രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി പട്‌ന മെഡിക്കൽ കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തു

Posted On: 25 FEB 2025 3:16PM by PIB Thiruvananthpuram
ന്യൂഡൽഹി, 2025 ഫെബ്രുവരി 25

രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്ന് (ഫെബ്രുവരി 25, 2025) ബീഹാറിലെ പട്‌ന മെഡിക്കൽ കോളേജിന്റെ ശതാബ്ദി ആഘോഷത്തിൽ  പങ്കെടുത്തു.

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, പട്‌ന മെഡിക്കൽ കോളേജ് ബീഹാറിന്റെ അമൂല്യ പൈതൃകങ്ങളിലൊന്നാണെന്ന് പറഞ്ഞു. പുരാതനത്വം സംരക്ഷിക്കുന്നതിനൊപ്പം ആധുനികതയിലേക്ക് നിരന്തരം നീങ്ങുന്നതിൽ ഈ സ്ഥാപനത്തിന് മഹത്തായ ചരിത്രമുണ്ട്. ഏഷ്യയിലെ ഏറ്റവും മികച്ച ആശുപത്രികളിൽ ഒന്നായിരുന്നു പിഎംസിഎച്ച്. ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ പ്രാഗത്ഭ്യം, സേവനം, സമർപ്പണം എന്നിവയിലൂടെ രാജ്യത്തിനകത്തും വിദേശത്തും തങ്ങൾക്കും പിഎംസിഎച്ചിനും കീർത്തിയേകുന്നു.

ചികിത്സയ്ക്കായി മറ്റൊരു നഗരത്തിലേക്കോ സംസ്ഥാനത്തിലേക്കോ പോകുന്നത് ചികിത്സയിലെ കാലതാമസം, ഭക്ഷണം, താമസം, തൊഴിൽ തുടങ്ങിയ പല തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു എന്ന്  രാഷ്ട്രപതി പറഞ്ഞു. ഇത് പ്രധാന നഗരങ്ങളിലെ മെഡിക്കൽ സ്ഥാപനങ്ങളെയും അമിതഭാരത്തിലാക്കുന്നു. രാജ്യത്തുടനീളമുള്ള മികച്ച മെഡിക്കൽ സ്ഥാപനങ്ങളുടെ വികേന്ദ്രീകരണം ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ സഹായകമാകും.  ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഇൻഡോർ തുടങ്ങിയ നഗരങ്ങൾ സ്പെഷ്യാലിറ്റി ചികിത്സയ്ക്കുള്ള കേന്ദ്രങ്ങളായി വികസിച്ചു. ബീഹാറിൽ ഇത്തരം നിരവധി കേന്ദ്രങ്ങൾ വികസിപ്പിക്കണം. ഇത് ബീഹാറിലെ ജനങ്ങൾക്ക് മികച്ച വൈദ്യചികിത്സ ലഭ്യമാക്കുക മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും. പിഎംസിഎച്ചിനും അതിന്റെ പൂർവ്വ വിദ്യാർത്ഥികൾക്കും അവരുടെ അനുഭവസമ്പത്ത് ഉപയോഗിച്ച് ഈ ശ്രമത്തിന് മികച്ച രീതിയിൽ  സംഭാവന ചെയ്യാൻ  കഴിയും.

സാങ്കേതികവിദ്യയുടെ യുഗമാണിത്. മെഡിക്കൽ മേഖലയിലും സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിർമ്മിതബുദ്ധി, റോബോട്ടിക്സ് പോലുള്ള സാങ്കേതികവിദ്യകൾ മെഡിക്കൽ പ്രക്രിയയെ ലളിതവും കൂടുതൽ കൃത്യതയുള്ളതുമാക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ എപ്പോഴും തയ്യാറാകണമെന്ന് അവർ പിഎംസിഎച്ചിലെ എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു. ഇത് ചികിത്സ എളുപ്പമാക്കുക മാത്രമല്ല, ഡോക്ടർമാരുടെ അറിവും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

നമ്മുടെ ഡോക്ടർമാർ ഗവേഷകരും , തെറാപ്പിസ്റ്റുകളും  അധ്യാപകരും , കൗൺസിലർമാരും  കൂടിയാണെന്ന്  രാഷ്ട്രപതി അഭിപ്രായപ്പെട്ടു . ഈ ചുമതലകളിലെല്ലാം അവർ ജനങ്ങളെയും സമൂഹത്തെയും സേവിക്കുകയും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുകയും ചെയ്യുന്നു. രക്തത്തിന്റെയും അവയവദാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ രാഷ്‌ട്രപതി ഡോക്ടർമാരോട് നിർദ്ദേശിച്ചു.
 
image.png
image.png
image.png

രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 

(Release ID: 2106106) Visitor Counter : 34