ്പുഷ്ടമാണ് ഇന്ത്യയുടെ ഹൃദയസ്ഥാനത്തുള്ള മദ്ധ്യപ്രദേശിന്റെ തന്ത്രപരമായ പ്രാധാന്യം. സമൃദ്ധമായ ഭൂവിഭവങ്ങള്‍, സമര്‍പ്പിതരായ തൊഴിലാളികള്‍, ധാതു സമ്പത്ത്, നിരവധി വ്യാവസായിക അവസരങ്ങള്‍ എന്നിവയുള്ള മദ്ധ്യപ്രദേശ് നിക്ഷേപത്തിനുള്ള പ്രധാന ലക്ഷ്യമായി നിലകൊള്ളുന്നു. ഇന്ത്യയിലെ ഏതു മേഖലയെടുത്താലും നിക്ഷേപ പ്രാധാന്യമുള്ള കേന്ദ്രമാണ് മദ്ധ്യപ്രദേശ് എന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
 
BIMARU സംസ്ഥാനങ്ങളുടെ പട്ടികയില്‍ മദ്ധ്യപ്രദേശ് ഉള്‍പ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും എന്നാല 20 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം സംസ്ഥാനത്തു ശ്രദ്ധേയമായ പരിവര്‍ത്തനം സൃഷ്ടിച്ചുവെന്ന് ശ്രീ അമിത് ഷാ ഓര്‍മ്മിപ്പിച്ചു. 5 ലക്ഷം കിലോമീറ്റര്‍ റോഡ് ശൃംഖലയുടെ വികസനം, പ്രവര്‍ത്തനക്ഷമമായ ആറു വിമാനത്താവളങ്ങള്‍, 30 ശതമാനം ശുദ്ധ ഊര്‍ജ്ജം ഉള്‍പ്പടെ 31 ജിഗാവാട്ട് ഊര്‍ജ്ജ ശേഷി എന്നവ കൈവരിച്ച കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. ഐഐഎം, ഐഐടി, എയിംസ്, ഐഐടിഎം, എന്‍ഐഎഫ്ടി, എന്‍ഐഎഫ്ഡി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങള്‍ മദ്ധ്യപ്രദേശിലെ യുവാക്കള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ വൈദഗ്ധ്യം നല്‍കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ധാതു സമ്പത്തുള്ള മദ്ധ്യപ്രദേശ് ജൈവ പരുത്തിയുടെ 25 ശതമാനവും സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയുടെ കോട്ടണ്‍ ക്യാപിറ്റല്‍ എന്ന നിലയിലും ഉയര്‍ന്നു. ഇതിനുപുറമേ, ഭക്ഷ്യ സംസ്‌കരണ മേഖലയിലും സംസ്ഥാനത്തിന് ഒരു സുപ്രധാന സ്ഥാനമുണ്ട്. വ്യാവസായിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് 2025 ' വ്യവസായ വര്‍ഷമായി' മദ്ധ്യപ്രദേശ് ആചരിക്കുന്ന കാര്യം ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ള ജന്‍ വിശ്വാസ് ബില്‍ പാസാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറിയ മധ്യപ്രദേശിനെ അദ്ദേഹം അഭിനന്ദിച്ചു.
 
കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 54 കോടി ജനങ്ങളെ ബാങ്കിംഗ് സംവിധാനത്തിനുള്ളിലേക്ക് കൊണ്ടുവന്നതായി ശ്രീ അമിത് ഷാ എടുത്തു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന വമ്പിച്ച അടിസ്ഥാന സൗകര്യ വികസനത്തില്‍, 60, 000 കിലോമീറ്റര്‍ ഹൈവേകള്‍, എട്ടു ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ എന്നിവ നിര്‍മ്മിക്കുകയും വിമാനത്താവളങ്ങളുടെ എണ്ണം 74 ല്‍ നിന്നും 157 ആയി വര്‍ദ്ധിക്കുകയും ചെയ്തു. റെയില്‍വേ വിപുലീകരണവും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ഇരട്ടിയാക്കിയ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. നിരവധി പുതിയ സംരംഭങ്ങളിലൂടെ, അടുത്ത 25 വര്‍ഷത്തേക്ക് ആഗോള സാമ്പത്തിക ദിശ നിര്‍ണ്ണയിക്കുന്ന നിരവധി മേഖലകളുടെ അടിസ്ഥാനം ഇന്ത്യയായെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
 
മദ്ധ്യപ്രദേശിലെ നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു മാത്രമല്ല, ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിന് ഗണ്യമായ ഉത്തേജനം നല്‍കുന്നതു കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ പ്രധാന വ്യവാസ കേന്ദ്രമായി മദ്ധ്യപ്രദേശ് മാറുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സുതാര്യമായ ഭരണം ഉയര്‍ത്തിപ്പിടിക്കുന്നതും സുസ്ഥിര നയങ്ങള്‍ നടപ്പിലാക്കുന്നതും നിക്ഷേപകരുമായും ബന്ധപ്പെട്ട എല്ലാവരുമായും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന സജീവമായ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതു സംസ്ഥാനം തുടരുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
********************

(Release ID: 2106294) Visitor Counter : 16


Read this release in: English , Hindi , Gujarati