പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ- അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ചലനാത്മകമായ തൊഴിൽ ശക്തിയും ദ്രുതഗതിയിലുള്ള വളർച്ചയും അസ്സമിനെ മുൻനിര നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നു: പ്രധാനമന്ത്രി

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പ്: പ്രധാനമന്ത്രി

വ്യവസായം, നവീകരണ സംസ്കാരം, ബിസിനസ്സ് ചെയ്യുന്നത് ലളിതവൽക്കരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങൾ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ സൃഷ്ടിച്ചു: പ്രധാനമന്ത്രി

ഇന്ത്യ അതിന്റെ നിർമ്മാണ മേഖലയെ ദൗത്യ രീതിയിൽ നയിക്കുകയും മെയ്ക്ക് ഇൻ ഇന്ത്യ പ്രകാരം ചെലവുകുറഞ്ഞ ഉൽപ്പാദനരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

ആഗോള പുരോഗതി എന്നത് ഡിജിറ്റൽ വിപ്ലവം, നവീകരണം, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുരോഗതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയിലെ അർദ്ധചാലക നിർമ്മാണത്തിൽ അസ്സം നിർണായക കേന്ദ്രമായി മാറുന്നു: പ്രധാനമന്ത്രി

ലോകം നമ്മുടെ പുനരുപയോഗ ഊർജ്ജ ദൗത്യത്തെ മാതൃകയാക്കുകയും അത് പിന്തുടരുകയും ചെയ്യുന്നു; കഴിഞ്ഞ 10 വർഷമായി, ഇന്ത്യ അതിന്റെ പാരിസ്ഥിതിക ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കി നയപരമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്: പ്രധാനമന്ത്രി

Posted On: 25 FEB 2025 1:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ഗുവാഹത്തിയിൽ അഡ്വാന്റേജ് അസ്സം 2.0 നിക്ഷേപ-അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തു. "കിഴക്കേ ഇന്ത്യയും വടക്കു-കിഴക്കേ ഇന്ത്യയും ഭാവിയിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും അസ്സമിന്റെ അതുല്യ സാധ്യതകളെയും പുരോഗതിയെയും ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മെഗാ സംരംഭമാണ് അഡ്വാന്റേജ് അസ്സം" എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഭിവൃദ്ധിയിൽ കിഴക്കേ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ന്, നമ്മൾ വികസിത ഭാരതത്തിലേക്ക് പുരോഗമിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും അവരുടെ യഥാർത്ഥ സാധ്യതകൾ പ്രദർശിപ്പിക്കും". അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേ മനോഭാവമാണ് അഡ്വാന്റേജ് അസ്സം പ്രതിനിധാനം ചെയ്യുന്നതെന്നും   ഇത്രയും മഹത്തായ ഒരു പരിപാടി സംഘടിപ്പിച്ചതിന് അസ്സം ഗവണ്മെന്റിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'എ ഫോർ അസ്സം' എന്ന മാതൃക പ്രവർത്തികമാകുന്ന കാലം വിദൂരമല്ലെന്ന് 2013-ൽ പറഞ്ഞ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.

"ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും, ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ച വിദഗ്ദ്ധർ ഏകകണ്ഠമായി അംഗീകരിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു. ഈ നൂറ്റാണ്ടിലെ അടുത്ത 25 വർഷത്തേക്ക് ദീർഘകാല കാഴ്ചപ്പാടോടെയാണ് ഇന്നത്തെ ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വൈദഗ്ധ്യവും നൂതനാശയങ്ങളുമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ യുവജനതയിൽ ലോകത്തിന് വളരെയധികം വിശ്വാസമുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ നവ മധ്യവർഗം പുതിയ അഭിലാഷങ്ങളുമായി ദാരിദ്ര്യത്തിൽ നിന്ന്  ഉയർന്നുവരുന്നതിലൂടെ വർദ്ധിക്കുന്ന ആത്മവിശ്വാസവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്ഥിരതയെയും നയ തുടർച്ചയെയും പിന്തുണയ്ക്കുന്ന ഇന്ത്യയിലെ 140 കോടി ജനങ്ങളിൽ ലോകം അർപ്പിക്കുന്ന വിശ്വാസത്തെ അടിവരയിട്ടുകൊണ്ട്, ഇന്ത്യയുടെ നിലവിലെ ഭരണം, പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് തുടർന്നുകൊണ്ടിരിക്കുന്നതായി ശ്രീ മോദി എടുത്തുപറഞ്ഞു. മാത്രമല്ല, ഇന്ത്യ അതിന്റെ പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും വിവിധ ആഗോള മേഖലകളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിഴക്കൻ ഏഷ്യയുമായും പുതിയ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായുമുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് പരാമർശിച്ച, അദ്ദേഹം ഇത് പുതിയ അവസരങ്ങൾ നൽകുകയാണെന്ന് വ്യക്തമാക്കി.

ഭാരതത്തോടുള്ള വർദ്ധിച്ചുവരുന്ന ആഗോള വിശ്വാസം ശ്രദ്ധയിൽപ്പെടുത്തി, അസ്സമിലെ സംഗമം അതിന്റെ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയുടെ വളർച്ചയിലേക്കുള്ള അസ്സമിന്റെ സംഭാവന സ്ഥിരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. അഡ്വാന്റേജ് അസ്സം ഉച്ചകോടിയുടെ ആദ്യ പതിപ്പ് 2018 ൽ നടക്കുമ്പോൾ അസ്സം സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 2.75 ലക്ഷം കോടി രൂപയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, ഏകദേശം ₹6 ലക്ഷം കോടി സമ്പദ്‌വ്യവസ്ഥയുള്ള ഒരു സംസ്ഥാനമായി അസ്സം മാറിയിരിക്കുന്നുവെന്നും, വെറും ആറ് വർഷത്തിനുള്ളിൽ അസമിന്റെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയായതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാത്രമല്ല കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളുടെ ഇരട്ടി ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. അസ്സമിലുണ്ടായ നിരവധി നിക്ഷേപങ്ങൾ അതിനെ പരിധിയില്ലാത്ത സാധ്യതകളുടെ ഒരു സംസ്ഥാനമാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, മികച്ച നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിൽ അസ്സം ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സമീപ കാലങ്ങളിൽ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിൽ തങ്ങളുടെ ഗവണ്മെന്റ് വ്യാപകമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ന് മുമ്പ്, ബ്രഹ്മപുത്ര നദിക്ക് കുറുകെ 70 വർഷത്തിനിടെ നിർമ്മിച്ച മൂന്ന് പാലങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നാല് പുതിയ പാലങ്ങൾ കൂടി നിർമ്മിച്ചു. ഈ പാലങ്ങളിലൊന്നിന് ഭാരതരത്ന ഭൂപേൻ ഹസാരികയുടെ പേരാണ് നൽകിയിരിക്കുന്നത്. 2009 നും 2014 നും ഇടയിൽ അസ്സമിന് ശരാശരി 2,100 കോടി രൂപയുടെ റെയിൽ ബജറ്റാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്നത്തെ ഗവണ്മെന്റ് അസ്സമിന്റെ റെയിൽവേ ബജറ്റ് നാല് മടങ്ങ് വർദ്ധിപ്പിച്ച് 10,000 കോടി രൂപയാക്കി. അസ്സമിലെ 60 ലധികം റെയിൽവേ സ്റ്റേഷനുകൾ നവീകരിച്ചുവരികയാണെന്നും വടക്കുകിഴക്കൻ മേഖലയിലെ ആദ്യത്തെ സെമി ഹൈ-സ്പീഡ് ട്രെയിൻ ഇപ്പോൾ ഗുവാഹത്തിക്കും ന്യൂ ജൽപായ്ഗുരിക്കും ഇടയിൽ സർവീസ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസ്സമിലെ വ്യോമഗതാഗത സംവിധാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് പരാമർശിക്കവേ, 2014 വരെ ഏഴ് റൂട്ടുകളിൽ മാത്രമേ വിമാന സർവീസുകൾ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ഇപ്പോൾ ഏകദേശം 30 റൂട്ടുകളിൽ വിമാന സർവീസുകൾ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വികസനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ ഉത്തേജനം നൽകുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാറ്റങ്ങൾ അടിസ്ഥാന സൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ക്രമസമാധാനത്തിൽ അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ ദശകത്തിൽ നിരവധി സമാധാന കരാറുകൾ ഒപ്പുവച്ചതായും ദീർഘകാലമായി നിലനിന്ന അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചതായും ശ്രീ മോദി ഊന്നിപ്പറഞ്ഞു. അസമിലെ ഓരോ പ്രദേശവും ഓരോ പൗരനും ഓരോ യുവാക്കളും സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു

"രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളും എല്ലാ തലങ്ങളും കാര്യമായ പരിഷ്കാരങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ബിസിനസ് ചെയ്യുന്നത് ലളിതവൽക്കരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്, വ്യവസായത്തെയും നവീകരണ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്രമായ ഒരു ആവാസവ്യവസ്ഥ സ്ഥാപിച്ചിട്ടുണ്ട്", ശ്രീ മോദി ഊന്നിപ്പറഞ്ഞു. സ്റ്റാർട്ടപ്പുകൾ,  പി‌എൽ‌ഐ പദ്ധതികളിലൂടെയുള്ള നിർമ്മാണം എന്നിവയ്ക്കുള്ള മികച്ച നയങ്ങൾ, പുതിയ ഉൽ‌പാദന കമ്പനികൾ, എം‌എസ്‌എം‌ഇകൾ എന്നിവയ്ക്ക് നൽകിയിട്ടുള്ള നികുതി ഇളവുകൾ എന്നിവയും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിൽ  ഗവണ്മെന്റ് നടത്തുന്ന ഗണ്യമായ നിക്ഷേപവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാപനപരമായ പരിഷ്‌കാരങ്ങൾ, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണം എന്നിവയുടെ സംയോജനമാണ് ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഇരട്ട എഞ്ചിൻ വേഗതയിൽ മുന്നേറുന്ന അസ്സമിലും ഈ പുരോഗതി ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 2030 ഓടെ 150 ബില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാൻ അസ്സം ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസ്സമിലെ കഴിവുറ്റ ജനങ്ങളും അവരുടെ ഗവണ്മെന്റിന്റെ പ്രതിബദ്ധതയും മൂലം അസ്സമിന് ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഒരു കവാടമായി അസ്സം വളർന്നുവരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ഗവണ്മെന്റ്  വടക്കുകിഴക്കൻ പരിവർത്തനാത്മക വ്യവസായവൽക്കരണ പദ്ധതിയായ 'ഉന്നതി' ആരംഭിച്ചതായി പറഞ്ഞു. 'ഉന്നതി' പദ്ധതി അസ്സം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലുടനീളം വ്യവസായം, നിക്ഷേപം, ടൂറിസം എന്നിവയെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പദ്ധതിയും അസ്സമിന്റെ അനന്ത സാധ്യതകളും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ അദ്ദേഹം വ്യവസായ പങ്കാളികളോട് അഭ്യർത്ഥിച്ചു. അസ്സമിന്റെ പ്രകൃതിവിഭവങ്ങളും തന്ത്രപ്രധാനമായ സ്ഥാനവും അതിനെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥാനമാക്കി മാറ്റുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 200 വർഷമായി അസ്സം ചായ ഒരു ആഗോള ബ്രാൻഡായി മാറിയിട്ടുണ്ടെന്നും ഇത് മറ്റ് മേഖലകളുടെ പുരോഗതിക്കും പ്രചോദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളും ശക്തമായ വിതരണ ശൃംഖലകളിലേക്കുള്ള ആഗോള ആവശ്യങ്ങളും  ഉയർത്തിക്കാട്ടിക്കൊണ്ട്, "ഇന്ത്യ ഉൽ‌പാദന മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ദൗത്യ മാതൃകയിലുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെ"ന്ന് പ്രധാനമന്ത്രി പറഞ്ഞു.  മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകളിൽ ചെലവ് കുറഞ്ഞ ഉൽ‌പാദനം പ്രോത്സാഹിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വ്യവസായം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, അന്താരാഷ്ട്ര വിപണികളിൽ ഉൽ‌പാദന മികവിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഉൽ‌പാദന വിപ്ലവത്തിൽ അസ്സം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള വ്യാപാരത്തിൽ അസ്സമിന് എക്കാലവും ഒരു പങ്കുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഇന്ന് ഇന്ത്യയുടെ കര-പ്രകൃതിവാതക ഉൽപാദനത്തിന്റെ 50 ശതമാനത്തിലധികവും അസ്സമിൽ നിന്നാണെന്നും സമീപ കാലത്ത് അസ്സമിലെ എണ്ണ ശുദ്ധീകരണശാലകളുടെ ശേഷിയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക്സ്, അർധചാലകങ്ങൾ, ഹരിത ഊർജ്ജം തുടങ്ങിയ മേഖലകളിൽ അസ്സം ദ്രുതഗതിയിൽ വളർന്നുവരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ അനുകൂല നയങ്ങളുടെ ഫലമായി, അസ്സം ഹൈടെക് വ്യവസായങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും ഒരു കേന്ദ്രമായി മാറുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കേന്ദ്ര ഗവൺമെന്റ് അടുത്തിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ അംഗീകാരം നൽകിയ നംരൂപ് -4 പ്ലാന്റ് ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി ഈ യൂറിയ ഉൽപ്പാദന പ്ലാന്റ് ഭാവിയിൽ വടക്കുകിഴക്കൻ മേഖലയുടെയും രാജ്യത്തിന്റെയാകെയും ആവശ്യങ്ങൾ നിറവേറ്റുമെന്നും അഭിപ്രായപ്പെട്ടു. ''കിഴക്കൻ ഇന്ത്യയിലെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി അസം മാറുന്ന കാലം വിദൂരമല്ല'' അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അസം സംസ്ഥാന ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റ് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

21-ാം നൂറ്റാണ്ടിലെ ലോകത്തിന്റെ പുരോഗതി ഡിജിറ്റൽ വിപ്ലവം, നൂതനാശയം, സാങ്കേതിക പുരോഗതി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് തറപ്പിച്ചുപറഞ്ഞ ശ്രീ മോദി, ''നമ്മൾ എത്രത്തോളം തയാറെടുക്കുന്നുവോ ആഗോളതലത്തിൽ അത്രത്തോളം നമ്മൾ ശക്തരാകും'' എന്നും പറഞ്ഞു. 21-ാം നൂറ്റാണ്ടിലെ നയങ്ങളും തന്ത്രങ്ങളുമായി ഗവൺമെന്റ് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്‌ട്രോണിക്‌സ്, മൊബൈൽ നിർമ്മാണരംഗത്ത് കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ഗണ്യമായ കുതിപ്പ് ഉയർത്തിക്കാട്ടിയ അദ്ദേഹം, സെമികണ്ടക്ടർ ഉൽപ്പാദന രംഗത്തും ഈ വിജയഗാഥ ആവർത്തിക്കുന്നതിനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ഇന്ത്യയിലെ സെമികണ്ടക്ടർ ഉൽപ്പാദനരംഗത്തെ ഒരു പ്രധാന കേന്ദ്രമായി അസം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിമാനത്തോടെ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വടക്കുകിഴക്കൻ മേഖലയിലെ സാങ്കേതിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ടാറ്റ സെമികണ്ടക്ടർ അസംബ്ലി ആന്റ് ടെസ്റ്റ് സെന്റർ അസമിലെ ജാഗിറോഡിൽ സമീപകാലത്ത് ഉദ്ഘാടനം ചെയ്തതും പരാമർശിച്ചു. സെമികണ്ടക്ടർ മേഖലയിലെ നൂതനാശയങ്ങൾക്കായി ഐ.ഐ.ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും, അതോടൊപ്പം രാജ്യത്ത് ഒരു സെമികണ്ടക്ടർ ഗവേഷണ കേന്ദ്രത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ദശകത്തിന്റെ അവസാനത്തോടെ ഇലക്‌ട്രോണിക് മേഖലയുടെ മൂല്യം 500 ബില്യൺ ഡോളറിലെത്തുമെന്ന് പ്രധാനമന്ത്രി പ്രവചിച്ചു. ''ഇന്ത്യയുടെ വേഗതയും വ്യാപ്തിയും പരി​ഗണിക്കുമ്പോൾ, സെമികണ്ടക്ടർ ഉൽപ്പാദനമേഖലയിൽ രാജ്യം ഒരു പ്രധാന ശക്തിയായി ഉയർന്നുവരികയും അത് ദശലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അസമിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യും'' ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.

''കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അതിന്റെ പാരിസ്ഥിതിക ഉത്തരവാദിത്തങ്ങൾ മനസ്സിലാക്കിക്കൊണ്ടുതന്നെ നയപരമായ തീരുമാനങ്ങളും എടുത്തിട്ടുണ്ട്, ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ദൗത്യത്തെ ഒരു മാതൃകാ പ്രവർത്തനമായാണ് ലോകം കണക്കുന്നത്'', പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ സൗരോർജ്ജം, പവനോർജ്ജം, സുസ്ഥിര ഊർജ്ജ സ്രോതസ്സുകൾ എന്നിവയിൽ ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് പാരിസ്ഥിതിക പ്രതിബദ്ധതകൾ നിറവേറ്റുക മാത്രമല്ല, രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ ഉൽപ്പാദന ശേഷി പലമടങ്ങ് വിപുലീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർക്കുന്നതിന് രാജ്യം ലക്ഷ്യമിട്ടിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ''2030 ഓടെ
വർഷത്തിൽ 5 ദശലക്ഷം മെട്രിക് ടൺ ഹരിത ഹൈഡ്രജൻ ഉൽപ്പാദനം കൈവരിക്കുക എന്ന ദൗത്യത്തിനായാണ് ഗവൺമെന്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്'', അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാതക അടിസ്ഥാനസൗകര്യങ്ങളുടെ വളർച്ച ആവശ്യകത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും സമ്പൂർണ്ണ വാതകാധിഷ്ഠിത സമ്പദ്ഘടന ദ്രുതഗതിയിൽ വികസിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അസമിന് ഈ പ്രയാണത്തിൽ സവിശേഷ നേട്ടമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഉൽപ്പാദന ബന്ധിത ആനുകൂല്യ പദ്ധതി (പി.എൽ.ഐ)യും ഹരിത മുൻകൈയ്ക്ക് വേണ്ട നയങ്ങളുമുൾപ്പെടെ വ്യവസായങ്ങൾക്കായി നിരവധി പാതകൾ ഗവൺമെന്റ് സൃഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പുനരുപയോഗ ഊർജ്ജ മേഖലയിൽ അസം ഒരു മുൻനിര സംസ്ഥാനമായി ഉയർന്നുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹം അസമിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വ്യവസായ പ്രമുഖരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ത്യയെ 2047 ഓടെ ഒരു വികസിത രാഷ്ട്രമാക്കുന്നതിന് കിഴക്കൻ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് എടുത്തുപറഞ്ഞ ശ്രീ മോദി, ''അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്‌സ്, കൃഷി, ടൂറിസം, വ്യവസായം എന്നിവയിൽ ഇന്ന്, വടക്കുകിഴക്കൻ ഇന്ത്യയും കിഴക്കൻ ഇന്ത്യയും അതിവേഗം മുന്നേറുകയാണ്'' എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇന്ത്യയുടെ വികസന യാത്രയ്ക്ക് ഈ മേഖല നൽകുന്ന നേതൃത്വം ലോകം തിരിച്ചറിയുന്ന ദിവസം വിദൂരമല്ലെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അസമിനോടൊത്തുള്ള ഈ യാത്രയിൽ പങ്കാളികളും കൂട്ടാളികളുമാകാൻ എല്ലാവരെയും ക്ഷണിച്ച അദ്ദേഹം, ഗ്ലോബൽ സൗത്തിലുടനീളം ഇന്ത്യയുടെ കാര്യശേഷികളെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന ഒരു സംസ്ഥാനമാക്കി അസമിനെ മാറ്റുന്നതിനുള്ള കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനവും ചെയ്തു. വികസിത ഭാരതത്തിനായുള്ള യാത്രയിൽ നിക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും സംഭാവനകൾക്ക് പൂർണ്ണ പിന്തുണയുമായി താനൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കികൊണ്ട് പ്രധാനമന്ത്രി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്തു.

അസം ഗവർണർ ശ്രീ ലക്ഷ്മൺ പ്രസാദ് ആചാര്യ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്ര മന്ത്രിമാരായ ഡോ. എസ് ജയ്ശങ്കർ, ശ്രീ സർബാനന്ദ സോനോവാൾ, ശ്രീ ജ്യോതിരാദിത്യ സിന്ധ്യ, ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, കേന്ദ്ര സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ എന്നിവരും മറ്റുള്ളവർക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

അഡ്വാന്റേജ് അസം 2.0 നിക്ഷേപ, അടിസ്ഥാന സൗകര്യ ഉച്ചകോടി 2025 ഫെബ്രുവരി 25 മുതൽ 26 വരെ ഗുവാഹത്തിയിലാണ് നടക്കുന്നത്. ഒരു ഉദ്ഘാടന സെഷൻ, ഏഴ് മന്ത്രിതല സെഷനുകൾ, 14 തീമാറ്റിക് സെഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യാവസായിക വികാസം, ആഗോള വ്യാപാര പങ്കാളിത്തം, വ്യാവസായിക കുതിച്ചുചാട്ടം, ഊർജ്ജസ്വലമായ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക (എം.എസ്.എം.ഇ)മേഖല എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഏകദേശം 240ലധികം പ്രദർശകൾ ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പ്രദർശനവും ഇതിൽ ഉൾപ്പെടുന്നുണ്ട്.
വിവിധ അന്താരാഷ്ട്ര സംഘടനകൾ, ആഗോള നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

 

 

***

SK


(Release ID: 2106117) Visitor Counter : 27