കൃഷി മന്ത്രാലയം
azadi ka amrit mahotsav

19 ഗഡുക്കളുടെ വിതരണം വിജയകരമായി പൂർത്തിയാക്കി പിഎം-കിസാൻ മുന്നോട്ട്

പിഎം-കിസാൻ സമ്മാന്‍ നിധിയുടെ കീഴിലുള്ള 22,000 കോടിയിലധികം രൂപ വരുന്ന 19-ാം ഗഡു 9.8 കോടി കർഷകർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു

Posted On: 24 FEB 2025 3:33PM by PIB Thiruvananthpuram
ആമുഖം
 
2025 ഫെബ്രുവരി 24 ന് ബീഹാറിലെ ഭഗൽപൂരിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 19-ാം ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു. രാജ്യമെമ്പാടുമുള്ള 2.41 കോടി  കർഷക സ്ത്രീകൾ ഉൾപ്പെടെ 9.8 കോടിയിലധികം കർഷകർക്ക് 19-ാം ഗഡു വിതരണത്തിന്റെ പ്രയോജനം ലഭിച്ചു. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) മുഖേന 22,000 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായമാണ് കർഷകരുടെ അക്കൗണ്ടുകളിലെത്തിയത്. കർഷക ക്ഷേമത്തോടും കാർഷിക അഭിവൃദ്ധിയോടും ഉള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധത ഇതിലൂടെ ആവർത്തിച്ചുറപ്പിക്കപ്പെടുകയാണ്. കിസാൻ സമ്മാൻ നിധിയുടെ ഈ ഗഡു രാജ്യമെമ്പാടുമുള്ള കർഷകർക്ക് പിന്തുണയേകുകയും ഗ്രാമവികസനത്തിനും കാർഷിക അഭിവൃദ്ധിക്കും ഉള്ള സർക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുകയും ചെയ്യും.
image.png
 
https://pmkisan.gov.in/Creatives.aspx
 
നേരത്തെ, 2024 ഒക്ടോബർ 5 ന് മഹാരാഷ്ട്രയിലെ വാഷിമിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 18-ാം ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തിരുന്നു. ശ്രദ്ധേയമായ ഈ പരിപാടിയിൽ രാജ്യത്തുടനീളമുള്ള 9.4 കോടിയിലധികം കർഷകർക്ക്  നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) മുഖേന 20,000 കോടിയിലധികം രൂപ കൈമാറുകയുണ്ടായി.
 
ഭൂമി കൈവശമുള്ള  കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2019 ഫെബ്രുവരിയിൽ തുടക്കം കുറിച്ച കേന്ദ്ര പദ്ധതിയാണ് പിഎം-കിസാൻ. ഇതിലൂടെ, പ്രതിവർഷം 6,000/- രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) മുഖാന്തരം കർഷകരുടെ ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി വരുന്നു.
 
കർഷക കേന്ദ്രീകൃത ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലൂടെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇടനിലക്കാരില്ലാതെ രാജ്യത്തുടനീളമുള്ള എല്ലാ കർഷകരിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനായിട്ടുണ്ട്. ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യുന്നതിലും പരിശോധിച്ച് ഉറപ്പിക്കുന്നതിലും സമ്പൂർണ്ണ സുതാര്യത നിലനിർത്തിക്കൊണ്ട്, 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ, 18 ഗഡുക്കളായി 3.46 ലക്ഷം കോടിയിലധികം രൂപ ഭാരത സർക്കാർ വിതരണം ചെയ്തു.
 
പദ്ധതിയുടെ ലക്ഷ്യങ്ങൾ
 
ചെറുകിട, ഇടത്തരം കർഷകരുടെ (SMF) വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച, പിഎം-കിസാൻ പദ്ധതി ഇനിപ്പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു:
 
ഓരോ വിള ചക്രത്തിന്റെയും അന്ത്യത്തിൽ പ്രതീക്ഷിക്കുന്ന വരുമാനത്തിന് ആനുപാതികമായി, കാർഷിക വിളയുടെ ഉചിതമായ തിരഞ്ഞെടുപ്പും ആരോഗ്യവും ഉറപ്പാക്കും വിധം പ്രാഥമിക ചെലവുകൾ വഹിക്കുന്നതിനുള്ള ചെറുകിട, ഇടത്തരം കർഷകരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക.
 
ഇത്തരം ചെലവുകൾ നിറവേറ്റുന്നതിനിടയിൽ, പണമിടപാടുകാരുടെ കെണിയിൽ അകപ്പെടാതെ കർഷകരെ  സംരക്ഷിക്കുകയും കാർഷിക പ്രവർത്തനങ്ങളിൽ നൈരന്ത്യം ഉറപ്പാക്കുകയും ചെയ്യുക.
 
സാങ്കേതിക പുരോഗതി
 
പദ്ധതി കൂടുതൽ കാര്യക്ഷമവും ഫലപ്രദവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ, കർഷക കേന്ദ്രീകൃത ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും തുടർച്ചയായ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി രാജ്യത്തുടനീളമുള്ള എല്ലാ കർഷകർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഇതുമൂലം ഉറപ്പാക്കാനായിട്ടുണ്ട്.
 
2020 ഫെബ്രുവരി 24-ന് പിഎം-കിസാൻ മൊബൈൽ ആപ്പ് പ്രവർത്തനമാരംഭിച്ചു. കൂടുതൽ സുതാര്യത,  കൂടുതൽ കർഷകരിലേക്ക് എത്തിച്ചേരുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആപ്പ് വികസിപ്പിച്ചത്. പിഎം-കിസാൻ വെബ് പോർട്ടലിലേക്കുള്ള ലളിതവും കാര്യക്ഷമവുമായ വിപുലീകരണമാണ് പിഎം-കിസാൻ മൊബൈൽ ആപ്പ്. "മുഖ പ്രാമാണീകരണ സവിശേഷത" അധികമായി ഉൾപ്പെടുത്തിക്കൊണ്ടാണ് 2023-ൽ  ആപ്പ് സമാരംഭിച്ചത്. ഇത് രാജ്യത്തിൻറെ വിദൂര പ്രദേശങ്ങളിലെ കർഷകരെ OTP യും വിരലടയാളവുമില്ലാതെ മുഖം സ്കാൻ ചെയ്ത് ഇ-കെവൈസി പൂർത്തിയാക്കാൻ സഹായിക്കുന്നു.
 
image.png
 
 
സ്വയം രജിസ്ട്രേഷൻ, ആനുകൂല്യത്തിന്റെ തൽസ്ഥിതി നിരീക്ഷണം, മുഖ പ്രാമാണീകരണം അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി തുടങ്ങിയ സേവനങ്ങൾ പോർട്ടലും മൊബൈൽ ആപ്പും വാഗ്ദാനം ചെയ്യുന്നു. അയൽക്കാരെ സഹായിക്കുന്നതിന് ആപ്പിൽ ഏർപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ, വിദൂര പ്രദേശങ്ങളിലെ കർഷകർക്ക് മുഖം സ്കാൻ ചെയ്ത് ഇ-കെവൈസി പൂർത്തിയാക്കാൻ ഏറെ സഹായകമാണ്.
 
രജിസ്ട്രേഷനുകൾ സുഗമമാക്കുന്നതിനും നിർബന്ധിത വ്യവസ്ഥകൾ  നിറവേറ്റുന്നതിനുമായി 5 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങൾ (CSCs) നിലവിലുണ്ട്. കൂടാതെ, പോർട്ടലിൽ ശക്തമായ ഒരു പരാതി പരിഹാര സംവിധാനവും പ്രവർത്തനക്ഷമമാണ്. 2023 സെപ്റ്റംബറിൽ ആരംഭിച്ച കിസാൻ-ഇമിത്ര എന്ന എഐ ചാറ്റ്ബോട്ട്, പണമടവുകൾ, രജിസ്ട്രേഷൻ, അർഹത എന്നിവ സംബന്ധിച്ച് പ്രാദേശിക ഭാഷകളിൽ തൽക്ഷണ അന്വേഷണ പരിഹാരം ഉറപ്പാക്കുന്നു. ഒരു കർഷകന്, അയൽപക്കത്തുള്ള മറ്റ് 100 കർഷകരെ അവരുടെ വീട്ടുപടിക്കൽ ഇ-കെ‌വൈ‌സി പൂർത്തിയാക്കാൻ സഹായിക്കാനും കഴിയും. കൂടാതെ, കർഷകരുടെ ഇ-കെ‌വൈ‌സി പൂർത്തിയാക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും ഭാരത സർക്കാർ നൽകിയിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ ഓരോ ഉദ്യോഗസ്ഥനും 500 കർഷകരുടെ ഇ-കെ‌വൈ‌സി പൂർത്തിയാക്കാൻ കഴിയും.
image.png
 
പിഎം-കിസാൻ AI ചാറ്റ്ബോട്ട്
 
2023-ൽ, പിഎം-കിസാൻ പദ്ധതിക്കായി ഒരു AI ചാറ്റ്ബോട്ട് വികസിപ്പിച്ചിട്ടുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ ഏതെങ്കിലും ഒരു അഭിമാന പദ്ധതിയുമായി സംയോജിപ്പിക്കുന്ന ആദ്യ  AI ചാറ്റ്ബോട്ട് സേവനമാണ്. കർഷകരുടെ ചോദ്യങ്ങൾക്ക് വേഗതയാർന്നതും വ്യക്തവും കൃത്യവുമായ ഉത്തരങ്ങൾ AI ചാറ്റ്ബോട്ട് നൽകുന്നു. EKstep ഫൗണ്ടേഷന്റെയും ഭാഷിണിയുടെയും പിന്തുണയോടെ വികസിപ്പിച്ച ചാറ്റ്ബോട്ട് കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉപയോക്തൃ-സൗഹൃദവും സുഗമവുമായ ഒരു പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി കർഷകരെ ശാക്തീകരിക്കുന്നതിനാണ് പിഎം-കിസാൻ പരാതി പരിഹാര സംവിധാനത്തിൽ AI ചാറ്റ്ബോട്ട് അവതരിപ്പിച്ചത്.
 
പിഎം-കിസാൻ മൊബൈൽ ആപ്പ് വഴി ലഭ്യമാകുന്ന AI ചാറ്റ്ബോട്ട്,പിഎം-കിസാൻ ഗുണഭോക്താക്കളുടെ ഭാഷാപരവും പ്രാദേശികവുമായ വൈവിധ്യം മനസ്സിലാക്കി ബഹുഭാഷാ പിന്തുണ വാഗ്ദാനം ചെയ്യാൻ കഴിയുന്ന ഭാഷിണിയുമായി സംയോജിപ്പിച്ചിരിക്കുന്നു. ശബ്ദാധിഷ്ഠിത പ്രവേശനം ഉൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ ഇന്റർനെറ്റിലേക്കും ഡിജിറ്റൽ സേവനങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാനും ഇന്ത്യൻ ഭാഷകളിൽ ഉള്ളടക്കം സൃഷ്ടിക്കാനും 'ഡിജിറ്റൽ ഇന്ത്യ 'ഭാഷിണി' സഹായകമാണ്. നൂതന സാങ്കേതികവിദ്യയുടെ ഈ സംയോജനം സുതാര്യത വർദ്ധിപ്പിക്കുക മാത്രമല്ല, യുക്തിഭദ്രമായ തീരുമാനങ്ങൾ എടുക്കാൻ കർഷകരെ പ്രാപ്തരാക്കുകയും ചെയ്യും.
 
image.png
 
കൂടാതെ, പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾ ആയ കർഷകർക്ക് മൊബൈൽ നമ്പറും ആധാറും ലിങ്ക് ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യം തപാൽ വകുപ്പ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി ഇ-കെവൈസി പൂർത്തിയാക്കുന്നതിനാണിത്.
 
പദ്ധതിയിൽ ചേരുന്നതിന് ആവശ്യമായ നിർബന്ധിത വിവരങ്ങൾ:
  • കർഷകന്റെ / ജീവിതപങ്കാളിയുടെ പേര്
  • കർഷകന്റെ / ജീവിതപങ്കാളിയുടെ ജനനത്തീയതി
  • ബാങ്ക് അക്കൗണ്ട് നമ്പർ
  • IFSC/ MICR കോഡ്
  • മൊബൈൽ നമ്പർ
  • ആധാർ നമ്പർ
  • രജിസ്ട്രേഷനായി അനുശാസിക്കുന്നതും പാസ്ബുക്കിൽ ലഭ്യമായതുമായ മറ്റ് വിവരങ്ങൾ
image.png
 
പദ്ധതിയുടെ സ്വാധീനവും നേട്ടങ്ങളും
 
പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ,  18 ഗഡുക്കളായി 3.46 ലക്ഷം കോടി രൂപ ഭാരത സർക്കാർ വിതരണം ചെയ്തു.
 
പരമാവധി കർഷകരെ പദ്ധതിയിൽ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ കീഴിൽ 2023 നവംബറിൽ ആരംഭിച്ച പ്രചാരണം, അർഹരായ 1 കോടിയിലധികം കർഷകരെ പദ്ധതിയിൽ ചേർക്കാൻ സഹായകമായി.
 
2024 ജൂണിൽ തുടർ ഭരണത്തിന്റെ ആദ്യ 100 ദിവസത്തിനുള്ളിൽ 25 ലക്ഷം കർഷകരെ കൂടി ഉൾപ്പെടുത്തി. തൽഫലമായി, 18-ാം ഗഡു ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണം 9.59 കോടിയായി വർദ്ധിച്ചു.
 
വിവിധ സംസ്ഥാനങ്ങളിൽ പദ്ധതിക്ക് വ്യാപക പ്രചാരമുണ്ട്. ഉദാഹരണത്തിന്, 18-ാം ഗഡു കാലയളവിൽ (ഓഗസ്റ്റ് 2024 - നവംബർ 2024), ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുണ്ടായിരുന്നത് ഉത്തർപ്രദേശിലാണ്.   2,25,78,654 ഗുണഭോക്താക്കൾ. 75,81,009 ഗുണഭോക്താക്കളുമായി ബീഹാർ തൊട്ടുപിന്നിലുണ്ട്.
 
സാർത്ഥകമായ പ്രയാണം
 
2019-ൽ ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IFPRI) നടത്തിയ ഒരു സ്വതന്ത്ര പഠനത്തിൽ, പിഎം കിസാൻ പദ്ധതി ഗ്രാമീണ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുകയും കർഷകരുടെ വായ്പാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും പ്രാഥമിക കാർഷിക നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി. കൂടാതെ, അപകടസാദ്ധ്യത ഏറ്റെടുക്കാനുള്ള കർഷകരുടെ ആത്മവിശ്വാസം ഈ പദ്ധതി   വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് അവരെ കൂടുതൽ ഉത്പാദനക്ഷമമായ കാർഷിക രീതികൾ അവലംബിക്കുന്നതിലേക്ക് നയിച്ചു. പിഎം കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് ലഭിക്കുന്ന പണം അവരുടെ കാർഷിക ആവശ്യങ്ങളിൽ സഹായിക്കുക മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം തുടങ്ങിയ മറ്റ് ചെലവുകൾ നിറവേറ്റുകയും ചെയ്യുന്നു. പദ്ധതി രാജ്യത്തെ കർഷകരിൽ സൃഷ്ടിക്കുന്ന ഗുണപരമായ സ്വാധീനത്തിന്റെ സൂചനകളാണിവ. രാജ്യത്തെ കർഷക സമൂഹത്തെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതങ്ങളെ മാറ്റിമറിച്ച ഒരു സംരംഭമാണ് പിഎം കിസാൻ.
 
ഉപസംഹാരം
 
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ,  കർഷക സമൂഹത്തെ സംബന്ധിച്ചിടത്തോളം ഒരു പരിവർത്തനാത്മക സംരംഭമായി പിഎം കിസാൻ പദ്ധതി പരിണമിച്ചു. സാമ്പത്തിക സർവ്വാശ്ലേഷിത്വത്തിലും ഗ്രാമീണ ശാക്തീകരണത്തിലും സുപ്രധാന നാഴികക്കല്ലുകൾ പദ്ധതി കൈവരിച്ചു. കോടിക്കണക്കിന് കർഷകർക്ക് സമയബന്ധിതമായി നേരിട്ട് സഹായമെത്തിക്കുകയെന്ന അതിന്റെ ദർശനം ശ്രദ്ധേയമായ കാര്യക്ഷമതയോടെ നടപ്പിലാക്കി. ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാൻ സഹായിക്കും വിധമുള്ള പദ്ധതിയുടെ സുഗമമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സുതാര്യതയ്ക്കും ഫലപ്രദമായ ഭരണനിർവ്വഹണത്തിനും പുതു മാനദണ്ഡങ്ങൾ സൃഷ്ടിച്ചു. പിഎം-കിസാൻ അതിന്റെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട്, കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു.
 
അനുബന്ധം 
 

· https://pib.gov.in/PressReleasePage.aspx?PRID=2105462

· https://x.com/pmkisanofficial/status/1890710455896670308

· https://pmkisan.gov.in/Creatives.aspx

· https://pib.gov.in/PressReleasePage.aspx?PRID=2061928

· https://pib.gov.in/PressReleasePage.aspx?PRID=2100758

· https://pmkisan.gov.in/Documents/PMKisanSamanNidhi.PDF

· https://pib.gov.in/PressReleaseIframePage.aspx?PRID=1947889

· https://pib.gov.in/PressReleaseIframePage.aspx?PRID=1934517

· https://sansad.in/getFile/annex/266/AU1302_YaVIcH.pdf?source=pqars

· https://static.pib.gov.in/WriteReadData/specificdocs/documents/2022/aug/doc202282696201.pdf

· https://pib.gov.in/PressReleaseIframePage.aspx?PRID=1959461

· https://pib.gov.in/PressReleasePage.aspx?PRID=1869463

· https://pmkisan.gov.in/Documents/Note-on-Modes-and-processes-of-ekyc-13th-Nov-English.pdf

· https://pib.gov.in/PressReleasePage.aspx?PRID=2100758

· https://sansad.in/getFile/loksabhaquestions/annex/1712/AU795.pdf?source=pqals

· https://pib.gov.in/PressReleasePage.aspx?PRID=2080200


(Release ID: 2106085) Visitor Counter : 206