പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ​SOUL നേതൃത്വ സമ്മേളനത്തിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 21നു ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും


നേതൃത്വവുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ചചെയ്യാൻ വിവിധ മേഖലകളിൽനിന്നുള്ള വ്യക്തികളെ ഈ സമ്മേളനം ഒന്നിച്ചുകൊണ്ടുവരും

പൊതുനന്മയുടെ പ്രയോക്താക്ക​ളായി ആധികാരിക നേതാക്കളെ വളർത്തിക്കൊണ്ടുവരുന്നതിനായി ഗുജറാത്തിൽ ആരംഭിക്കുന്ന നേതൃത്വ സ്ഥാപനമാണ് SOUL

Posted On: 19 FEB 2025 6:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി SOUL നേതൃത്വ സമ്മേളനത്തിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 21നു പകൽ 11നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് തോബ്ഗെ മുഖ്യാതിഥിയായി മുഖ്യപ്രഭാഷണം നടത്തും.

ഫെബ്രുവരി 21നും 22നും നടക്കുന്ന ദ്വിദിന SOUL നേതൃത്വ സമ്മേളനത്തിൽ രാഷ്ട്രീയം, കായികം, കല, മാധ്യമം, ആത്മീയ ലോകം, പൊതുനയം, വ്യവസായം, സാമൂഹ്യരംഗം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽനിന്നുള്ള നേതാക്കൾ പ്രചോദനാത്മകമായ ജീവിതയാത്രകൾ പങ്കുവയ്ക്കും. ഒപ്പം, നേതൃത്വവുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ചചെയ്യുന്ന പ്രധാന വേദിയായി വർത്തിക്കുകയും ചെയ്യും. പരാജയങ്ങളിൽനിന്നും വിജയങ്ങളിൽനിന്നും പാഠം ഉൾക്കൊള്ളാനും യുവാക്കളെ പ്രചോദിപ്പിക്കാനും സഹകരണത്തിന്റെയും ചിന്താനേതൃത്വത്തിന്റെയും ആവാസവ്യവസ്ഥയെ സമ്മേളനം പരിപോഷിപ്പിക്കും.

പൊതുനന്മയുടെ പ്രയോക്താക്കളായി ആധികാരിക നേതാക്കളെ വാർത്തെടുക്കുന്നതിനായി ഗുജറാത്തിൽ വരാനിരിക്കുന്ന നേതൃത്വ സ്ഥാപനമാണു സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ് (SOUL). ഔപചാരിക പരിശീലനത്തിലൂടെ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഭൂപ്രകൃതി വിശാലമാക്കൽ; രാഷ്ട്രീയ പാരമ്പര്യത്തിൽനിന്നു മാത്രമല്ല, യോഗ്യത, പ്രതിജ്ഞാബദ്ധത, പൊതുസേവനത്തോടുള്ള അഭിനിവേശം എന്നിവയിലൂടെ ഉയർന്നുവരുന്നവരെയും ഉൾപ്പെടുത്തൽ എന്നിവയാണു സ്ഥാപനത്തിന്റെ ലക്ഷ്യം. ഇന്നത്തെ ലോകത്തിൽ നേതൃത്വം നേരിടുന്ന സങ്കീർണ വെല്ലുവിളികളെ മറികടക്കാൻ ആവശ്യമായ ഉൾക്കാഴ്ചകളും കഴിവുകളും വൈദഗ്ധ്യവും SOUL വളർത്തിക്കൊണ്ടുവരും.

****

NK


(Release ID: 2104810) Visitor Counter : 30