പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ ഊർജ്ജ വാരത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ
Posted On:
11 FEB 2025 11:35AM by PIB Thiruvananthpuram
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിസഭാംഗങ്ങൾ, വിശിഷ്ട വ്യക്തിത്വങ്ങൾ, അംബാസഡർമാർ, ബഹുമാനപ്പെട്ട സിഇഒമാർ, ബഹുമാനപ്പെട്ട അതിഥികൾ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,
ഇന്ത്യയുടെ ഊർജ വാരാചരണത്തിനായി ലോകത്തിന്റേയും രാജ്യത്തിന്റേയും വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ യശോഭൂമിയിൽ ഒത്തുകൂടിയ എല്ലാവർക്കും ആശംസകൾ! നിങ്ങൾ ഈ ഊർജ വാരത്തിലെ പങ്കാളികൾ മാത്രമല്ല, ഭാരതത്തിൻ്റെ ഊർജ്ജ അഭിലാഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. നിങ്ങൾ ഏവരേയും പ്രത്യേകിച്ച് വിദേശത്ത് നിന്ന് വന്ന അതിഥികളെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിൻ്റേതാണെന്നാണ് ഇന്ന് ലോകത്തെ എല്ലാ വിദഗ്ധരും പറയുന്നത്. ഭാരതം സ്വന്തം വളർച്ചയെ മാത്രമല്ല, ലോകത്തിൻ്റെ വളർച്ചയെയും നയിക്കുന്നു, നമ്മുടെ ഊർജ്ജ മേഖല ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭാരതത്തിൻ്റെ ഊർജ്ജ അഭിലാഷങ്ങൾ അഞ്ച് സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്: നമ്മൾ ഉപയോഗപ്പെടുത്തുന്ന വിഭവങ്ങൾ, രണ്ടാമതായി, നമ്മുടെ മനസ്സിനെ നവീകരിക്കാൻ നൽകുന്ന പ്രോത്സാഹനം. മൂന്നാമതായി, നമ്മുടെ സാമ്പത്തിക ശക്തിയും രാഷ്ട്രീയ സ്ഥിരതയും. നാലാമതായി, ഊർജ്ജ വ്യാപാരത്തെ കൂടുതൽ ആകർഷകവും എളുപ്പവുമാക്കുന്ന ഭാരതത്തിൻ്റെ തന്ത്രപരമായ ഭൂമിശാസ്ത്രം, അഞ്ചാമതായി, ഭാരതത്തിന്റെ ആഗോള സുസ്ഥിരതയോടുള്ള പ്രതിജ്ഞാബദ്ധത. ഈ ഘടകങ്ങൾ ഭാരതത്തിൻ്റെ ഊർജ്ജ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുന്നു.
സുഹൃത്തുക്കളേ,
അടുത്ത രണ്ട് ദശാബ്ദങ്ങൾ ഒരു 'വികസിത ഭാരത'ത്തിന് (വികസിത ഇന്ത്യ) നിർണായകമാണ്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നമ്മൾ നിരവധി സുപ്രധാന നാഴികക്കല്ലുകൾ മറികടക്കും. ഞങ്ങളുടെ ഊർജ്ജ ലക്ഷ്യങ്ങളിൽ പലതും 2030-ലെ സമയപരിധിയുമായി ചേർന്നു പോകുന്നു. 2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി കൂട്ടാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. 2030-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമാക്കുക എന്നതാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. 2030-ഓടെ പ്രതിവർഷം അഞ്ച് ദശലക്ഷം മെട്രിക് ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യങ്ങൾ അതിമോഹമായി തോന്നിയേക്കാം, എന്നാൽ കഴിഞ്ഞ ദശകത്തിലെ ഭാരതത്തിൻ്റെ നേട്ടങ്ങൾ ഞങ്ങൾ അവ നിറവേറ്റുമെന്ന ആത്മവിശ്വാസം നൽകുന്നു.
സുഹൃത്തുക്കളേ,
കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഏറ്റവും വലിയ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം രൂപാന്തരപ്പെട്ടു. ഈ കാലയളവിൽ സൗരോർജ്ജ ഉൽപ്പാദന ശേഷി 32 മടങ്ങ് വർധിപ്പിച്ചു. ഇന്ന്, ലോകത്തിലെ ഏറ്റവും മൂന്നാമത്തെ വലിയ സൗരോർജ്ജ ഉത്പാദന രാഷ്ട്രമാണ് ഭാരതം. നമ്മുടെ ഫോസിൽ ഇതര ഇന്ധന ഊർജ്ജ ശേഷി മൂന്നിരട്ടിയായി. ഷെഡ്യൂളിന് മുമ്പ് പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ കൈവരിക്കുന്ന ആദ്യത്തെ ജി 20 രാജ്യമാണ് ഭാരതം. ഭാരതം അതിൻ്റെ ലക്ഷ്യങ്ങൾ മുൻകൂട്ടി കൈവരിക്കുന്നതിൻ്റെ ഒരു ഉദാഹരണം എത്തനോൾ ബ്ലെൻഡിംഗിലാണ്. ഭാരതം നിലവിൽ 19 ശതമാനം എത്തനോൾ ബ്ലെൻഡ് ചെയ്യുന്നു, ഇത് വിദേശനാണ്യം ലാഭിക്കുന്നതിനും കർഷകർക്ക് ഗണ്യമായ വരുമാനം ഉണ്ടാക്കുന്നതിനും CO2 ഉദ്‌വമനം ഗണ്യമായി കുറയ്ക്കുന്നതിനും കാരണമായി. 2025 ഒക്‌ടോബറിനു മുമ്പ് 20 ശതമാനം എത്തനോൾ നിർബന്ധമാക്കാനുള്ള പാതയിലാണ് ഞങ്ങൾ. ഭാരതത്തിൻ്റെ ജൈവ ഇന്ധന വ്യവസായം ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഒരുങ്ങുകയാണ്. ഞങ്ങൾക്ക് 500 ദശലക്ഷം മെട്രിക് ടൺ സുസ്ഥിര ഫീഡ്സ്റ്റോക്ക് ശേഷിയുണ്ട്. ഇന്ത്യയുടെ G20 അധ്യക്ഷതയ്ക്ക് കീഴിൽ, ആഗോള ബയോഫ്യൂവൽ സഖ്യം സ്ഥാപിക്കപ്പെട്ടു, 28 രാജ്യങ്ങളേയും 12 അന്താരാഷ്ട്ര സംഘടനകളേയും ഉൾച്ചേർത്ത് ഇതിന്റെ വിപുലീകരണം തുടരുന്നു. ഈ സംരംഭം മാലിന്യത്തെ സമ്പത്താക്കി മാറ്റുകയും മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഹൈഡ്രോകാർബൺ വിഭവങ്ങളുടെ സാധ്യതകൾ പൂർണ്ണമായി പര്യവേക്ഷണം ചെയ്യുന്നതിനുള്ള പരിഷ്കാരങ്ങൾ ഭാരതം തുടർച്ചയായി നടപ്പിലാക്കുന്നു. പ്രധാന കണ്ടെത്തലുകളും ഗ്യാസ് അടിസ്ഥാന സൗകര്യത്തിന്റെ വ്യാപക വിപുലീകരണവും കാരണം, നമ്മുടെ ഗ്യാസ് മേഖല വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് നമ്മുടെ ഊർജ്ജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിൻ്റെ പങ്ക് വർദ്ധിപ്പിച്ചു. നിലവിൽ, ഭാരതം നാലാമത്തെ വലിയ റിഫൈനിംഗ് ഹബ്ബാണ്, അതിൻ്റെ ശുദ്ധീകരണ ശേഷി 20 ശതമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ സെഡിമെന്ററി ബേസിനുകളിൽ ധാരാളം ഹൈഡ്രോകാർബൺ വിഭവങ്ങൾ ഉണ്ട്. പലതും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, പലതും പര്യവേക്ഷണം ചെയ്യപ്പെടാതെ അവശേഷിക്കുന്നു. ഭാരതത്തിൻ്റെ അപ്‌സ്ട്രീം മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിന്, ഗവൺമെന്റ് ഓപ്പൺ ഏക്കറേജ് ലൈസൻസിംഗ് പോളിസി (OALP) അവതരിപ്പിച്ചു. എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ തുറക്കുന്നതോ ഏകജാലക ക്ലിയറൻസ് സിസ്റ്റം സ്ഥാപിക്കുന്നതോ ആകട്ടെ, ഈ മേഖലയ്ക്ക് ഗവൺമെന്റ് സമഗ്രമായ പിന്തുണ നൽകിയിട്ടുണ്ട്. ഓയിൽഫീൽഡ് റെഗുലേഷൻ & ഡെവലപ്‌മെൻ്റ് ആക്ടിലെ ഭേദഗതികൾക്ക് ശേഷം, പോളിസി സ്ഥിരത, വിപുലീകൃത പാട്ടങ്ങൾ, മെച്ചപ്പെട്ട സാമ്പത്തിക വ്യവസ്ഥകൾ എന്നിവയിലൂടെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ പ്രയോജനം ലഭിക്കുന്നു. ഗവൺമെൻ്റിൻ്റെ ഈ പരിഷ്‌കാരങ്ങൾ സമുദ്രമേഖലകളിലെ എണ്ണ, വാതക സ്രോതസ്സുകളുടെ പര്യവേക്ഷണവും ഉൽപാദനവും തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ പരിപാലനവും ലളിതമാക്കും.
സുഹൃത്തുക്കളേ,
ഭാരതത്തിലെ പൈപ്പ് ലൈൻ അടിസ്ഥാനസൗകര്യം വിപുലീകരിക്കുന്നതും നിരവധി കണ്ടുപിടിത്തങ്ങളും കാരണം പ്രകൃതിവാതകത്തിൻ്റെ വിതരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി, വരും വർഷങ്ങളിൽ പ്രകൃതിവാതകത്തിൻ്റെ ഉപയോഗവും വളരും, ഈ മേഖലയിൽ നിങ്ങൾക്കായി നിരവധി നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നു.
സുഹൃത്തുക്കളേ,
ഭാരതം നിലവിൽ മേക്ക് ഇൻ ഇന്ത്യയിലും പ്രാദേശിക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഊന്നൽ നൽകുന്നു. പിവി മൊഡ്യൂളുകൾ ഉൾപ്പെടെ വിവിധ തരം ഹാർഡ്‌വെയർ നിർമ്മിക്കുന്നതിന് ഭാരതത്തിൽ വിപുലമായ അവസരങ്ങളുണ്ട്. നാം പ്രാദേശിക ഉൽപ്പാദനത്തെ സജീവമായി പിന്തുണയ്ക്കുന്നു. കഴിഞ്ഞ ദശകത്തിൽ, ഭാരതത്തിൻ്റെ സോളാർ പിവി മൊഡ്യൂൾ നിർമ്മാണ ശേഷി 2 ജിഗാവാട്ടിൽ നിന്ന് ഏകദേശം 70 ജിഗാവാട്ടായി വളർന്നു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതി ഈ മേഖലയെ കൂടുതൽ ആകർഷകമാക്കി, ഉയർന്ന കാര്യക്ഷമതയുള്ള സോളാർ പിവി മൊഡ്യൂളുകളുടെ നിർമ്മാണം വർധിപ്പിച്ചു.
സുഹൃത്തുക്കളേ,
ബാറ്ററി, സ്‌റ്റോറേജ് കപ്പാസിറ്റി മേഖലയിൽ നവീകരണത്തിനും ഉൽപ്പാദനത്തിനും വലിയ അവസരങ്ങളുണ്ട്. ഭാരതം അതിവേഗം ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് നീങ്ങുകയാണ്. ഇത്രയും വലിയ ഒരു രാജ്യത്തിൻ്റെ ആവശ്യം നിറവേറ്റുന്നതിന്, ബാറ്ററി ഉൽപ്പാദനത്തിലും സംഭരണ ശേഷിയിലും നാം ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഹരിത ഊർജത്തെ പിന്തുണയ്ക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊബാൾട്ട് പൗഡർ, ലിഥിയം-അയൺ ബാറ്ററി മാലിന്യങ്ങൾ, ലെഡ്, സിങ്ക്, മറ്റ് നിർണായക ധാതുക്കൾ എന്നിവയുൾപ്പെടെ ഇവി, മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഗവൺമെന്റ് എടുത്തുകളഞ്ഞു. ഭാരതത്തിൽ ശക്തമായ ഒരു വിതരണ ശൃംഖല സ്ഥാപിക്കുന്നതിൽ നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ, ഞങ്ങൾ ഒരു ലിഥിയം-ഇതര ബാറ്ററി ഇക്കോസിസ്റ്റത്തിൻ്റെ വികസനം പ്രോത്സാഹിപ്പിക്കുന്നു. ആണവോർജ മേഖലയിലും ഈ വർഷത്തെ ബജറ്റ് തുറന്നുകൊടുത്തു. ഊർജ മേഖലയിലെ ഓരോ നിക്ഷേപവും യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഭാരതത്തിൻ്റെ ഊർജ മേഖലയെ ശക്തിപ്പെടുത്തുന്നതിന്, ഞങ്ങൾ, ജനങ്ങളുടെ ശക്തി ഉപയോഗിച്ച് അതിനെ ശാക്തീകരിക്കുകയാണ്. ഞങ്ങൾ സാധാരണ കുടുംബങ്ങളെയും കർഷകരെയും ഊർജ്ജ ദാതാക്കളാക്കി. കഴിഞ്ഞ വർഷം ഞങ്ങൾ പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജിലി യോജന ആരംഭിച്ചു. ഈ പദ്ധതിയുടെ വ്യാപ്തി വെറും ഊർജ ഉൽപ്പാദനത്തിനപ്പുറമാണ്. ഇത് സൗരോർജ്ജ മേഖലയിൽ പുതിയ കഴിവുകൾ വളർത്തിയെടുക്കുന്നു, ഒരു പുതിയ സേവന ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നു, നിങ്ങൾക്ക് നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ പ്രകൃതിയെ സമ്പുഷ്ടമാക്കുന്നതിനൊപ്പം നമ്മുടെ വളർച്ചയ്ക്ക് ഊർജം പകരുന്ന ഊർജ്ജ പരിഹാരങ്ങൾ നൽകാൻ ഭാരതം പ്രതിജ്ഞാബദ്ധമാണ്. ഈ ഊർജ്ജ വാരം ഈ ദിശയിലുള്ള മൂർത്തമായ പാതകളിലേക്ക് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഭാരതത്തിൽ ഉയർന്നുവരുന്ന എല്ലാ അവസരങ്ങളും നിങ്ങൾ എല്ലാവരും പര്യവേക്ഷണം ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നന്ദി.
***
SK
(Release ID: 2105324)
Visitor Counter : 7