രാഷ്ട്രപതിയുടെ കാര്യാലയം
ഗ്ലോബൽ സൗത്ത് വനിതാ സമാധാനപാലകർക്കായുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു
Posted On:
24 FEB 2025 3:34PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 24 ഫെബ്രുവരി 2025
ഗ്ലോബൽ സൗത്ത് വനിതാ സമാധാനപാലകർക്കായുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ സംഘം ഇന്ന് (ഫെബ്രുവരി 24, 2025) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.

സ്ത്രീകളുടെ സാന്നിധ്യം സമാധാനപാലന ദൗത്യത്തെ കൂടുതൽ വൈവിധ്യപൂർണ്ണവും സമഗ്രവുമാക്കുന്നുവെന്ന് പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വനിതാ സമാധാനപാലകർക്ക് പലപ്പോഴും പ്രാദേശിക സമൂഹങ്ങളുമായി കൂടുതൽ ഇടപെടാനാകുമെന്നും , കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കും മാതൃകകളായി പ്രവർത്തിക്കാൻ കഴിയുമെന്നും രാഷ്‌ട്രപതി പറഞ്ഞു . ലിംഗാധിഷ്ഠിത അക്രമങ്ങൾ പരിഹരിക്കുന്നതിനും വിശ്വാസം വളർത്തുന്നതിനും സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകൾ കൂടുതൽ സജ്ജരാണ്.

വനിതാ അംഗങ്ങളുടെ പ്രാതിനിധ്യം കൂടുതലുള്ള സമാധാനപാലന ദൗത്യങ്ങൾ അക്രമം കുറയ്ക്കുന്നതിലും ദീർഘകാല സമാധാന കരാറുകൾ കൈവരിക്കുന്നതിലും കൂടുതൽ ഫലപ്രദമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. അതിനാൽ ഐക്യരാഷ്ട്ര സഭയുടെ സമാധാനപാലന ദൗത്യങ്ങളിൽ കൂടുതൽ വനിതകളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഐക്യരാഷ്ട്ര സഭയുടെ സമാധാന പരിപാലന ദൗത്യത്തിൽ ഇന്ത്യയുടെ അഭിമാനകരമായ സംഭാവനകളുടെ ചരിത്രം രാഷ്ട്രപതി അനുസ്മരിച്ചു.അമ്പതിലധികം സമാധാന പരിപാലന ദൗത്യങ്ങളിൽ 2,90,000-ത്തിലധികം ഇന്ത്യൻ സമാധാന പാലന സൈനികർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ന്, അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള 9 സജീവ ദൗത്യങ്ങളിലായി 5000-ത്തിലധികം ഇന്ത്യൻ സമാധാന പരിപാലന സൈനികരെ, പ്രതികൂല സാഹചര്യങ്ങളിൽ പോലും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ വനിതാ സമാധാന പരിപാലന സേനാംഗങ്ങൾ കർത്തവ്യ നിർവ്വഹണത്തിൽ മുൻപന്തിയിൽ നിൽക്കുന്നതിൽ രാഷ്‌ട്രപതി സന്തോഷം രേഖപ്പെടുത്തി. ഇപ്പോൾ പുരോഗമിക്കുന്ന ആറ് ദൗത്യങ്ങളിൽ 154-ലധികം ഇന്ത്യൻ വനിതാ സമാധാന പരിപാലന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 1960-കളിൽ കോംഗോയിൽ തുടങ്ങി 2007-ൽ ലൈബീരിയയിൽ പോലീസിംഗ് ദൗത്യത്തിൽ വരെ, നമ്മുടെ വനിതാ സമാധാന പരിപാലന സേനാംഗങ്ങൾ പ്രൊഫഷണലിസത്തിന്റെയും പെരുമാറ്റത്തിന്റെയും മികച്ച പാരമ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

"സമാധാനപാലനത്തിലെ സ്ത്രീകൾ: ഒരു ഗ്ലോബൽ സൗത്ത് വീക്ഷണം" എന്ന വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തിന്റെയും ന്യൂഡൽഹിയിലെ യുഎൻ സമാധാനപാലന കേന്ദ്രത്തിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനായാണ് വനിതാ സമാധാനപാലകർ ന്യൂഡൽഹിയിൽ എത്തിയിരിക്കുന്നത്. സമാധാനപാലനത്തിലെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങളും സമാധാനപാലന ദൗത്യങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഗ്ലോബൽ സൗത്തിൽ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം.
*****
(Release ID: 2105861)
Visitor Counter : 14