സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

ഭാഷിണി: നൂതനമായ ബഹുഭാഷാ സംരംഭത്തിലൂടെ മഹാ കുംഭമേളയിൽ പരിവർത്തനം സൃഷ്ടിക്കുന്നു

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തിന്റെ ഏകീകരണം

Posted On: 16 JAN 2025 2:12PM by PIB Thiruvananthpuram
ആമുഖം

12 വർഷത്തിലൊരിക്കൽ നടക്കുന്ന തീർത്ഥാടകരുടെ ഏറ്റവും വലിയ ഒത്തുചേരലായ മഹാ കുംഭമേള ഇന്ത്യയുടെ സാംസ്കാരിക, ആത്മീയ പാരമ്പര്യങ്ങളുടെ പരകോടിയെ പ്രതിനിധീകരിക്കുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്നു വരുന്ന കുംഭമേളയുടെ 2025 ലെ പതിപ്പ് വ്യത്യസ്ത ഭാഷാ പശ്ചാത്തലമുള്ള കോടിക്കണക്കിന് ആളുകളെയാണ് ആകർഷിക്കുന്നത്. ഈ വൈവിധ്യങ്ങൾക്കിടയിലും, ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് കീഴിലുള്ള 'ഭാഷിണി' എന്ന വിപ്ലവകരമായ സംരംഭത്തിലൂടെ, പങ്കെടുക്കുന്ന എല്ലാവർക്കും തടസ്സരഹിത ആശയവിനിമയവും പ്രവേശനക്ഷമതയും ഉറപ്പാക്കുകയാണ് കേന്ദ്ര ഇലക്ട്രോണിക്സ്  വിവര സാങ്കേതിക മന്ത്രാലയം (MeitY). 11 ഇന്ത്യൻ ഭാഷകളിൽ ബഹുഭാഷാ പ്രവേശനം സാധ്യമാക്കുന്നതിലൂടെ, ഈ മഹാമേളയിലെ വിവര വിനിമയത്തിന്റെ രീതിശാത്രത്തെ പരിവർത്തനം ചെയ്യാൻ ഒരുങ്ങുകയാണ് 'ഭാഷിണി'.

2025 ലെ മഹാകുംഭമേളയിൽ ഭാഷിണി എങ്ങനെ പരിവർത്തനം സൃഷ്ടിക്കുന്നു

പങ്കെടുക്കുന്നവരുടെ ബാഹുല്യവും ഭാഷാ വൈവിധ്യവും കാരണം മഹാ കുംഭമേള സവിശേഷമായ ഗതാഗത, ആശയവിനിമയ വെല്ലുവിളികൾ മുന്നോട്ടു വയ്ക്കുന്നു. ഭാഷിണി അതിന്റെ വിപുലമായ ബഹുഭാഷാ ശേഷിയിലൂടെ ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു:

1. തത്സമയ വിവര വിനിമയം : അറിയിപ്പുകൾ, പരിപാടികളുടെ സമയക്രമങ്ങൾ, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ 11 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഭാഷിണി സഹായിക്കുന്നു. മാതൃഭാഷ ഏതായാലും നിർണായക വിവരങ്ങൾ തീർത്ഥാടകർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു.

2. സുഗമമായ മേളാ പര്യടനം : ഭാഷാ പരിമിതി പലപ്പോഴും വലിയ ഒത്തുചേരലുകളിലെ യാത്രകളെ സങ്കീർണ്ണമാക്കുന്നു. മൊബൈൽ ആപ്ലിക്കേഷനുകളുമായും കിയോസ്‌ക്കുകളുമായും സംയോജിപ്പിച്ചിരിക്കുന്ന ഭാഷിണിയുടെ ബഹുഭാഷാ ചാറ്റ്ബോട്ടും, സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് ടൂളുകളും തീർത്ഥാടകർക്ക് ഇഷ്ട ഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കാനും, അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. ലഭ്യമായ അടിയന്തര സേവനങ്ങൾ: ഹെൽപ്പ്‌ലൈനുകളിലേക്കും അടിയന്തര സേവനങ്ങളിലേക്കുമുള്ള ബഹുഭാഷാ പ്രവേശനം ഫലപ്രദമായ അടിയന്തര സഹായം ഉറപ്പാക്കുന്നു. ഇത് സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നു. യുപി പോലീസിന്റെ സഹകരണത്തോടെ, ഭാഷാ വെല്ലുവിളികൾ മറികടക്കുന്നതിൽ ഭക്തരെ സഹായിക്കുന്നതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥർ, ഭാഷിണിയുടെ CONVERSE സവിശേഷതയിലൂടെ  112 എന്ന എമർജൻസി ഹെൽപ്പ് ലൈനുമായുള്ള ആശയവിനിമയം സുഗമമാക്കാൻ സഹായിക്കുന്നു.

4. ഇ-ഗവേണൻസ് സൗകര്യങ്ങൾ: നിയന്ത്രണങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, പൊതു പ്രഖ്യാപനങ്ങൾ എന്നിവ വൈവിധ്യമാർന്ന പ്രേക്ഷകരുമായി ഭാഷിണിയുടെ പിന്തുണയോടെ കാര്യക്ഷമമായി പങ്കുവയ്ക്കാൻ അധികാരികൾക്ക് കഴിയും. ഇത് സുഗമമായ ഏകോപനം ഉറപ്പാക്കുന്നു.

5. ലോസ്റ്റ് & ഫൗണ്ട് : ഭാഷിണിയുടെ ‘ഡിജിറ്റൽ ലോസ്റ്റ് & ഫൗണ്ട് സൊല്യൂഷൻ’ ഒരു പ്രധാന സവിശേഷതയാണ്, സന്ദർശകർക്ക് അവരുടെ മാതൃഭാഷകളിലെ ശബ്ദ ശകലങ്ങൾ നൽകി നഷ്ടപ്പെട്ടതോ, കണ്ടെത്തപ്പെട്ടതോ ആയ വസ്തുവകകൾ രജിസ്റ്റർ ചെയ്യാൻ ഇത് സൗകര്യമൊരുക്കുന്നു. തത്സമയ ലിഖിത, ശബ്ദ വിവർത്തനങ്ങൾ  ഇടപെടലുകൾ ലളിതമാക്കുന്നു.

കുംഭ് സഹായക് (Kumbh Sah'AI'yak) ചാറ്റ്ബോട്ട്

 2025 ലെ മഹാ കുംഭമേളയിൽ കോടിക്കണക്കിന് സന്ദർശകരെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിർമ്മിതബുദ്ധി (AI) അധിഷ്ഠിത, ബഹുഭാഷാ, വോയ്‌സ്-എനേബിൾഡ് ചാറ്റ്ബോട്ട് ആണ് ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ച കുംഭ് സഹായക് (Kumbh Sah'AI'yak). അത്യാധുനിക നിർമ്മിതബുദ്ധി (AI) സാങ്കേതികവിദ്യകളാണ് ( Llama LLM പോലുള്ളവ) ഇതിന് കരുത്ത് പകരുന്നത്. 2025 ലെ മഹാ കുംഭമേളയുടെ ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കുന്നതിനൊപ്പം തീർത്ഥാടകരുടെ ആശയവിനിമയ, പര്യടന ആവശ്യങ്ങൾ പരിഹരിക്കുകയെന്നതും കുംഭ് സഹായക് (Kumbh Sah'AI'yak) ലക്ഷ്യമിടുന്നു. എല്ലാവർക്കും തടസ്സരഹിതമായ തത്സമയ വിവരങ്ങളും യാത്രാ സഹായവും ഉറപ്പാക്കിക്കൊണ്ട് സന്ദർശക അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ചാറ്റ്ബോട്ട് സൃഷ്ടിച്ചിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, 9 പ്രാദേശിക ഭാഷകൾ എന്നിങ്ങനെ ആകെ 11 ഭാഷകളിൽ ചാറ്റ്ബോട്ടിനെ ഭാഷിണിയുടെ ഭാഷാ വിവർത്തനത്തിലൂടെ പിന്തുണയ്ക്കുന്നു.

എന്താണ് ഭാഷിണി ?

ഇന്ത്യയുടെ ഭാഷാ  വൈവിധ്യം കണക്കിലെടുത്ത് ഡിജിറ്റൽ ഉള്ളടക്കത്തിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം ജനാധിപത്യവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നൂതന സംരംഭമാണ് ഭാഷിണി അഥവാ ഭാഷാ ഇന്റർഫേസ് ഫോർ ഇന്ത്യ (BHASHa INterface for India). സർവ്വാശ്ലേശിത്വവും പ്രവേശനക്ഷമതയും വളർത്തിയെടുക്കുന്നതിലൂടെ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നു. ദേശീയ ഭാഷാ വിവർത്തന ദൗത്യം (NLTM) എന്ന നിലയിൽ, ഭാഷാ പരിമിതിയും ഭാഷാ വൈവിധ്യവും മറികടക്കാൻ കട്ടിംഗ്-എഡ്ജ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉം നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും (NLP) തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ട ഭാഷയിൽ ഉള്ളടക്കവും സേവനങ്ങളും സ്വീകരിക്കാൻ ഇത് സഹായിക്കുന്നു. ഇലക്ട്രോണിക്സ്  വിവര സാങ്കേതിക മന്ത്രാലയത്തിന്റെ സെക്ഷൻ 8 കമ്പനിയായ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനാണ് ഭാഷിണി (വിവർത്തന മിഷൻ) നടപ്പിലാക്കുന്നത്.

ഭാഷിണിയുടെ ലക്ഷ്യങ്ങൾ

 
  • സുസ്ഥിരമായ ഇന്ത്യൻ ഭാഷാ സാങ്കേതികവിദ്യ, പരിഹാരങ്ങൾ, ആവാസവ്യവസ്ഥ എന്നിവ വികസിപ്പിക്കുന്നതിനുള്ള ദീർഘകാല ദൗത്യം.
  • ഇന്ത്യൻ ഭാഷാ സാങ്കേതികവിദ്യയുടെ അനുവർത്തനം, സുഗമമായ  ഇന്റർനെറ്റ് ഉപയോഗത്തിനുള്ള  പരിഹാരങ്ങൾ.
  • ഇന്റർനെറ്റ് സഹായത്തോടെ ഇന്ത്യൻ ഭാഷാ ഉള്ളടക്കത്തിന്റെയും ഭാഷാ സാങ്കേതികവിദ്യയുടെയും വളർച്ച.
  • ഇന്ത്യൻ ഭാഷാ സാങ്കേതികവിദ്യകൾ, പരിഹാരങ്ങൾ, ആപ്ലിക്കേഷൻ ഡാറ്റ സെറ്റുകൾ, നിർമ്മിത ബുദ്ധി (AI) എന്നിവയിലെ സാമ്പത്തിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക.
  • IL സാങ്കേതികവിദ്യകളിൽ പരിണാമപരവും വിപ്ലവകരവുമായ അത്യാധുനിക ഗവേഷണം സാധ്യമാക്കുക.
  • തദ്ദേശീയ ബൗദ്ധിക സ്വത്തവകാശ (IP) ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക.
  • സാങ്കേതിക വിദ്യാ കൈമാറ്റം (ToT) പ്രോത്സാഹിപ്പിക്കുക, സ്വീകാര്യമാക്കുക, പ്രോത്സാഹിപ്പിക്കുക.
  • ദേശീയ, അന്തർദേശീയ ഏജൻസികളുമായി സഹകരണവും പങ്കാളിത്തവും സാധ്യമാക്കുക.
  • സഹകരണ ഗവേഷണം, വാണിജ്യവത്ക്കരണ അവബോധം, കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നിവ.
  • ദൗത്യത്തിന് വേണ്ട ഡാറ്റ നയം സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.

ഭാഷിണിയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങൾ
  • 2025 ജനുവരിയിൽ, സൈനിക ദിനത്തോടനുബന്ധിച്ച്, പ്രതിരോധ ഉത്പാദന വകുപ്പിന്റെ ഭാഷിണി അധിഷ്ഠിത വെബ്‌സൈറ്റ് 22 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കി.
  • 2025 ജനുവരിയിൽ, ഇ-ശ്രം പോർട്ടൽ ബഹുഭാഷാ പ്രവർത്തനം ആരംഭിച്ചു. നേരത്തെ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മറാത്തി എന്നീ ഭാഷകളിൽ മാത്രം ലഭ്യമായിരുന്ന ഇ-ശ്രം പോർട്ടലിനെ 22 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കുന്നതിന് ഭാഷിണി പ്രയോജനപ്പെടുത്തി.
  • 2024 ഓഗസ്റ്റിൽ, ഭാഷിണിയുമായി സഹകരിച്ച് വികസിതമായ ബഹുഭാഷാ ഇ-ഗ്രാം സ്വരാജ് പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഭാഷാ പരിമിതി മറികടക്കുന്നതിനും ഓരോ പൗരനും സ്വന്തം ഭാഷയിൽ ഡിജിറ്റൽ സേവനങ്ങൾ സുഗമമായി ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
  • ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും (AICTE) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (UGC) അനുവാദിനി ആപ്പിന്റെ സഹായത്തോടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നു. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുള്ള സാങ്കേതിക പുസ്തകങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിവർത്തനം ചെയ്ത പുസ്തകങ്ങൾ ഇ-കുംഭ് (e-KUMBH) പോർട്ടലിൽ ലഭ്യമാണ്.
  • ഭരണപരിഷ്കാര, പൊതു പരാതി പരിഹാര വകുപ്പ് നിരവധി ഔദ്യോഗിക ഫയലുകളും റിപ്പോർട്ടുകളും വിവർത്തനം ചെയ്യുന്നതിനായി ഭാഷിണയുടെ അനുവാദിനി ആപ്പ് ഉപയോഗിച്ചുവരുന്നു.

(Release ID: 2104032) Visitor Counter : 32