പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു



മധ്യപ്രദേശിലെ ആഗോള നിക്ഷേപക ഉച്ചകോടി പ്രശംസനീയമായ സംരംഭമാണ്; വ്യവസായം, നവീകരണം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനത്തിന്റെ അപാരമായ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനുള്ള സുപ്രധാന വേദിയായി ഇതു വർത്തിക്കുന്നു: പ്രധാനമന്ത്രി

ആഗോള നിക്ഷേപകരെ ആകർഷിക്കുന്നതിലൂടെ, സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസര സൃഷ്ടിയ്ക്കും വഴിയൊരുക്കുന്നു; വ്യവസായത്തിനും സംരംഭകത്വത്തിനുമുള്ള പ്രധാന കേന്ദ്രമായി മധ്യപ്രദേശ് ഉയർന്നുവരുന്നതു കാണുന്നതിൽ സന്തോഷം: പ്രധാനമന്ത്രി

ലോകത്തിന്റെ ഭാവി ഇന്ത്യയിലാണ്! വരൂ, നമ്മുടെ രാജ്യത്തെ വളർച്ചാ അവസരങ്ങൾ അനാവരണം ചെയ്യൂ: പ്രധാനമന്ത്രി

എൻ‌ഡി‌എ ഗവണ്മെന്റിന്റെ അടിസ്ഥാനസൗകര്യശ്രമങ്ങളിൽനിന്നു മധ്യപ്രദേശിനു ഗണ്യമായ പ്രയോജനം ലഭിക്കും: പ്രധാനമന്ത്രി

കേന്ദ്രത്തിലെയും മധ്യപ്രദേശിലെയും നമ്മുടെ ഗവണ്മെന്റുകൾ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ജലസുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: പ്രധാനമന്ത്രി

2025ലെ ആദ്യ 50 ദിനങ്ങൾ അതിവേഗ വളർച്ചയ്ക്കു സാക്ഷ്യംവഹിച്ചു: പ്രധാനമന്ത്രി

കഴിഞ്ഞ ദശകം ഇന്ത്യയുടെ ഊർജമേഖലയെ സംബന്ധിച്ച് അഭൂതപൂർവമായ വളർച്ചയുടെ കാലഘട്ടമായിരുന്നു: പ്രധാനമന്ത്രി

ഈ വർഷത്തെ

Posted On: 24 FEB 2025 3:24PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഭോപ്പാലിൽ ‘ആഗോള നിക്ഷേപക ഉച്ചകോടി (ജിഐഎസ്) 2025’ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കു ബോർഡ് പരീക്ഷ ഉണ്ടായിരുന്നതിനാലും പരിപാടിക്കായി വരുംവഴി തന്റെ സുരക്ഷാനടപടികൾ വിദ്യാർഥികൾക്ക് അസൗകര്യമുണ്ടാക്കിയതിനാലും പരിപാടിയിൽ എത്താൻ വൈകിയതിന് അദ്ദേഹം ക്ഷമ ചോദിച്ചു. ഭോജരാജാവിന്റെ മണ്ണിലേക്കു നിക്ഷേപകരെയും വ്യവസായ പ്രമുഖരെയും സ്വാഗതം ചെയ്യുന്നതിൽ തനിക്ക് അതിയായ അഭിമാനമുണ്ടെന്നു ശ്രീ മോദി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ വികസിത മധ്യപ്രദേശ് അനിവാര്യമായതിനാൽ ഇന്നത്തെ പരിപാടി പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉച്ചകോടി ‌ഉജ്വലമായി സംഘടിപ്പിച്ചതിനു മധ്യപ്രദേശ് ഗവണ്മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.

“ലോകത്തിനാകെ ഇന്ത്യയെക്കുറിച്ചു ശുഭാപ്തിവിശ്വാസമാണുള്ളത്” - ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരവസരം ഉയർന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പൗരന്മാരോ നയവിദഗ്ധരോ സ്ഥാപനങ്ങളോ ലോകരാജ്യങ്ങളോ ഏതുമാകട്ടെ, ഏവർക്കും ഇന്ത്യയിൽ വളരെയധികം പ്രതീക്ഷകളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയുടെ കാര്യത്തിൽ വരുന്ന അഭിപ്രായങ്ങൾ നിക്ഷേപകരുടെ ആവേശം ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന ലോകബാങ്കിന്റെ സമീപകാല പ്രസ്താവന അനുസ്മരിച്ച്, “ലോകത്തിന്റെ ഭാവി ഇന്ത്യയിലാണ്” എന്ന് ഒഇസിഡി പ്രതിനിധി അഭിപ്രായപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ സംഘടന ഇന്ത്യയെ സൗരോർജശക്തികേന്ദ്രമായി പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പല രാജ്യങ്ങൾക്കും പറച്ചിൽ മാത്രമാണുള്ളതെന്നും എന്നാൽ, ഇന്ത്യ ഫലങ്ങൾ നൽകുന്നുണ്ടെന്നും ഈ സംഘടന പരാമർശിച്ചു. ആഗോള എയ്‌റോസ്പേസ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇന്ത്യ എങ്ങനെയാണു മികച്ച വിതരണശൃംഖലയായി ഉയർന്നുവരുന്നതെന്നു പുതിയ റിപ്പോർട്ടു വെളിപ്പെടുത്തിയതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ആഗോള വിതരണശൃംഖലയിലെ വെല്ലുവിളികൾക്കുള്ള പ്രതിവിധിയായാണ് ഈ സ്ഥാപനങ്ങൾ ഇന്ത്യയെ കാണുന്നത്. ലോകത്തിന് ഇന്ത്യയിലുള്ള ആത്മവിശ്വാസം പ്രകടമാക്കുന്ന വിവിധ ഉദാഹരണങ്ങൾ പ്രധാനമന്ത്രി ഉദ്ധരിച്ചു. ഇത് ഓരോ ഇന്ത്യൻ സംസ്ഥാനത്തിന്റെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ആഗോള ഉച്ചകോടിയിൽ ഈ ആത്മവിശ്വാസം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സംസ്ഥാനമാണ് മധ്യപ്രദേശ് എന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, “കൃഷിയുടെയും ധാതുക്കളുടെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്” എന്നു വ്യക്തമാക്കി. ജീവനേകുന്ന നർമദാനദിയാൽ അനുഗൃഹീതമാണു മധ്യപ്രദേശ് എന്നും ജിഡിപിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ചുസംസ്ഥാനങ്ങളിൽ ഒന്നായി മാറാനുള്ള കഴിവു മധ്യപ്രദേശിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിന്റെ കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലെ പരിവർത്തനാത്മക യാത്ര ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വൈദ്യുതി, വെള്ളം എന്നിവയുടെ കാര്യത്തിൽ സംസ്ഥാനം ഗണ്യമായ വെല്ലുവിളികൾ നേരിട്ട കാലമുണ്ടായിരുന്നുവെന്നും ക്രമസമാധാനനില വളരെ മോശമായിരുന്നെന്നും അഭിപ്രായപ്പെട്ടു. ഈ സാഹചര്യങ്ങൾ വ്യാവസായിക വികസനം ദുഷ്‌കരമാക്കി. ജനങ്ങളുടെ പിന്തുണയോടെ, മധ്യപ്രദേശിലെ ഗവണ്മെന്റ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു. രണ്ടു പതിറ്റാണ്ടുമുമ്പ്, മധ്യപ്രദേശിൽ നിക്ഷേപിക്കാൻ ഏവരും മടികാട്ടിയിരുന്നു. എന്നാൽ ഇന്ന്, നിക്ഷേപത്തിന്റെ കാര്യത്തിൽ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി മധ്യപ്രദേശ് മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുകാലത്ത്, മോശം റോഡുകളാൽ ബുദ്ധിമുട്ടിയിരുന്ന സംസ്ഥാനം ഇപ്പോൾ ഇന്ത്യയിലെ വൈദ്യുത വാഹന വിപ്ലവത്തിലെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2025 ജനുവരിയോടെ ഏകദേശം രണ്ടുലക്ഷം വൈദ്യുത വാഹനങ്ങൾ മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നും ഇത് ഏകദേശം 90 ശതമാനം വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്നും പുതിയ നിർമാണ മേഖലകൾക്കു മികച്ച ലക്ഷ്യസ്ഥാനമായി മധ്യപ്രദേശ് മാറുന്നുവെന്നു തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

​“കഴിഞ്ഞ ദശകത്തിൽ ഇന്ത്യ അടിസ്ഥാനസൗകര്യങ്ങളുടെ വൻ കുതിച്ചുചാട്ടത്തിനു സാക്ഷ്യംവഹിച്ചു” എന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മധ്യപ്രദേശിന് ഈ വികസനത്തിൽനിന്നു വലിയ നേട്ടമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഡൽഹി-മുംബൈ അതിവേഗപാത മധ്യപ്രദേശിലൂടെയാണു കടന്നുപോകുന്നതെന്നും ഇതു മുംബൈയിലെ തുറമുഖങ്ങളിലേക്കും ഉത്തരേന്ത്യയിലെ വിപണികളിലേക്കും അതിവേഗ സമ്പർക്കസൗകര്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ ഇപ്പോൾ അഞ്ചുലക്ഷം കിലോമീറ്ററിലധികം റോഡുശൃംഖലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ വ്യാവസായിക ഇടനാഴികൾ ആധുനിക അതിവേഗപാതകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇതു ചരക്കുനീക്കമേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമഗതാഗതസൗകര്യത്തെക്കുറിച്ചു പരാമർശിക്കവേ, വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഗ്വാളിയർ-ജബൽപുർ വിമാനത്താവളങ്ങളിലെ ടെർമിനലുകൾ വികസിപ്പിച്ചിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു. മധ്യപ്രദേശിന്റെ വിപുലമായ റെയിൽശൃംഖലയുടെ നവീകരണവും പുരോഗമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ റെയിൽശൃംഖല 100 ശതമാനം വൈദ്യുതവൽക്കരണം കൈവരിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങൾ പതിവായി എല്ലാവരെയും ആകർഷിക്കുകയാണെന്ന് അദ്ദേഹം പരാമർശിച്ചു. ഈ മാതൃക പിന്തുടർന്ന്, അമൃതഭാരതസ്റ്റേഷൻ പദ്ധതിക്കുകീഴിൽ മധ്യപ്രദേശിലെ 80 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുകയാണ്.

“കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഊർജമേഖലയിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി” - ശ്രീ മോദി പ്രകീർത്തിച്ചു. ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധത്തിൽ ഹരിതോർജത്തിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ, പുനരുപയോഗ ഊർജമേഖലയിൽ 70 ശതകോടി ഡോളറിലധികം (₹5 ട്രില്യണിലധികം) നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപം കഴിഞ്ഞ വർഷം മാത്രം സംശുദ്ധ ഊർജമേഖലയിൽ പത്തുലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു - അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജമേഖലയിലെ ഈ കുതിച്ചുചാട്ടത്തിൽ മധ്യപ്രദേശ് വളരെയധികം നേട്ടമുണ്ടാക്കിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന്, ഏകദേശം 31,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുള്ള വൈദ്യുതിമിച്ച സംസ്ഥാനമാണു മധ്യപ്രദേശ്. അതിൽ 30 ശതമാനം സംശുദ്ധ ഊർജമാണെന്നും അദ്ദേഹം പറഞ്ഞു. രേവ സൗരോർജ പാർക്ക് രാജ്യത്തെ ഏറ്റവും വലുതാണെന്നും അടുത്തിടെ ഓംകാരേശ്വറിൽ ഒഴുകുന്ന സൗരോർജനിലയം ഉദ്ഘാടനം ചെയ്തുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ബിന റിഫൈനറി പെട്രോകെമിക്കൽ സമുച്ചയത്തിൽ ഗവണ്മെന്റ് ഏകദേശം 50,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇതു മധ്യപ്രദേശിനെ പെട്രോകെമിക്കലുകളുടെ കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുമെന്നും ശ്രീ മോദി പരാമർശിച്ചു. ആധുനിക നയങ്ങളും പ്രത്യേക വ്യാവസായിക അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിച്ച്, മധ്യപ്രദേശ് ഗവണ്മെന്റ് ഈ അടിസ്ഥാനസൗകര്യങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ 300-ലധികം വ്യാവസായിക മേഖലകളുണ്ടെന്നും, പീഥംപുർ, രത്‌ലാം, ദേവാസ് എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള നിക്ഷേപമേഖലകൾ വികസിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, മധ്യപ്രദേശിലെ നിക്ഷേപകർക്കു മികച്ച വരുമാനം നേടാനുള്ള അനന്തസാധ്യതകൾ ഉയർത്തിക്കാട്ടി.

വ്യാവസായിക വികസനത്തിൽ ജലസുരക്ഷയുടെ നിർണായക പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഒരുവശത്തു ജലസംരക്ഷണത്തിനായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, മറുവശത്തു നദികൾ പരസ്പരം കൂട്ടിയിണക്കുന്നതിനുള്ള ബൃഹദ്‌ദൗത്യം പുരോഗമിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ കാർഷിക-വ്യവസായ മേഖലകൾക്ക് ഈ സംരംഭങ്ങൾ വളരെയധികം പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 45,000 കോടി രൂപയുടെ കെൻ-ബെത്വ നദീതട സംയോജന പദ്ധതിക്ക് അടുത്തിടെ തുടക്കംകുറിച്ചതായും, ഇത് ഏകദേശം 10 ലക്ഷം ഹെക്ടർ കാർഷിക ഭൂമിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്നും മധ്യപ്രദേശിലെ ജലപരിപാലനത്തിനു കരുത്തേകുമെന്നും ശ്രീ മോദി പരാമർശിച്ചു. ഭക്ഷ്യസംസ്കരണം, കാർഷിക വ്യവസായം, തുണിത്തരങ്ങൾ എന്നീ മേഖലകളിൽ ഈ സൗകര്യങ്ങൾ ഗണ്യമായ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ തങ്ങളുടെ ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം വികസനത്തിന്റെ വേഗത ഇരട്ടിയായതായി പരാമർശിച്ച ശ്രീ മോദി, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിനായി കേന്ദ്ര ഗവണ്മെന്റ് മധ്യപ്രദേശ് ഗവൺമെന്റുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. തന്റെ മൂന്നാം ടേമിൽ മൂന്നിരട്ടി വേഗത്തിൽ പ്രവർത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം അദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ട്  "2025 ലെ ആദ്യ 50 ദിവസങ്ങളിൽ ഈ വേഗത പ്രകടമാണ്" എന്ന് വ്യക്തമാക്കി. ഇന്ത്യയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങൾക്കും ഉർജ്ജംപകർന്ന സമീപകാല ബജറ്റ് ശ്രീ മോദി എടുത്തുപറഞ്ഞു. സേവനങ്ങൾക്കും ഉൽപ്പാദനത്തിനും വേണ്ടിയുള്ള ആവശ്യക്കാർ ഏറ്റവും വലിയ നികുതിദായകരായ മധ്യവർഗമാണെന്ന്  അദ്ദേഹം ഊന്നിപ്പറഞ്ഞു. 12 ലക്ഷം രൂപവരെയുള്ള  വരുമാനത്തിന് ആദായനികുതി ഒഴിവാക്കൽ, നികുതി സ്ലാബുകൾ പുനഃക്രമീകരിക്കൽ എന്നിവയുൾപ്പെടെ മധ്യവർഗത്തെ ശാക്തീകരിക്കുന്നതിന് ഈ ബജറ്റിൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബജറ്റിന് ശേഷം ആർ‌ബി‌ഐ പലിശനിരക്കുകൾ കുറച്ചതായും അദ്ദേഹം പരാമർശിച്ചു.

ഉൽപ്പാദനത്തിൽ പൂർണ്ണമായും സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പ്രാദേശിക വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിന് ബജറ്റ് ഊന്നൽ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മുൻ ഗവൺമെന്റുകൾ എംഎസ്എംഇകളുടെ സാധ്യതകൾ പരിമിതപ്പെടുത്തിയിരുന്നുവെന്നും, ഇത് ആവശ്യാനുസരണമുള്ള പ്രാദേശിക വിതരണ ശൃംഖലകളുടെ വികസനം തടയുകയായിരുന്നുവെന്നും പറഞ്ഞു. എംഎസ്എംഇകളുടെ നേതൃത്വത്തിൽ പ്രാദേശിക വിതരണ ശൃംഖലകൾ സൃഷ്ടിക്കുക എന്നതാണ് ഇപ്പോഴുള്ള മുൻഗണനയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എംഎസ്എംഇകളെ പുനർനിർവചിച്ചു, വായ്പ്പാബന്ധിത പ്രോത്സാഹനങ്ങൾ നൽകുന്നതോടൊപ്പം വായ്പാലഭ്യത എളുപ്പമാക്കുകയും, മൂല്യവർദ്ധനവിയ്ക്കും കയറ്റുമതിക്കുമുള്ള പിന്തുണ വർദ്ധിപ്പിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

"കഴിഞ്ഞ ദശകത്തിൽ ദേശീയ തലത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയെങ്കിൽ, ഇപ്പോൾ സംസ്ഥാന, പ്രാദേശിക തലങ്ങളിലും പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു", ബജറ്റിൽ പരാമർശിച്ച സംസ്ഥാന ഡീ-റെഗുലേഷൻ കമ്മീഷനെ പരാമർശിക്കവെ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുമായി തുടർച്ചയായ ചർച്ചകൾ  നടത്തുന്നുണ്ടെന്നും സംസ്ഥാനങ്ങളുമായി സഹകരിച്ച് അടുത്തകാലത്ത് 40,000-ത്തിലധികം നിയമാനുസരണങ്ങൾ കുറച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കാലഹരണപ്പെട്ട 1,500 നിയമങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് തടസ്സമാകുന്ന നിയമങ്ങൾ തിരിച്ചറിയുക എന്നതാണ് ലക്ഷ്യമെന്നും ഡീ-റെഗുലേഷൻ കമ്മീഷൻ സംസ്ഥാനങ്ങളിൽ നിക്ഷേപ സൗഹൃദ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ബജറ്റ്, അടിസ്ഥാന കസ്റ്റംസ് തീരുവയുടെ ഘടന എളുപ്പമാക്കിയെന്നും വ്യവസായത്തിനാവശ്യമായ നിരവധി പ്രധാന ഘടകങ്ങളുടെ നിരക്കുകൾ കുറച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കസ്റ്റംസ് കേസുകളുടെ പരിഹാരത്തിനായി ഒരു സമയ പരിധി നിശ്ചയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ സംരംഭകത്വത്തിനും നിക്ഷേപത്തിനുമായി പുതിയ മേഖലകൾ തുറക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഈ വർഷം, ആണവോർജം, ബയോ-മാനുഫാക്ചറിംഗ്, നിർണായക ഖനിജങ്ങളുടെ സംസ്കരണം, ലിഥിയം ബാറ്ററി നിർമ്മാണം തുടങ്ങിയ മേഖലകൾ നിക്ഷേപത്തിനായി തുറന്നിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, "ഈ നടപടികൾ ഗവണ്മെന്റിന്റെ ഉദ്ദേശ്യവും പ്രതിബദ്ധതയും പ്രകടമാക്കുന്നു".

"ടെക്സ്റ്റൈൽ, ടൂറിസം, സാങ്കേതിക മേഖലകൾ എന്നിവ ഇന്ത്യയുടെ ഭാവി വികസനത്തിൽ  ഒരു പ്രധാന പങ്ക് വഹിക്കുകയും ഈ മേഖലകളിൽ  കോടിക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും", പ്രധാനമന്ത്രി പറഞ്ഞു. പരുത്തി, പട്ട്, പോളിസ്റ്റർ, കൃതിമ നൂലുകൾ  എന്നിവയുടെ രണ്ടാമത്തെ വലിയ ഉൽപ്പാദക രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ടെക്സ്റ്റൈൽ മേഖല കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുവെന്നും ഇന്ത്യയ്ക്ക് തുണിത്തരങ്ങളിൽ സമ്പന്നമായ പാരമ്പര്യവും മികവും സംരംഭകത്വവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പരുത്തി തലസ്ഥാനമായ മധ്യപ്രദേശ്, രാജ്യത്തെ ജൈവ പരുത്തി വിതരണത്തിന്റെ 25 ശതമാനത്തോളം സംഭാവന ചെയ്യുന്നതോടൊപ്പം മൾബറി സിൽക്കിന്റെ ഏറ്റവും വലിയ ഉത്പാദകരുമാണ്. അതോടൊപ്പം, സംസ്ഥാനത്തെ ചന്ദേരി, മഹേശ്വരി സാരികൾ വളരെയധികം വിലമതിക്കപ്പെടുന്നവയാണെന്നും അവയ്ക്ക് ജിഐ ടാഗ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിന്റെ തുണിത്തരങ്ങൾക്ക് ആഗോളതലത്തിൽ സ്വാധീനം ചെലുത്താൻ ഈ മേഖലയിലെ നിക്ഷേപങ്ങൾ ഗണ്യമായി സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ടെക്സ്റ്റൈൽ മേഖല പരമ്പരാഗത തുണിത്തരങ്ങൾക്ക് പുറമേ നവീന മാർഗങ്ങൾ തേടുന്നതിനെക്കുറിച്ച് പരാമർശിക്കവെ, കാർഷിക തുണിത്തരങ്ങൾ, മെഡിക്കൽ തുണിത്തരങ്ങൾ, ജിയോടെക്സ്റ്റൈൽസ് തുടങ്ങിയ സാങ്കേതിക തുണിത്തരങ്ങൾ എന്നിവ രാജ്യം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇതിനായി ഒരു ദേശീയ ദൗത്യം ആരംഭിച്ചിട്ടുണ്ടെന്നും ബജറ്റിൽ ഇതിന് പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും  പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗവണ്മെന്റിന്റെ പിഎം മിത്ര പദ്ധതി പ്രശസ്തമാണെന്നും മധ്യപ്രദേശിൽ ഉൾപ്പെടെ രാജ്യത്തുടനീളം ഏഴ് വലിയ ടെക്സ്റ്റൈൽ പാർക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ ഉദ്യമം ടെക്സ്റ്റൈൽ മേഖലയുടെ വളർച്ചയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ശ്രീ മോദി പറഞ്ഞു. ടെക്സ്റ്റൈൽ മേഖലയ്ക്കായി പ്രഖ്യാപിച്ച പിഎൽഐ പദ്ധതി പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി നിക്ഷേപകരോട് അഭ്യർത്ഥിച്ചു.

ടെക്സ്റ്റൈൽ മേഖലയ്ക്ക് പുതിയ മാനങ്ങൾ നൽകുന്നതുപോലെ, രാജ്യം വിനോദസഞ്ചാര മേഖലയെയും മെച്ചപ്പെടുത്തുന്നുണ്ടെന്ന് പരാമർശിച്ച ശ്രീ മോദി, നർമ്മദ നദിക്ക് ചുറ്റുമുള്ള വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളുടെ വൻതോതിലുള്ള വികസനം എടുത്തുകാട്ടിക്കൊണ്ട് "എംപി അജബ് ഹേ, സബ്‌സേ ഗജബ് ഹേ" എന്ന മധ്യപ്രദേശിന്റെ  ടൂറിസം കാമ്പെയ്‌ൻ ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ നിരവധി ദേശീയോദ്യാനങ്ങളെക്കുറിച്ചും ആരോഗ്യ, ക്ഷേമ ടൂറിസത്തിനുള്ള അനന്ത സാധ്യതകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. "ഇന്ത്യയിൽ സുഖം പ്രാപിക്കൂ " എന്ന മന്ത്രം ആഗോളതലത്തിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ, ക്ഷേമ മേഖലയിലെ നിക്ഷേപ അവസരങ്ങൾ തുടർച്ചയായി വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പരാമർശിച്ചു. ഈ മേഖലയിൽ ഗവണ്മെന്റ് പൊതു-സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ പരമ്പരാഗത ചികിത്സകളും ആയുഷും വലിയ തോതിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെന്നും രാജ്യം പ്രത്യേക ആയുഷ് വിസകൾ നൽകുന്നുണ്ടെന്നും ശ്രീ മോദി എടുത്തുപറഞ്ഞു. ഈ ഉദ്യമങ്ങൾ മധ്യപ്രദേശിന് വളരെയധികം ഗുണം ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉജ്ജൈനിലെ മഹാകാൽ മഹാലോക് കാണാൻ അദ്ദേഹം സന്ദർശകരെ പ്രേരിപ്പിച്ചു. അവിടേക്ക് പോയാൽ മഹാകാലിന്റെ അനുഗ്രഹം ലഭിക്കുകയും രാജ്യത്തെ വിനോദസഞ്ചാര, അതിഥിസേവന മേഖലകളുടെ വികസനം അനുഭവിച്ചറിയുകയും ചെയ്യാം. 

ന്യൂ ഡൽഹിയിലെ ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസ്താവന ആവർത്തിച്ചുകൊണ്ട്, മധ്യപ്രദേശിൽ നിക്ഷേപം നടത്തുന്നതിനും നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും ഇതാണ് ശരിയായ സമയമെന്ന് ഓർമ്മപ്പെടിത്തിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചത്. 

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് ഛഗൻഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹൻ യാദവ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഭോപ്പാലിൽ നടക്കുന്ന ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടി (GIS) 2025, മധ്യപ്രദേശിനെ ഒരു ആഗോള നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിനുള്ള ഒരു പ്രധാന വേദിയായി നിലകൊള്ളുന്നു. GIS-ൽ വകുപ്പുതല ഉച്ചകോടികൾ; ഫാർമ, മെഡിക്കൽ ഉപകരണങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്സ്, വ്യവസായം, നൈപുണ്യ വികസനം, ടൂറിസം, MSME-കൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകൾ ഉൾപ്പെടുന്നു. ഗ്ലോബൽ സൗത്ത്  രാജ്യങ്ങളുടെ സമ്മേളനം, ലാറ്റിൻ അമേരിക്ക, കരീബിയൻ വിഭാഗം തുടങ്ങിയ അന്താരാഷ്ട്ര സെഷനുകളും പ്രധാന പങ്കാളി രാജ്യങ്ങൾക്കായുള്ള പ്രത്യേക സെഷനുകളും ഉച്ചകോടിയിൽ ഉൾപ്പെടുന്നു.

ഉച്ചകോടിയിൽ മൂന്ന് പ്രധാന വ്യാവസായിക പ്രദർശനങ്ങൾ നടക്കുന്നു. മധ്യപ്രദേശിന്റെ ഓട്ടോമൊബൈൽ ശേഷിയും ഭാവിയിലെ ഗതാഗത പരിഹാരങ്ങളും ഓട്ടോ ഷോ പ്രദർശിപ്പിക്കുന്നു. പരമ്പരാഗതവും ആധുനികവുമായ തുണിത്തര നിർമ്മാണത്തിൽ സംസ്ഥാനത്തിന്റെ വൈദഗ്ദ്ധ്യത്തെ ടെക്സ്റ്റൈൽ ആൻഡ് ഫാഷൻ എക്സ്പോ എടുത്തുകാണിക്കുന്നു. "വൺ ഡിസ്ട്രിക്റ്റ്-വൺ പ്രൊഡക്റ്റ്" (ODOP), സംസ്ഥാനത്തിന്റെ അതുല്യമായ ഗ്രാമീണ കരകൗശലവും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്നു.

60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, വിവിധ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, ഇന്ത്യയിൽ നിന്നുള്ള 300-ലധികം പ്രമുഖ വ്യവസായ നേതാക്കൾ, നയരൂപീകരണകർത്താക്കൾ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നു.

 

Addressing the Global Investors Summit 2025 in Bhopal. With a strong talent pool and thriving industries, Madhya Pradesh is becoming a preferred business destination. https://t.co/EOUVj9ePW7

— Narendra Modi (@narendramodi) February 24, 2025

The world is optimistic about India. pic.twitter.com/5cBcUw74p3

— PMO India (@PMOIndia) February 24, 2025

In the past decade, India has witnessed a boom in infrastructure development. pic.twitter.com/bndn4hv8Bn

— PMO India (@PMOIndia) February 24, 2025

The past decade has been a period of unprecedented growth for India's energy sector. pic.twitter.com/ZIfB0MKjEz

— PMO India (@PMOIndia) February 24, 2025

Water security is crucial for industrial development.

On one hand, we are emphasising water conservation and on the other, we are advancing with the mega mission of river interlinking. pic.twitter.com/hv2QOzmaLw

— PMO India (@PMOIndia) February 24, 2025

In this year's budget, we have energised every catalyst of India's growth. pic.twitter.com/5taehyiNQa

— PMO India (@PMOIndia) February 24, 2025

After national level, reforms are now being encouraged at the state and local levels. pic.twitter.com/7zisj7ek88

— PMO India (@PMOIndia) February 24, 2025

Textile, Tourism and Technology will be key drivers of India's developed future. pic.twitter.com/yi0jFA1wTp

— PMO India (@PMOIndia) February 24, 2025

The future of the world is in India!

Come, explore the growth opportunities in our nation…. pic.twitter.com/IRcLhy4CJK

— Narendra Modi (@narendramodi) February 24, 2025

Madhya Pradesh will benefit significantly from the infrastructure efforts of the NDA Government. pic.twitter.com/WVdXczW3cV

— Narendra Modi (@narendramodi) February 24, 2025

Our Governments, at the Centre and in MP, are focusing on water security, which is essential for growth. pic.twitter.com/9xzR8tGbNJ

— Narendra Modi (@narendramodi) February 24, 2025

The first 50 days of 2025 have witnessed fast-paced growth! pic.twitter.com/CfbaU7US2m

— Narendra Modi (@narendramodi) February 24, 2025

 

***

SK


(Release ID: 2105760) Visitor Counter : 36