വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്: അഞ്ച് അംഗ ജൂറി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കാനിരിക്കെ യുവ ക്രിയേറ്റർമാർ തമ്മിലെ മത്സരത്തിന് വാശിയേറുന്നു
WAVES-ൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കാൻ 10 സെമി-ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു
Posted On:
20 FEB 2025 7:36PM by PIB Thiruvananthpuram
2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രാവ്യ ഉച്ചകോടിയുടെ (WAVES) ഭാഗമായി സംഘടിപ്പിക്കുന്ന കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പിന്റെ സെമി-ഫൈനൽ വിജയികളെ തിരഞ്ഞെടുക്കാൻ അഞ്ച് അംഗ ജൂറി പാനലിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ കോമിക്സ് അസോസിയേഷന്റെയും (ICA) ഭാരത സർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും (MIB) സംയുക്ത സംരംഭമായ WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്, ആഗോളതലത്തിൽ ഇന്ത്യൻ സർഗ്ഗാത്മകതയും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പരിപാടിയായ "ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്"-ന്റെ ഭാഗമാണ്.
ചാമ്പ്യൻഷിപ്പിനുള്ള സെമി-ഫൈനലിസ്റ്റുകളെ ഇതിനോടകം പ്രഖ്യാപിച്ചു. ഇന്ത്യൻ കോമിക്സ് ഭൂമികയെ രൂപപ്പെടുത്തിയ അതാത് മേഖലയിലെ ഇതിഹാസങ്ങൾ ഉൾപ്പെടുന്ന ജൂറി പാനൽ, സെമി-ഫൈനലിസ്റ്റുകളുടെ എൻട്രികൾ വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുത്ത 10 ഫൈനലിസ്റ്റുകൾ പിന്നീട് മുംബൈയിൽ നടക്കുന്ന WAVES-ൽ മത്സരിക്കും.
ജൂറി അംഗങ്ങളുടെ വൈദഗ്ധ്യവും കോമിക്‌സിനോടുള്ള അഭിനിവേശവും ഇന്ത്യൻ കോമിക്‌സിലെ മികവിന്റെ ചാമ്പ്യൻഷിപ്പിന് പുതിയ മാനം സൃഷ്ടിക്കുമെന്ന് ജൂറി പാനലിനെക്കുറിച്ച് സംസാരിക്കവെ,
ICA അധ്യക്ഷൻ അജിതേഷ് ശർമ്മ പറഞ്ഞു. "ഏറെ ബഹുമാന്യരായ ഒരു ജൂറി പാനൽ ബോർഡിനെ അവതരിപ്പിക്കാനായതിൽ നമുക്ക് അഭിമാനമുണ്ട്," അദ്ദേഹം പറഞ്ഞു.
ജൂറി അംഗങ്ങൾ
പ്രശസ്ത കോമിക് കലാകാരനും ചിത്രകാരനുമായ ദിലീപ് കദം തന്റെ വിപുലമായ അനുഭവവും വൈദഗ്ധ്യവും പങ്കു വയ്ക്കുന്നു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഒരു കരിയറിൽ, ദിലീപ് കദം പ്രമുഖ പ്രസാധകരുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഭോക്കൽ ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കോമിക് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ഇതിഹാസ കാർട്ടൂണിസ്റ്റ് പ്രാൺ കുമാർ ശർമ്മയുടെ മകനും പ്രശസ്ത കോമിക് സ്രഷ്ടാവുമായ നിഖിൽ പ്രാൺ പാനലിന് സവിശേഷ വീക്ഷണം നല്കാൻ കഴിയുന്ന വ്യക്തിയാണ്. തന്റെ പിതാവിന്റെ ചാച്ച ചൗധരി, സാബു തുടങ്ങിയ ഐതിഹാസിക സൃഷ്ടികളാൽ പ്രാണിന്റെ കൃതികൾ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. ഒപ്പം നൂതനമായ സ്വന്തം കഥാകഥന പാരമ്പര്യം അദ്ദേഹം മുന്നോട്ട് കൊണ്ടുപോകുന്നു.
അവാർഡ് ജേതാവായ ആനിമേഷൻ പ്രൊഫഷണലും അടുത്തിടെ ആൻ അവാർഡ് നേടിയ, ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും ദൈർഘ്യമേറിയതുമായ വെബ് മംഗയായ ദി ബീസ്റ്റ് ലെജിയന്റെ സ്രഷ്ടാവുമായ ജാസിൽ ഹോമവാസിർ മത്സരത്തിന് പുതുമയാർന്നതും നൂതനവുമായ ഒരു സമീപനം കൂട്ടിച്ചേർക്കുന്നു.
രാജ് കോമിക്സിന്റെ സ്ഥാപകനും ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സൂപ്പർഹീറോകളായ നാഗരാജ്, ഡോഗ, ഭോക്കൽ, ഭേരിയ എന്നിവയുടെ സ്രഷ്ടാവുമായ സഞ്ജയ് ഗുപ്ത മേഖലയിലെ പ്രവണതകളെയും ആവശ്യകതകളെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകും.
അമർ ചിത്ര കഥയുടെ പ്രസിഡന്റും സിഇഒയുമായ പ്രീതി വ്യാസ്, ഉള്ളടക്ക ആവാസവ്യവസ്ഥയിലെ തന്റെ വിപുലമായ അറിവും അനുഭവവും കൊണ്ട് പാനലിനെ സമ്പന്നമാക്കുന്നു. വ്യാസിന്റെ കൃതികൾ പുരാണങ്ങളിൽ തുടങ്ങി ലളിതവും ഹ്രസ്വവുമായ കല്പനാസൃഷ്ടികളടങ്ങിയ ചിത്ര പുസ്തകങ്ങൾ വരെ വിവിധ വിഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ്
പുതു തലമുറയിലെ ഇന്ത്യൻ കോമിക് സ്രഷ്ടാക്കളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി സഹകരിച്ച് ICA WAVES കോമിക്സ് ക്രിയേറ്റർ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. നൂതനത്വം, സർഗ്ഗാത്മകത, കഥാകഥനത്തോടുള്ള അഭിനിവേശം എന്നിവ പരിപോഷിപ്പിച്ചുകൊണ്ട് ഇന്ത്യൻ കോമിക്സിൽ പുതു യുഗം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംരംഭമാണ് ഈ ചാമ്പ്യൻഷിപ്പ്.
SKY
****************
(Release ID: 2105189)
Visitor Counter : 15